Untitled design 20250128 140330 0000

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഫ്രാന്‍സില്‍ ഊഷ്മള സ്വീകരണം. എ.ഐ. ഉച്ചകോടിയില്‍ പങ്കെടുക്കാനായി കഴിഞ്ഞദിവസം പാരീസിലെത്തിയ മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഒരുക്കിയ അത്താഴവിരുന്നിലും പങ്കെടുത്തു. ഫ്രഞ്ച് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ എലീസെ പാലസിലായിരുന്നു അത്താഴവിരുന്ന്. എന്റെ സുഹൃത്ത് നരേന്ദ്രമോദിക്ക് പാരീസിലേക്ക് സ്വാഗതം എന്ന കുറിപ്പോടെ മോദിക്കൊപ്പമുള്ള ദൃശ്യങ്ങള്‍ ഇമ്മാനുവല്‍ മാക്രോണ്‍ പങ്കുവെച്ചു.

 

 

 

പാരിസിൽ നടക്കുന്ന എഐ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മക്രോണിനൊപ്പം സഹ അദ്ധ്യക്ഷനായി പങ്കെടുക്കും. എഐ രംഗത്തെ സാധ്യതകളും വെല്ലുവിളികളും ചർച്ച ചെയ്യാനാണ് ഉച്ചകോടി. ഇന്ത്യയിലെയും ഫ്രാൻസിലെയും വ്യവസായികളുടെ യോഗത്തിലും മോദി പങ്കെടുക്കും. നാളെ മാർസെയിലെ ഇന്ത്യൻ കോൺസുലേറ്റും മോദിയും മക്രോണും ചേർന്ന് ഉദ്ഘാടനം ചെയ്യും.

 

 

 

സംസ്ഥാനത്ത് സ്വകാര്യ സർവകലാശാല അനിവാര്യമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. ഇത് കാലത്തിന് അനുസരിച്ചുള്ള നയംമാറ്റമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇനിയും സ്വകാര്യ സർവകലാശാലകൾക്ക് അയിത്തം കൽപിക്കേണ്ടതില്ല. എസ്എഫ്ഐക്ക് യാഥാർത്ഥ്യം ബോധ്യപ്പെട്ടിട്ടുണ്ടെന്നും ബില്ല് നിയമസഭയിൽ അവതരിപ്പിക്കുമെന്നും ബില്ലുമായി മുന്നോട്ട് പോകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

 

 

 

സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നൽകാനുള്ള സര്‍ക്കാര്‍ നീക്കത്തിന് പിന്നാലെ കേരളത്തിലേക്ക് വരാൻ താല്‍പര്യം അറിയിച്ച് വിദേശ സര്‍വകലാശാലകള്‍. അസിം പ്രേംജി സര്‍വകലാശാല, ലൗലി പ്രൊഫഷണല്‍, അമിറ്റി തുടങ്ങിയ പ്രമുഖ സര്‍വകലാശാലകള്‍ കേരളത്തിലേക്ക് വരാൻ താല്‍പര്യം അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.

 

 

 

 

പാതിവില തട്ടിപ്പ് കേസിലെ പ്രതിയായ അനന്തുകൃഷ്ണൻ സമാഹരിച്ച പണം മുഴുവൻ ആദ്യഘട്ടത്തിൽ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യാൻ ഉപയോഗിച്ചുവെന്ന് അനന്തു മൊഴി നൽകി. ബാക്കി വന്ന തുക ഭൂമിയും വാഹനങ്ങളും വാങ്ങാൻ വിനിയോഗിച്ചുവെന്നും മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ ജനപ്രതിനിധികളുടെയടക്കം പങ്ക് അന്വേഷിക്കണമെന്ന് പൊലീസ് റിപ്പോര്‍ട്ടുണ്ട്.

 

 

 

 

പാതി വില തട്ടിപ്പ് കേസില്‍ അനന്തുകൃഷ്ണന്‍ വിതരണം ചെയ്ത ഉത്പന്നങ്ങൾ ഗുണനിലവാരമില്ലാത്തവയെന്ന് കണ്ടെത്തല്‍. നൽകിയ തയ്യൽ മെഷീൻ ആറു മാസത്തിനകം ഉപയോഗശൂന്യമായി. കൊച്ചി ഞാറയ്ക്കലിലും നിരവധി സ്ത്രീകൾക്ക് പണം നഷ്ടപ്പെട്ടു. വെള്ളക്കെട്ട് ഉള്ള സ്ഥലങ്ങളിൽ ബൈക്ക് വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തിയെന്നും റിപ്പോർട്ടുകളുണ്ട്.

 

 

 

പാതി വില തട്ടിപ്പിൽ അനന്തുകൃഷ്ണനും ആനന്ദകുമാറിനുമെതിരെ കൂടുതൽ കേസ്. 918 പേരിൽ നിന്ന് ആറുകോടി 32 ലക്ഷം തട്ടിയെന്ന പരാതിയിൽ കോഴിക്കോട് ഫറോഖ് പൊലീസ് കേസെടുത്തു. ഇതിനിടെ, ആനന്ദകുമാറിനെ വിശ്വസിച്ചാണ് പണം നൽകിയതെന്ന വെളിപ്പെടുത്തലുമായി ഇടുക്കിയിലെ സീഡ് സൊസൈറ്റി അംഗങ്ങൾ രംഗത്തെത്തി.

 

 

 

എഡിഎം നവീൻ ബാബുവിന്‍റ മരണത്തിൽ സിബിഐ അന്വേഷണം തന്നെ വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. അപ്പീലിൽ വീണ്ടും വാദം കേട്ട ഡിവിഷൻ ബെഞ്ച് ഹർജി വിധി പറയാനായി മാറ്റി. സിബിഐ അന്വേഷണമില്ലെങ്കിൽ ക്രൈംബ്രാഞ്ച് അന്വേഷണമെങ്കിലും വേണമെന്ന് കുടുംബത്തിനായി ഹ‍ാജരായ അഭിഭാഷകൻ കഴിഞ്ഞ ദിവസം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സിബിഐ അന്വേഷണമെന്ന നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്നും ക്രൈംബ്രാഞ്ച് അന്വേഷണം തങ്ങൾ ആവശ്യപ്പെട്ടിട്ടില്ലെന്നും ഭാര്യ മഞ്ജുഷ അടക്കമുളളവർ നിലപാടെടുത്തു.

 

 

 

 

വയനാട് സുൽത്താൻ ബത്തേരി നൂൽപ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മാനു (45) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് മാനുവിനെ കാട്ടാന ആക്രമിച്ചത്. കടയിൽ പോയി സാധനങ്ങള്‍ വാങ്ങി തിരികെ വരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. മാനുവിനൊപ്പം ഭാര്യ ചന്ദ്രികയും സംഭവസമയത്ത് കൂടെയുണ്ടായിരുന്നു. ആദ്യം ഇവരെ കാണാതായെങ്കിലും പിന്നീട് സുരക്ഷിതയായി കണ്ടെത്തി. ഇടുക്കി പെരുവന്താനം കൊമ്പൻ പാറയിൽ കാട്ടാന ആക്രമണത്തിൽ സോഫിയ എന്ന സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയാണിപ്പോള്‍ വയനാട്ടിലും കാട്ടാന ആക്രമണത്തിൽ ഒരാള്‍ കൊല്ലപ്പെടുന്നത്.

 

 

 

വന്യമൃഗശല്യത്തിൽ മലയോര ജനത പൊറുതി മുട്ടിയെന്ന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ. മലയോര ജനതയെ സംരക്ഷിക്കാൻ കഴിയുന്നില്ലെന്നും അതിനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ടെന്നും കാതോലിക്ക ബാവ പറ‍ഞ്ഞു.നഷ്ടപരിഹാരമല്ല, പ്രശ്ന പരിഹാരമാണ് വേണ്ടതെന്നും കാട്ടുമൃഗങ്ങൾ എന്ന പ്രയോഗം ഇന്ന് അപ്രസക്തമായിക്കഴിഞ്ഞുവെന്നും കാട്ടിലെ മൃഗങ്ങൾ മുഴുവൻ നാട്ടിലാണെന്നും മനുഷ്യൻ്റെ അധ്വാനം മുഴുവൻ മൃഗങ്ങൾ നശിപ്പിക്കുന്നുവെന്നും കാതോലിക്ക ബാവ വിമർശിച്ചു.

 

 

 

സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറിയായി കെ വി അബ്ദുൽ ഖാദറിനെ തിരഞ്ഞെടുത്തു . തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പാർട്ടിയെ ഒരുക്കുക എന്ന വെല്ലുവിളി യാണ് മുന്നിലുള്ളതൊന്നും പാർട്ടി ഏൽപ്പിച്ച ചുമതല നിറവേറ്റുമെന്നും അബ്ദുൽ ഖാദർ പറഞ്ഞു. സഹകരണ മേഖലയിൽ ആക്ഷേപം ഉണ്ടാകാതിരിക്കാൻ ജാഗ്രത തുടരുമെന്നും അബ്ദുൽ ഖദർ പ്രതികരിച്ചു.

 

 

 

കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന രണ്ടാമത്തെ ഏറ്റവും വലിയ മത്സ്യബന്ധന തുറമുഖമാകാന്‍ പൊഴിയൂര്‍. പ്രദേശികളുടെ നീണ്ട കാലത്തെ സ്വപ്നമാണ് ഇതെന്നും നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഏത് കാലാവസ്ഥയിലും വള്ളമിറക്കാന്‍ കഴിയുന്ന ആധുനിക മത്സ്യബന്ധന തുറമുഖമാകുമിതെന്നും അധികൃതര്‍ അറിയിച്ചു. പദ്ധതിയുടെ നിർമ്മാണ ചെലവ് 343 കോടി രൂപയാണ്. തുറമുഖത്തിന്റെ പ്രാഥമിക പ്രവർത്തനങ്ങൾക്കായി അഞ്ചുകോടി രൂപ കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ നീക്കിവച്ചിരുന്നു.

 

 

 

 

ലോട്ടറി വിതരണക്കാരുടെ സേവന നികുതി കേന്ദ്ര സർക്കാരിന് കീഴില്‍ കൊണ്ടുവരണമെന്ന കേന്ദ്രത്തിന്‍റെ ഹര്‍ജി തള്ളി സുപ്രീം കോടതി. ലോട്ടറി നികുതി ചുമത്താനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനെന്ന് പറഞ്ഞ സുപ്രീം കോടതി, ഇതില്‍ ഇടപെടാൻ കേന്ദ്രത്തിന് അധികാരമില്ലെന്നും വ്യക്തമാക്കി. ലോട്ടറി ടിക്കറ്റുകളുടെ വിൽപ്പന ഒരു സേവനമല്ല, മറിച്ച് സംസ്ഥാനത്തിന് വരുമാനം നേടുന്നതിനുള്ള ഒരു മാര്‍ഗമാണെന്നും കോടതി വിധിച്ചു.

 

 

 

 

ചലച്ചിത്ര നിർമാതാക്കളുടെ സംഘടനക്ക് താരസംഘടനയായ അമ്മ കത്തയച്ചു. അമ്മ സംഘടനയെ നാഥനില്ലാ കളരിയെന്ന് വിശേഷിപ്പിച്ചതിൽ അതൃപ്തി അറിയിച്ചുകൊണ്ടാണ് കത്ത് അയച്ചിരിക്കുന്നത്. അമ്മ സംഘടനക്ക് നാഥനില്ലെന്ന് പറഞ്ഞത് തെറ്റായിപ്പോയെന്നും നിർമ്മാതാക്കൾ ഖേദം പ്രകടിപ്പിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

 

 

ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ എല്‍എസ്ഡി കേസില്‍ കുടുക്കിയ സംഭവത്തിലെ പ്രതിയായ നാരായണദാസിന്റെ മുന്‍കൂര്‍ ജാമ്യം സുപ്രീം കോടതി തള്ളി. കോടതിയില്‍നിന്ന് ഒരു സഹതാപവും നാരായണദാസ് പ്രതീക്ഷിക്കേണ്ടെന്നും മുന്‍കൂര്‍ ജാമ്യം തള്ളിക്കൊണ്ട് സുപ്രീം കോടതി വാക്കാല്‍ നിരീക്ഷിച്ചു.

 

 

 

 

തിരുവനന്തപുരം-ഷൊർണൂർ ലൈനിലോടുന്ന16302 നമ്പർ വേണാട് എക്സ്പ്രസ് നിലമ്പൂർ വരെ നീട്ടണമെന്ന ആവശ്യം റയിൽവേയുടെ പരിഗണനയിൽ. രാവിലെ നിലമ്പൂരിൽ നിർത്തിയിടുന്ന 16349 നമ്പർ രാജ്യറാണി എക്സ്പ്രസ് എറണാകുളം വരെ പകൽ സർവീസ് നടത്തണമെന്ന ആവശ്യവും റയിൽവേ പരിശോധിക്കുന്നു. കേന്ദ്രറെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പി പി സുനീര്‍ എം പിയ്ക്ക് അയച്ച കത്തിലാണ് ഈ വിവരം അറിയിച്ചിരിക്കുന്നത്

 

 

 

ലഹരി മരുന്ന് കേസില്‍ നടൻ ഷൈൻ ടോം ചാക്കോയെ കോടതി വെറുതെ വിട്ടു. എറണാകുളം അഡിഷണല്‍ സെഷൻസ് കോടതിയാണ് ഷൈൻ ഉള്‍‌പ്പടെയുള്ള മുഴുവൻ പ്രതികളെയും വെറുതെ വിട്ടത്. 2015 ജനുവരി 30ന് ആയിരുന്നു കേസിന് ആസ്‍‌പദമായ സംഭവം നടന്നത്. കടവന്ത്രയിലെ ഫ്ളാറ്റില്‍ മൂന്നാം പ്രതി ഷൈനും നാല് യുവതികളും ചേര്‍ന്ന് കൊക്കൈന്‍ ഉപയോഗിച്ച് സ്മോക് പാര്‍ടി നടത്തി എന്നതായിരുന്നു കേസ്.

 

 

 

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും പുല്ലേപ്പടിയിലേക്ക് അധിക ചാർജ് ഈടാക്കിയ ഓട്ടോ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്. കോഴിക്കോട് കടലുണ്ടി സ്വദേശികളായ കുടുംബത്തിൽ നിന്നാണ് ചെല്ലാനം സ്വദേശിയായ ഓട്ടോ ഡ്രൈവർ അമിത ചാർജ് ഈടാക്കിയത്. മീറ്റർ പ്രകാരമുള്ള 46 രൂപക്ക് പകരം 80 രൂപയാണ് വാങ്ങിയത്.

 

 

 

സംസ്ഥാനത്ത് മാര്‍ച്ച് ഒന്ന് മുതൽ വാഹനങ്ങളുടെ ആര്‍സി ബുക്കുകള്‍ പൂര്‍ണമായും ഡിജിറ്റലാകും. ആര്‍സി ബുക്കുകള്‍ പ്രിന്‍റ് എടുത്ത് നൽകുന്നതിന് പകരമാണ് ഡിജിറ്റലായി നൽകുന്നത്. വാഹനം വാങ്ങി മണിക്കൂറുകള്‍ക്കുള്ളിൽ രജിസ്ട്രേഷൻ പൂര്‍ത്തിയാക്കി വാഹൻ വെബ്സൈറ്റിൽ നിന്നും ആര്‍സി ബുക്ക് ഡൗണ്‍ലോഡ് ചെയ്യാനാകും.

 

 

 

ലോജിസ്റ്റിക് സര്‍വീസ് നിരക്കുകള്‍ വര്‍ധിപ്പിച്ച് കെഎസ്ആര്‍ടിസി. ഇതോടെ കെഎസ്ആര്‍ടിസി വഴി പാഴ്സൽ അയക്കാൻ ചെലവേറും. എന്നാൽ അഞ്ച് കിലോ വരെയുള്ള പാഴ്‌സലുകള്‍ക്ക് നിരക്ക് വര്‍ധന ഉണ്ടാവില്ല. 800 കിലോമീറ്റര്‍ ദൂരം വരെയാണ് ലോജിസ്റ്റിക് സര്‍വീസ്‌ വഴി കൊറിയര്‍ അയക്കാൻ കഴിയുക.

 

 

 

 

കൊച്ചി കയർ ബോർഡിലെ തൊഴിൽ പീഡന പരാതി നൽകിയ ജീവനക്കാരി ജോളി മധു മരിച്ച സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെയുള്ള ആരോപണങ്ങൾ പരിശോധിക്കാൻ അന്വേഷണ കമ്മിറ്റി രൂപീകരിച്ച് എംഎസ്എംഇ. അന്വേഷണത്തിനായി മൂന്നംഗ സമിതിയാണ് രൂപീകരിച്ചിരിക്കുന്നത്. ആരോപണങ്ങൾ പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കയർ ബോർഡ് നിർദ്ദേശം നൽകി.

 

 

 

തൊണ്ടയിൽ കുപ്പിയുടെ അടപ്പ് കുടുങ്ങി എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കോഴിക്കോട് പൊക്കുന്ന് അബീന ഹൗസിൽ നിസാറിൻ്റെ മകൻ മുഹമ്മദ് ഇബാദ് ആണ് മരിച്ചത്. ആശുപത്രിയിൽ എത്തുമ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു.

 

 

 

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസിനെതിരെ വിമർശനവുമായി എഎപി മുതിർന്ന നേതാവ് സോംനാഥ് ഭാരതി. ദില്ലിയിൽ കോൺഗ്രസ് ബിജെപിയുടെ ബി ടീമായി പ്രവർത്തിച്ചുവെന്നും ഇന്ത്യ സഖ്യത്തിൽ എഎപി തുടരണോ എന്നതിൽ രാഷ്ട്രീയകാര്യ സമിതിയിൽ ഉടൻ തീരുമാനമെടുക്കുമെന്നും സോംനാഥ് ഭാരതി പറഞ്ഞു.തെരഞ്ഞടുപ്പിനായി നാല് ലക്ഷം കള്ളവോട്ടുകൾ ബിജെപി വോട്ടർ പട്ടികയിൽ ചേർത്തെന്നും സോംനാഥ് ഭാരതി ആരോപിച്ചു.

 

 

 

വീരപ്പൻ വേട്ടയെ തുടർന്ന് അച്ഛനമ്മമാരെ നഷ്ടപ്പെട്ടതിൽ സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് 36കാരൻ നൽകിയ ഹർജി തള്ളി മദ്രാസ് ഹൈക്കോടതി. വീരപ്പന്റെ സഹോദരി മാരിയമ്മാളുടെ മകൻ സതീഷ് കുമാർ നൽകിയ ഹർജി ആണ് കോടതി തള്ളിയത്. വീരപ്പനെ കണ്ടെത്താനെന്ന പേരിൽ നടന്ന പൊലീസ് അതിക്രമങ്ങളിൽ അച്ഛനമ്മമാരെ നഷ്ടമായെന്നും 20 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നുമായിരുന്നു കൃഷ്ണഗിരി സ്വദേശിയായ സതീശിന്റെ ഹർജി.

 

 

 

പൂനെയിൽ ഗില്ലിൻ-ബാരെ സിൻഡ്രോം ബാധിച്ച 37 വയസ്സുള്ള ഡ്രൈവർ ചികിത്സയ്ക്കിടെ മരിച്ചു. ഇതോടെ മഹാരാഷ്ട്രയില്‍ ഈ അപൂർവ നാഡീസംബന്ധമായ അസുഖം മൂലമുള്ള മരണസംഖ്യ ഏഴായി. രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ കഴിയുന്ന 192 പേരില്‍ 167 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റവുമധികം കേസുകളുള്ള പൂനെയില്‍ ആരോഗ്യവകുപ്പ് അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കി.

 

 

 

 

ഗ്വാട്ടിമാലയിൽ ബസ് പാലത്തിൽ നിന്ന് മലയിടുക്കിലേക്ക് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 51ആയി. 75 പേരുമായി പോയ ബസാണ് മറിഞ്ഞത്. ഗ്വാട്ടിമാല സിറ്റിയിലാണ് സംഭവം. എൽ റാഞ്ചോ എന്ന ഗ്രാമത്തിൽ നിന്ന് ഗ്വാട്ടിമാലയിലേക്ക് വരുകയായിരുന്ന ബസ് കാറിനെ ഇടിച്ച ശേഷമാണ് കൊക്കയിലേക്ക് വീണത്. തിങ്കളാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ ചെങ്കുത്തായ മലയിടുക്കിലേക്കും അവിടെ നിന്ന് പുഴയിലേക്കും ബസിലെ യാത്രക്കാർ വീഴുകയായിരുന്നു. ബസ് പുഴയിലേക്ക് തലകുത്തി വീണ് പൂർണമായും തകർന്ന നിലയിലാണ്.

 

 

 

പ്രധാനമന്ത്രി നരേന്ദ്രമോദി ഡി.എം.കെ.യെ ബി.ജെ.പി. സഖ്യത്തിലേക്ക് ക്ഷണിച്ചിരുന്നെന്ന് പാർട്ടി ഖജാൻജിയും എം.പി.യുമായ ടി.ആർ. ബാലുവിന്റെ വെളിപ്പെടുത്തൽ. എൻ.ഡി.എ.യിൽ ചേർന്നാൽ തമിഴ്‌നാടിനു കേന്ദ്രവിഹിതം കിട്ടുന്നത് എളുപ്പമാകുമെന്ന് മോദി സൂചിപ്പിച്ചെന്നും ബാലു പറഞ്ഞു. എന്നാൽ, ഹിന്ദി അറിയാത്ത ബാലു പ്രധാനമന്ത്രി പറഞ്ഞത് തെറ്റിദ്ധരിച്ചതാവും എന്നാണ് തമിഴ്‌നാട് ബി.ജെ.പി. പറയുന്നത്.

 

 

 

 

രാജ്യത്തെ അനധികൃത കുടിയേറ്റം തടയാനുള്ള ശ്രമങ്ങള്‍ ശക്തമാക്കി യുകെ ഗവണ്‍മെന്‍റ്. അനധികൃതമായി കുടിയേറി, നിയമ വിരുദ്ധമായി തൊഴില്‍ ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി ലേബര്‍ പാര്‍ട്ടി ഗവണ്‍മെന്‍റ് രാജ്യത്ത് വ്യാപക റെയ്ഡ് നടത്തി. ഇന്ത്യന്‍ റെസ്റ്റോറെന്‍റുകള്‍, കോഫി ഷോപ്പുകള്‍, കാര്‍വാഷ് സെന്‍ററുകള്‍, കണ്‍വീനിയന്‍സ് സ്റ്റോറുകള്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും റെയ്ഡ് നടന്നത്.

 

 

 

മഹാ കുംഭമേളയിൽ നാളെ നടക്കുന്ന പ്രധാന സ്നാനമായ മാഗി പൂർണിമയോടനുബന്ധിച്ച് തിരക്ക് നിയന്ത്രിക്കാൻ കർശന നിയന്ത്രണങ്ങളുമായി ഉത്തർപ്രദേശ് സർക്കാർ. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പ്രയാഗ് രാജിൽ ഗതാഗത നിയന്ത്രണങ്ങൾ കൊണ്ടുവന്നു. മേള നടക്കുന്ന സ്ഥലത്തേക്ക് വാഹനങ്ങൾ കടത്തിവിടുന്നത് അല്ല. ഇന്ന് വൈകിട്ട് 5 മണി മുതൽ പ്രയാഗ് രാജ് നഗരത്തിൽ മുഴുവൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

 

 

 

ഫെയ്‌സ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും മാതൃകമ്പനിയായ മെറ്റ വന്‍തോതില്‍ തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഏകദേശം മൂവായിരം ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടേക്കുമെന്നും പകരം മെഷീന്‍ ലേണിങ് എന്‍ജിനീയര്‍മാരെ ജോലിക്കെടുക്കാനാണ് കമ്പനി പദ്ധതിയിടുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 

 

 

 

ഉത്തരാഖണ്ഡ് ദേശീയ ഗെയിംസില്‍ ജിംനാസ്റ്റിക്‌സില്‍ കേരളത്തിന് മൂന്നുമെഡലുകള്‍. രണ്ടുവെള്ളിയും ഒരു വെങ്കലവുമാണ് ജിംനാസ്റ്റിക്‌സില്‍ കേരളം സ്വന്തമാക്കിയത്. ആക്രോബാറ്റിക് ജിംനാസ്റ്റിക്‌സില്‍ പുരുഷന്മാരുടെ ഗ്രൂപ്പ് വിഭാഗത്തിലും മിക്‌സഡ് വിഭാഗത്തിലുമാണ് കേരളം വെള്ളി നേടിയത്. ജിംനാസ്റ്റിക്‌സില്‍ വിമന്‍സ് പെയര്‍ വിഭാഗത്തില്‍ ലക്ഷ്മി ബി.നായര്‍, പൗര്‍ണമി ഋഷികുമാര്‍ എന്നിവരുടെ ടീമാണ് വെങ്കലമെഡല്‍ നേടിയത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *