സന്ധിവാതം അഥവാ ആര്‍ത്രൈറ്റിസ് ഉള്ളവരില്‍ തണുപ്പ് സമയത്ത് വേദന അതികഠിനമാകാനുള്ള സാധ്യതയുണ്ട്. സന്ധികളുടെ ചലനം സുഗമമാക്കാന്‍ സഹായിക്കുന്ന ലൂബ്രിക്കന്റായി പ്രവര്‍ത്തിക്കുന്ന സിനോവിയല്‍ ദ്രാവകത്തിന്റെ കട്ടി തണുത്ത കാലാവസ്ഥയില്‍ കൂടുന്നതാണ് ശൈകാല്യത്ത് സന്ധിവാതം തീവ്രമാകാനുള്ള പ്രധാനകാരണം. സിനോവിയല്‍ ദ്രാവകത്തിന്റെ കട്ടി കൂടുന്നത് സന്ധികളെ ദൃഢമാക്കുകയും വേദനയുണ്ടാക്കുകയും ചലനം കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ തണുത്ത കാലാവസ്ഥയില്‍ വ്യായാമം മുടങ്ങുന്നതും സന്ധിവാതത്തെ തീവ്രമാക്കാം. ഇത് പേശികള്‍ ദുര്ബലമാകാനും സന്ധികളുടെ കാഠിന്യത്തിനും ഇത് കാരണമാകും. സന്ധിവാതം തീവ്രമാകാനുള്ള മറ്റൊരു കാരണം വിറ്റാമിന്‍ ഡിയുടെ അഭാവമാണ്. ശൈത്യകാലത്ത് സൂര്യപ്രകാശം കുറയുന്നത് ശരീരത്തില്‍ വിറ്റാമിന്‍ ഡിയുടെ ഉല്പാദനം കുറയ്ക്കാം. ശരീരത്തില്‍ വിറ്റാമിന്‍ ഡിയുടെ കുറവ് ശരീരവേദന, ക്ഷീണം, അലസത എന്നിവയിലേക്ക് നയിക്കാം. ഇത് രോഗപ്രതിരോധ സംവിധാനം തകിടം മറിക്കാം. ശരീരം ചൂടായി സംരക്ഷിക്കുന്നത് സന്ധിവാതം കുറയ്ക്കാന്‍ സഹായിക്കും. റൂം ഹീറ്ററുകള്‍, കമ്പിളി വസ്ത്രങ്ങള്‍, ശൈത്യകാല വസ്ത്രങ്ങള്‍ തുടങ്ങിയവ ശരീരത്തിലെ ചൂട് നിലനിര്‍ത്താന്‍ സഹായിക്കും. തണുത്ത കാലാവസ്ഥയില്‍ വെള്ളം കുടിക്കുന്ന ശീലം കുറയാന്‍ സാധ്യതയുണ്ട്. ഇത് ശരീരത്തിലെ ജലാംശം കുറയാനും സിനോവിയല്‍ ദ്രാവകത്തിന്റെ കട്ടി കൂടാനും കാരണമാകും. ആവശ്യത്തിന് വെള്ളം കുടിക്കുന്നത് വേദനയും കാഠിന്യവും കുറയ്ക്കും. തണുത്ത കാലാവസ്ഥയില്‍ യോഗ, സ്ട്രെച്ചിങ് തുടങ്ങിയ ഇന്‍ഡോര്‍ വ്യായാമങ്ങള്‍ പരിശീലിക്കുന്നത് പേശികളുടെ ബലം വര്‍ധിപ്പിക്കാന്‍ സഹായിക്കും. വിട്ടുമാറാത്ത സമ്മര്‍ദം സന്ധിവാതം ലക്ഷണങ്ങളെ വഷളാക്കാം. യോഗ, ധ്യാനം, ആഴത്തിലുള്ള ശ്വസന വ്യായാമങ്ങള്‍ പോലുള്ളവ സമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും. ദിവസവും എട്ട് മണിക്കൂര്‍ വരെ ഉറങ്ങുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് അനിവാര്യമാണ്. ഇത് സന്ധിവാത ലക്ഷണങ്ങളും വേദനയും കുറയ്ക്കാന്‍ സഹായിക്കും. ശരീരത്തില്‍ വിറ്റാമിന്‍ ഡിയുടെ അളവു ഉറപ്പാക്കാന്‍ വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ ശൈത്യകാല ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് സന്ധിവാതം രോഗലക്ഷണങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും.