2016ല്‍ രാധിക റാവു വിനയ് സപ്രു എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രമാണ് ‘സനം തേരി കസം’. ഹൃദ്യമായ ഒരു പ്രണയ കഥയാണ് ചിത്രം പറഞ്ഞത്. ഹര്ഷവര്ദ്ധന് റാണെ, മാവ്ര ഹോകെന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച സനം തേരി കസം അന്ന് റിലീസ് ചെയ്തപ്പോള്‍ അതിലെ സംഗീതം ശ്രദ്ധിക്കപ്പെട്ടെങ്കിലും ബോക്സോഫീസില്‍ വെറും 9 കോടി രൂപയുടെ ആജീവനാന്ത കളക്ഷന്‍ നേടി ഫ്ലോപ്പായി പ്രഖ്യാപിക്കപ്പെട്ടു. 25 കോടിയായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാണ ചിലവ്. എന്നാല്‍ ഒമ്പത് വര്‍ഷത്തിന് ശേഷം ഫെബ്രുവരി 7 ന് വീണ്ടും പ്രണയദിനത്തിനോട് അനുബന്ധിച്ച് ചിത്രം റീറിലീസ് ചെയ്തു. ആദ്യത്തെ രണ്ട് ദിവസത്തില്‍ തന്നെ ചിത്രത്തിന്റെ ആദ്യ റിലീസ് കളക്ഷന്‍ മറികടന്ന ചിത്രം, ഞായറാഴ്ചയും വന്‍ കളക്ഷനാണ് നേടിയത്. 6.25 കോടി രൂപ വാരാന്ത്യത്തില്‍ ചിത്രം നേടി. റീ-റിലീസില്‍ ഇതുവരെ സനം തേരി കസത്തിന്റെ മൊത്തം കളക്ഷന്‍ ഏകദേശം 18 കോടി രൂപയായി.