ബ്ലാക്ക് ടീ, ഗ്രീന്‍ ടീ, ഹെര്‍ബല്‍ ടീ തുടങ്ങി ഒരു നൂറായിരം വെറൈറ്റി ചായകള്‍ നമ്മള് പരീക്ഷിക്കുകയും ശീലത്തിന്റെ ഭാഗമാക്കുകയുമൊക്കെ ചെയ്യാറുണ്ട്. അതിലൊരു വെറൈറ്റിയാണ് വൈറ്റ് ടീ. തേയിലയുടെ മുള ഉണക്കിയെടുത്താണ് വൈറ്റ് ടീ ഉണ്ടാക്കുന്നത്. ഗ്രീന്‍ ടീയെക്കാള്‍ ആന്റി ഓക്സിഡന്റും ഫ്ലേവനോയിഡ്സും മൂന്നിരട്ടിയോളം അധികമാണ് വൈറ്റ് ടീയില്‍. കൂടാതെ സാധാരണ ചായപ്പൊടിയെക്കാള്‍ വൈറ്റ് ടീയില്‍ കഫീന്റെ അളവു വളരെ കുറവാണ്. വിദേശ രാജ്യങ്ങളിലാണ് വൈറ്റ് ടീയ്ക്ക് ആരാധകര്‍ ഏറെയും. ചൈനയിലാണ് വൈറ്റ് ടീ ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ളത്. വൈറ്റ് ടീയില്‍, കാറ്റെച്ചിന്‍സ് എന്ന് വിളിക്കപ്പെടുന്ന ഒരു തരം പോളിഫെനോള്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിനുള്ളില്‍ ആന്റിഓക്സിഡന്റുകളായി പ്രവര്‍ത്തിക്കുന്ന സസ്യാധിഷ്ഠിത തന്മാത്രകളാണ് പോളിഫെനോള്‍. ഇവ ഫ്രീ റാഡിക്കലുകളെ ചെറുക്കുകയും കോശങ്ങളെ കേടുപാടുകളില്‍ നിന്നു സംരക്ഷിക്കുകയും ചെയ്യുന്നു. കൂടാതെ, ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഇതിനു കഴിവുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. ശരീരത്തിലെ കൊഴുപ്പ് കത്തിക്കാനും ദഹനത്തെ അഞ്ച് ശതമാനം വരെ കൂട്ടാനും വൈറ്റ് ടീക്ക് കഴിയും. കാറ്റെച്ചിനുകള്‍ പല്ലുകളില്‍ ഉണ്ടാകുന്ന ബാക്ടീരിയയുടെ വളര്‍ച്ച തടഞ്ഞ്, പോടുകള്‍ ഉണ്ടാകുന്നത് തടയും. വൈറ്റ് ടീ എക്സ്ട്രാക്റ്റിലെ ആന്റിഓക്സിഡന്റുകള്‍, വന്‍കുടലിലെ കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്നതായി മറ്റൊരു പഠനം പറയുന്നു. കൂടാതെ ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, മെറ്റബോളിക് സിന്‍ഡ്രോം എന്നിവയുള്‍പ്പെടെ പല വിട്ടുമാറാത്ത ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്ന ഇന്‍സുലിന്‍ പ്രതിരോധം തടയാന്‍ പോളിഫെനോള്‍ പോലെയുള്ള തന്മാത്രകള്ക്ക് കഴിവുള്ളതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്.
ഗ്രീന്‍ ടീയേക്കാള്‍ മികച്ച വൈറ്റ് ടീ
