വനം നിയമഭേദഗതിയിൽ വസ്തുതകൾ പരിശോധിക്കാതെയാണ് വിവാദം ഉയർത്തുന്നതെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ. വനത്തിലെ ജണ്ടകൾ പൊളിക്കുന്നതിനെതിരെ നടപടി വരുന്നത് ചിലർക്ക് പൊളളുമെന്നും കർഷകർ ജണ്ട പൊളിക്കാൻ പോകില്ലല്ലോ എന്നും ചോദിച്ച വനംമന്ത്രി പൊളിക്കുന്നത് കയ്യേറ്റക്കാരാണെന്നും ചൂണ്ടിക്കാട്ടി. കഴമ്പുള്ള വിമർശനം ഉണ്ടെങ്കിൽ ചർച്ചക്ക് തയ്യാറാണെന്നും മതമേലധ്യക്ഷൻമാരിൽ നിന്നും കുറച്ചു കൂടി പക്വത പ്രതീക്ഷിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് വിഡി സതീശൻ അഹങ്കാരത്തിന്റെ ആൾരൂപമാണെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തറ പറ പറയുന്ന ബഹുമാനമില്ലാതെ സംസാരിക്കുന്ന ആദ്യ പ്രതിപക്ഷ നേതാവാണ് സതീശനെന്നും വെള്ളാപ്പള്ളി പറഞ്ഞു. 2026 ൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് താനൊരിടത്തും പറഞ്ഞിട്ടില്ലെന്നും കോൺഗ്രസിന്റെ മുഖ്യമന്ത്രി മുഖമായി ചെന്നിത്തലയെ പരിഗണിക്കണമെന്നാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ നടത്തിയ പരാമർശത്തെ പിന്തുണച്ച് സിപിഎം നേതാക്കൾ. വർഗീയ ശക്തികളെ യുഡിഎഫിനോടൊപ്പം ചേർക്കാൻ ലീഗ് ശ്രമിക്കുകയാണെന്ന് ടിപി രാമകൃഷ്ണൻ പറഞ്ഞു. വിജയരാഘവന്റെ പരാമർശത്തിൽ വർഗീയ നിലപാടില്ലെന്നും ന്യൂനപക്ഷ ഭൂരിപക്ഷ പ്രീണനം പാർട്ടി അജണ്ടയല്ലെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമിക്കെതിരായ വിമർശനം മുസ്ലീങ്ങൾക്കെതിരല്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ്റെ പ്രതികരണം. വിജയരാഘവൻ പറഞ്ഞത് വളരെ കൃത്യമാണെന്നും എസ്ഡിപിയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും സഖ്യകക്ഷി എന്ന രീതിയിൽ തന്നെയാണ് വോട്ട് ലഭിച്ചതെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു. വിജയരാഘവൻ പാർട്ടി നയം അനുസരിച്ചുള്ള കാര്യങ്ങളാണ് പ്രസംഗത്തിൽ പറഞ്ഞതെന്ന് പികെ ശ്രീമതിയും പറഞ്ഞു.
സംഘപരിവാറിനെപോലും നാണിപ്പിക്കുന്ന തരത്തില്‍ ഭൂരിപക്ഷവര്‍ഗീയപ്രീണനവുമായി സിപിഎം രംഗത്തെത്തിയിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്. വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്കുണ്ടായ ഉജ്ജ്വല വിജയം ന്യൂനപക്ഷതീവ്രവാദികളുടെ വോട്ട് കൊണ്ടാണെന്നാണ് സിപിഎം സംസ്ഥാനസെക്രട്ടറി പറയുന്നത്. അത് വയനാട്ടിലെ ജനങ്ങളെ മുഴുവന്‍ അപമാനിച്ചതാണെന്ന് സതീശന് പറഞ്ഞു.
രാഹുല്‍ ഗാന്ധി വയനാട്ടില്‍നിന്ന് വിജയിച്ചത് മുസ്ലീം വര്‍ഗീയ ചേരിയുടെ പിന്തുണയോടെയാണെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവന്റെ പ്രസ്താവനയിൽ സിപിഎമ്മിനെതിരെ വിമർശനവുമായി ഇ.കെ വിഭാഗം സമസ്ത മുഖപത്രമായ സുപ്രഭാതം. സിപിഎം സംഘപരിവാറിന് മണ്ണൊരുക്കുകയാണെന്നും, ഇസ്ലാമോഫോബിയ വളർത്തുന്ന സിപിഎം നേതാക്കളുടെ പ്രസ്താവന ബിജെപിക്ക് ഗുണം ചെയ്യുമെന്നും മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തി.
പുതിയ കാല സിനിമകൾക്കെതിരെ വിമർശനവുമായി സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ. ഇന്നത്തെ സിനിമകൾ ഒന്നും നമ്മുടെ സംസ്കാരത്തെ സമ്പന്നമാക്കുന്നില്ലെന്നും സിനിമാ താരങ്ങളുടെ ഓവർ നാട്യവും അവരെ ചുറ്റിപ്പറ്റിയുള്ള ആരാധകവൃന്ദവും മൂല്യരഹിതമായാണ് നടക്കുന്നതെന്നും മൂല്യമുള്ള സിനിമകൾ ഇറങ്ങുന്നില്ലെന്നും സുധാകരൻ പറഞ്ഞു.
എഡിജിപി എംആർ അജിത്കുമാറിനെതിരെ നടപടി ആവശ്യപ്പെട്ട് പി വിജയൻ രംഗത്തെത്തി. ഐജിയായിരുന്നപ്പോൾ പി വിജയൻ സസ്പെൻഷനിലേക്ക് പോകാൻ കാരണം ക്രമസമാധാന ചുമതലയുണ്ടായിരുന്നപ്പോൾ എംആർ അജിത്കുമാർ നൽകിയ റിപ്പോർട്ടാണ്. കോഴിക്കോട് ട്രെയിൻ തീവെപ്പ് കേസിലെ പ്രതിയെ മുംബൈയിൽ നിന്നും തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന യാത്രാ വിവരങ്ങൾ ചോർത്തി നൽകിയെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പി വിജയൻ നടപടി നേരിട്ടത്.
പാലക്കാട് നല്ലേപ്പള്ളി സ്കൂളിൽ ക്രിസ്മസ് കരോൾ തടസപ്പെടുത്തിയ വിഎച്ച്പി പ്രവർത്തകരുടെ നടപടിയിൽ ബിജെപി നേതൃത്വത്തിന് പങ്കുണ്ടെന്ന് സന്ദീപ് വാര്യർ ആരോപിച്ചു. കേസ് അട്ടിമറിക്കാൻ യുവമോർച്ച ശ്രമിച്ചുവെന്നും അറസ്റ്റിലായ മൂന്നു പേരിൽ രണ്ടു പേരും സജീവ ബിജെപി പ്രവർത്തകരാണെന്നും സന്ദീപ് പറഞ്ഞു. ബിജെപി യുടെ ക്രൈസ്തവ സ്നേഹം അഭിനയമാണെന്നും സന്ദീപ് വാര്യർ വിമർശിച്ചു.
സംസ്ഥാന വൈദ്യുതി വകുപ്പും ഇലറ്റ്സ് ടെക്നോ മീഡിയയും സംയുക്തമായി ചേർന്ന് ഗ്ലോബൽ ഹൈഡ്രജൻ ആൻഡ് റിന്യൂയബിൾ എനർജി സമ്മിറ്റ് 2025 സംഘടിപ്പിക്കും. കെ.എസ്.ഇ.ബി, കേരള എനർജി മേനേജ്മെന്റ് സെന്റർ എന്നിവയോടൊപ്പം അനർട്ടും സമ്മേളനത്തിന്റെ മുഖ്യപങ്കാളിയാകും. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ‘പുനരുപയോഗ ഊർജ്ജവും ഗ്രീൻ ഹൈഡ്രജനും; ഭാവി സാധ്യതകൾ’ തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടത്തും.
ചെങ്ങന്നൂർ ചെറിയനാട് സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചെങ്കിലും കൊല്ലം എറണാകുളം മെമു ട്രെയിൻ നിർത്താതെ പോയതിനാൽ യാത്രക്കാർ വലഞ്ഞു. ചെറിയനാട് സ്റ്റേഷനിൽ ഇന്നു മുതലാണ് സ്റ്റോപ്പ് അനുവദിച്ചത്. രാവിലെ 7.15 ഓടു കൂടി കൊടിക്കുന്നിൽ സുരേഷ് എംപി ഉൾപ്പെടെ രാഷ്ട്രീയ നേതാക്കളും, യാത്രക്കാരും മെമുവിനെ സ്വീകരിക്കാനായി എത്തിയിരുന്നു. ലോക്കോപൈലറ്റിനുണ്ടായ അബദ്ധമാണ് ട്രെയിൻ നിർത്താതെ പോകാൻ കാരണമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തിരിച്ചടികളുടെ പശ്ചാത്തലത്തിൽ വയനാട്ടിൽ ജില്ലാ സെക്രട്ടറിയെ മാറ്റി സിപിഎം. പി ഗഗാറിനെ മാറ്റി കെ റഫീഖിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. നിലവിൽ ഡിവൈഎഫ്ഐ ജില്ലാസെക്രട്ടറിയാണ് കെ റഫീഖ്.
വയനാട്ടിൽ സിപിഎം ജില്ല സമ്മേളനം നടക്കുന്നതിനാല്‍ ഇന്നു ച്ച മുതൽ ബത്തേരി ടൗണില്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരുക്കുമെന്ന് പൊലീസ് അറിയിച്ചു. പുല്‍പ്പളളി ഭാഗത്ത് നിന്നും വരുന്ന ബസ്സുകള്‍ അടക്കമുള്ള വാഹനങ്ങള്‍ ബത്തേരി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപം യാത്രക്കാരെ ഇറക്കി നഗരത്തിലേക്ക് പ്രവേശിക്കാതെ തിരിച്ച് പോകണമെന്ന് പൊലീസ് അറിയിച്ചു.
പന്തളം നഗരസഭയിൽ ബിജെപി വീണ്ടും ഭരണം നിലനിർത്തി. കൗൺസിലർ അച്ചൻകുഞ്ഞ് ജോണിനെ നഗരസഭാ അധ്യക്ഷനായി തിരഞ്ഞെടുത്തു. 19 വോട്ടുകളാണ് അച്ചൻകുഞ്ഞ് ജോണിന് ലഭിച്ചത്. 18 ബിജെപി അംഗങ്ങൾക്ക് പുറമെ സ്വതന്ത്രന്റെ വോട്ടും ബിജെപിക്ക് ലഭിച്ചു. കേരള കോൺഗ്രസ് ജോസഫ് വിഭാഗം അംഗവും നാല് കോൺഗ്രസ് അംഗങ്ങളും വോട്ടെടുപ്പിൽ പങ്കെടുത്തില്ല.
ചോദ്യപേപ്പർ ചോർച്ചയിലെ ക്രൈംബ്രാഞ്ച് അന്വേഷണം അട്ടിമറിക്കപ്പെടുകയാണെന്ന് ഭീഷണി നേരിട്ട അധ്യാപകൻ ഹക്കീം വെണ്ണക്കാട്. കൊടുവള്ളിയിലെ പണച്ചാക്കുകളുടെ സമ്മർദ്ദത്താലാണ് അന്വേഷണം അട്ടിമറിക്കപ്പെടുന്നതെന്നും പരാതി നൽകി ഒരാഴ്ച കഴിഞ്ഞിട്ടും എംഎസ് സൊല്യൂഷൻസ് സിഇഒ ഷുഹൈബിനെ ചോദ്യംചെയ്യാൻ പോലും തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഷുഹൈബ് നേരത്തെ ഭീഷണി മുഴക്കിയതായി അധ്യാപകൻ പറഞ്ഞിരുന്നു. ഭീഷണിപ്പെടുത്തുന്ന ഓഡിയോയും പുറത്തുവിട്ടിരുന്നു.
മലയാളി സൈനികൻ വിഷ്ണുവിൻ്റെ തിരോധാനത്തിൽ അന്വേഷണം ഊർജിതമാക്കിയെന്ന് മന്ത്രി ഏകെ ശശീന്ദ്രൻ. പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണം നടക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. അന്വേഷണസംഘം പൂനെയിലേക്ക് പുറപ്പെട്ടുവെന്നും എന്നാൽ തിരോധാനവുമായി ബന്ധപ്പെട്ട് പൊലീസിന് ഇപ്പോൾ ഒരു നിഗമനത്തിൽ എത്താൻ കഴിഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
ആന്റി മൈക്രോബിയൽ പ്രതിരോധമാണ് സമീപ ഭാവിയിൽ ഉണ്ടായേക്കാവുന്ന വലിയ വിപത്തെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. അശാസ്ത്രീയമായ മരുന്ന് ഉപയോഗം മരുന്നുകൾ കൊണ്ട് അസുഖങ്ങൾ മാറാത്ത സാഹചര്യത്തിലേക്ക് എത്തിക്കുമെന്നും എൻഎസ്എസ് വോളന്റിയർമാർ സംസ്ഥാനത്തുടനീളം 343 പഞ്ചായത്തുകളിലെ വീടുകളിൽ സന്ദർശനം നടത്തി മുന്നറിയിപ്പ് നൽകുകയാണെന്നും മന്ത്രി പറഞ്ഞു.
തൃശൂർ പൂരം കലക്കലിൽ ഡിജിപി തള്ളിക്കളഞ്ഞ എംആർ അജിത് കുമാറിൻ്റെ റിപ്പോർട്ടിൻ്റെ പകർപ്പ് പുറത്ത്. റിപ്പോർട്ടിൽ തിരുവമ്പാടി ദേവസ്വത്തിന് രൂക്ഷ വിമർശനമാണുള്ളത്. ദേവസ്വത്തിലെ ചിലർ ഗൂഢാലോചന നടത്തിയെന്നും പൂര നാളിൽ ബോധപൂർവം കുഴപ്പം ഉണ്ടാക്കിയെന്നുമാണ് റിപ്പോർട്ട്. ലോക് സഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് നീക്കമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്ല്യോട്ടെ ശരത് ലാലിനെയും കൃപേഷിനേയും കൊലപ്പെടുത്തിയ കേസില്‍ എറണാകുളം സി.ബി.ഐ. കോടതി ഈ മാസം 28-ന് വിധി പറയും. മുന്‍ എം.എല്‍.എയും സി.പി.എം. കാസര്‍കോട് ജില്ലാ സെക്രട്ടറിയേറ്റംഗവുമായി കെ.വി.കുഞ്ഞിരാമന്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സി.പി.എം. മുന്‍ ഉദുമ ഏരിയാ സെക്രട്ടറിയുമായ കെ.മണികണ്ഠന്. മുന്‍ പെരിയ ലോക്കല്‍ സെക്രട്ടറി എന്‍.ബാലകൃഷ്ണന്, മുന്‍ പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന് വെളുത്തോളി തുടങ്ങി 24 പേരാണ് പ്രതിപ്പട്ടികയിലുള്ളത്.
ഇടുക്കി വണ്ടിപ്പെരിയാറിൽ ആറു വയസ്സ് കാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട അർജുൻ കട്ടപ്പന പോക്സോ കോടതിയിൽ ഹാജരായി. കേസിൽ അർജുനെ വെറുതെ വിട്ടതിന് എതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു. 50000 രൂപയുടെയും തത്തുല്യ തുകക്കുള്ള രണ്ട് ആൾക്കാരുടെയും ബോണ്ട് കെട്ടിവെച്ച ശേഷം അർജുനെ ജാമ്യത്തിൽ വിട്ടയച്ചു.
ആലപ്പുഴ ചേർത്തല കേന്ദ്രമായി പ്രവർത്തിക്കുന്ന സൽസ്നേഹഭവൻ ചാരിറ്റബിൾ സൊസൈറ്റിക്കെതിരെ പരാതി. സമൂഹ വിവാഹത്തിന്റെ പേരിൽ വധൂ വരൻമാർക്ക് 2 പവൻ സ്വർണവും ഒരു ലക്ഷം രൂപയും നൽകുമെന്ന് പറഞ്ഞിരുന്നുവെന്നും എന്നാലത് കിട്ടിയില്ലെന്നുമാണ് വിവാഹത്തിനെത്തിയവരുടെ പരാതി. സമൂഹ വിവാഹത്തിൻ്റെ പേരിൽ വ്യാപകമായ പണപ്പിരിവ് നടന്നുവെന്നും ആക്ഷേപം ഉയരുന്നുണ്ട് .
കൊച്ചി പൊന്നുരുന്നി അങ്കണവാടിയിലെ ഭക്ഷ്യ വിഷബാധയില്‍ പൊലീസ് അന്വേഷണം തുടരുന്നു. ഗൂഢാലോചന സംശയിച്ച് കൗണ്‍സിലര്‍ നൽകിയ പരാതിയിലാണ് അന്വേഷണം. ഭക്ഷ്യവിഷബാധയുണ്ടായ കുട്ടികൾ കഴിച്ച ഉപ്പുമാവ് വാട്ടർ അതോറിറ്റിയുടെ ടാങ്കിൽ നിന്നുള്ള വെള്ളം ഉപയോഗിച്ചാണ് ഉണ്ടാക്കിയത്. ഈ വെള്ളത്തിൻ്റെ സാമ്പിൾ പരിശോധന ഫലം നാളെ ലഭിച്ചേക്കും.
ചേർത്തല തണ്ണീർമുക്കത്ത് നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു. തണ്ണീർമുക്കം മനു സിബി (24) ആണ് മരിച്ചത്. അപകടത്തിൽ മനുവിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് തണ്ണീർമുക്കം സ്വദേശി അലൻ കുഞ്ഞുമോൻ ഗുരുതരമായി പരിക്കേറ്റു ചികിത്സയിലാണ്.
പുതുതായി നിയമിതരായവർക്കുള്ള 71,000-ലധികം നിയമനക്കത്തുകൾ വീഡിയോ കോൺഫറൻസിംഗ് വഴി വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ഉയർന്ന മുൻഗണന നൽകാനുള്ള പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധത നിറവേറ്റുന്നതിനുള്ള ചുവടുവയ്പ്പാണ് റോസ്ഗർ തൊഴിൽ മേളയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു.
റാങ്ക് പട്ടിക വിപുലീകരിക്കാനുള്ള സർക്കാർ നിർദേശം തള്ളിയ പി.എസ്.സി.ക്ക് സുപ്രീംകോടതിയുടെ വിമർശനം. സംസ്ഥാനസർക്കാരിന്റെ നിർദേശം തള്ളാൻ പി.എസ്.സി.ക്ക് അധികാരമില്ലെന്നും സർക്കാർ നിർദേശം നിരാകരിക്കുന്നത് അധികാരപരിധി കടക്കുന്നതിന് തുല്യമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
റായ്പൂരിലെ ബസ്തർ മേഖലയിലെ തലൂർ എന്ന ഗ്രാമത്തിൽ നടി സണ്ണി ലിയോണിന്റെ ബാങ്ക് അക്കൗണ്ടെന്ന പേരില്‍ വ്യാജ ബാങ്ക് അക്കൗണ്ടിലൂടെ പണം തട്ടിയെടുത്തയാള്‍ പിടിയില്‍. ഛത്തീസ്ഗഡ് സംസ്ഥാന സർക്കാർ ആരംഭിച്ച മഹാതാരി വന്ദൻ യോജന പദ്ധതിയിലൂടെ 2024 മാര്‍ച്ച് മുതലുള്ള പണം ഇയാള്‍ തട്ടിയെടുത്തതായി പോലീസ് പറഞ്ഞു. എല്ലാ മാസവും 1000 രൂപ വച്ച് വിവാഹിതരായ സ്ത്രീകള്‍ക്ക് അക്കൗണ്ടിലേക്ക് പണം ലഭിക്കുന്ന പദ്ധതിയാണ് മഹാതാരി വന്ദൻ യോജന.
അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ട സിറിയയിലെ മുൻ പ്രസിഡന്റ് ബാഷർ അൽ അസദിന്റെ ഭാര്യ അസ്മ അൽ അസദ് വിവാഹമോചനത്തിന് അപേക്ഷ നൽകിയതായി റിപ്പോര്‍ട്ട്. മോസ്കോയിലെ ജീവിതത്തില്‍ തൃപ്തയല്ലാത്തതിനാലാണ് വിവാഹമോചനം തേടിയതെന്നാണ് അറബ് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിമതര്‍ സിറിയയില്‍ അധികാരം പിടിച്ചതിന് പിന്നാലെ ബാഷർ അൽ അസദും കുടുംബവും റഷ്യയിൽ അഭയം തേടിയിരുന്നു.
ഷാര്‍ജയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതുവത്സര അവധി പ്രഖ്യാപിച്ചു. എമിറേറ്റിലെ സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാര്‍ക്ക് 2025 ജനുവരി ഒന്നിന് അവധി ആയിരിക്കും. മാനവവിഭവശേഷി വകുപ്പാണ് പൊതു അവധി പ്രഖ്യാപിച്ചത്. അവധിക്ക് ശേഷം ജനുവരി രണ്ട് വ്യാഴാഴ്ച പ്രവൃത്തി ദിവസം പുനരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ ലഖ്നൗവിലെ ചിൻഹാട്ടിലുള്ള ശാഖയിൽ ശനിയാഴ്ച രാത്രി വൻകവർച്ച നടന്നു. കവർച്ച നടത്തിയ സംഘം 30 ലോക്കറുകളിൽ ഉണ്ടായിരുന്നതെല്ലാം കൊണ്ടുപോയി. ഭിത്തി തുരന്ന് അകത്തു കടന്ന സംഘം മുന്നറിയിപ്പ് സംവിധാനമായ അലാറം കേടുവരുത്തിയ ശേഷമാണ് വൻകവർച്ച നടത്തിയത്. നാല് പേരുടെ ദൃശ്യം ക്യാമറയിൽ പതിഞ്ഞു. രണ്ട് മണിക്കൂറോളം നേരം സംഘം ബാങ്കിനുള്ളിലുണ്ടായിരുന്നുവെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി.
യുപിയിലെ പിലിബിത്തിൽ മൂന്ന് ഖലിസ്ഥാനി തീവ്രവാദികളെ ഏറ്റുമുട്ടലിൽ വധിച്ച് പൊലീസ്. പഞ്ചാബ് പോലീസും യുപി പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്. ഖലിസ്ഥാനി കമാൻഡോ ഫോഴ്സ് എന്ന നിരോധിത സംഘടനയുടെ ഭാഗമായ ഗുർവീന്ദർ സിംഗ്, വീരേന്ദർ സിംഗ്, ജസൻപ്രീത് സിംഗ് എന്നീ മൂന്ന് പേരാണ് പൊലീസുമായുളള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഇവരിൽ നിന്ന് 2 എകെ 47 തോക്കുകളും പിസ്റ്റളുകളും പിടിച്ചെടുത്തിട്ടുണ്ട്.
ആക്രമണം തുടരുന്നതിനിടെ കർദിനാൾ പീർബാറ്റിസ്റ്റ പിസബെല്ലയെ ക്രിസ്മസ് കുർബാന അർപ്പിക്കാനായി ഗാസയിൽ പ്രവേശിക്കാൻ ഇസ്രയേൽ അനുമതി നൽകി. തുടർന്ന് ഗാസ സിറ്റിയിലെ ഹോളിഫാമിലി ചർച്ചിൽ ഒട്ടേറെ വിശ്വാസികളുടെ നേതൃത്വത്തിൽ വത്തിക്കാൻ പ്രതിനിധി കുർബാന അർപ്പിച്ചു. ഇസ്രയേൽ പോർവിമാനങ്ങൾ കാതടപ്പിക്കുന്ന ശബ്ദങ്ങൾക്കിടെയായിരുന്നു ആരാധന നടന്നത്.
വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിനെതിരായ മത്സരത്തില്‍ ബറോഡയ്ക്ക് കൂറ്റന്‍ സ്കോര്‍. ഹൈദരാബാദ്, രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബറോഡ നിനദ് അശ്വിന്‍കുമാറിന്റെ ഇന്നിംഗ്സിന്റെ ബലത്തില്‍ 403 റണ്‍സാണ് അടിച്ചെടുത്തത്. അശ്വിന്‍കുമാറിന് പുറമെ പാര്‍ത്ഥ് കോലി (87 പന്തില്‍ 72), ക്രുനാല്‍ പാണ്ഡ്യ (54 പന്തില്‍ പുറത്താവാതെ 80) എന്നിവരുടെ ഇന്നിംഗ്സും ഹൈദാരാബാദിന് ഗുണം ചെയ്തു. ഷറഫുദ്ദീന് രണ്ട് വിക്കറ്റെടുത്തു.