തൃശൂര്‍ ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്ക് നടപ്പു സാമ്പത്തിക വര്‍ഷത്തെ (2024-25) മൂന്നാം പാദത്തില്‍ (ഒക്ടോബര്‍- ഡിസംബര്‍) 341.87 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാന പാദത്തിലെ 305.36 കോടി രൂപയേക്കാള്‍ ലാഭം 11.96 ശതമാനം വര്‍ധിച്ചു. ഇക്കാലയളവില്‍ ബാങ്കിന്റെ പ്രവര്‍ത്തനലാഭം 483.45 കോടി രൂപയില്‍ നിന്ന് 9.39 ശതമാനം വര്‍ധനയോടെ 528.84 കോടി രൂപയായി. ബാങ്കിന്റെ മൊത്ത വരുമാനം ഇക്കാലയളവില്‍ 2,817 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷം സമാനപാദത്തില്‍ ഇത് 2,636.23 കോടി രൂപയായിരുന്നു. ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി 4.74 ശതമാനത്തില്‍ നിന്ന് 4.30 ശതമാനമായി കുറഞ്ഞു. അറ്റ നിഷ്‌ക്രിയ ആസ്തി 1.61 ശതമാനത്തില്‍ നിന്ന് 1.25 ശതമാനമായി കുറയ്ക്കാനും ബാങ്കിന് സാധിച്ചു. അറ്റ പലിശ വരുമാനം 6.13 ശതമാനം വളര്‍ച്ചയോടെ 819.03 കോടി രൂപയില്‍ നിന്ന് 869.26 കോടി രൂപയായി. ബാങ്കിന്റെ മൊത്ത വായ്പകള്‍ 77,686 കോടി രൂപയില്‍ നിന്ന് 9,280 കോടി രൂപയുടെ വര്‍ധനയോടെ 86,966 കോടി രൂപയായി. മുന്‍ വര്‍ഷത്തെ സമാനപാദത്തെ അപേക്ഷിച്ച് 11.95 ശതമാനമാണ് വര്‍ധന. കോര്‍പ്പറേറ്റ് വായ്പകള്‍ 29,892 കോടി രൂപയില്‍ നിന്ന് 34,956 കോടിയിലെത്തി. 16.94 ശതമാനമാണ് വളര്‍ച്ച. സ്വര്‍ണ വായ്പകള്‍ 15,369 കോടി രൂപയില്‍ നിന്ന് 1,597 കോടി രൂപ വര്‍ധിച്ച് 16,966 കോടി രൂപയായി. 10.39 ശതമാനമാണ് വര്‍ധന. ഭവന വായ്പയില്‍ 63.9 ശതമാനവും വാഹന വായ്പയില്‍ 24.71 ശതമാനവും വര്‍ധനയുണ്ട്. റീറ്റെയ്ല്‍ നിക്ഷേപങ്ങള്‍ ഇക്കാലയളവില്‍ 7,332 കോടി രൂപ വര്‍ധിച്ച് 1.02 ലക്ഷം കോടി രൂപയായി. 7.71 ശതമാനം വളര്‍ച്ചയുണ്ട്. പ്രവാസി നിക്ഷേപങ്ങളില്‍ 6 .49 ശതമാനം വളര്‍ച്ചയുണ്ടായി. കാസാ നിക്ഷേപങ്ങള്‍ 4.13 ശതമാനവും സേവിംഗ് ബാങ്ക് നിക്ഷേപം 3.37 ശതമാനവും കറന്റ് അക്കൗണ്ട് നിക്ഷേപം 7.73 ശതമാനവും വളര്‍ച്ച നേടി.