Untitled design 20241220 125146 0000

 

ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പിയാണ് ഡോ. ഭീംറാവു അംബേദ്കർ . അദ്ദേഹത്തെക്കുറിച്ച് ഇന്ന് അറിയാക്കഥകളിലൂടെ ഒന്ന് സഞ്ചരിക്കാം…!!!

അടിസ്ഥാനവർഗ്ഗ ജനതയുടെ നവോത്ഥാന നായകനും ഇന്ത്യൻ നിയമജ്ഞനും പണ്ഡിതനും അധഃസ്ഥിതരുടെ രാഷ്ട്രീയ നേതാവുമായിരുന്നു അംബേദ്കർ .ബ്രീട്ടീഷ് ഇന്ത്യയിലെ മ്ഹൌ (ഇപ്പോൾ മധ്യപ്രദേശ്) സ്ഥലത്തെ ദളിത് കുടുംബത്തിൽ ജനിച്ച അംബേദ്കർ ഇന്ത്യൻ ജാതിവ്യവസ്ഥയ്ക്ക് എതിരേ പോരാടുന്നതിനും തൊടുകൂടായ്മയ്ക്ക് എതിരേ പോരാടുന്നതിനും തന്റെ ജീവിതം ഉഴിഞ്ഞുവെച്ചു. ദളിത് പ്രസ്ഥാനം ആരംഭിച്ചത് അംബേദ്കർ ആണെന്ന് വിശ്വസിക്കപ്പെടുന്നു.

 

1990 ൽ ഇന്ത്യയുടെ പരമോന്നത പൗരബഹുമതിയായ ഭാരതരത്ന മരണാനന്തര ബഹുമതിയായി അംബേഡ്കറിന് സമ്മാനിച്ചു. സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ നിയമമന്ത്രിയായിരുന്നു.സ്വാതന്ത്ര്യം നേടുമ്പോൾ 562 നാട്ടുരാജ്യങ്ങൾ ചേർന്നതായിരുന്നു ഇന്ത്യാ മഹാരാജ്യം. ഇന്ത്യയും പാകിസ്താനും രണ്ടു രാജ്യങ്ങളായപ്പോൾ പലയിടത്തും കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു. കടുത്ത സാമ്പത്തിക കുഴപ്പങ്ങളും രാജ്യത്തിനുണ്ടായി. പുതുപുത്തൻ രാഷ്ട്രീയ ആദർശങ്ങളും ഭരണസിദ്ധാന്തങ്ങളുമനുസരിച്ച് ഐക്യഭാരതത്തിന് ഏറ്റവും അനുയോജ്യമായി ഭരണഘടന രൂപപ്പെടുത്തേണ്ടത് അത്യാവശ്യമായിത്തീർന്നു.

 

അങ്ങനെ അംബേദ്കർ നേതൃത്വത്തിൽ ഒരു ഭരണഘടനാ നിർമ്മാണസഭ രൂപീക്രിതമായി. 1947 ഓഗസ്റ്റ് 29 ന് ഭരണഘടനാ നിർമ്മാണത്തിനുള്ള ഡ്രാഫ്റ്റ്കമ്മറ്റിയും തെരഞ്ഞെടുക്കപ്പെട്ടു. 141 ദിവസം കൊണ്ടാണ് ഭരണഘടനയുടെ ആദ്യരൂപം തയ്യാറായത്. 1949 ൽ നടപ്പാക്കപ്പെട്ട നമ്മുടെ ഭരണഘടന ഇതിനിടെ 103 തവണ ഭേദഗതി ചെയ്യപ്പെട്ടിട്ടുണ്ട്.പല സാമൂഹിക – സാമ്പത്തിക പ്രതിസന്ധികളും തരണം ചെയ്ത് പഠിച്ചുവന്ന അംബേദ്കർ ഇന്ത്യയിൽ കലാലയ വിദ്യാഭ്യാസം നേടുന്ന ആദ്യത്തെ അധഃസ്ഥിതവർഗ്ഗക്കാരിൽ ഒരാളായിരുന്നു.

 

ഉന്നതപഠനത്തിനായി അദ്ദേഹം ന്യൂയോർക്ക് കൊളംബിയ സർവ്വകലാശാലയിലും പിന്നീട് ഇംഗ്ലണ്ടിലും പോയി. ഇവിടങ്ങളിൽ നിന്ന് അംബേദ്കർ നിയമബിരുദങ്ങളും രാഷ്ട്രതന്ത്രജ്ഞത, നിയമം, സാമ്പത്തികശാസ്ത്രം എന്നിവയിലെ തന്റെ പഠനങ്ങൾക്ക് ഒന്നിൽ കൂടുതൽ ഡോക്ടറേറ്റുകളും നേടി. ഒരു പ്രശസ്ത പണ്ഡിതനായി ഇന്ത്യയിൽ തിരിച്ചെത്തിയ അംബേഡ്കർ അല്പം നാൾ നിയമം പരിശീലിച്ചതിനുശേഷം ഇന്ത്യയിലെ അധഃസ്ഥിതരുടെ സാമൂഹിക സ്വാതന്ത്ര്യം, രാഷ്ട്രീയാവകാശങ്ങൾ എന്നിവയെ പ്രഘോഷിച്ച് ലേഖനങ്ങൾ പ്രസിദ്ധീകരിച്ചുതുടങ്ങി.

 

മഹാരാക്ഷ്ട്രയിലെ രത്നഗിരി ജില്ലയിൽ അംബാവാഡി ഗ്രാമത്തിൽ രാംജി മലോജി സക്പാൽ അംബേദ്കറുടെയും രമാബായിയുടെയും മകനായി അദ്ദേഹം 1891 ഏപ്രിൽ 14-ന് ജനിച്ചു. അചഛനമ്മമാരുടെ പതിനാലാമത്തെ പുത്രനായിരുന്നു അംബേദ്കർ. വലിയ ഈശ്വരഭക്തയായിരുന്നു അംബേദ്കറുടെ അമ്മ. അച്ഛൻ പട്ടാള ഉദ്യോഗസ്ഥനും.അംബേദ്കർക്ക് രണ്ടു വയസ്സുള്ളപ്പോൾ അച്ഛൻ പട്ടാളത്തിൽ നിന്നും വിരമിച്ചു. മധ്യേന്ത്യയിലെ ഡപ്പോളി എന്ന സ്ഥലത്താണ് പിന്നീടവർ താമസിച്ചത്. ഇവിടെയാണ് അംബേദ്കർ പ്രാഥമിക വിദ്യാഭ്യാസം നേടിയത്.

 

പിന്നീട് അച്ഛന് സത്താറയിലെ മിലിട്ടറി കേന്ദ്രത്തിൽ ജോലി ലഭിച്ചപ്പോൾ കുടുംബത്തെ അങ്ങോട്ടു കൊണ്ടുപോയി. അംബേദ്കർക്ക് ആറു വയസ്സുള്ളപ്പോൾ അമ്മ മരിച്ചു. അമ്മയുടെ മരണശേഷം ഒരു അമ്മായിയാണ് അവരെ വളർത്തിയത്. ഏറെ കഷ്ട്ടപ്പാടുകൾ നിറഞ്ഞതായിരുന്നു ആ കാലം. പതിനാല് കുട്ടികളിൽ അംബേദ്കറും രണ്ടു സഹോദരന്മാരും രണ്ടു സഹോദരിമാരും മാത്രം അവശേഷിച്ചു. സഹോദരന്മാരിൽ വിദ്യാഭ്യാസത്തിൽ തിളങ്ങാൻ മറ്റാർക്കും കഴിഞ്ഞില്ല. താഴ്ന്ന ജാതിക്കാരനായതിനാൽ വലിയ അവഗണനയാണ് എവിടെയും അംബേദ്കറിന് നേരിടേണ്ടി വന്നത്.

അച്ഛന്റെ രണ്ടാം വിവാഹത്തിനു ശേഷം അവർ കുടുംബസമേതം മുംബൈയിലേക്ക് താമസം മാറുകയുണ്ടായി. മറാഠി ഹൈസ്ക്കൂളിലായിരുന്നു പിന്നീട് അംബേദ്കറുടെ പഠനം. വലിയ വായനാശീലക്കാരനായിരുന്നു അംബേദ്ക്കർ. അംബേദ്ക്കറുടെ അച്ഛൻ ശമ്പളത്തിന്റെ ഒരു ഭാഗം മകന് പുസ്തകങ്ങൾ വാങ്ങാനായി തന്നെ മാറ്റി വച്ചു. ഒരു ദളിതനായത് കാരണം സ്ക്കൂൾ വിദ്യഭ്യാസ കാലത്ത് അംബേദ്ക്കർ ക്ലാസ്മുറിയുടെ ഒരു മൂലയിൽ വീട്ടിൽ നിന്നു കൊണ്ടുവരുന്ന ഒരു ചാക്കു വിരിച്ചായിരിന്നു ഇരുന്നിരുന്നത്. ഈ ചാക്ക് മറ്റാരും തന്നെ സ്പർശിക്കുകയില്ലായിരുന്നു.

 

അത് പോലെ തന്നെ മറ്റ് കുട്ടികൾ പൈപ്പ് തുറന്ന് അതിൽ നിന്ന് വെള്ളം കുടിക്കുമ്പോൾ അദ്ദേഹത്തിനു പൈപ്പിൽ തൊടാൻ പോലും അനുവാദം നൽകിയിരുന്നില്ല. മറാഠാ സ്ക്കൂളിൽ നിന്ന് അംബേദ്കർ പിന്നീട് സർക്കാർ സ്കൂളിൽ ചേർന്നു. സർക്കാർ വിദ്യാലയമായിരുന്നിട്ടും ഉയർന്ന ജാതിക്കാരുടെ ഉപദ്രവങ്ങൾ അവിടെയും തുടർന്നു. അംബേദ്ക്കർക്ക് സംസ്കൃത ഭാഷാപഠനത്തിൽ താല്പര്യം ഉണ്ടായി. അക്കാലത്ത് താഴ്ന്ന ജാതിക്കാർക്ക് സംസ്കൃതം പഠിക്കാൻ അനുവാദമുണ്ടായിരുന്നില്ല. എന്നാൽ, ഹൈസ്കൂൾ വിദ്യാഭ്യാസം വിജയകരമായി പൂർത്തിയാക്കുവാൻ അദ്ദേഹത്തിന് സാധിച്ചു. മഹർ സമുദായത്തിൽ ആദ്യമായാണ് ഒരു കുട്ടിക്ക് അതിന് കഴിഞ്ഞത്.

 

ബോംബെയിൽ നടന്ന അനുമോദന ചടങ്ങിൽ പ്രശസ്ത സാമൂഹ്യപരിഷ്കർത്താവായിരുന്ന എസ്.കെ. ബോൽ അദ്ധ്യക്ഷത വഹിച്ചു. ഗൗതമബുദ്ധന്റെ ജീവിതം എന്നൊരു പുസ്തകം അതിന്റെ രചയിതാവായ കെലുസ്കർ അംബേദ്ക്കർക്ക് സമ്മാനിക്കുകയും ചെയ്തു. പതിനേഴാം വയസിലാണ് അംബേദ്കർ മെട്രിക്കുലേഷൻ ജയിച്ചത്. ശൈശവ വിവാഹമായിരുന്നു അന്ന്. ഒൻപത് വയ്സുണ്ടായിരുന്ന രമാഭായിയെ അദ്ദേഹം വിവാഹം കഴിച്ചു. എങ്കിലും പഠനം തടസ്സം കൂടാതെ നടന്നു. സാമ്പത്തികമായി വളരെ പ്രയാസം അനുഭവിച്ചു. കോളേജ് ഫീസ് അടക്കാൻ പോലും കഴിയാതെ വന്നു. ബറോഡാ രാജാവായിരുന്ന ഗെയ്ക് വാദ് അധഃകൃത വിദ്യാർത്ഥിക്ക് ഉപരിപഠനത്തിന് സ്കോളർഷിപ്പ് നൽകും എന്നു പ്രഖ്യാപിച്ചു. അംബേദ്കർക്ക് സ്കോളർഷിപ്പ് ലഭിച്ചു.

 

ആ സ്കോളർഷിപ്പിന്റെ സഹായത്തോടെ ബി.എ. പരീക്ഷ പ്രശസ്തമായ വിധത്തിൽ അംബേദ്കർ വിജയിച്ചു. തുടർന്നും പഠിക്കണമെന്ന് അംബേദ്കർക്ക് ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ സാമ്പത്തികസ്ഥിതി അതിനനുവദിച്ചില്ല. എന്തെങ്കിലും ജോലി ചെയ്യാനും അച്ഛനെ സഹായിക്കുവാനും അംബേദ്കർ തീരുമാനിച്ചു. ബിരുദധാരിയായിരുന്നിട്ടും താഴ്ന്ന ജാതിക്കാരനാണെന്ന് പറഞ്ഞ് ആരും അംബേദ്കർക്ക് ജോലി നൽകിയില്ല. അംബേദ്കർ കൊട്ടാരത്തിൽ ചെന്ന് മഹാരാജാവിനോടു കാര്യം ഉണർത്തിച്ചു. അങ്ങനെ മഹാരാജാവ് സൈന്യത്തിൽ ലഫ്റ്റനന്റായി അംബേദ്കറെ നിയമിച്ചു.

 

അതിനിടയിൽ അച്ഛൻ രോഗബാധിതനായി കിടപ്പിലായി. അച്ഛൻ മരിച്ചു. അച്ഛൻറെ വിയോഗം അംബേദ്ക്കറെ തളർത്തി. അങ്ങനെ കൊട്ടാരത്തിലെ ജോലി രാജി വെച്ചു. വളരെയധികം ദാരിദ്യവും പ്രയാസവും അംബേദ്ക്കറെ വേട്ടയാടി. ഈ കാലയളവിൽ സമർഥരായ ഏതാനും വിദ്യാർത്ഥികളെ അമേരിക്കയിലെ കൊളംബിയ യൂണിവേഴ്സിറ്റിയിൽ വിട്ടു പഠിപ്പിക്കാൻ ബറോഡാ രാജാവ് തീരുമാനിച്ചു. ഭാഗ്യവശാൽ അക്കൂട്ടത്തിൽ അംബേദ്കറും തിരഞ്ഞെടുക്കപ്പെട്ടു.

1913 ജൂലൈയിൽ അംബേദ്കർ ന്യൂയോർക്കിലെത്തി പുതിയ ജീവിതത്തിന് തുടക്കം കുറിച്ചു. അമേരിക്കയിൽ ലളിത ജീവിതമാണ് അദ്ദേഹം നയിച്ചത്. കഴിയുന്നത്ര പഠിക്കുക എന്നു മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. 1915-ൽ അമേരിക്കയിലെ പ്രശസ്തമായ കൊളംബിയ യൂണിവേഴ്സിറ്റിയിൽനിന്ന് ധനതത്ത്വശാസ്ത്രത്തിൽ ബിരുദാനന്തരബിരുദവും പിന്നീട് ഗവേഷണബിരുദവും നേടി.

 

കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സാമ്പത്തികബന്ധത്തെക്കുറിച്ചും, നമ്മുടെ നികുതികളെല്ലാം കേന്ദ്രം പിരിച്ചുകൊണ്ടുപോവുകയും ചെലവിനായി അവരുടെ ഔദാര്യത്തിനായി കൈനീട്ടേണ്ടതുമായ അവസ്ഥയെക്കുറിച്ചായിരുന്നു അംബേദ്കർ കൊളംബിയയിൽവച്ച് എഴുതിയ തന്റെ ആദ്യത്തെ ഗവേഷണപ്രബന്ധം: ‘Evolution of Provincial Finances in British India’. ഈ വിഷയത്തിൽ എഴുതപ്പെട്ട ആദ്യത്തെ സമഗ്രമായ പഠനമായിരുന്നു അത്.1800 മുതൽ 1910 വരെയുള്ള കാലഘട്ടത്തിൽ എങ്ങനെയാണ് ബ്രിട്ടീഷ് കേന്ദ്രസർക്കാരും അന്നത്തെ പ്രവിശ്യകളും തമ്മിലുള്ള സാമ്പത്തിക ഏർപ്പാടുകൾ ഉയർന്നുവന്നതെന്നും അത് മാതൃകാപരമായി എങ്ങനെയായിരിക്കണമെന്നും അംബേദ്കർ എഴുതി.

 

1951-ൽ ഇന്ത്യയുടെ ആദ്യത്തെ ഫിനാൻസ് കമ്മിഷൻ രൂപവത്കരിച്ചപ്പോൾ അതിന് മൂലാധാരമായത് അംബേദ്കറിന്റെ ഈ പ്രബന്ധമായിരുന്നു. പ്രവിശ്യകളുടെ (ഇപ്പോഴത്തെ സംസ്ഥാനങ്ങൾ) സാമ്പത്തിക സ്വയംഭരണമായിരുന്നു അംബേദ്കർ നിർദേശിച്ചത്.ഇന്ത്യയുടെ ഭരണഘടന 1950 ജനുവരി 26 ന് പ്രാബല്യത്തിൽ വന്നു.ഇന്ത്യൻ റിപ്ലബ്ലിക്ക് ഏതെല്ലാം ആശയങ്ങൾക്കു വേണ്ടി നിലകൊള്ളുന്നു എന്ന് ഭരണഘടനയുടെ ആമുഖത്തിൽ പറയുന്നു. അംബേദ്കറുടെ ചരമദിനമായ ഡിസംബർ 6 അംബേദ്കർ മഹാപരിനിർവാൺ ദിനമായി ആചരിക്കുന്നു.

 

അധഃകൃത സമുദായത്തിൻറെ ശബ്ദമുയർത്താൻ 1927-ൽ അദ്ദേഹം സ്വന്തം പത്രം തുടങ്ങി. ‘ബഹിഷ്കൃത് ഭാരതം’ എന്നതായിരുന്നു പത്രത്തിൻറെ പേര്.1947-ൽ അംബേദ്കർ ഭാരതത്തിന്റെ ആദ്യ നിയമമന്ത്രിയായി.ഭരണഘടനാകമ്മറ്റിയുടെ ചെയർമാനായും തിരഞ്ഞെടുക്കപ്പെട്ടു.1949 നവംബർ 26 ന് ഇൻഡ്യൻ ഭരണഘടന കോൺസ്റ്റിറ്റ്യൂവന്റ് അസംബ്ലി അംഗീകരിച്ചു.1951 സെപ്തംബർ 27 ന് ഹിന്ദുകോഡ് ബില്ലിന് അംഗീകാരം കിട്ടാത്തതിനാൽ അദ്ദേഹം പ്രധാനമന്ത്രിക്ക് രാജിക്കത്ത് നൽകി.1952-ൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ അംബേദ്കർ പരാജയപ്പെട്ടെങ്കിലും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.1956 ഒക്ടോബർ 14-ന് അംബേദ്കറും 365000 ദളിത് അനുയായികളും ബുദ്ധമതം സ്വീകരിച്ചു.1956 ഡിസംബർ 6-ന് അംബേദ്കർ 65-മത്തെ വയസ്സിൽ അന്തരിച്ചു.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *