വീട്ടിലെ ഇളയകുട്ടികളെ അപേക്ഷിച്ച് മൂത്തകുട്ടികള്‍ അല്പം ഉയര്‍ന്ന ഐക്യു പ്രകടിപ്പിക്കുന്നുവെന്ന് പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നു. സ്കോട്ലാന്‍ഡിലെ എഡിന്‍ബറോ സര്‍വകലാശാല നടത്തിയ പഠനത്തില്‍ മൂത്തകുട്ടികള്‍ ഒരു വയസ്സില്‍ തന്നെ സഹോദരങ്ങളെക്കാള്‍ ഐക്യു ടെസ്റ്റുകളില്‍ ഉയര്‍ന്ന സ്കോര്‍ നേടുന്നുവെന്ന് കണ്ടെത്തി. ഇവര്‍ ഇളയ സഹോദരങ്ങളെക്കാള്‍ സ്കൂളില്‍ മികച്ച പ്രകടനവും മാര്‍ക്കും വാങ്ങുന്നുവെന്ന് പഠനത്തില്‍ പറയുന്നു. വായനയും ചിത്രരചനയും വിലയിരുത്തിയുള്ള പരിശോധനയില്‍ മൂത്തകുട്ടികള്‍ ഉയര്‍ന്ന സ്കോര്‍ നേടി. ആദ്യ കുട്ടി ജനിക്കുമ്പോള്‍ മാതാപിതാക്കളുടെ ശ്രദ്ധയും പിന്തുണയും കൂടുതല്‍ ലഭിക്കുന്നു. ഇത് അവരുടെ ചിന്താശേഷി വളര്‍ത്തുന്നതില്‍ വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. ഇത് പ്രശ്ന പരിഹാര കഴിവ്, വായന, ഗ്രഹണ കഴിവുകള്‍ എന്നിവയില്‍ പ്രതിഫലിച്ചു. എന്നാല്‍ ഇളയകുട്ടികള്‍ക്ക് താരതമ്യേന മാതാപിതാക്കളുടെ ശ്രദ്ധ കുറയുമെന്ന് പഠനം പറയുന്നു. ഇളയകുട്ടികളോടൊപ്പം സമയം ചെലവഴിക്കുന്നതും അവര്‍ക്ക് മാനസിക ഉത്തേജനം നല്‍കുന്നതും കുറവാണെന്നും പഠനം സൂചിപ്പിക്കുന്നു. എസെക്സ് സര്‍വകലാശാല നടത്തിയ മറ്റൊരു പഠനത്തില്‍ മൂത്തകുട്ടികള്‍ ഇളയസഹോദരങ്ങളെ അപേക്ഷിച്ച് 16 ശതമാനം കൂടുതല്‍ അക്കാദമിക് മികവ് പുലര്‍ത്താന്‍ സാധ്യതയുണ്ടെന്നും, മൂത്ത പെണ്മക്കള് മൂത്ത ആണ്മക്കളെ അപേക്ഷിച്ച് നാല് ശതമാനം കൂടുതല്‍ ഉന്നത വിദ്യാഭ്യാസം നേടാനുള്ള സാധ്യതയുണ്ടെന്നും വ്യക്തമാക്കുന്നു. എന്നാല്‍ പഠനങ്ങള്‍ ജനന ക്രമവും ബുദ്ധിശക്തിയും തമ്മിലുള്ള പരസ്പരബന്ധം സൂചിപ്പിക്കുന്നുണ്ടെങ്കിലും വ്യത്യാസങ്ങള്‍ താരതമ്യേന നിസ്സാരമാണ്. കുട്ടികളുടെ വളര്‍ച്ചയില്‍ വിവിധ പാരിസ്ഥിതിക ഘടകങ്ങള്‍ സ്വാധീനിക്കുന്നുണ്ടെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
മൂത്തകുട്ടികള്‍ അല്പം ഉയര്‍ന്ന ഐക്യു പ്രകടിപ്പിക്കുന്നു!
