Screenshot 2024 02 27 20 21 14 990 com.android.chrome edit 2

 

ആലപ്പുഴ കളർകോടുണ്ടായ കാറപകടത്തിൽ ഒരു വിദ്യാർത്ഥി കൂടി മരിച്ചു. എടത്വ പള്ളിച്ചിറ സ്വദേശി ആൽവിൻ ജോർജ് ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇതോടെ കളർകോട് കാറപകടത്തിൽ മരിച്ചവരുടെ എണ്ണം ആറായി. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് നാടിനെയാകെ നൊമ്പരത്തിലാഴ്ത്തിയ വാഹനാപകടം ഉണ്ടായത്.

 

വയനാട് പുനരധിവാസം സംബന്ധിച്ച സർക്കാർ ഉത്തരവിനെതിരെ വിമർശനമുയർന്ന സാഹചര്യത്തിൽ വിശദീകരണവുമായി റവന്യൂ മന്ത്രി കെ രാജൻ. പുനരധിവാസം രണ്ട് ഘട്ടം എന്നു പറഞ്ഞിട്ടുണ്ടെങ്കിലും പൂർണ്ണമായി വീടുകൾ തകർന്നവരെയും അപകടമേഖലയിലുള്ള വാസയോഗ്യമല്ലാത്ത വീടുകളിലുള്ളവരേയും രണ്ട് വിഭാഗങ്ങളായി കണ്ട് പട്ടിക മാത്രമാണ് ചെയ്യുന്നതെന്നും രണ്ടിടത്തെയും പുനരധിവാസം ഒരേ സമയം തന്നെ നടക്കുമെന്നും മന്ത്രി വിശദീകരിച്ചു. പൂർണ്ണമായി വീടുകൾ തകർന്നവരുടെയും അപകടമേഖലയിലുള്ള വാസയോഗ്യമല്ലാത്ത വീടുകളിലുള്ളവരുടെയും പട്ടികകൾ പ്രത്യേകം തയ്യാറാക്കാനാണ് നിർദ്ദേശം നൽകിയതെന്നും മന്ത്രി വ്യക്തമാക്കി.

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികളായ വിദ്യാര്‍ത്ഥികളെ ഡീബാര്‍ ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി. വിദ്യാര്‍ത്ഥികള്‍ക്കുള്ള മൂന്ന് വര്‍ഷത്തെ അഡ്മിഷന്‍ വിലക്കും സിംഗിള്‍ ബെഞ്ച് റദ്ദാക്കി. പുതിയ അന്വേഷണം നടത്താന്‍ സര്‍വകലാശാല ആന്റി റാഗിംഗ് സ്‌ക്വാഡിന് ഹൈക്കോടതി നിര്‍ദ്ദേശം നൽകി. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ പഠനം തുടരാന്‍ പ്രതികള്‍ക്ക് അവസരം നല്‍കണമെന്നും നാല് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കാനും സര്‍വകലാശാലയ്ക്ക് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.

പാതി ബിജെപി മനസ്സാണെന്ന പരാമര്‍ശത്തിന് മറുപടിയുമായി ജി സുധാകരൻ.ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ബി ഗോപാലകൃഷ്ണൻ ഒരു പുസ്തകം തരാൻ വന്നതാണ്. അല്ലെങ്കിൽ ഒരു ബിജെപിക്കാരനെ താൻ വീടിന്‍റെ പടിക്കൽ കയറ്റുമോയെന്ന് അദ്ദേഹം ചോദിച്ചു. തന്‍റേയും ഭാര്യയുടേയും മനസ്സ് ഗോപാലകൃഷ്ണൻ എങ്ങനെ പറയും. കേരളത്തിൽ അയാളെ അങ്ങനെ പറയുവെന്നും അദ്ദേഹം പരിഹസിച്ചു.

 

കൊടകര കുഴൽപ്പണ കേസിലെ അന്വേഷണം അവസാന ഘട്ടത്തിലാണെന്നും കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നും ഇ ഡി ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ സാവകാശം വേണമെന്നും എൻഫോഴ്സ്മെന്‍റ് ആവശ്യപ്പെട്ടു. മൂന്നാഴ്ചത്തെ സാവകാശം അനുവദിച്ച കോടതി ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റി. കുഴൽപ്പണ കവർച്ചാക്കേസിലെ അൻപത്തിയൊന്നാം സാക്ഷി സന്തോഷ് നൽകിയ ഹർജിയിൽ ഇഡി, ആദായ നികുതി വകുപ്പ്, തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവരോട് സിംഗിൾ ബെഞ്ച് നേരത്തെ വിശദീകരണം തേടിയിരുന്നു.

കോഴിക്കോട്ടെ എലത്തൂർ ഇന്ധന ചോർച്ചയിൽ എച്ച് പി സി എല്ലിൻ്റെ ഭാഗത്തുണ്ടായത് ഗുരുതര വീഴ്ചയെന്ന് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ. ഒഴിവായത് വലിയ ദുരന്തമാണെന്നും എച്ച് പി സി എല്ലിലെ മെക്കാനിക്കൽ & ഇലക്ട്രോണിക് സംവിധാനങ്ങൾ പരാജയപെട്ടതാണ് ചോർച്ചയ്ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. ഡീസൽ ചോർച്ചയിൽ ജലാശയങ്ങൾ മലിനമായിട്ടുണ്ടെന്നും എല്ലാം ശുചീകരിക്കാൻ അതിവേഗ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഇന്നലെ വൈകീട്ടാണ് എലത്തൂരിലെ എച്ച്പിസിഎൽ സംഭരണ കേന്ദ്രത്തിൽ നിന്ന് ഡീസൽ ഒഴുകിയത്.

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഈ വർഷത്തെ പൂജാ ബമ്പർ അടിച്ചത് കരുനാഗപ്പള്ളി സ്വദേശി ദിനേശ് കുമാറിന്. JC 325526 എന്ന ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം. കൊല്ലത്തെ ജയകുമാർ ലോട്ടറീസിൽ നിന്ന് ദിനേശ് കുമാർ എടുത്ത പത്ത് ടിക്കറ്റുകളിലൊന്നിനാണ് ഒന്നാം സമ്മാനമായ 12 കോടി. ഒന്നാം സമ്മാനം തനിക്കാണെന്ന് ഇന്നലെ തന്നെ അറിഞ്ഞിരുന്നുവെന്ന് ദിനേശ് കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു.

 

9000 പേര്‍ക്ക് ജോലി നല്‍കുമെന്ന് ഉറപ്പു നല്‍കിയ ഒരു സംരംഭമാണ് അട്ടിമറിക്കപ്പെടുന്നതെന്നും,ആരുമായും ചര്‍ച്ച ചെയ്യാതെ സ്മാര്‍ട് സിറ്റി പദ്ധതി അവസാനിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത് വിചിത്രമായ നടപടിയാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പദ്ധതി എന്തുകൊണ്ടാണ് പരാജയപ്പെട്ടെന്ന് കേരളത്തിലെ ജനങ്ങളോട് പറയാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സർക്കാർ നാളെ ഹൈക്കോടതിയെ അറിയിക്കും. പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും കുടുംബത്തിന്‍റെ എല്ലാ ആശങ്കകളും പരിശോധിക്കുമെന്നും സംസ്ഥാന സർക്കാർ. കൊലപാതകം എന്ന ആരോപണത്തിലും അന്വേഷണം നടത്തും. നവീൻ ബാബുവിന്‍റെ ഭാര്യ നൽകിയ ഹർ‍ജി നാളെയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.

 

കൊഴിഞ്ഞാമ്പാറയിൽ സമാന്തര കൺവൻഷൻ ചേർന്ന സി.പി.എം വിമത൪ക്കെതിരെ നടപടി ഉടനുണ്ടാവുമെന്ന് പാ൪ട്ടി ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു. ഏരിയ കമ്മിറ്റി അംഗങ്ങളായ എം.സതീഷ്, വി.ശാന്തകുമാർ എന്നിവർക്കെതിരായ നടപടി വൈകുന്നതിൽ ഒരുവിഭാഗം നേതാക്കൾ സമ്മേളനത്തിൽ വിമർശനം ഉന്നയിച്ചതിനു പിന്നാലെയാണ് ജില്ലാ സെക്രട്ടറിയുടെ മറുപടി.

 

സമുദ്ര അലങ്കാരമത്സ്യ മേഖലയിൽ നിർണായക നേട്ടവുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം . ഉയർന്ന വിപണി മൂല്യമുള്ള കടൽ വർണമത്സ്യങ്ങളായ ഡാംസെൽ, ഗോബി വിഭാഗങ്ങളിൽപെട്ട രണ്ട് മീനുകളുടെ കൃത്രിമ വിത്തുൽപാദനം സിഎംഎഫ്ആർഐ വിജയകരമായി പൂർത്തിയാക്കി. അക്വേറിയങ്ങളിലെ കടൽ സുന്ദരികളായി അറിയപ്പെടുന്ന അസ്യൂർ ഡാംസെൽ, ഓർണേറ്റ് ഗോബി എന്നീ മീനുകളുടെ വിത്തുൽപാദന സാങ്കേതികവിദ്യയാണ് സിഎംഎഫ്ആർഐയുടെ വിഴിഞ്ഞം പ്രാദേശിക കേന്ദ്രത്തിലെ ഗവേഷകർ വികസിപ്പിച്ചത്.

 

സമസ്തയിലെ വിഭാഗീയതയിൽ ഇടപെട്ട് നേതൃത്വം. ലീഗ് അനുകൂല ചേരിയെ ചർച്ചക്ക് വിളിച്ച് പ്രശ്ന പരിഹാരത്തിന് സന്നദ്ധത അറിയിച്ചു. അടുത്ത മുശാവറ യോഗത്തിന് മുൻപായി ചർച്ച നടത്തും. പ്രശ്‌നങ്ങൾ ചര്‍ച്ച ചെയ്ത് പരിഹാരം ഉണ്ടാക്കുമെന്ന് നേതൃത്വം ഉറപ്പ് നൽകി. നേതൃത്വം ഇടപെട്ടതോടെ ലീഗ് അനുകൂല ചേരിയുടെ വാർത്താ സമ്മേളനം മാറ്റിവെച്ചു.

കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ യുവമോർച്ച പ്രവർത്തകനായിരുന്ന പ്രവീൺ നെട്ടാരുവിന്‍റെ വധക്കേസുമായി ബന്ധപ്പെട്ട് കേരളമുൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്‍ഡ്. കേരളം, കർണാടക, തമിഴ്‍നാട് എന്നീ സംസ്ഥാനങ്ങളിലായി 16 ഇടങ്ങളിലാണ് റെയ്‍ഡ് നടക്കുന്നത്. കേരളത്തിൽ എറണാകുളത്തും കാസർകോട്ടുമായാണ് റെയ്‍ഡ് നടക്കുന്നതെന്നാണ് വിവരം.

 

കുന്നംകുളം കേച്ചേരിയിൽ വൻ കഞ്ചാവ് വേട്ട. എട്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. കേച്ചേരി ചിറനെല്ലൂർ മണലി സ്വദേശി തലയ്ക്കൽ വീട്ടിൽ സുനിൽ ദത്തിനെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു.

റോഡ് അപകടങ്ങളില്‍ മരണം സംഭവിക്കുന്നത് ഒഴിവാക്കുന്നതിന് നിലവിലുള്ള നിയമങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുന്നുണ്ടെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പുവരുത്തണമെന്ന് കെ.സി വേണുഗോപാല്‍ എം.പി. കളര്‍കോട് അഞ്ചു മെഡിക്കല്‍ വിദ്യാര്‍ഥികള്‍ വാഹനാപകടത്തില്‍.മരിച്ച സംഭവമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

വയനാടിനോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് കോഴിക്കോട് ആദായ നികുതി ഓഫീസിലേക്ക് എല്‍.ഡി.എഫ്. മാര്‍ച്ച് നടത്തി. വയനാടിന് അര്‍ഹമായ തുക ലഭിക്കുന്നില്ലെന്ന് ആര്‍.ജെ.ഡി. സംസ്ഥാന അധ്യക്ഷന്‍ എം.വി. ശ്രേയാംസ് കുമാര്‍ പറഞ്ഞു.

 

ഗുണ്ടകളുടെ ആക്രമണത്തിൽ ഒല്ലൂർ സിഐ ഫർഷാദിന് കുത്തേറ്റു. അഞ്ചേരി അയ്യപ്പൻ കാവ് ക്ഷേത്രത്തിനടുത്ത് കാപ്പ പ്രതിയെ പിടിക്കാൻ എത്തിയപ്പോഴാണ് കുത്തേറ്റത്. മാരിമുത്തു എന്ന ഗുണ്ടയാണ് ആക്രമിച്ചത്. മാരിമുത്തു അടക്കം മൂന്ന് പേർ കസ്റ്റഡിയിലാണ്. കൈക്കാണ് സിഐക്ക് കുത്തേറ്റത്. ആരോഗ്യനില തൃപ്തികരമാണ്.

 

വയനാട് ദുരന്തത്തിനുള്ള ധനസഹായത്തിൻറെ കാര്യത്തിൽ പാർലമെൻറിൽ ഇന്ന് ചർച്ച നടന്നില്ല. ദുരന്ത നിവാരണ നിയമഭേദഗതി ബില്ലിലെ ചർച്ചയിൽ വിഷയം പ്രിയങ്ക ഗാന്ധിയും കേരളത്തിലെ എംപിമാരും ഉന്നയിക്കാൻ തീരുമാനിച്ചിരുന്നു. കേന്ദ്രമന്ത്രി അമിത് ഷായുടെ മറുപടിയും ഇക്കാര്യത്തിൽ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ലോക്സഭ ബഹളം കാരണം പിരിഞ്ഞതിനാൽ ബില്ല് ചർച്ചയ്ക്കെടുത്തില്ല. തിങ്കളാഴ്ച ഇക്കാര്യം ഇനി ഉന്നയിക്കാനാകുമെന്ന് എംപിമാർ പറഞ്ഞു.

 

ദില്ലിയിലെ വായു മലിനീകരണം കണക്കിലെടുത്ത് നടപ്പിലാക്കിയ ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ സ്റ്റേജ് -4 പിൻവലിക്കാമെന്ന് സുപ്രീംകോടതി. വായുമലിനീകരണ തോതിൽ കുറവ് രേഖപ്പെടുത്തിയതിനാലാണ്സുപ്രീം കോടതിയുടെ നിർദേശം നൽകിയത് . ദില്ലി-എൻസിആർ മേഖലകളിലെ അന്തരീക്ഷ മലിനീകരണം തടയുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട വിഷയത്തിൽ വാദം കേൾക്കുകയായിരുന്നു സുപ്രീം കോടതി.

ദേവേന്ദ്ര ഫഡ്‌നാവിസ് മൂന്നാം വട്ടവും മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു . ശിവസേന നേതാവ് ഏക്‌നാഥ് ഷിൻഡെയും എൻസിപി നേതാവ് അജിത് പവാറും ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ ജെ പി നന്ദ, അമിത് ഷാ, പ്രമുഖ വ്യവസായി മുകേഷ് അംബാനി, മുൻ ക്രിക്കറ്റ് താരം സച്ചിൻ തെൻഡുൽക്കർ, ഷാരുഖ് ഖാൻ, സൽമാൻ ഖാൻ അടക്കം ബോളിവുഡ് താരങ്ങളും മുംബൈ ആസാദ് മൈതാനിയിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.

മുഖ്യമന്ത്രി പദവി വീതം വയ്ക്കാൻ കർണാടകയിൽ ധാരണയുണ്ടെന്ന് സൂചന നൽകി ഡി കെ ശിവകുമാർ ഇംഗ്ലീഷ് ചാനലിന് നൽകിയ അഭിമുഖം വിവാദത്തിൽ. കോൺഗ്രസിനെ ഒന്നിച്ച് നിർത്തിയ ഗാന്ധി കുടുംബത്തോട് താൻ കാണിച്ച ലോയൽറ്റി, റോയൽറ്റിയായി തിരികെ ലഭിക്കുമെന്നാണ് കരുതുന്നത് എന്നായിരുന്നു ഡി കെയുടെ പ്രസ്താവന. എന്നാൽ ഒരു തരത്തിലുള്ള അധികാരം പങ്കുവയ്ക്കൽ ഫോർമുലയെക്കുറിച്ചും തനിക്കറിയില്ലെന്നും എല്ലാ തീരുമാനവും ഹൈക്കമാൻഡിന്‍റേതാകുമെന്നുമാണ് ഡി കെയുടെ പ്രസ്താവനയോട് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചത്.

 

പ്രോബ-3 വിക്ഷേപണം ഐഎസ്ആര്‍ഒ വിജയകരമായി പൂര്‍ത്തിയാക്കി. കൃത്രിമമായി സൂര്യഗ്രഹണം സൃഷ്‌ടിച്ച് സൂര്യന്‍റെ കൊറോണയെ കുറിച്ച് പഠിക്കാനുള്ള ഇഎസ്എയുടെ രണ്ട് പേടകങ്ങളാണ് ഇസ്രൊയുടെ പിഎസ്എല്‍വി-സി59 റോക്കറ്റ് വിക്ഷേപിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സ്റ്റേഷനില്‍ നിന്ന് 4.04ന് ഇരു കൃത്രിമ ഉപഗ്രഹങ്ങളുമായി ഇന്ത്യയുടെ അഭിമാന വിക്ഷേപണ വാഹനമായ പിഎസ്എല്‍വി-സി59 കുതിച്ചുയര്‍ന്നു. ഉപഗ്രഹങ്ങൾ വിജയകരമായി ഭ്രമണപഥത്തിൽ എത്തി.

രാഹുൽ ​ഗാന്ധിക്കെതിരെ ​ആരോപണങ്ങളും കടുത്ത ആക്ഷേപങ്ങളുമായി ബിജെപി വക്താവും എംപിയുമായ സംബിത് പത്ര. രാഹുൽ വലിയ ഒറ്റുകാരനാണെന്നും രാജ്യ വിരുദ്ധ നീക്കങ്ങൾ പുലർത്തുന്ന വ്യക്തികളുമായി ബന്ധമുള്ളയാളാണെന്നുമാണ് ആരോപണം.പ്രതിപക്ഷ നേതാവിനെ രാജ്യദ്രോഹി എന്ന് വിളിക്കാൻ തനിക്ക് മടിയില്ലെന്നും സംബിത് പത്ര പറഞ്ഞു.

 

മഹാ കുംഭമേളയിൽ പങ്കെടുക്കാനെത്തുന്നവർക്ക് ഉന്മേഷം പകരാൻ ‘ഓക്സിജൻ ഫോറസ്റ്റ്’ ഒരുങ്ങുന്നു. ഇതിനായി മഹാ കുംഭമേള നടക്കുന്ന മേഖലയിൽ 1.5 ലക്ഷം ചെടികൾ നട്ടുപിടിപ്പിക്കും. വനം വകുപ്പിന്റെ മേൽ നോട്ടത്തിൽ ഇതിനാവശ്യമായ നടപടികൾ പുരോ​ഗമിക്കുകയാണ്. ഇതിനോടകം തന്നെ 1.38 ലക്ഷത്തോളം ചെടികൾ നട്ടുകഴിഞ്ഞതായാണ് റിപ്പോർട്ട്.

 

വിമാനം ടിക്കറ്റ് നിരക്ക് വർധന തടയാൻ കേന്ദ്ര സർക്കാർ. വിമാന ടിക്കറ്റ് നിരക്കിൽ വരുത്തുന്ന മാറ്റം 24 മണിക്കൂറിനുള്ളിൽ ഡിജിസിഎയെ അറിയിച്ചാൽ മതിയെന്ന വ്യവസ്ഥ എടുത്തു കളയുകയാണെന്ന് വ്യോമയാന മന്ത്രി റാം മോഹൻ നായിടു അറിയിച്ചു. രാജ്യസഭയിൽ വ്യോമയാന ബില്ല് ചർച്ചയ്ക്കിടെയാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.

 

മുഡ ഭൂമിയിടപാട് കേസിൽ പ്രോസിക്യൂഷൻ അനുമതി നൽകിയ ഗവർണറുടെ നടപടിക്കെതിരെ മുഖ്യമന്ത്രി സിദ്ധരാമയ്യ നൽകിയ ഹർജിയിൽ സർക്കാരിന് നോട്ടീസയച്ച് ഹൈക്കോടതി. മൈസുരു അർബൻ ഡെവലപ്മെന്‍റ് അതോറിറ്റി അഴിമതി കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാരിനും കേസിലെ പരാതിക്കാർക്കുമാണ് കർണാടക ഹൈക്കോടതി നോട്ടീസയച്ചത്.

 

തമിഴ്നാട്ടിലെ രണ്ട് ടൂറിസം പദ്ധതികൾക്കായി 170 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ. മൂലധനച്ചെലവിനായി സംസ്ഥാനങ്ങൾക്ക് പ്രത്യേക സഹായം നൽകുന്ന പദ്ധതിക്ക് കീഴിലാണ് തുക അനുവദിച്ചിരിക്കുന്നത്. മാമല്ലപുരത്തെ നന്ദാവനം ഹെറിറ്റേജ് പാർക്ക്, ഊട്ടിയിലെ ദേവാലയിലെ പൂന്തോട്ടം എന്നിവയാണ് രണ്ട് പ്രധാന ടൂറിസം ഡെസ്റ്റിനേഷനുകൾ.

പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ തെലുഗു നടന്‍ അല്ലു അര്‍ജുനെതിരേ കേസ്. മുന്‍കൂര്‍ അറിയിപ്പില്ലാതെയാണ് അല്ലു അര്‍ജുന്‍ ബുധനാഴ്ച രാത്രി ചിത്രത്തിന്റെ പ്രീമിയര്‍ ഷോയ്ക്കായി ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലെത്തിയത്.സംഭവത്തില്‍ കടുത്ത പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് നടനെതിരേ വ്യാഴാഴ്ച പോലീസ് കേസെടുത്തിരിക്കുന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *