2030 ഓടെ കെഎസ്ഇബി 10,000 മെഗാവാട്ട് ഉത്പാദന ശേഷി കൈവരിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. കേരളത്തിൽ നിലവിൽ ആവശ്യമുള്ളതിന്റെ 30 ശതമാനം വൈദ്യുതി മാത്രമേ ഉത്പാദിപ്പിക്കുന്നുള്ളൂവെന്നും ബാക്കി 70 ശതമാനം വൈദ്യുതി അധിക വില കൊടുത്ത് പുറത്ത് നിന്ന് വാങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി പ്രശ്നങ്ങളുന്നയിച്ചുള്ള എതിർപ്പ് മൂലം പല ജലവൈദ്യുത പദ്ധതികളും പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നുവെന്നും ജലവിഭവ ശേഷി വേണ്ട വിധം ഉപയോഗപ്പെടുത്താൻ സാധിക്കുന്നില്ല എന്നും മന്ത്രി പറഞ്ഞു. പുതുതായി നിർമ്മിച്ച കൊപ്പം ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയാത്തവിധം വൈദ്യുതി നിരക്ക് കൂടുകയാണെന്നും അത് അനാസ്ഥകൊണ്ടും അഴിമതികൊണ്ടും ഉണ്ടാക്കിവെച്ചതാണെന്നും പ്രതിപക്ഷനേതാവ് വി. ഡി സതീശന്. വൈദ്യുതി നിരക്ക് കൂട്ടിയതിന്റെ ഉത്തരവാദിത്തം പൂര്‍ണമായി വൈദ്യുതി ബോര്‍ഡിനും സര്‍ക്കാരിനുമുള്ളതാണെന്നും പ്രയാസപ്പെടുന്ന ആളുകളെ വീണ്ടും ഷോക്കടിപ്പിക്കുന്ന ഈ പരിപാടി പിന്‍വലിക്കണമെന്നും നിരക്കുവര്‍ധനവിനെതിരേ കോണ്‍ഗ്രസും യു.ഡി.എഫും സമരമുഖത്തേക്ക് പോവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈദ്യുതി നിരക്ക് വർധനയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ അഴിമതി ആരോപണവുമായി രമേശ് ചെന്നിത്തല. കുറഞ്ഞ നിരക്കിൽ 25 വർഷത്തേക്ക് വൈദ്യുതി ലഭ്യമാക്കാനുള്ള കരാർ റദ്ദാക്കി കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് അദാനി കമ്പനികൾക്ക് വേണ്ടി നടത്തുന്ന അഴിമതിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
വയനാട് പുനരധിവാസത്തിന് എസ്.ഡി.ആര്.എഫില്‍നിന്ന് എത്ര രൂപ ചെലവഴിക്കാനാകുമെന്നതിനെ കുറിച്ചുള്ള കണക്കുകള്‍ വ്യക്തമാക്കാത്തതില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി. കണക്കുകള്‍ കൃത്യമായി നല്‍കിയില്ലെങ്കില്‍ കേന്ദ്രം എങ്ങനെ സംസ്ഥാനത്തിന് പണം നല്‍കുമെന്നും ഡിവിഷന് ബെഞ്ച് ആരാഞ്ഞു.
വൈദ്യുതിയുമായി ബന്ധപ്പെട്ട ജോലികള്‍ക്കിടെ ജീവനക്കാര്‍ക്കു വൈദ്യുതാഘാതമേറ്റ് ജീവന് നഷ്ടപ്പെടുന്ന സാഹചര്യത്തിൽ പ്രശ്ന പരിഹാരമെന്ന നിലയില്‍ വൈദ്യുതി വകുപ്പ് പരിശീലന പരിപാടി തയ്യാറാക്കി. ആദ്യ ഘട്ടമായി 2,500 ഓളം ജീവനക്കാര്‍ക്ക് 12 ദിവസം നീളുന്ന 90 മണിക്കൂര്‍ സുരക്ഷാ പരിശീലനം ലഭ്യമാക്കും. മൂലമറ്റം പവര്‍ എന്‍ജിനീയേഴ്സ് ട്രെയിനിംഗ് ആൻഡ് റിസര്‍ച്ച് സെന്റര്‍, റീജിയണല്‍ പവര്‍ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകള്‍ എന്നിവിടങ്ങളില്‍ ആയിരിക്കും പരിശീലനം നല്‍കുക.
സ്മാർട്ട് സിറ്റി പദ്ധതിക്ക് ക്ലോസിംഗ് ഡേറ്റ് സംസ്ഥാന സർക്കാർ നിശ്ചയിച്ചിട്ടില്ലെന്ന് രേഖകളിലുണ്ടെന്ന് റിപ്പോർട്ട്. പദ്ധതി എന്നാണ് പൂർത്തിയാക്കേണ്ടത് എന്നതിൽ പ്രത്യേകിച്ച് തിയതി നിശ്ചയിച്ചിട്ടിലെന്നായിരുന്നു വിവരാവകാശപ്രകാരമുളള ചോദ്യങ്ങൾക്ക് സർക്കാർ മറുപടി നൽകിയത്. 2007 ൽ ഒപ്പിട്ട പദ്ധതിക്ക് 2022 ലും ക്ലോസിംങ് ഡേറ്റ് നിശ്ചയിച്ചിട്ടില്ല.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ സർക്കാർ ഒഴിവാക്കിയ ഭാഗം പുറത്ത് വിടുന്നതിനെതിരെ വീണ്ടും പരാതി. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിന്നും സർക്കാർ വെട്ടിമാറ്റിയ ഭാഗങ്ങൾ ഇന്ന് പുറത്ത് വിടുമെന്നായിരുന്നു വിവരാവകാശ കമ്മീഷൻ നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ വിവരാ വിവരാവകാശ കമ്മീഷന് മുമ്പിൽ പുതിയ പരാതി ലഭിച്ചിട്ടുണ്ടെന്നും ഈ പരാതി പരിശോധിച്ച ശേഷം മാത്രമേ ഉത്തരവ് സംബന്ധിച്ച് തീരുമാനം ഉണ്ടാകൂവെന്നുമാണ് അപ്പീൽ നൽകിയ മാധ്യമപ്രവർത്തകനെ വിവരാവകാശ കമ്മീഷണർ അറിയിച്ചത്.
പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പ് ഫലങ്ങളെ കുറിച്ച് ജില്ലാ പ്രസിഡണ്ടുമാർ ഇതുവരെ സംസ്ഥാന അധ്യക്ഷന്‍ റിപ്പോർട്ട് നൽകിയിട്ടില്ല. റിപ്പോർട്ടിന്മേൽ ഏഴ്, എട്ട് തിയ്യതികളിൽ ചേരാനിരുന്ന നേതൃയോഗം മാറ്റി. 9ന് വിശാല കോർകമ്മിറ്റി ചേരുമെങ്കിലും അതിന് മുൻപ് ഫലത്തെ കുറിച്ചുള്ള ജില്ലാ പ്രസിഡണ്ടുമാരുടെ റിപ്പോർട്ട് കിട്ടുമോ എന്ന കാര്യത്തിലും വ്യക്തതയില്ല.
മാനദണ്ഡങ്ങൾ പാലിക്കാതെയും നേതാക്കളോട് ആലോചിക്കാതെയും തീരുമാനങ്ങളെടുത്തെന്ന കാരണത്താൽ കോട്ടയത്തെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ പുനസംഘടനക്കെതിരെ പരാതി. ജില്ലയിൽ നിന്നുള്ള സംസ്ഥാന ഭാരവാഹികൾ മുതൽ യൂത്ത് കോൺഗ്രസ് നേതാക്കൾ വരെ കെപിസിസി പ്രസിഡന്റിന് കത്തയച്ചു.
സന്ദീപ് വാര്യ൪ക്ക് കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം നൽകുന്നതിൽ രൂക്ഷ വിമ൪ശനവുമായി മുൻ എഐസിസി അംഗവും കെ.കരുണാകരന്റെ സന്തത സഹചാരിയുമായിരുന്ന വിജയൻ പൂക്കാടൻ. ഫേസ്ബുക്കിലൂടെയായിരുന്നു വിമ൪ശനം. സന്ദീപ് കോൺഗ്രസിലേക്ക് വന്നതു കൊള്ളാമെങ്കിലും സന്ദീപ് വാര്യരുടെ ഉപദേശം കോൺഗ്രസിനോട് വേണ്ടെന്നാണ് പ്രധാന വിമ൪ശനം.
ഹിന്ദു മല്ലു വാട്സ് ആപ് ഗ്രൂപ്പ് വിവാദത്തിൽ കെ ഗോപാലകൃഷ്ണൻ ഐഎഎസിൻ്റെ മൊബൈൽ ഹാക്ക് ചെയ്തെന്ന് പൊലീസിന് കള്ളപരാതി നൽകിയതും മുസ്ലീം ഐഎഎസ് ഗ്രൂപ്പ് ഉണ്ടാക്കിയതും ഒന്നും പരാമർശിക്കാതെ ഗോപാലകൃഷ്ണനെതിരായ ചാർജ്ജ് മെമ്മോ. ഗുരുതര കുറ്റങ്ങൾ നേര്‍പ്പിച്ച് നടപടി ലഘൂകരിക്കാൻ ആസൂത്രിത നീക്കമെന്ന ആക്ഷേപം ഇതോടെ ശക്തിപ്പെടുകയാണ്. ഫോൺ ആരോ ഹാക്ക് ചെയ്തെന്ന് ഗോപാലകൃഷ്ണൻ്റെ പരാതി പൊലീസും മെറ്റയും ശാസ്ത്രീയ പരിശോധനയിൽ തള്ളിയിരുന്നു.
നടൻ ദിലീപിനും സംഘത്തിനും ശബരിമല ദർശനത്തിന് വിഐപി പരിഗണന നൽകിയതുമായി ബന്ധപ്പെട്ട വിഷയം ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. പൊലീസ് അകന്പടിയോടെ എങ്ങനെയാണ് ദിലീപ് അടക്കമുള്ളവർ ദർശനത്തിന് എത്തിയതെന്നും സി സി ടി വി ദൃശ്യങ്ങളടക്കം ഇന്ന് ഹാജരാക്കണമെന്നും നിർദ്ദേശമുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് കഴിഞ്ഞ ദിവസം തന്നെ കൈമാറിയിരുന്നു.
ഇന്ത്യൻ സഭാ ചരിത്രത്തിൽ ആദ്യമായി ഒരു വൈദികനെ നേരിട്ട് കർദിനാളാക്കുന്ന ചടങ്ങുകൾ ഇന്ന് വത്തിക്കാനിൽ നടക്കും. ഇന്ത്യൻ സമയം രാത്രി 9ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഫ്രാൻസിസ് മാർപാപ്പ മുഖ്യ കാര്‍മികത്വം വഹിക്കുന്ന ചടങ്ങിൽ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് കൂവക്കാട് കർദ്ദിനാളായി ഉയർത്തപ്പെടും.
അടിച്ചാൽ തിരിച്ച് അടിക്കണം, ഇല്ലെങ്കിൽ പ്രസ്ഥാനത്തിന് നില നിൽപ്പില്ലെന്ന വിവാദ പ്രസ്താവനയുമായി മുതിർന്ന സിപിഎം നേതാവ് എം.എം മണി. തിരിച്ചടിച്ചത് നന്നായെന്ന് ആളുകളെ കൊണ്ട് പറയിപ്പിക്കണമെന്നും ആളുകളെ കൂടെ നിർത്താനാണ് പ്രതിഷേധിക്കുന്നത് പ്രസംഗിക്കാൻ മാത്രം നടന്നാൽ പ്രസ്ഥാനം കാണില്ലെന്നും ശാന്തൻപാറ ഏരിയ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കവെ എംഎം മണി പറഞ്ഞു.
29 -ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ടിന്റെ നാല് ചിത്രങ്ങൾ റെട്രോസ്പെക്റ്റിവ് വിഭാഗത്തിൽ പ്രദർശിപ്പിക്കും. അഞ്ച് പതിറ്റാണ്ടായി ചലച്ചിത്ര മേഖലയ്ക്ക് നൽകി വരുന്ന സംഭാവനകൾക്കുള്ള അംഗീകാരമായാണ് ഐഎഫ്എഫ്കെ മധു അമ്പാട്ടിനെ ആദരിക്കുന്നത്. സമകാലിക സിനിമ വിഭാഗത്തിൽ 4 ദക്ഷിണ കൊറിയൻ സിനിമകളും പ്രദർശിപ്പിക്കും.
വിഴിഞ്ഞം തുറമുഖത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കാൻ ക്ലോവര്‍ ലീഫ് മോഡൽ നിര്‍മ്മിതിക്ക് ദേശീയ പാത അതോറിറ്റിയുടെ അംഗീകാരം ലഭിച്ചേക്കും. സ്ഥലം ഏറ്റെടുക്കൽ ശുപാര്‍ശകൾ കൂടി പരിഗണിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾക്ക് അടുത്ത മന്ത്രിസഭായോഗം അംഗീകാരം നൽകും. മോഹവിലക്ക് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ശുപാര്‍ശയാണ് ഇതിനായി തയ്യാറാക്കിയിട്ടുള്ളത്.
ക്രിസ്മസ് പുതുവത്സര ബമ്പര്‍ ലോട്ടറിയുടെ അച്ചടി ആശയക്കുഴപ്പത്തെ തുടർന്ന് താത്കാലികമായി നിര്‍ത്തിവെച്ചു. ലോട്ടറിയുടെ സമ്മാന ഘടനയിൽ മാറ്റം വരുത്തിയതോടെ ലോട്ടറി വിൽക്കുന്ന ഏജന്റുമാര്‍ പ്രതിഷേധത്തിലായ സാഹചര്യത്തിലാണ് അച്ചടി നിര്‍ത്തിവെച്ചത് .സമ്മാന ഘടനയിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് ലോട്ടറി ക്ഷേമ നിധി ബോർഡ് ചെയർമാൻ ലോട്ടറി ഡയറക്ടർക്ക് കത്ത് നൽകിയിട്ടുണ്ട്. ലോട്ടറി നറുക്കെടുപ്പിൽ 5000, 2000 , 1000 അടിയ്ക്കുന്ന സമ്മാനങ്ങള്‍ കുറച്ചതിലാണ് ഏജന്റുമാരുടെ പ്രതിഷേധം.
അഗസ്ത്യർ കൂടത്തിലെ വനവാസികൾ ഇത്തവണയും അയ്യപ്പദർശനത്തിനായി ശബരിമലയിലെത്തി. തിരുവനന്തപുരം ജില്ലയിലെ കോട്ടൂർ മുണ്ടണി മാടൻ തമ്പുരാൻ ക്ഷേത്ര ട്രസ്റ്റി വിനോദ് മുണ്ടണിയുടെ നേതൃത്വത്തിലുള്ള 145 അംഗ സംഘമാണ് ഇത്തവണ അയ്യനെകാണാൻ വന വിഭവങ്ങളുമായി എത്തിയത്. എല്ലാവർഷവും മണ്ഡലകാലത്ത് അയ്യപ്പന് സമർപ്പിക്കാനായി തേൻ, കാട്ടുപൂക്കൾ ,കദളിക്കുല തുടങ്ങിയ വിഭവങ്ങളുമായാണ് ഇവർ മല ചവിട്ടുന്നത്.
കടലിൽ കൃത്രിമ പാരുകൾ സൃഷ്ടിച്ച് അനധികൃത മത്സ്യബന്ധനം നടത്തിയ എട്ട് വള്ളങ്ങൾ അഴിക്കോട് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റും മുനക്കയ്ക്കടവ് കോസ്റ്റൽ പൊലീസും ചേർന്ന് പിടിച്ചെടുത്തു. തമിഴ്നാട് കുളച്ചൽ സ്വദേശികളുടെ ആറ് വള്ളങ്ങളും തിരുവനന്തപുരം സ്വദേശികളുടെ രണ്ടു വള്ളങ്ങളും അനുബന്ധ സാധന സാമഗ്രികളുമാണ് സംയുക്ത സംഘം പിടികൂടിയത്.
കണ്ണൂരിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ എഡിഎം നവീൻ ബാബു തൂങ്ങിമരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സംശയകരമായ പരുക്കുകളോ പാടുകളോ ശരീരത്തിൽ ഇല്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. അതേസമയം നവീൻ ബാബുവിന്റെ മൃതദേഹത്തിൽ ഇൻക്വസ്റ്റ് പരിശോധന നടത്തും മുൻപ് തങ്ങളെ അറിയിച്ചില്ലെന്ന് നവീൻ്റെ കുടുംബം വ്യക്തമാക്കി.
പാലോട് ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ നവവധു ഇന്ദുജയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ. നെടുമങ്ങാട് തഹസിൽദാരുടെ നേതൃത്വത്തിൽ മൃതദേഹത്തിൽ നടന്ന പരിശോധനയിലാണ് മർദ്ദനമേറ്റ പാടുകൾ കണ്ടത്. ഇന്ദുജയുടെ കണ്ണിന് സമീപവും തോളിലുമാണ് പാടുകൾ കണ്ടെത്തിയത്. യുവതിയുടെ ഭര്‍ത്താവ് അഭിജിത് പൊലീസ് കസ്റ്റഡിയിലാണ്. മകളെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് അച്ഛൻ ശശിധരൻ ആരോപിച്ചു.
മാന്നാർ ജയന്തി വധക്കേസിൽ ജയന്തിയുടെ ഭർത്താവ് കുട്ടിക്കൃഷ്ണന് കോടതി വധശിക്ഷ വിധിച്ചു. മാവേലിക്കര അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. 2004 ഏപ്രിൽ രണ്ടിനാണ് ഭാര്യ ജയന്തിയെ സംശയത്തിന്റെ പേരിൽ കുട്ടികൃഷ്ണൻ ഒന്നര വയസ്സുകാരിയായ മകളുടെ മുന്നിൽ വച്ച് കൊല്ലുകയായിരുന്നു. പ്രതി കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. തുടർന്ന് ഇരുപതുവർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്.
എറണാകുളം കളമശ്ശേരിയിൽ കരിങ്കൽ ലോറി മറിഞ്ഞ് ഡ്രൈവർ മൂവാറ്റുപുഴ പേഴക്കാപ്പിള്ളി സ്വദേശി അജു മോഹനന്റെ മരണത്തിനിടയാക്കിയ സംഭവത്തിൽ വാഹനത്തിന്റെ ഹൈഡ്രോളിക് ജാക്കി പൊട്ടിയതാണ് അപകടകാരണമെന്ന് റിപ്പോർട്ട്. ഇന്ന് രാവിലെ മൂന്നേമുക്കാലോടെ നടന്ന അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
ഉത്തരാഖണ്ഡ് ഋഷികേശിൽ ഗംഗാ നദിയിൽ കാണാതായ മലയാളി ആകാശിന്റെ മൃതദേഹം കിട്ടി. 9 ദിവസത്തിനുശേഷമാണ് മൃതദേഹം കിട്ടിയത്. വിനോദയാത്രയ്ക്കിടെയാണ് പത്തനംതിട്ട സ്വദേശി ആകാശ് അപകടത്തിൽപ്പെട്ടത്. നടപടികൾ പൂർത്തിയാക്കിയ ശേഷം കേരളത്തിലേക്ക് എത്തിക്കും.
തെലങ്കാനയിലെ യാദഗിരിഗുട്ടയിൽ കാർ തടാകത്തിലേക്ക് മറിഞ്ഞ് അഞ്ച് പേർ മരിച്ചു. ഒരാൾ പരിക്കുകളോടെ രക്ഷപ്പെട്ടു. യാദാദ്രി ഭുവനഗിരിയിലെ ഭൂദാൻ പോച്ചംപള്ളി സബ് ഡിവിഷനിലെ ജലാൽപൂർ പ്രദേശത്ത് ഇന്ന് പുലർച്ചെയായിരുന്നു അപകടം.
സിറിയയിൽ ആഭ്യന്തര കലാപം രൂക്ഷമായ സാഹചര്യത്തിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ സിറിയയിലേക്ക് യാത്ര ചെയ്യരുതെന്ന് ഇന്ത്യക്കാരോട് സർക്കാർ ആവശ്യപ്പെട്ടു. സിറിയയിലെ യുദ്ധ സാഹചര്യം മുൻനിർത്തിയാണ് ഇന്ത്യൻ പൗരൻമാർക്ക് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയത്. സിറിയയിലുള്ള ഇന്ത്യൻ പൗരന്മാരോട് ഉടനെ നാട്ടിലേക്ക് മടങ്ങാനും വിദേശകാര്യ മന്ത്രാലയം നിർദേശം നൽകി. സിറിയയിൽ ആഭ്യന്തര കലാപം രൂക്ഷമാകവേ ദാരാ നഗരത്തിന്റെ നിയന്ത്രണം സിറിയൻ സേനയ്ക്ക് നഷ്ടമായി. 2011ൽ ആഭ്യന്തര കലാപത്തിന്റെ തുടക്കവും ഈ നഗരത്തിൽ നിന്നായിരുന്നു.
പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുടെ പ്രവര്‍ത്തനത്തില്‍ അതൃപ്തി വ്യക്തമാക്കി പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും ടി.എം.സി. ചെയര്‍പേഴ്സണുമായ മമതാ ബാനര്‍ജി. അവസരം നല്കുകയാണെങ്കില് താന്‍ നേതൃത്വം ഏറ്റെടുക്കാന്‍ സന്നദ്ധയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യ സഖ്യം രൂപവത്കരിച്ചത് ഞാനാണ് അത് കൈകാര്യം ചെയ്യേണ്ടതിന്റെ ഉത്തരവാദിത്വം ഇപ്പോള്‍ മുന്‍നിരയിലുള്ളവര്‍ക്കാണ്. അവര്‍ക്ക് അങ്ങനെ ചെയ്യാനാകുന്നില്ലെങ്കിൽ താന്‍ എന്തുചെയ്യാനാണെന്നും എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകേണ്ടതുണ്ട് എന്നേ പറയാനുള്ളൂ എന്നും മമത വ്യക്തമാക്കി.
ഫ്രാൻസിൽ പുനരുദ്ധാരണം പൂർത്തിയാക്കിയ നേത്രേദാം പള്ളി ഇന്ന് പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും. അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ്, യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി, ബ്രിട്ടണിലെ വില്യം രാജകുമാരൻ തുടങ്ങിയവർ പങ്കെടുക്കും. അഞ്ച് വര്‍ഷങ്ങൾക്ക് ശേഷമാണ് തീപിടിത്തത്തിൽ നശിച്ച ഭാഗങ്ങളെല്ലാം പുനര്‍ നിര്‍മിച്ച പള്ളി പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നത്.
സ്മാർട്ട്ഫോൺ പായ്ക്ക് ചെയ്യുന്ന ബോക്സുകളിൽ സിഗരറ്റ് പെട്ടികളിൽ നൽകുന്നതിന് സമാനമായ മുന്നറിയിപ്പ് പതിപ്പിക്കാൻ ഒരുങ്ങി സ്പെയിൻ. അമിത സ്മാർട്ട്ഫോൺ ഉപയോഗം മുന്നോട്ടുള്ള ജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്ന രീതിയിലുള്ള മുന്നറിയിപ്പ് സ്മാർട്ട്ഫോൺ ബോക്സുകളിൽ പതിപ്പിക്കുമെന്നാണ് സ്പാനിഷ് സർക്കാർ നിലവിൽ വ്യക്തമാക്കിയിരിക്കുന്നത്.