Untitled design 20250112 193040 0000 2

 

മൂന്നാം മോദി സര്‍ക്കാരിന്‍റെ രണ്ടാമത് ബജറ്റ് നാളെ അവതരിപ്പിക്കും. നിര്‍മ്മല സീതാരാമന്‍ എട്ടാമത് അവതരിപ്പിക്കുമ്പോൾ സാമ്പത്തിക പ്രതിസന്ധി മറികടക്കാനും വിലക്കയറ്റം പിടിച്ചു നിര്‍ത്താനും നികുതിയിലുമൊക്കെ എന്തൊക്കെ പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.

 

കേന്ദ്ര ബജറ്റ് 2025 ന് മുന്നോടിയായുള്ള സാമ്പത്തിക സർവെ റിപ്പോർട്ടിൽ കേരളത്തിന് അഭിനന്ദനം. തദ്ദേശ ഭരണ സ്ഥാപനങ്ങൾ വഴി സുസ്ഥിര വികസന ലക്ഷ്യങ്ങൾ നടപ്പാക്കുന്നത് ചൂണ്ടികാട്ടിയാണ് സാമ്പത്തിക സർവെ റിപ്പോർട്ട് കേരളത്തെ അഭിനന്ദിച്ചിരിക്കുന്നത്. അതേസമയം സ്വകാര്യ മേഖലയിലെ ജോലി സമയത്തിലടക്കം വലിയ മാറ്റങ്ങൾ നിർദ്ദേശിച്ചുള്ളതാണ് ഇത്തവണത്തെ സാമ്പത്തിക സർവെ റിപ്പോർട്ട്.

 

ന്യൂനപക്ഷ സ്കോളർഷിപ്പ് അമ്പത് ശതമാനം വെട്ടിക്കുറച്ച നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . മദ്യ നിർമ്മാണശാലകൾ തുടങ്ങാനുള്ള ഓട്ടത്തിനിടയിൽ പാവപ്പെട്ട വിദ്യാർഥികളുടെ കാര്യം കൂടി സർക്കാർ ശ്രദ്ധിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.സർക്കാർ നിഷേധാത്മക നിലപാട് തുടർന്നാൽ നിയമസഭയിലും പുറത്തും പ്രക്ഷോഭം ആരംഭിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

പാലക്കാട് മോട്ടോർ വാഹന വകുപ്പ് ചെക്ക്പോസ്റ്റുകളിൽ നിന്ന് വീണ്ടും കൈക്കൂലിപ്പണം പിടികൂടി. വിജിലൻസിന്റെ മിന്നൽ പരിശോധനയ്ക്കിടെയായിരുന്നു വാളയാർ, വേലന്താവളം ചെക്പോസ്റ്റുകളിൽ നിന്ന് കൈക്കൂലി പണം കണ്ടെത്തിയത്. 1,61,060 രൂപയാണ് 3 ചെക്ക്പോസ്റ്റുകളിൽ നിന്നായി വിജിലൻസ് സംഘം കണ്ടെത്തിയത്.

പാലക്കാട്ടെ ബ്രൂവറി വിവാദത്തിൽ തന്റെ വാര്‍ത്താ സമ്മേളനത്തിലെ ജിഎസ്ടി പരാമര്‍ശത്തെ പരിഹസിച്ച പ്രതിപക്ഷ നേതാവിന് മറുപടിയുമായി എംബി രാജേഷ്. വാര്‍ത്താ സമ്മേളനത്തിൽ കേരളത്തിന് ജിഎസ്ടി വരുമാന നേട്ടമുണ്ടാകുമെന്ന് പറഞ്ഞതിനെതിരെ ആയിരുന്നു വിഡി സതീശന്റെ പരിഹാസം. എത്തനോളിന് 5 ശതമാനം ജിഎസ്ടി ഈടാക്കുന്ന വിവരം പ്രതിപക്ഷ നേതാവ് അറിഞ്ഞില്ലേ? എന്ന തലക്കെട്ടിൽ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് മന്ത്രി എംബി രാജേഷ്.

 

അടിയന്തര ഘട്ടങ്ങളിൽ രക്തം എത്തിച്ചു നൽകാനായി കേരള പൊലീസിന്‍റെ പോൽ ബ്ലഡ്. അടിയന്തര ഘട്ടങ്ങളിൽ ഈ ഓൺലൈൻ സേവനം പ്രയോജനപ്പെടുത്താമെന്ന് കേരള പൊലീസ് അറിയിച്ചു. മൊബൈൽ അപ്ലിക്കേഷൻ ആയ പോൽ ആപ്പിന്‍റെ സഹായത്തോടു കൂടിയാണ് പ്രവർത്തനം. രക്തദാനത്തിന് എല്ലാവരും മുന്നോട്ട് വന്നാൽ മാത്രമേ ഈ സേവനം സുഗമമായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയൂവെന്ന് കേരള പൊലീസ് അറിയിച്ചു.

ഫെബ്രുവരി മാസം മുതല്‍ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ചാര്‍ജ് യൂണിറ്റിന് 9 പൈസ കുറയുമെന്ന് കെഎസ്ഇബി. ഇന്ധന സര്‍ചാര്‍ജായി പിരിക്കുന്ന 19 പൈസയിൽ നിന്ന് ഒമ്പത് പൈസ കുറവ് വരുത്തിയതോടെയാണ് ഇത്. ഫലത്തിൽ ഫെബ്രുവരി മാസം മുതല്‍ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ചാര്‍ജ് യൂണിറ്റിന് 9 പൈസ കുറയും.

 

തിരുവനന്തപുരം റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജിയില്‍ (ആര്‍.ഐ.ഒ.) നൂതന സംവിധാനങ്ങളോടെയുള്ള ഓപ്പറേഷന്‍ തീയറ്റര്‍ കോംപ്ലക്‌സ് പ്രവര്‍ത്തനം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.എല്ലാ സൗകര്യങ്ങളോടും കൂടിയ ഓപ്പറേഷന്‍ തീയറ്റര്‍ കോംപ്ലക്‌സ് സജ്ജമാക്കിയതിനാല്‍ കൂടുതല്‍ രോഗികള്‍ക്ക് ഒരേ ദിവസം ശസ്ത്രക്രിയകള്‍ നടത്താനാകുമെന്നും മന്ത്രി വ്യക്തമാക്കി.

ആലപ്പുഴ ചെങ്ങന്നൂർ ചെറിയനാട് സ്വ​ദേശി ഭാസ്കര കാരണവരെ കൊലപ്പെടുത്തിയ കേസിൽ പ്രധാന പ്രതിയും കാരണവരുടെ മരുമകളുമായ ഷെറിന് ശിക്ഷാ കാലയളവിൽ ഇളവ് അനുവദിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിനെതിരേ കോൺ​ഗ്രസ് പ്രവർത്തക സമിതി അം​ഗം രമേശ് ചെന്നിത്തല ​ഗവർണർക്ക് കത്ത് നൽകി. ഷെറിന് ശിക്ഷയിൽ ഇളവ് അനുവദിക്കുന്നത് നിയമവിരുദ്ധവും സമൂഹത്തിനു തെറ്റായ സന്ദേശം നൽകുന്നതുമാണെന്ന് ചെന്നിത്തല കത്തിൽ ചൂണ്ടിക്കാട്ടി.

 

ചോറ്റാനിക്കരയിൽ ആൺസുഹൃത്തിന്റെ ക്രൂര ആക്രമണത്തിന് ഇരയായ പെൺകുട്ടി മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഉച്ചയ്ക്ക് 2 മണിയോടെ മരണം സ്ഥിരീകരിച്ചത്. പോക്സോ കേസ് അതിജീവിതയാണ് 19കാരിയായ പെൺകുട്ടി.

 

ചോറ്റാനിക്കരയിൽ മരിച്ച പെൺകുട്ടിയുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി. ശരീരത്തിൽ ആകെ മുറിവേറ്റ പരിക്കുകളുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. പെൺകുട്ടിയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ നാളെ നടക്കും. കളമശേരി മെഡിക്കൽ കോളേജിൽ ഫ്രീസർ ഒഴിവില്ലാത്തതിനാൽ മൃതദേഹം ഇന്ന് സ്വകാര്യ ആശുപത്രിയിൽ തന്നെ സൂക്ഷിക്കും.

 

പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികൾക്ക് പഠനം തുടരാൻ അനുമതി നൽകി സർവകലാശാല ഉത്തരവ് ഇറക്കി. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് നടപടി. മണ്ണുത്തി ക്യാമ്പസിൽ താത്കാലികമായി പഠനം തുടരാം. പക്ഷേ ആർക്കും ഹോസ്റ്റൽ സൗകര്യം അനുവദിക്കില്ല.ആന്റി റാഗിംഗ് കമ്മറ്റി നടത്തിയ അന്വേഷണത്തിന് പിന്നാലെ പഠന വിലക്ക് നേരിട്ടവരാണ് ഹൈക്കോടതിയിൽ നിന്ന് ഇളവ് നേടിയത്.

 

ഫെബ്രുവരി 27ന് കേരളത്തിൽ തീരദേശ ഹർത്താൽ പ്രഖ്യാപിച്ച് മൽസ്യത്തൊഴിലാളി യൂണിയനുകള്‍. ഹർത്താലിൻ്റെ ഭാ​ഗമായി മത്സ്യമാർക്കറ്റുകളും പ്രവർത്തിക്കില്ല. ഖനനത്തിന് എത്തുന്നവരെ കായികമായും നേരിടുമെന്ന് ടിഎൻ പ്രതാപൻ പറഞ്ഞു. കേന്ദ്രസർക്കാരിൻ്റെ നടപടിക്കെതിരെ യൂണിയനുകൾ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോവാനാണ് തീരുമാനം.

 

കുമളി ചക്കുപള്ളം സ്വദേശിയിൽ നിന്ന് രണ്ടേകാൽ കോടി രൂപയുടെ ഓൺലൈൻ ട്രേഡിംഗിലൂടെ തട്ടിപ്പ് നടത്തിയ കേസിൽ ഒരാളെ ഇടുക്കി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. മികച്ച ലാഭമുണ്ടാക്കാം എന്ന വാഗ്ദാനം നൽകി വിവിധ അക്കൗഅക്കൗണ്ടുകളിലേക്ക് തുക ട്രാസ്ഫർ ചെയ്യിക്കുകയായിരുന്നു.

 

ബാലരാമപുരത്ത് രണ്ടുവയസുകാരി ദേവേന്ദുവിൻ്റെ കൊലപാതകവുമായി ബന്ധപ്പട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത ദേവീദാസന് കുട്ടിയുടെ മരണവുമായി ബന്ധമില്ലെന്ന് ഭാര്യ ശാന്ത. ശ്രീതുവും ഹരികുമാറും ഇതുവരെ വീട്ടിൽ വന്നിട്ടില്ലെന്ന് ദേവീദാസന്റെ ഭാര്യ പ്രതികരിച്ചു. വീട്ടിൽ മന്ത്രവാദം നടക്കുന്നില്ല. സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട കേസ് ആണെന്ന് പറഞ്ഞാണ് പൊലീസ് ഭര്‍ത്താവിനെ കൊണ്ടുപോയത്. കുട്ടി മരിച്ച വിവരം ഇതുവരെ അറിഞ്ഞിരുന്നില്ലെന്നും ദേവീദാസന്റെ ഭാര്യ പറഞ്ഞു.

 

ബാലരാമപുരത്തെ രണ്ടു വയസുകാരിയുടെ കൊലപാതകത്തിൽ പ്രതിയായ ഹരികുമാറിന് മാനസിക പ്രശ്നമുണ്ടെന്നും ഇതിനാൽ തന്നെ പലപ്പോഴും പരസ്പര വിരുദ്ധമായ മൊഴികളാണ് നൽകുന്നതെന്നും പൊലീസ്. അഞ്ചു വര്‍ഷത്തോളമായി ചില മാനസിക പ്രശ്നങ്ങള്‍ക്ക് ഹരികുമാര്‍ ചികിത്സയിലാണെന്ന് തിരുവനന്തപുരം റൂറൽ എസ്‍പി സുദര്‍ശൻ മാധ്യമങ്ങളോട് പറഞ്ഞു.

 

നെന്മാറ പോത്തുണ്ടിയിലെ ഇരട്ടക്കൊലപാതകത്തിൽ കൊല്ലപ്പെട്ട സുധാകരന്‍റെ നഴ്സിങ് പാസായ മൂത്ത മകൾ അതുല്യക്ക് സർക്കാർ തലത്തിൽ ജോലി നൽകുമെന്ന് ആരോഗ്യമന്ത്രി ഉറപ്പ് നൽകിയതായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.കൊല്ലപ്പെട്ട സുധാകരന്‍റെ രണ്ടാമത്തെ മകൾ അഖിലയുടെ വിദ്യാഭ്യാസം വനിത വികസന കോർപ്പറേഷൻ ഏറ്റെടുക്കുമെന്നും, ഇതിൻ്റെ ഭാഗമായി രണ്ട് ദിവസത്തിനകം ബന്ധപ്പെട്ട വകുപ്പിലെ ഉദ്യോഗസ്ഥർ വീട് സന്ദർശിക്കുമെന്നും ചെന്നിത്തല അറിയിച്ചു.

 

തൃപ്പൂണിത്തുറയിലെ 15 വയസ്സുകാരന്റെ ആത്മഹത്യയിൽ പൊലീസ് അടിയന്തര നിയമനടപടികൾ കൈക്കൊള്ളുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകി. സ്കൂളുകളിൽ സമൂഹനന്മയ്ക്ക് നിരക്കാത്ത പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിൽ ശക്തമായ നടപടിയെടുക്കാനും നിയമഭേദഗതി ആവശ്യമെങ്കിൽ അക്കാര്യം പരിഗണിക്കുമെന്നും മന്ത്രി ഫെയ്സ് ബുക്കിലൂടെ അറിയിച്ചു.

 

ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന ആശങ്കയിൽ മതസ്വാതന്ത്ര്യം നിഷേധിക്കരുതെന്ന സുപ്രധാന ഉത്തരവുമായി മദ്രാസ് ഹൈക്കോടതി. കന്യാകുമാരിയിൽ സൺ‌ഡേ സ്കൂൾ കെട്ടിട നിർമാണം തടഞ്ഞ ജില്ലാ കലക്ടറുടെ ഉത്തരവ് റദ്ദാക്കി. സിഎസ്ഐ സഭ ഭാരവാഹി നൽകിയ ഹർജിയിലാണ്‌ ഉത്തരവ്. മറ്റ് മതവിശ്വാസികൾ എതിർത്തേക്കുമെന്നത് അനുമതി നിഷേധിക്കാൻ മതിയായ കാരണമല്ലെന്നും കോടതി നിരീക്ഷിച്ചു.

 

ഇന്ത്യയിലെ മെട്രോപൊളിറ്റൻ നഗരങ്ങളായ ദില്ലി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിൽ തോട്ടിപ്പണി സമ്പ്രദായം പൂർണമായും അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് തേടി സുപ്രീംകോടതി. തോട്ടിപ്പണി പൂർണമായും അവസാനിപ്പിക്കണമെന്ന് സുപ്രീംകോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു.ഫെബ്രുവരി 13ന് മുമ്പായി റിപ്പോർട്ട് സമർപ്പിക്കണമാണെന്നും ബെഞ്ച് നിർദ്ദേശിച്ചു.

 

ബജറ്റ് സമ്മേളനത്തിലെ അഭിസംബോധന വായിച്ച് പാവം സ്ത്രീ തളര്‍ന്നെന്ന രാഷ്ട്രപതിയുടെ പ്രസംഗത്തോടുള്ള സോണിയ ഗാന്ധിയുടെ പ്രതികരണം വന്‍വിവാദത്തില്‍. കടുത്ത അതൃപ്തിയറിയിച്ച് വാര്‍ത്താ കുറിപ്പിറക്കിയ രാഷ്ട്രപതി ഭവന്‍ അന്തസിനെ മുറിവേല്‍പിച്ചുവെന്ന് അപലപിച്ചു. രാഷ്ട്രപതിയേയും രാജ്യത്തെ ആദിവാസി സമൂഹത്തെയും കോണ്‍ഗ്രസിലെ രാജകുടുംബം അപമാനിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കുറ്റപ്പെടുത്തി. രാഷ്ട്രപതിയോട് എക്കാലവും ബഹുമാനമേയുള്ളൂവെന്നും സോണിയ ഗാന്ധിയുടെ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടെന്നും പ്രിയങ്ക ഗാന്ധി പ്രതിരോധം പറഞ്ഞു.

 

വിവാദ ആൾദൈവം നിത്യാനന്ദയ്ക്ക് തിരിച്ചടി. മൂന്ന് മഠങ്ങളുടെ അധിപതിയായി പ്രഖ്യാപിക്കണമെന്ന നിത്യാനന്ദയുടെ ആവശ്യം മദ്രാസ് ഹൈക്കോടതി തള്ളി. സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് ശരിവെക്കുകയായിരുന്നു. ബലാത്സംഗ കേസിൽ പ്രതി ആയതോടെ 2019ൽ നിത്യാനന്ദ ഇന്ത്യ വിട്ടിരുന്നു.

 

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് അഞ്ച് ദിവസം മാത്രം ബാക്കി നിൽക്കെ എഎപിയിൽ ആഭ്യന്തര പ്രശ്‌നങ്ങളെന്ന് സൂചന. ഏഴ് എഎപി എംഎൽഎമാർ പാർട്ടിയിൽ നിന്ന് രാജിവെച്ചു.തിരഞ്ഞെടുപ്പിൽ ഇവർക്ക് മത്സരിക്കാനുള്ള അവസരം നിഷേധിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് രാജിയെന്നാണ് സൂചന.

ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ കുത്തിയതും അദ്ദേഹത്തിന്റെ വസതിയിലെ സിസിടിവിയിൽ പതിഞ്ഞ മുഖവും ഇപ്പോൾ അറസ്റ്റിലായിരിക്കുന്ന മൊഹമ്മദ് ഷെരീഫുൾ ഇസ്ലാമിന്റേതെന്ന് അന്വേഷണ സംഘം. പ്രതിക്ക് നടത്തിയ ഫെയ്സ് റെക്ക​ഗ്നിഷൻ പരിശോധനാഫലം ഇക്കാര്യമാണ് ചൂണ്ടിക്കാട്ടുന്നതെന്ന് പോലീസ് വ്യക്തമാക്കി. രണ്ടാഴ്ച മുൻപാണ് സെയ്ഫിനെ വീട്ടിൽ അതിക്രമിച്ചു കയറി കുത്തി പരിക്കേൽപ്പിച്ചത്.

സ്വകാര്യ മേഖലയിൽ ജോലിസമയത്തിൽ മാറ്റങ്ങൾ നിർദേശിച്ച് സാമ്പത്തിക സർവേ. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത നാഗേശ്വരൻ തയ്യാറാക്കി ധനമന്ത്രി നിർമല സീതാരാമൻ വെള്ളിയാഴ്ച പാർലമെൻ്റിൽ അവതരിപ്പിച്ച സാമ്പത്തിക സർവേയിലാണ് ഓവർടൈം അടക്കമുള്ള വിഷയങ്ങളിൽ നിയമത്തിൽ മാറ്റം വരുത്താനടക്കമുള്ള മാറ്റങ്ങൾ നിർദേശിച്ചിരിക്കുന്നത്.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *