ജീവിക്കാൻ വേണ്ടി സമരം ചെയ്യുന്ന ആശാവർക്കർമാരെ പോലീസിനെ കൊണ്ട് അടിച്ചമർത്താമെന്ന് കരുതുന്നത് പിണറായി സർക്കാരിൻറെ വ്യാമോഹം മാത്രമാണെന്ന് രമേശ് ചെന്നിത്തല.മുഖ്യമന്ത്രി തയ്യാറായാൽ അരമണിക്കൂർ കൊണ്ട് അവസാനിപ്പിക്കാവുന്ന സമരമാണ് ധാർഷ്ട്യം കാരണം കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി വലിച്ചു നീട്ടി കൊണ്ടിരിക്കുന്നത്. ജനദ്രോഹ സർക്കാരിനെതിരെ ജനങ്ങൾ തെരുവിലിറങ്ങാൻ സമയമായിയെന്നും ചെന്നിത്തല പറഞ്ഞു.
ആശ വർക്കർമാരുടെ സമരത്തിനെതിരെ വീണ്ടും നടപടിയുമായി പൊലീസ്. മഹാസംഗമത്തിൽ പങ്കെടുത്ത 14 പേർക്ക് കൂടി പൊലീസ് നോട്ടീസ് അയച്ചു.ഗതാഗത തടസ്സമുണ്ടാക്കി അന്യായമായി സംഘം ചേർന്ന് നടത്തുന്ന സമരം നിർത്തമെന്നാവശ്യപ്പെട്ടാണ് കന്റോൺമെൻ്റ് പൊലീസ് നോട്ടീസ് നൽകിയത്. 48 മണിക്കൂറിനുള്ളിൽ സ്റ്റേഷനിൽ ഹാജരാകണം എന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. കണ്ടോൺമെന്റ് പൊലീസാണ് നോട്ടീസ് അയച്ചത്.
ചൂരൽമല, മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസം വൈകുന്നതിൽ ഖേദം പ്രകടിപ്പിച്ച് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ. വാഗ്ദാനങ്ങൾ പാലിക്കപ്പെടാൻ വൈകുന്നത് ദുരന്തബാധിതരുടെ ആത്മാഭിമാനത്തിന് ക്ഷതമേൽപ്പിക്കുകയാണെന്നും പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് നിരീക്ഷിച്ചു.
കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കുന്നത് ഹൈക്കമാന്റിന്റെ തീരുമാനമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഹൈക്കമാന്റിന്റെ എന്തു തീരുമാനവും അനുസരിക്കും. മാറ്റിയാൽ എന്താണ് കുഴപ്പം. ഹൈക്കമാൻ്റിന് മാറ്റണം എന്നാണെങ്കിൽ സ്വീകരിക്കാൻ താൻ തയ്യാറാണ്. തനിക്കൊരു പരാതിയുമില്ലെന്നും താൻ തൃപ്തനാണെന്നും കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
പോഡ്കാസ്റ്റിലെ നിലപാടിലുറച്ച് ശശി തരൂർ. 15 ദിവസങ്ങൾക്കുള്ളിൽ നിലപാട് മാറില്ല. ഒരിക്കൽ പറഞ്ഞ കാര്യം ആവർത്തിക്കുന്നില്ലെന്നും പോഡ്കാസ്റ്റ് കേൾക്കാതെയാണ്.പലരും വിവാദങ്ങൾ സൃഷ്ടിക്കുന്നതെന്നും തരൂർ പറഞ്ഞു.കെപിസിസി പ്രസിഡൻ്റ് സ്ഥാനത്ത് കെ സുധാകരൻ തുടരണമെന്നാണ് തൻ്റെ വ്യക്തിപരമായ ആഗ്രഹമെന്ന് ശശി തരൂർ. താൻ ഒറ്റയ്ക്കാണ് നടക്കുന്നതെന്നും ആരും നടക്കാത്ത വഴികളിലൂടെ നടക്കുന്നതാണ് ധൈര്യമെന്നും, ഭൂരിപക്ഷമല്ല എപ്പോഴും ശരിയെന്നും ശശി തരൂർ പറഞ്ഞു . ആശ വർക്കർമാരുടെ സമരത്തിൽ പങ്കെടുത്ത അദ്ദേഹം ഓണറേറിയം വർധിപ്പിക്കണമെന്ന് നിലപാടെടുത്തു.ആശമാർക്ക് വിരമിക്കൽ ആനുകൂല്യം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ശശി തരൂർ ഇപ്പോഴും കോൺഗ്രസുകാരനാണെന്നും അദ്ദേഹം യുഡിഎഫിന്റെ നല്ല പ്രചാരകനെന്നും പാണക്കാട് സാദിഖലി തങ്ങൾ. തരൂരിനെ പ്രയോജനപ്പെടുത്താൻ പറ്റും. ക്രൗഡ് പുള്ളർ ആയ രാഷ്ട്രീയ നേതാവാണ് തരൂർ. മുന്നണിയുടെ കെട്ടുറപ്പ് ഭദ്രമാക്കി വെക്കണം. തെരെഞ്ഞെടുപ്പിന് ഇനി അധികം സമയം ഇല്ലെന്നും സാദിഖലി തങ്ങൾ പറഞ്ഞു.സമസ്തക്കെതിരെ ഒന്നും ഉണ്ടാവില്ലെന്നും, ആശ പ്രവർത്തകർക്ക് സർക്കാർ നീതി ഉറപ്പാക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആശവർക്കർമാരുടെ സമരത്തിന് പിന്തുണയുമായി നടൻ സലീം കുമാർ. സമരത്തിൽ അന്യായമായി ഒന്നുമില്ല. ജീവിക്കാൻ വേണ്ടിയുള്ള സമരമാണെന്നും സലീം കുമാർ പറഞ്ഞു. സർക്കാർ സമരത്തെ നിരന്തരമായി അടിച്ചമർത്താൻ ശ്രമിക്കുന്നതിനിടെയാണ് സലീം കുമാറിൻ്റെ പ്രതികരണം.
കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ കീഴിലുള്ള വാഹൻ പോർട്ടൽ സാങ്കേതിക കാരണങ്ങളാൽ പ്രവർത്തന രഹിതമായതായി എംവിഡി. ഇതിനാൽ ഫെബ്രുവരി 22 മുതൽ 27 വരെയുള്ള കാലയളവിൽ പുക പരിശോധന സർട്ടിഫിക്കറ്റിന്റെ (PUCC) കാലാവധി അവസാനിച്ച വാഹനങ്ങളുടെ മേൽ പിഴ ചുമത്തുന്നത് ഒഴിവാക്കുമെന്ന് എംവിഡി അറിയിച്ചു.
സാധാരണക്കാര്‍ക്കും സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബങ്ങള്‍ക്കും ഏറ്റവും കുറഞ്ഞ ചെലവില്‍ മികച്ച ഇന്റര്‍നെറ്റ് ഒരുക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ കെഫോണ്‍ പദ്ധതി, ഇന്റര്‍നെറ്റ് സേവനത്തിനൊപ്പം വാല്യൂ ആഡഡ് സര്‍വീസുകള്‍ കൂടി നല്കി വിപുലീകരണത്തിലേക്ക്.ഒടിടി പ്ലാറ്റ്ഫോം സേവനങ്ങൾ ഏപ്രിലോടെ യാഥാര്‍ത്ഥ്യമാക്കുമെന്ന് കെ ഫോൺ അധികൃതർ അറിയിച്ചു.
കേരളത്തിന് ആശ്വാസമായി ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം. സംസ്ഥാനത്ത് വരും ദിവസങ്ങൾ മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. വെള്ളിയാഴ്ച സംസ്ഥാനത്ത് വേനൽമഴ എത്തുമെന്നാണ് വ്യക്തമാകുന്നത്. ഇത് പ്രകാരം ഇടവേളക്ക് ശേഷം സംസ്ഥാനത്ത് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
വിഎസ്ഡിപി നേതാവ് കാമരാജ് കോൺഗ്രസ് നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരന്റെ മകൻ ശിവജി അടക്കം മൂന്ന് പേർ എംഡിഎംഎയുമായി പിടിയിൽ. നെയ്യാറ്റിൻകര തിരുപുറത്താണ് സംഭവം. ഇവരിൽ നിന്ന് 110 മില്ലിഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
തിരുവനന്തപുരത്ത് വെള്ളനാട്ട് പത്ത് വയസ്സുകാരി ശുചിമുറിയിൽ തൂങ്ങി മരിച്ചത് സഹോദരിയോട് പിണങ്ങിയ ശേഷമെന്ന് വിവരം. വെള്ളനാട് കൊളക്കോട് അനുഭവനിൽ ദിൽക്ഷിതയാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.അസ്വാഭാവിക മരണത്തിൽ ആര്യനാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കോട്ടയത്ത് വിദേശജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ സർക്കിൾ ഇൻസ്പെക്ടർ അറസ്റ്റിൽ. ചങ്ങനാശ്ശേരി സ്വദേശി സി പി സജയനെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾ തോപ്പുംപടി സ്റ്റേഷനിലെ ഇൻസ്പെക്ടർ ആയിരുന്നു. ഏറെ നാളായി സസ്പെൻഷനിലായിരുന്നു. കോട്ടയത്തെ കാൻ അഷ്വർ എന്നാ സ്ഥാപനം ആണ് തട്ടിപ്പ് നടത്തിയത്. സ്ഥാപനം ഉടമ ആയ പ്രീതി മാത്യുവിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മുഖ്യ പ്രതിയെ തട്ടിപ്പ് നടത്താൻ സഹായിച്ച ആളാണ് പോലീസുകാരനായ സജയനെന്നാണ് വിവരം.
വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിനു പിന്നിൽ സാമ്പത്തിക ബാധ്യതയെന്ന നിഗമനത്തിലേക്ക് അന്വേഷണസംഘം. പ്രതിയായ അഫാന്റെ മാതാവ് ഷെമിക്ക് 65 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. കൂട്ട ആത്മഹത്യ ചെയ്യാമെന്ന ആലോചനയിലായിരുന്നു മാതാവ്. ഇതെല്ലാം കൊലപാതകത്തിലേക്ക് അഫാനെ പ്രേരിപ്പിച്ചു എന്നാണ് ഇപ്പോൾ പോലീസിന്റെ നിഗമനം.
സിബിഎസ്ഇ സ്കൂളുകളുടെ അഫിലിയേഷൻ നിബന്ധനകളിൽ ഇളവ്. ഒരേ പേരും അഫിയിലിയേഷൻ നമ്പറും ഉപയോഗിച്ച് സ്കൂളുകളുടെ ശാഖകൾ തുടങ്ങാൻ അനുമതി നൽകിയതാണ് പ്രധാന പരിഷ്കരണം. ഒരേ പേരും അഫിലിയേഷൻ നമ്പറും ഉപയോഗിക്കാമെങ്കിലും ഇങ്ങനെ തുടങ്ങുന്ന സ്കൂളുകൾക്ക് വിദ്യാഭ്യാസ- അടിസ്ഥാന സൗകര്യങ്ങളും മറ്റ് സംവിധാനങ്ങളും പ്രത്യേകമായി തന്നെ ഉണ്ടായിരിക്കണമെന്നതാണ് പ്രധാന നിബന്ധന.
ദില്ലി സാകേത് സെലക്റ്റ് സിറ്റി മാളിൽ തിയേറ്ററിൽ തീപിടുത്തം. പിവിആർ തിയേറ്ററിലാണ് തീപിടിച്ചത്. ഫയർ ഫോഴ്സ് എത്തി തീയണച്ചതോടെ തീ നിയന്ത്രണ വിധേയമായി. ഇന്ന് വൈകുന്നേരമാണ് സംഭവം. ഷോ നടക്കുന്നതിനിടെയാണ് തിയ്യേറ്ററിലെ സ്ക്രീനിൽ തീപിടുത്തമുണ്ടായത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ രാജ്യവ്യാപകമായി നടത്തിയ പരിശോധനയിൽ 23 കോടിയുടെ ക്രിപ്റ്റോ കറൻസി കണ്ടുകെട്ടി സിബിഐ. ദില്ലി, പൂനെ, മുംബൈ ഉൾപ്പെടെ 60 സ്ഥലങ്ങളിൽ നടന്ന പരിശോധനയിലാണ് ഡിജിറ്റൽ കറൻസികൾ പിടികൂടിയത്. ക്രിപ്റ്റോ കറൻസികൾക്ക് പുറമെ ഡിജിറ്റൽ രേഖകളും ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. ബിറ്റ് കോയിൻ നിക്ഷേപ തട്ടിപ്പായ ഗയിൻബിറ്റ് കോയിൻ കേസുകളുമായി ബന്ധപ്പെട്ടാണ് സിബിഐ പരിശോധന നടത്തിയത്. തട്ടിപ്പുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ബന്ധങ്ങൾ ഉണ്ടോ എന്നതടക്കം സിബിഐ പരിശോധിച്ചു വരികയാണ്.
ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടാൽ രാഷ്ട്രീയക്കാരെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് സ്ഥിരമായി വിലക്കണമെന്ന ഹർജിക്കെതിരെ കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ എതിർ സത്യവാങ്മൂലം സമർപ്പിച്ചു.ബി ജെ പി നേതാവ് ആശ്വനി കുമാർ ഉപാധ്യായ നൽകി ഹർജിയിലാണ് കേന്ദ്ര മറുപടിനിയമനിർമ്മാണ സഭകളുടെ പരിധിയിൽ വരുന്ന വിഷയമാണെന്നും കോടതിയുടെ പരിധിയിൽ വിഷയം വരില്ലെന്നും കേന്ദ്രം വ്യക്തമാക്കുന്നു.
എ എ പി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ രാജ്യസഭയിലേക്ക് എന്ന ആഭ്യൂഹം തള്ളി ആം ആദ്മി പാർട്ടി. ലുധിയാന വെസ്റ്റ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ രാജ്യസഭ എം പി സഞ്ജീവ് അറോറയെ പാർട്ടി സ്ഥാനാർത്ഥിയാക്കിയതോടെയാണ് അഭ്യൂഹം ശക്തമായത്. കെജ്രിവാൾ പഞ്ചാബിൽ നിന്ന് രാജ്യസഭയിൽ എത്തണമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാൽ നേതൃത്വം ഇത് തള്ളിയതായാണ് വ്യക്തമാക്കിയത്.
പ്രതിരോധ ചെലവ് കുത്തനെ കുറയ്ക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആഹ്വാനം സ്വാഗതം ചെയ്ത് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിന്. യു.എസ്., റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ തങ്ങളുടെ പ്രതിരോധ ചെലവ് പാതിയായി കുറയ്ക്കണമെന്നാണ് ട്രംപ് ആഹ്വാനം ചെയ്തത്.
രാജ്യത്തെ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ ഉള്‍പ്പടെ എല്ലാ പൗരന്മാരെയും ഉള്‍ക്കൊള്ളുന്ന സാര്‍വ്വത്രിക പെന്ഷന് പദ്ധതി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരാനൊരുങ്ങുന്നു. അസംഘടിത മേഖലയിലുള്ളവര്‍ക്ക് പുറമെ സ്വയം തൊഴില്‍ ചെയ്യുന്നവരും ശമ്പളവരുമാനക്കാരും പുതിയ പദ്ധതിയുടെ ഭാഗമാകുമെന്നാണ് കരുതുന്നത്.
സുഡാനിലെ ഖാര്‍തുമില്‍ സൈനിക വിമാനം തകര്‍ന്നുവീണ് 46 പേര് കൊല്ലപ്പെട്ടു. ഖാര്‍തുമിലെ ഒംദുര്‍മന്‍ നഗരത്തിന് സമീപമുള്ള സൈനിക വിമാനത്താവളത്തിനോട് ചേര്‍ന്നുള്ള ജനവാസ മേഖലയിലാണ് വിമാനം തകര്‍ന്നുവീണത്. അപകടത്തില്‍ സൈനികര്‍ക്ക് പുറമെ സാധാരണക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്.