ഇന്ത്യൻ ഭരണഘടനയുടെ 75ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പാര്‍ലമെന്‍റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളിലെ സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി ദ്രൗപതി മുര്‍മു അഭിസംബോധന ചെയ്തു. രാജ്യത്തെ ഏറ്റവും പവിത്രമായ ഗ്രന്ഥമാണ് ഭരണഘടനയെന്നും ഭരണഘടന സാമൂഹിക രാഷട്രീയ മേഖലകളുടെ ആധാരശിലയാണെന്നും രാഷ്ട്രപതി പറഞ്ഞു. ഭരണഘടന നൽകുന്ന സുരക്ഷിതത്വം താഴേതട്ടിൽ വരെ ഉറപ്പ് വരുത്തുന്നുവെന്നും വസുധൈവ കുടുംബകം എന്ന ആശയത്തെ മുറുകെ പിടിക്കുന്നുവെന്നും ലോക്സഭ സ്പീക്കറും പറഞ്ഞു. ഇന്ത്യൻ ഭരണഘടനയുടെ 75ാം വാര്‍ഷികത്തിന്‍റെ സ്മാരക നാണയവും സ്റ്റാമ്പും രാഷ്ട്രപതി പുറത്തിറക്കി. സംയുക്ത സമ്മേളനത്തിൽ ഇന്ത്യ സഖ്യവും പങ്കെടുക്കുന്നുണ്ട്. ഭരണഘടന വാര്‍ഷികാഘോഷത്തിന് ശേഷം ഇരുസഭകളും പിരിയും. വൈകുന്നേരം നാല് മണിക്ക് സുപ്രീംകോടതിയില്‍ നടക്കുന്ന ഭരണഘടന ദിനാഘോഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യാതിഥിയാകും.
ദുരന്ത ലഘൂകരണ പ്രവർത്തനങ്ങൾക്കായി കേരളത്തിന് 72 കോടി രൂപ കേന്ദ്രം അനുവദിച്ചു. അമിത്ഷാ ചെയർമാനായിട്ടുള്ള ഉന്നതാധികാര സമിതിയുടേതാണ് തീരുമാനം. വിവിധ സംസ്ഥാനങ്ങൾക്കായി 1115.67 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. ഉത്തരാഖണ്ഡിന് 139 കോടി രൂപയും, ഹിമാചൽ പ്രദേശിന് 139 കോടി രൂപയും വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് 378 കോടി രൂപയും മഹാരാഷ്ട്രയ്ക്ക് 100 കോടി രൂപയുമാണ് അനുവദിച്ചത്. കർണാടകത്തിനും കേരളത്തിനും 72 കോടി വീതവും, തമിഴ്നാടിനും പശ്ചിമ ബംഗാളിനും 50 കോടി രൂപ വീതവും അനുവദിച്ചു.
നാട്ടികയില്‍ അഞ്ച് പേരുടെ ജീവനെടുത്ത ലോറി അപകടത്തില്‍ കടുത്ത നടപടിയുണ്ടാകുമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. നാട്ടിക അപകടത്തിൽ ഗതാഗത കമീഷണറുടെ പ്രാഥമിക റിപ്പോർട്ട് കിട്ടിയെന്നും മദ്യ ലഹരിയിലാണ് ക്ലീനർ വണ്ടി ഓടിച്ചത് അതിനാൽ ഡ്രൈവറുടെ ലൈസൻസും വാഹനത്തിന്‍റെ രജിസ്ട്രേഷനും സസ്പെൻഡ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു. തൃശൂർ നാട്ടികയിൽ തടി കയറ്റി വന്ന ലോറി ഉറങ്ങിക്കിടന്നവരിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറി 5 പേർക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. റോഡരികിൽ ഉറങ്ങിക്കിടന്ന നാടോടികളാണ് മരിച്ചത്.
താനൊരു കരാറും ആരേയും ഏൽപ്പിച്ചിട്ടില്ലെന്നും ഒരു കോപ്പിയും ആർക്കും നൽകിയിട്ടില്ലെന്നും സിപിഎം നേതാവ് ഇപി ജയരാജൻ. ആത്മകഥാ വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സാധാരണ പ്രസാധകൻമാർ പാലിക്കേണ്ട ഒരുപാട് നടപടിക്രമങ്ങളുണ്ടെന്നും ഇതിലൊരു നടപടിയും ഡിസി ബുക്സ് സ്വീകരിച്ചിട്ടില്ല, പുസ്തകത്തിൻ്റെ പ്രകാശനം ഡിസിയുടെ ഫേസ്ബുക്കിൽ വന്നത് ഞാനറിയാതെയാണെന്നും ഇതിൽ ഗൂഢാലോചനയുണ്ടെന്നും ഇപി ജയരാജൻ പറഞ്ഞു.
ബിജെപി സംസ്ഥാന പ്രസിഡൻ്റ് നേരിട്ട് വിളിച്ചു പറഞ്ഞതുപോലെയാണ് മാധ്യമങ്ങൾ ഇന്നലെ ചില വാർത്തകൾ നൽകിയതെന്ന് ബി ജെ പി നേതാവ് ശോഭ സുരേന്ദ്രൻ. എന്നാൽ പറഞ്ഞ പണിയെല്ലാം എടുക്കുന്ന ആളാണെന്ന് പിന്നീട് വാർത്താസമ്മേളനത്തിൽ അദ്ദേഹം തന്നെ വ്യക്തമാക്കി എന്നിട്ടും ഈ വാർത്തകൾ തുടരുകയാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. അതോടൊപ്പം പാലക്കാട് മുൻസിപ്പാലിറ്റിയിൽ കഴിഞ്ഞതവണത്തേക്കാൾ ഒരു കൗൺസിലറെ എങ്കിലും കൂടുതലായി ജയിപ്പിക്കാൻ വി ഡി സതീശനോട് പന്തയം വയ്ക്കുന്നുവെന്നും ശോഭാ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
പൂരം അലങ്കോലപ്പെടുത്തിയത് പൊലീസെന്ന് ആവർത്തിച്ച് തിരുവമ്പാടി ദേവസ്വം. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിൽ പൊലീസിന്റെ ഇടപെടലും വീഴ്ചകളും തിരുവമ്പാടി ദേവസ്വം ഉന്നയിച്ചു. പൂരം എഴുന്നള്ളിപ്പില്‍ പൊലീസ് ഇടപെട്ടുവെന്നും സ്വരാജ് റൗണ്ടിലെ എല്ലാ വഴികളും പൊലീസ് ബ്ലോക്ക് ചെയ്തുവെന്നും പൊതുജനത്തിന് എഴുന്നള്ളിപ്പ് കാണാനുള്ള അവസരം നിഷേധിച്ചുവെന്നും വിമർശനമുണ്ട്. കൂടാതെ പൊലീസ് ബൂട്ടിട്ട് ക്ഷേത്ര പരിസരത്ത് കയറിയെന്നും തിരുവമ്പാടി ദേവസ്വം സത്യവാങ്മൂലത്തിൽ വിമർശിക്കുന്നു.
കേരളാ ബാങ്ക് എംപ്ലോയീസ് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ കേരളാ ബാങ്ക് ജീവനക്കാർ നവംബർ 28, 29, 30 തിയതികളിൽ സംസ്ഥാന വ്യാപകമായി പണിമുടക്കും. ജീവനക്കാരുടെ കുടിശ്ശികയായ 39% ക്ഷാമ ബത്ത അനുവദിക്കുക, കാലാവധി കഴിഞ്ഞ് 3 വർഷമായ ശമ്പള പരിഷ്ക്കരണത്തിന് കമ്മിറ്റിയെ നിയമിക്കുക, ബാങ്കിലെ രണ്ടായിരത്തോളം ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുക, മലപ്പുറം ജില്ലയിലെ ജീവനക്കാരുടെ 3 വർഷമായി തടഞ്ഞുവെച്ച പ്രമോഷനുകൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളിൽ സർക്കാരും സഹകരണ മന്ത്രിയും കേരളാ ബാങ്ക് മാനേജ്മെൻ്റും സ്വീകരിക്കുന്ന നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.
മുസ്ലിം ലീഗ് നേതാവ് കെഎം ഷാജിക്കെതിരായ വിജിലൻസ് കേസ് റദ്ദാക്കിയതിന് എതിരായ ഹർജികൾ സുപ്രീംകോടതി തള്ളി. ഷാജി കൈക്കൂലി ആവശ്യപ്പെട്ടെന്ന് ഒറ്റമൊഴിയില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഷാജി പണം ചോദിച്ചെന്ന് ഒരു മൊഴിയെങ്കിലും കാട്ടിത്തരാമോ എന്ന് കോടതി ചോദിച്ചു. 54 സാക്ഷി മൊഴികൾ പരിശോധിച്ചുവെന്നും ഇങ്ങനെയെങ്കിൽ എല്ലാ രാഷ്ട്രീയക്കാരെയും ഒരോ കേസിൽ പ്രതിയാക്കാമല്ലോയെന്നും കോടതി ചോദിച്ചു.
ബിജെപി നേതാക്കൾക്കെതിരെ കോഴിക്കോട് പോസ്റ്റർ. പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കെ സുരേന്ദ്രൻ, വി മുരളീധരൻ, പി രഘുനാഥ് എന്നിവർക്കെതിരെയാണ് പോസ്റ്റർ. ഇവർ ബിജെപിയിലെ കുറുവ സംഘമാണെന്നും ഇവരെ പുറത്താക്കി ബിജെപിയെ രക്ഷിക്കൂ എന്നുമാണ് പോസ്റ്ററിലുള്ളത്. സേവ് ബിജെപി എന്ന പേരിലാണ് പോസ്റ്റർ പതിച്ചിരിക്കുന്നത്.
ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പാലക്കാട് ബിജെപി കൗണ്‍സിലര്‍മാര്‍ നേതൃത്വത്തിനെതിരെ രംഗത്തെത്തിയതിന് പിന്നാലെ പരസ്യപ്രതികരണം വിലക്കി സംസ്ഥാന നേതൃത്വം. ഇനി മാധ്യമങ്ങള്‍ക്ക് മുന്നിൽ കൗണ്‍സിലര്‍മാര്‍ പ്രതികരിക്കേണ്ടതില്ലെന്നാണ് നിര്‍ദേശം. നഗരസഭ അധ്യക്ഷ പ്രമീള ശശിധരൻ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കാണ് ഇതുസംബന്ധിച്ച നിര്‍ദേശം സംസ്ഥാന നേതൃത്വം നൽകിയത്.
പാലക്കാട് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പിന്‌ശേഷം നടന്ന ആദ്യ യോഗത്തിൽ കൈയാങ്കളി. മറ്റു വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടയിലാണ് ബിജെപിയും എല്‍ഡിഎഫും തമ്മില്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായത്. ബിജെപിയുടെ വോട്ട് എവിടെപ്പോയെന്ന് എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ചോദിച്ചതാണ് ബിജെപി പ്രതിനിധികളെ രോഷാകുലരാക്കിയത്.
എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ തെളിവുകൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം കോടതിയിൽ. ജില്ലാ കളക്ടറുടെയും പമ്പിന് അനുമതി തേടിയ പ്രശാന്തൻ്റെയും ഫോൺ കോൾ വിവരങ്ങളും ഫോൺ ലൊക്കേഷൻ വിവരങ്ങളും സംരക്ഷിക്കണമെന്നാണ് ആവശ്യം. അന്വേഷണം തടസപെടുത്തുകയല്ല ഉദ്ദേശമെന്നും അന്വേഷണത്തിന് ഉപകാരപ്പെടും വിധം തെളിവുകൾ സംരക്ഷിക്കണമെന്നും കുടുംബത്തിൻ്റെ അഭിഭാഷകൻ തലശേരി കോടതിയിൽ വ്യക്തമാക്കി.
ശബരിമല പതിനെട്ടാം പടിയിലെ പൊലീസുകാരുടെ ഫോട്ടോഷൂട്ട് വിവാദമാവുന്നു. സന്നിധാനം സ്പെഷ്യൽ ഓഫീസറോട് റിപ്പോർട്ട് തേടിയിരിക്കുകയാണ് എഡിജിപി. ഡ്യൂട്ടിയ്ക്ക് ശേഷം ആദ്യ ബാച്ചിലെ പൊലീസുകാരാണ് പതിനെട്ടാം പടിയിൽ നിന്ന് ഫോട്ടോ എടുത്തത്. ഫോട്ടോ സമൂഹമാധ്യമങ്ങളിൽ അടക്കം പ്രചരിച്ചതോടെ വിവാദമാവുകയായിരുന്നു. തുടർന്നാണ് എഡിജിപി റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
ശബരിമലയിലെത്തുന്ന ഭക്തരിൽ നിന്ന് അനധികൃതമായി വില ഈടാക്കുന്ന കടകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ഹൈക്കോടതി. ശബരിമല തീര്‍ത്ഥാടനത്തിലെ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് ഇതുസംബന്ധിച്ച നിര്‍ദേശം നൽകിയത്.
മാറനല്ലൂരിര്‍ അങ്കണവാടിയിലെ ടീച്ചർ ശുഭ ലക്ഷ്മി, ഹെല്‍പ്പര്‍ ലത എന്നിവർക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം മാറനല്ലൂർ പൊലീ്സ് കേസ് എടുത്തു. അങ്കണവാടിയിലെ ജനലില്‍ നിന്ന് വീണ് മൂന്ന് വയസുകാരിക്ക് ഗുരുതരമായി പരിക്കേറ്റ സാഹചര്യത്തിലാണ് നടപടി. വിദഗ്ധ ഉപദേശം തേടിയ ശേഷമാണ് പൊലീസ് ജാമ്യം ഇല്ല വകുപ്പ് പ്രകാരം കേസ് എടുത്തത്.
മലപ്പുറം ജില്ലയിലെ മലയോര ഗ്രാമങ്ങളിൽ കാട്ടാനകളുടെ വിളയാട്ടം കൊണ്ട് പൊറുതിമുട്ടി കർഷകർ. മൂത്തേടം പഞ്ചയത്തിലാണ് കാട്ടാനകൾ തമ്പടിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവമായി നാരങ്ങമൂലയിലും കല്‍ക്കുളം തീക്കടിയിലുമാണ് കാട്ടാന നാശം വിതച്ചത്. ഒറ്റക്കും കൂട്ടമായും എത്തുന്ന കാട്ടാനകള്‍ വ്യാപകമായി കൃഷി നശിപ്പിക്കുകയാണെന്നാണ് നാട്ടുകാർ പറയുന്നത്..
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിൽ യുവതിയുടെ പരാതിയിൽ ഭര്‍ത്താവായ രാഹുലിനെതിരെ വീണ്ടും കേസെടുത്ത് പൊലീസ്. ഇന്നലെ രാത്രി മര്‍ദനമേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഭർതൃ പീഡനം, നരഹത്യ ശ്രമം എന്നീ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയത്.
കെഎസ്ആര്‍ടിസി ബസിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ് സ്ത്രീയ്ക്ക് ദാരുണാന്ത്യം. ഇടുക്കി ഏലപ്പാറ ഏറമ്പടത്താണ് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്നും തെറിച്ചു വീണ് ഉപ്പുതറ ചീന്തലാർ സ്വദേശിനി സ്വർണ്ണമ്മ മരിച്ചത്. മലയോര ഹൈവേയിൽ കട്ടപ്പന-കുട്ടിക്കാനം റൂട്ടിൽ ചിന്നാര്‍ നാലാം മൈലിൽ വെച്ചായിരുന്നു സംഭവം.
തമിഴ്‌നാട്ടിൽ മഴ കനക്കുന്നു. ചെന്നെ അടക്കം സംസ്ഥാനത്തെ 16 ജില്ലകളിലും പുതുച്ചേരിയിലും കാരയ്ക്കലിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മഴയെ തുടർന്ന് മയിലാട്‌തുറെ, നാഗപട്ടണം, തിരുവാരൂർ ജില്ലകളിൽ വിദ്യാഭ്യാസസ്‌ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. മയിലാട്‌തുറെ അടക്കമുള്ള മേഖലകളിൽ കടൽ പ്രക്ഷുബ്‌ധമായതിനാൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വിനോദ സഞ്ചാര നൌക ചെങ്കടലിൽ മറിഞ്ഞ് വിദേശികൾ അടക്കം 18 പേരെ കാണാതായി. 28 പേരെയാണ് മുങ്ങിയ വിനോദ സഞ്ചാര നൌകയിൽ നിന്ന് രക്ഷിക്കാനായത്. ബ്രിട്ടൻ, ഫിൻലണ്ട്, ഈംജിപ്ത് സ്വദേശികളാണ് കാണാതായവരിലുള്ളത്. 13 കപ്പൽ ജീവനക്കാർ അടക്കം 44 പേരുമായ യാത്ര ആരംഭിച്ച ആഡംബര നൌകയാണ് ചെങ്കടലിൽ മുങ്ങിയത്. ഇന്നലെ വൈകുന്നേരത്തോടെയാണ് അപകടമുണ്ടായത്.
മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാവാൻ നോട്ടീസ് നൽകിയിട്ടും ഹാജരാകാത്തതിനെ തുടർന്ന് രാം ഗോപാൽ വർമയ്ക്ക് വേണ്ടി തിരച്ചിൽ തുടങ്ങി ആന്ധ്രാ പോലീസ്. ഇന്നലെ ഹൈദരാബാദിലെ വീട്ടിൽ പോലീസ് നേരിട്ട് എത്തിയിരുന്നു. തമിഴ്നാട്ടിലും പോലീസ് പരിശോധന നടത്തുന്നുണ്ട്.
അദാനിയുമായുണ്ടാക്കിയ എല്ലാ ഊർജവിതരണ കരാറുകളും ആന്ധ്ര സര്‍ക്കാര്‍ റദ്ദാക്കിയേക്കും. അദാനി ഗ്രൂപ്പ് ഉണ്ടാക്കിയ ഊർജ വിതരണ കരാറുകൾ ചന്ദ്രബാബു നായിഡു സർക്കാർ പുനഃപരിശോധിക്കും. കരാറിന് അടിസ്ഥാനമായ എല്ലാ ഫയലുകളും വിളിച്ച് വരുത്തി പരിശോധിക്കുമെന്ന് ധനമന്ത്രി പയ്യാവുല കേശവ് പറഞ്ഞു.
പ്രസിഡന്റായി ചുമതലയെടുത്താൽ മെക്സിക്കോ, കാനഡ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ഉയർന്ന തീരുവ ചുമത്തുമെന്ന് നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ചരക്കുകൾക്കും തീരുവ ചുമത്തി രാജ്യത്തിന്റെ വലിയ വ്യാപാര പങ്കാളികളെ പ്രതിസന്ധിയിലാക്കുമെന്നും ട്രംപ് അറിയിച്ചു.
ദക്ഷിണ ബെയ്റൂത്തിൽ ഇസ്രയേൽ ശക്തമായ വ്യോമാക്രമണം നടത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 31 പേർ കൊല്ലപ്പെട്ടതായി ലെബനീസ് ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥർ അറിയിച്ചു. ദക്ഷിണ ബെയ്റൂത്തിലും പരിസര പ്രദേശത്തും 25 സ്ഥലങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യം പുറത്തിറക്കിയ പ്രസ്താവനയിലും അറിയിച്ചിരുന്നു. ഹിസ്ബുല്ല കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേലിന്റെ അവകാശവാദം.
ഹിസ്ബുല്ലയുമായി അറുപത് ദിവസത്തെ വെടിനിർത്തലിന് ഒരുങ്ങി ഇസ്രയേൽ. വെടിനിർത്തലിന് ഇരു കൂട്ടരും തയ്യാറായതായാണ് റിപ്പോർട്ട്. ലെബനോനിൽ നിന്ന് ഇസ്രയേൽ സൈന്യം പിന്മാറുമെന്നും, ഇസ്രയേൽ അതിർത്തിയോട് ചേർന്ന തെക്കൻ ലെബനോനിലെ മുപ്പതു കിലോമീറ്റർ മേഖലയിൽ നിന്ന് ഹിസ്ബുല്ലയും പിന്മാറും എന്നിവയാണ് കരാറിലെ മുഖ്യ നിബന്ധനകൾ. അമേരിക്കയുടെ മധ്യസ്ഥതയിലാണ് കരാർ.