പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ വിവിധ മോഡല്‍ കാറുകളുടെ വില വര്‍ധിപ്പിച്ചു. ഫെബ്രുവരി ഒന്നുമുതല്‍ വിവിധ മോഡലുകള്‍ക്ക് 32,500 രൂപ വരെ വില വര്‍ധിപ്പിച്ചതായി മാരുതി സുസുക്കി അറിയിച്ചു. പുതുക്കിയ വില അനുസരിച്ച് കമ്പനിയുടെ കോംപാക്റ്റ് കാറായ സെലേറിയോയുടെ എക്സ്-ഷോറൂം വിലയില്‍ 32,500 രൂപ വരെയും പ്രീമിയം മോഡല്‍ ഇന്‍വിക്ടോയുടെ വിലയില്‍ 30,000 രൂപ വരെയും വര്‍ധന ഉണ്ടാവും. കമ്പനിയുടെ ജനപ്രിയ മോഡലായ വാഗണ്‍-ആര് വിലയില്‍ 15,000 രൂപ വരെയും സ്വിഫ്റ്റിന്റെ വിലയില്‍ 5,000 രൂപ വരെയും വര്‍ധന ഉണ്ടാകും. എസ്യുവികളായ ബ്രെസ്സയ്ക്കും ഗ്രാന്‍ഡ് വിറ്റാരയ്ക്കും യഥാക്രമം 20,000 രൂപ വരെയും 25,000 രൂപ വരെയുമാണ് വില വര്‍ധന. എന്‍ട്രി ലെവല്‍ ചെറുകാറുകളായ ആള്‍ട്ടോ കെ10ന് 19,500 രൂപ വരെയും എസ്-പ്രസ്സോയ്ക്ക് 5,000 രൂപ വരെയും വില ഉയരുമെന്നും ഫയലിംഗില്‍ പറയുന്നു. പ്രീമിയം കോംപാക്റ്റ് മോഡലായ ബലേനോയ്ക്ക് 9,000 രൂപ വരെയും കോംപാക്റ്റ് സെഡാനായ ഡിസയറിന് 10,000 രൂപ വരെയും വില ഉയരുമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു. 3.99 ലക്ഷം രൂപ മുതല്‍ ആരംഭിക്കുന്ന എന്‍ട്രി ലെവല്‍ ആള്‍ട്ടോ കെ-10 മുതല്‍ 28.92 ലക്ഷം രൂപ വിലയുള്ള ഇന്‍വിക്റ്റോ വരെയുള്ള വിവിധ വാഹനങ്ങളാണ് കമ്പനി നിലവില്‍ വില്‍ക്കുന്നത്.