പ്രധാനമന്ത്രി മുദ്ര യോജന വഴിയുള്ള ചെറുകിട വ്യവസായ വായ്പകളുടെ വിതരണം നടപ്പുസാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ സര്‍വകാല റെക്കോഡിലെത്തി. 3.39 ലക്ഷം കോടി രൂപയാണ് ഈ കാലയളവില്‍ രാജ്യത്ത് വിതരണം ചെയ്തത്. 2015ല്‍ പദ്ധതി തുടങ്ങിയ ശേഷം ഇത്രയും തുക അനുവദിക്കുന്നത് ഇതാദ്യമായാണ്. കഴിഞ്ഞ വര്‍ഷം സമാന കാലയളവില്‍ 3 ലക്ഷം കോടി രൂപയുടെ വായ്പകളാണ് അനുവദിച്ചതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. സെപ്റ്റംബറില്‍ അവസാനിച്ച ആദ്യ പകുതിയില്‍ 1,86,284 കോടി രൂപ മാത്രമാണ് വിതരണം ചെയ്യാനായത്. തൊട്ടുമുന്നത്തെ വര്‍ഷത്തെ സമാനകാലയളവില്‍ 1,91,863 കോടി രൂപ അനുവദിച്ചിരുന്നു. 2019-20 കാലയളവില്‍ 4.9 ശതമാനമുണ്ടായിരുന്ന മുദ്ര ലോണ്‍ എന്‍.പി.എ 2023-24ലെത്തിയപ്പോള്‍ 3.4 ശതമാനമായി കുറഞ്ഞിരുന്നു. ശിശു, കിഷോര്‍, തരുണ്‍ എന്നിങ്ങനെ മൂന്ന് തരം മുദ്രാ വായ്പകളാണുള്ളത്. ശിശു പദ്ധതിയില്‍ 50,000 രൂപ വരെയും കിഷോര്‍ പദ്ധതി പ്രകാരം 50,000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെയും തരുണ്‍ സ്‌കീമില്‍ 5 ലക്ഷം മുതല്‍ 10 ലക്ഷം വരെയുമാണ് അനുവദിക്കുന്നത്. കൂടാതെ മികച്ച തിരിച്ചടവ് ചരിത്രമുള്ള ഉപയോക്താക്കള്‍ക്ക് 20 ലക്ഷം രൂപ വരെ അനുവദിക്കുന്ന തരുണ്‍ പ്ലസ് സ്‌കീമും നടപ്പുസാമ്പത്തിക വര്‍ഷം മുതല്‍ നടപ്പിലാക്കുന്നുണ്ട്.