തലസ്ഥാനത്ത് സിപിഎം വഞ്ചിയൂർ ഏരിയാ സമ്മേളനത്തിനായി റോഡ് അടച്ചുകെട്ടിയത് കോടതിലക്ഷ്യത്തിന്റെ പരിധിയിൽ വരുമെന്ന് ഹൈക്കോടതി. മുൻ ഉത്തരവുകളുടെ ലംഘനമാണിതെന്നും ആരോക്കെയാണ് ഈ യോഗത്തിൽ പങ്കെടുത്തതെന്നെന്നും ഇങ്ങനെ ചെയ്യാൻ സംഘാടകർക്ക് ആരാണ് അനുമതി കൊടുക്കുന്നതെന്നും കോടതി ചോദിച്ചു. ഇത്തരം യോഗങ്ങൾക്ക് എവിടെ നിന്നാണ് വൈദ്യുതി കിട്ടുന്നതെന്നും ഇക്കാര്യത്തിൽ സർക്കാർ വിശദമായ സത്യവാങ്മൂലം നൽകണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
ആലപ്പുഴ ജില്ലയിലെ തുറവൂർ മഹാദേവ ക്ഷേത്രത്തിൽ മുഖ്യമന്ത്രി, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് തുടങ്ങിയവരുടെ ഫോട്ടോ പതിച്ച് ഫ്ലക്സ് ബോർഡ് വച്ചതിനെതിരെ ഹൈക്കോടതിയുടെ വിമർശനം. ദേവസ്വം ബോർഡ് പ്രസിഡന്റ് ക്ഷേത്രങ്ങളുടെ ചുമതലക്കാരനും ട്രസ്റ്റിയുമാണെന്നും അല്ലാതെ ഉടമസ്ഥനല്ലെന്നും കോടതി പറഞ്ഞു. ഫ്ലക്സിന് മുടക്കുന്ന കാശ് അന്നദാനത്തിന് മുടക്കിയാൽ അയ്യപ്പഭക്തർക്ക് കൂടുതൽ പ്രയോജനപ്പെടുമെന്നും ജസ്റ്റീസ് അനിൽ കെ നരേന്ദ്രൻ പറഞ്ഞു.
വൈദ്യുതി നിരക്കിൽ 7500 കോടിയുടെ അധിക ഭാരം ജനങ്ങൾക്ക് മേലെ പിണറായി വിജയൻ സർക്കാർ ഉണ്ടാക്കിയെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഉൾപ്പെടെ കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകാൻ തയാറാണ് എന്നിട്ടും അദാനിമാർക്ക് വേണ്ടിയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് എല്ലാവർക്കും ചുമതലകൾ നൽകിയെന്നും എന്നാൽ തനിക്ക് ചുമതലയൊന്നും തന്നില്ലെന്നും ചാണ്ടി ഉമ്മൻ. അന്ന് പറയേണ്ടെന്ന് കരുതിയതാണ് ഇപ്പോഴും കൂടുതൽ കാര്യങ്ങൾ ഒന്നും പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതോടൊപ്പം പാർട്ടി പുനഃസംഘടനയില്‍ യുവാക്കൾക്ക് പ്രാതിനിധ്യം കിട്ടണമെന്നും കെ സുധാകരൻ കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നു മാറണം എന്ന അഭിപ്രായമില്ല അത് ചർച്ച ചെയ്യാൻ പോലും പാടില്ലെന്നും എല്ലാവരെയും ചേർത്തുപിടിച്ചു കൊണ്ടുപോകണമെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.
ചാണ്ടി ഉമ്മന്റെ മനസ്സിൽ തറച്ച കാര്യങ്ങളാകും പറഞ്ഞതെന്നും ചാണ്ടിയോട് സംസാരിക്കാൻ ശ്രമിച്ചു, പക്ഷെ കിട്ടിയില്ലെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ. ചാണ്ടി ഉമ്മന്റെ വിഷമം പരിഹരിക്കുമെന്നും പാർട്ടിയിൽ എല്ലാവരെയും ഉൾക്കൊള്ളണമെന്നും നേതൃത്വത്തിൽ റിസർവേഷൻ പരിഗണനയില്ല മുതിർന്നവരും യുവതലമുറയും പാർട്ടി നേതൃത്വത്തിൽ ഉണ്ടാവണം എല്ലാവരെയും ഉൾക്കൊള്ളുന്ന നേതൃനിരയാണ് കോൺഗ്രസിന് ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
ചാണ്ടി ഉമ്മനുമായി ഭിന്നതയില്ലെന്നും സഹോദരനായാണ് അദ്ദേഹത്തെ കാണുന്നതെന്നും രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട്ടെ തിരഞ്ഞെടുപ്പിൽ ചാണ്ടിയുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നും ചാണ്ടി ഉമ്മന്‍ പരാതിയുണ്ടെങ്കിൽ നേതൃത്വവുമായി പറയുകയാണ് വേണ്ടതെന്നും താനല്ല മറുപടി നൽകേണ്ടതെന്നും രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു.
നടിയെ ആക്രമിച്ച കേസ് അന്തമഘട്ടത്തിലെത്തിയ സാഹചര്യത്തിൽ രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത. ചട്ട വിരുദ്ധമായി മെമ്മറി കാർഡ് തുറന്ന് പരിശോധിച്ചെന്ന് വ്യക്തമായിട്ടും നടപടിയുണ്ടായില്ലെന്നും ഹൈക്കോടതിക്കും സുപ്രീംകോടതിക്കും പരാതി നൽകിയിട്ടും നടപടിയില്ലെന്നും കത്തിൽ പരാമർശിക്കുന്നു. ജുഡീഷ്യറിയുടെ ഭരണതലത്തിലാണ് നടപടിയെടുക്കേണ്ടത് എന്നാൽ അതുണ്ടാകാത്ത സാഹചര്യത്തിലാണ് രാഷ്ട്രപതിക്ക് കത്ത് നൽകുന്നതെന്നും അതിജീവിത വ്യക്തമാക്കി.
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തില്‍ മരിച്ച നാല് പേരെ കൂടി തിരിച്ചറിഞ്ഞു. മൂന്ന് മൃതശരീരങ്ങളുടെയും ഒരു ശരീര ഭാഗത്തിന്റെയും ഡിഎൻഎ പരിശോധന ഫലമാണ് പുറത്ത് വന്നത്. മൃതദേഹങ്ങൾ ആൻഡ്രിയ, രംഗസ്വാമി, നജ ഫാത്തിമ എന്നിവരുടെതും മൃതദേഹ ഭാഗം മുണ്ടക്കൈ സ്വദേശി സുബൈറിന്റേതും ആണെന്നാണ് തിരിച്ചറിഞ്ഞത്.
ജീവിതോപാധിയും കിടപ്പാടവും എല്ലാം നഷ്ടമായ വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് സർക്കാരിൽ നിന്നുള്ള പ്രതിദിന 300 രൂപ ധനസഹായം കൂടി കൃത്യമായി ലഭിക്കുന്നില്ലെന്ന് പരാതി. നിരവധി പേർക്ക് ദിവസം 300 രൂപ വെച്ചുള്ള സഹായം കിട്ടാനുണ്ടെന്നും വാടക കൃത്യമായി ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്.
എം.കെ.രാഘവൻ എംപി ചെയർമാനായ മാടായി കോളേജിൽ സിപിഎം പ്രവർത്തകന് നിയമനം നൽകിയതിനെതിരെ പ്രകടനം നടത്തിയ പ്രവർത്തകർ എംപിയുടെ കോലം കത്തിച്ചു. കുഞ്ഞിമംഗലത്തെ കോൺഗ്രസ് കമ്മിറ്റി ഒന്നടങ്കം രാജിയും നൽകി. അതോടൊപ്പം കോളേജ് ഭരണസമിതി അംഗങ്ങളായ നേതാക്കളെ ഡിസിസി സസ്പെൻഡ് ചെയ്തു.
രാഷ്ട്രീയം നോക്കി നിയമനം നടത്താനാവില്ലെന്ന് എംകെ രാഘവൻ എംപി. സ്വജനപക്ഷപാതം കാണിച്ചിട്ടില്ലെന്നും സുപ്രീം കോടതി നിബന്ധനകൾക്ക് വിധേയമായാണ് നിയമനം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. മാടായി കോളേജിൽ നാല് അനധ്യാപക തസ്തികകളിലേക്കാണ് നിയമനം നടത്തിയതെന്നും ഓഫീസ് അറ്റൻഡർ തസ്തിക ഭിന്നശേഷിക്കാർക്ക് സംവരണം ചെയ്തതാണ് അതിൽ അന്ധരായ അപേക്ഷകരില്ലാത്തതിനാൽ ബധിരനായ ആൾക്ക് നിയമനം നൽകുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ വിശദമായ പരിശോധനയ്ക്കായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും കരിവന്നൂർ ബാങ്കിൽ. ബാങ്ക് പരിധിക്ക് പുറത്തുള്ളവർ എടുത്ത ലോണിന്റെ വിശദാംശങ്ങളാണ് ഇഡി ശേഖരിച്ചത്. അനധികൃത വായ്പയെടുത്തവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും നീക്കമുണ്ട്. അതിന് മുന്നോടിയായി ബാങ്കിലെത്തി മേൽവിലാസം ശേഖരിച്ചു. കരുവന്നൂർ ബാങ്കിന്റെ അധികാരപരിധിക്ക് പുറത്തുള്ള നിരവധി പേർക്ക് തട്ടിപ്പ് നടന്ന കാലത്ത് വായ്പ അനുവദിച്ചിരുന്നു.
31 തദ്ദേശ വാര്‍ഡുകളില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ്. മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് വാര്‍ഡ് ഉള്‍പ്പെടെ നാല് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, മൂന്ന് മുനിസിപ്പിലിറ്റി വാര്‍ഡുകള്‍, 23 ഗ്രാമപഞ്ചായത്ത് വാര്‍ഡുകൾ എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്. ആകെ 102 സ്ഥാനാര്‍ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. ഇതില്‍ 50 പേര് സ്ത്രീകളാണ്.
ആന എഴുന്നള്ളിപ്പ് നിയന്ത്രണത്തില്‍ ഉത്തരവിട്ട ജഡ്ജിമാർക്കെതിരെ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പൂരപ്രേമി സംഘം പരാതി നൽകി. മൃഗസംരക്ഷണ സംഘടനയായ പെറ്റയുടെ അഭിഭാഷകനായിരുന്നു ഹൈക്കോടതി ജഡ്ജി പി.ഗോപിനാഥെന്ന് പരാതിയില്‍ പറഞ്ഞു. ആന എഴുന്നള്ളിപ്പ് കേസ് മറ്റൊരു ബഞ്ചിലേയ്ക്ക് മാറ്റണമെന്നും കേരളത്തിലെ ആചാര പെരുമ തകർക്കാൻ വിദേശ ഗൂഢാലോചനയുണ്ടെന്നും പൂര പ്രേമി സംഘം ആരോപിച്ചു. ആന എഴുനള്ളിപ്പ് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂരിൽ പൂരപ്രേമി സംഘം ഏകദിന ഉപവാസവും തുടങ്ങി.
തിരുവനന്തപുരം പോത്തൻകോട് തങ്കമണി കൊലക്കേസിൽ ഒരാൾ കസ്റ്റഡിയിൽ. സംശയകരമായി സിസിടിവി ദൃശ്യങ്ങളില്‍ കണ്ട പോത്തൻകോട് സ്വദേശി തൗഫീഖാണ് കസ്റ്റഡിയിലുള്ളത്. പോത്തൻകോട് ഒറ്റയ്ക്ക് താമസിച്ചിരുന്ന ഭിന്നശേഷിക്കാരിയായ കൊയ്ത്തൂർകോണം സ്വദേശി മണികണ്ഠ ഭവനിൽ തങ്കമണിയെ വീടിനോട് ചേർന്നുള്ള പുരയിടത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മൻസൂർ ആശുപത്രി നഴ്സിംഗ് കോളേജ് ഹോസ്റ്റലിലെ വിദ്യാർത്ഥി ചൈതന്യയുടെ ആത്മഹത്യാശ്രമത്തില്‍ അമ്മയുടെ പരാതിയിൽ ഹോസ്റ്റല്‍ വാർഡനെതിരെ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു. മകളെ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തി എന്ന് ബന്ധുക്കള്‍ പരാതി നൽകിയതിയതിനെത്തുടര്‍ന്നാണ് കേസെടുത്തത്. വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. ആരോഗ്യ സ്ഥിതിയില്‍ നേരിയ പുരോഗതി രേഖപ്പെടുത്തിയെങ്കിലും ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടി അപകട നില തരണം ചെയ്തിട്ടില്ല.
29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് സെല്ലിൻ്റെയും ഡെലിഗേറ്റ് കിറ്റ് വിതരണത്തിൻ്റെയും ഉദ്ഘാടനം സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിക്കും. ടാഗോർ തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ സിനിമാ താരങ്ങളായ മഹിമ നമ്പ്യാരും ഷറഫുദ്ദീനും ഡെലിഗേറ്റ് കിറ്റുകൾ മന്ത്രി സജി ചെറിയാനിൽ നിന്നേറ്റു വാങ്ങും.
ശബരിമലയിൽ ദേവസ്വം ഗാർഡുകളാണ് നടൻ ദിലീപിന് മുൻനിരയിൽ അവസരം ഒരുക്കിയതെന്നും , പ്രത്യേക പരിഗണന നൽകി ദർശന സൗകര്യം ഒരുക്കിയത് തങ്ങളല്ലെന്നും ശബരിമല സ്പെഷ്യൽ പോലീസ് ഓഫീസർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. വിജിലൻസ് വിഭാഗം അന്വേഷണം നടത്തുന്നുണ്ടെന്നും ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിൽ ഐ.എൻ.ടി.യു.സി. സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ മുൻ എം.ഡി. കെ.എ. രതീഷ് എന്നിവർക്കെതിരായ സി.ബി.ഐ. കേസ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ഇരുവർക്കുമെതിരായ കേസിൽ ക്രിമിനൽ നടപടി ചട്ടത്തിലെ 197 പ്രകാരമുള്ള പ്രോസിക്യുഷൻ അനുമതി ആവശ്യമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
കണ്ടല്ലൂർ വടക്ക് വരമ്പത്ത് ദേവീക്ഷേത്രത്തിലെ തിരുമുടിയും പറയ്ക്കെഴുന്നളളിക്കുന്ന കണ്ണാടി ബിംബവും കടത്തിക്കൊണ്ടുപോയ യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. മുതുകുളം തെക്ക് പുണർതം വീട്ടിൽ ശരത്തിനെയാണ് നാട്ടുകാർ തടഞ്ഞുവെച്ച് കനകക്കുന്ന് പോലീസിനു കൈമാറിയത്.
ആർപ്പൂക്കരയിൽ ബുള്ളറ്റ് ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു യുവതി മരിച്ചു. വില്ലൂന്നി സ്വദേശി നിത്യ ബിജു (20) ആണ് മരിച്ചത്. നിത്യ ഓടിച്ച ബുള്ളറ്റ് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
മുൻ കേന്ദ്ര വിദേശ കാര്യമന്ത്രിയും കർണാടക മുൻ മുഖ്യമന്ത്രിയുമായിരുന്ന എസ് എം കൃഷ്ണ അന്തരിച്ചു. 93 വയസായിരുന്നു. ഇന്ന് പുലർച്ചെ 2.45-ന് ബംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമ ജീവിതത്തിലായിരുന്നു. 2009 മുതൽ 2012 വരെ യുപിഎ സർക്കാരിൽ വിദേശകാര്യമന്ത്രിയായിരുന്ന അദ്ദേഹം അതിന് മുൻപ് 1999 മുതൽ 2004 വരെ കർണാടക മുഖ്യമന്ത്രിയായിരുന്നു.
ബംഗ്ലാദേശ് സന്ദർശനത്തിനിടെ രാജ്യത്തെ ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനുസിനെ കണ്ട് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. രാജ്യത്ത് അക്രമം തുടരുന്നത് മേഖലയിൽ അസ്ഥിരത ഉണ്ടാക്കുമെന്നും ബംഗ്ലാദേശ് ക്രിയാത്മക സമീപനം സ്വീകരിക്കണമെന്നും ഹിന്ദുക്കൾക്കെതിരായ അക്രമത്തിൽ ബംഗ്ലാദേശ് നിലപാട് വ്യക്തമാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. അതോടൊപ്പം മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് അഭയം നൽകിയതിൽ ഇന്ത്യയോടുള്ള അതൃപ്തി മുഹമ്മദ് യൂനുസ് വിക്രം മിസ്രിയെയും അറിയിച്ചു.
ആര്‍ബിഐ ടീമിന് നന്ദിയെന്നും അഭൂതപൂര്‍വമായ ആഗോള ആഘാതങ്ങളുടെ അസാധാരണമായ ഒരു കാലഘട്ടം ഒരുമിച്ച് വിജയകരമായി മറികടക്കാന്‍ സാധിച്ചെന്നും വിരമിക്കുന്ന ഗവര്‍ണര്‍ ശക്തികാന്ത ദാസ് കുറിച്ചു. വിശ്വാസത്തിന്റെയും വിശ്വാസ്യതയുടെയും സ്ഥാപനമെന്ന നിലയില്‍ ആര്‍ബിഐ ഇനിയും ഉയരത്തില്‍ വളരട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ശക്തികാന്ത ദാസിന് പകരം റവന്യൂ സെക്രട്ടറി സഞ്ജയ് മല്‍ഹോത്ര റിസര്‍വ് ബാങ്കിന്റെ പുതിയ ഗവര്‍ണറാകും.
കുർളയിൽ നടപ്പാതയിലേക്ക് ബസ് ഇടിച്ചുകയറിയതിനെ തുടർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം ആറായി ഉയർന്നു. അപകടത്തിൽ 43പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തിൽപ്പെട്ട പലരുടെയും നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. നിയന്ത്രണം വിട്ട ബസ് കാൽനടയാത്രക്കാർക്ക് വേണ്ടിയുള്ള നടപ്പാതയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
റിയാദ് മെട്രോ സംവിധാനത്തെ നിരീക്ഷിക്കുന്നതിന് 10,000 ആധുനിക കാമറകൾ സ്ഥാപിച്ചു. ഇത്രയും കാമറകൾ ഉൾപ്പെടുന്ന സംയോജിത നിരീക്ഷണ സംവിധാനം റിയാദ് മെട്രോയിലെ മുഴുവൻ ട്രെയിനുകളിലും സ്ഥാപിച്ചിട്ടുണ്ടെന്ന് റിയാദ് പൊതുഗതാഗത അതോറിറ്റി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ബിജെപി സർക്കാർ ഒഴിവാക്കിയ 4% മുസ്ലീം സംവരണം കോൺഗ്രസ് സർക്കാർ പുനഃസ്ഥാപിക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിയമസഭയിൽ പറഞ്ഞു. സംവരണം ഒഴിവാക്കിയ മുൻ ബിജെപി സർക്കാറിന്റെ നടപടി ഇരട്ടത്താപ്പാണെന്ന് സിദ്ധരാമയ്യ ആരോപിച്ചു. മുസ്ലീം ക്വാട്ട മറ്റ് രണ്ട് സമുദായങ്ങൾക്ക് നൽകി. എന്നാൽ, സുപ്രീം കോടതിയിലെ സത്യവാങ്മൂലത്തിൽ മറിച്ചാണ് പറഞ്ഞതെന്നും സിദ്ധരാമയ്യ ആരോപിച്ചു.
ഇന്ത്യയിലെ ഗ്രാമീണ മേഖലകളിലെ സാക്ഷരതാ നിരക്ക് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഗണ്യമായി വര്‍ധിച്ചതായി കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി ലോക്സഭയില്‍ പറഞ്ഞു. 100% ഗ്രാമീണ സാക്ഷരത കൈവരിക്കുന്നതിനുള്ള സർക്കാർ ശ്രമങ്ങൾ, വെല്ലുവിളികൾ, തന്ത്രങ്ങൾ എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ലോക്സഭയില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
എംയിസ് അടക്കം കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ആശുപത്രികളിലേക്ക് നഴ്സിംഗ് ഓഫീസർമാരുടെ നിയമനത്തിനുള്ള പരീക്ഷയിൽ അട്ടിമറി. നിയമനം നേടി ജോലിക്കെത്തിയ നാല് പേരെ ദില്ലി ആർഎംഎൽ ആശുപത്രി പിരിച്ചുവിട്ടു. ആൾമാറാട്ടം നടത്തി പരീക്ഷ എഴുതിയെന്ന് കണ്ടെത്തിയതോടെയാണ് നടപടി. ആശുപത്രിയില്‍ നിയമിതരായ നാല് പേര്‍ക്ക് തൊഴില്‍ സംബന്ധമായ യാതൊരു അറിവും ഇല്ലെന്ന് ബോധ്യമായതോടെ ആശുപത്രി അധികൃതര്‍ തന്നെ തുടര്‍ പരിശോധനകള്‍ നടത്തുകയായിരുന്നു.
സിറിയയിൽ വിമതർ ഭരണം പിടിച്ചതിന് പിന്നാലെ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ. പ്രസിഡന്റ് ബശ്ശാറുൽ അസദ് രാജ്യം വിട്ടതിന് പിന്നാലെ ഇസ്രായേൽ നൂറോളം കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡമാസ്കസ് ഉൾപ്പടെ നാല് പ്രധാന നഗരങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.വിമാനത്താവളങ്ങൾക്ക് നേരെയും ഇസ്രായേലിന്റെ ആക്രമണം ഉണ്ടായി. രണ്ട് പേർ കൊല്ലപ്പെടുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
സിറിയന്‍ പ്രധാനമന്ത്രി മുഹമ്മദ് അല്‍-ജലാലിയുമായി കൂടിക്കാഴ്ച നടത്തി വിമത നേതാവ് അബു മുഹമ്മദ് അല്‍-ജുലാനി. പ്രസിഡന്റ് ബാഷര്‍ അല്‍-അസദ് രാജ്യം വിട്ട് റഷ്യയില്‍ അഭയം പ്രാപിച്ചതിന് പിന്നാലെ സിറിയയിലെ ഭരണമാറ്റം സംബന്ധിച്ച ചര്‍ച്ചയ്ക്കായാണ് കൂടിക്കാഴ്ച നടത്തിയത്. ടെലഗ്രാം ചാനലില്‍ പുറത്തുവിട്ട പ്രസ്താവനയിലാണ് വിമതര്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്.