പാലക്കാട് ഉപ തെരഞ്ഞെടുപ്പ് പോളിങ് മന്ദഗതിയിലെന്ന് റിപ്പോർട്ട്. ആദ്യ അഞ്ച് മണിക്കൂറിൽ 30.48 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. ഇരട്ടവോട്ട് സിപിഎം ഉയർത്തിയെങ്കിലും ബൂത്തുകളിൽ തർക്കങ്ങൾ ഇല്ലാതെ സമാധാനപരമായി മുന്നോട്ടു പോവുകയാണ്. സിപിഎം നേതാക്കളായ കേന്ദ്ര കമ്മിറ്റി അംഗം എകെ ബാലൻ, എൻ എൻ കൃഷ്ണദാസ്, കോൺഗ്രസ് എംപി ഷാഫി പറമ്പിൽ, എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ എന്നിവർ രാവിലെ ബൂത്തുകളിലെത്തി വോട്ട് ചെയ്തു.
പാലക്കാട് നല്ല ഭൂരിപക്ഷത്തിൽ രാഹുൽ ജയിക്കുമെന്നും പാലക്കാടിന്റെ മണ്ണും മനസ്സും രാഹുൽ മാങ്കൂട്ടത്തിലിനൊപ്പമെന്നും ഷാഫി പറമ്പിൽ എംപി. എൽഡിഎഫിന് നല്ലത് ബൂമറാങ് ചിഹ്നമായിരുന്നുവെന്നും, പത്ര പരസ്യം ഉൾപ്പെടെ എല്ലാ വിവാദങ്ങളും എൽഡിഎഫിന് തിരിച്ചടിയായെന്നും ഷാഫി കൂട്ടിച്ചേർത്തു. അതോടൊപ്പം മൂന്ന് പഞ്ചായത്തിലും നഗരസഭയിലും ലീഡ് നേടി ജയിക്കുമെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെടേണ്ട വിഷയങ്ങളല്ല ചർച്ചയായതെന്ന കാര്യത്തിൽ പരിഭവമുണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
മുൻമന്ത്രിയും എംഎൽഎയുമായ ആന്റണി രാജുവിൻ്റെ തൊണ്ടി മുതൽ കേസിൽ തുടർ നടപടിയാകാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന തൊണ്ടി മുതലിൽ കൃത്രിമം കാണിച്ച് പ്രതിയെ അന്ന് അഡ്വക്കേറ്റായിരുന്ന ആന്റണി രാജു രക്ഷപ്പെടുത്തിയെന്ന കേസിലാണ് കോടതി ഉത്തരവ്. പ്രതി വിചാരണ നേരിടണമെന്നും ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നും കോടതി നിർദ്ദേശം നൽകി.
തൊണ്ടി മുതൽ കേസുമായി ബന്ധപ്പെട്ട് വിചാരണ നേരിടാൻ പറഞ്ഞാൽ നേരിടുമെന്നും അതിലൊന്നും പ്രശ്നമില്ലെന്നും മുൻമന്ത്രിയും എംഎൽഎയുമായആന്റണി രാജു. താൻ ഇവിടെ തന്നെയുണ്ടെന്നും അപ്പീൽ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിധിപകര്‍പ്പ് ലഭിച്ചശേഷം തുടര്‍ കാര്യങ്ങള്‍ തീരുമാനിക്കുമെന്നും ആന്റണി രാജു പറഞ്ഞു.
സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളുടെ മലപ്പുറം കഴിശ്ശേരിയിലെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി സന്ദീപ് വാര്യര്‍. ഇന്ത്യൻ ഭരണഘടനയുടെ കയ്യെഴുത്ത് പതിപ്പ് സന്ദീപ് വാര്യര്‍ ജിഫ്രി തങ്ങള്‍ക്ക് കൈമാറി. നമ്മുടെ നാട്ടിൽ വിദ്യാഭ്യാസ രംഗത്തും ആത്മീയ രംഗത്തും സൂര്യതേജസായി നിൽക്കുന്ന പ്രസ്ഥാനമാണ് സമസ്തയെന്ന് കൂടിക്കാഴ്ചക്കുശേഷം സന്ദീപ് വാര്യര്‍ പറഞ്ഞു. സമസ്തയുടെ സംഭാവനകള്‍ കേരളത്തിന്റെ ചരിത്രത്തിൽ സുവര്‍ണലിപികളില്‍ രേഖപ്പെടുത്തേണ്ടതാണ് അതുകൊണ്ട് ആ ഒരു ആദരവ് കൂടിയാണ് ഇവിടെ എത്തി നൽകിയതെന്നും സന്ദീപ് കൂട്ടിച്ചേർത്തു.
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സിപിഎമ്മിനോട് സഹതാപമാണെന്നും സിപിഎം വർഗീയ കോമരങ്ങളെ പോലെ പ്രവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വർഗീയത ആളിക്കത്തിച്ച് തെരഞ്ഞെടുപ്പിൽ ജയിക്കാം എന്നത് കരുതേണ്ടെന്നും ജനങ്ങൾ പരാജയപ്പെടുത്തുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
പാലക്കാട്ടെ സിപിഎം പത്ര പരസ്യം ബി.ജെ.പിയെ ജയിപ്പിക്കാനാണെന്നും
ഒരാൾ ബി.ജെ.പി. വിട്ട് കോൺഗ്രസിൽ പോയതിന് സിപിഎം എന്തിനാണ് കരയുന്നതെന്നും പികെ കുഞ്ഞാലിക്കുട്ടി. സന്ദീപ് വാര്യര്‍ക്കെതിരെ പത്രത്തിൽ കൊടുത്തത് വര്‍ഗീയ പരസ്യമാണ്. ന്യൂനപക്ഷങ്ങൾ നടത്തുന്ന പത്രങ്ങളിൽ മാത്രമാണ് പരസ്യം നൽകിയതെന്നും കുഞ്ഞാലികുട്ടി പറഞ്ഞു.
അരിയിൽ ഷുക്കൂർ വധക്കേസ് കൊച്ചി സിബിഐ കോടതി അടുത്ത മാസം ഒമ്പതാം തീയതി വീണ്ടും പരിഗണിക്കും. ഇന്ന് വിചാരണ തുടങ്ങുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയാകാത്തതിനാൽ നീട്ടി വെയ്ക്കുകയായിരുന്നു. സിപിഎം നേതാക്കളായ ടി വി രാജേഷും പി ജയരാജനമുൾപ്പെടെ 31 പേരാണ് കേസിലെ പ്രതികൾ.
ഡ്രൈവിംഗ് ടെസ്റ്റ് പാസ്സായാൽ അന്നു തന്നെ ഡിജിറ്റൽ ലൈസൻസ് ഡൗൺലോഡ് ചെയ്യാമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. പൊലീസായാലും എംവിഡി ആയാലും ചോദിച്ചാൽ ഫോണിലെ ഡിജിറ്റൽ ലൈസൻസ് കാണിച്ച് കൊടുത്താൽ മതിയെന്നും പ്രിന്റഡ് ലൈസൻസിനായി നിർബന്ധിക്കരുതെന്ന് ഇന്ത്യയുടെ മോട്ടോർ വെഹിക്കിൾ ആക്ടിൽ പറഞ്ഞിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഡിജിറ്റൽ ലൈസൻസിന് 200 രൂപ സർവീസ് ചാർജ് ഏർപ്പെടുത്തിയെന്ന വ്യാജ പ്രചാരണം അടുത്ത കാലത്തുണ്ടായി അങ്ങനെയൊരു ദ്രോഹം സർക്കാർ ചെയ്യില്ലെന്നും മന്ത്രി പറഞ്ഞു.
ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് പോയ സന്ദീപ് വാര്യരെ ക്രിസ്റ്റല്‍ ക്ളിയര്‍ എന്ന് വിശേഷിപ്പിരുന്നുവെന്ന ആക്ഷേപം തള്ളി സിപിഎം നേതാവ് ഏകെബാലന്‍. ക്രിസ്റ്റൽ ക്ലിയർ എന്ന് പറഞ്ഞത് സരിനുമായി ബന്ധപ്പെട്ട ചോദ്യത്തിനുള്ള മറുപടിയായിരുന്നുവെന്നും അത് സന്ദീപ് വാര്യരെ ഉദ്ദേശിച്ചായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിഷലിപ്തമായ കാര്യങ്ങൾ മത ന്യൂനപക്ഷങ്ങൾക്ക് എതിരെ പറഞ്ഞ ആളാണ് സന്ദീപ് അറേബ്യയിലെ എല്ലാ സുഗന്ധ ദ്രവ്യം കൊണ്ടും അത് ഇല്ലാതാക്കാൻ കഴിയില്ലെന്നും ബാലൻ പറഞ്ഞു.
സന്ദീപ് വാര്യരുടെ ഭൂമി കൈമാറ്റം അമ്മ ജീവിച്ചിരുന്ന കാലത്തുള്ള കാര്യമാണെന്ന് കെ മുരളീധരൻ. അദ്ദേഹമായിട്ട് എഴുതി കൊടുത്തതല്ലെന്ന് പറഞ്ഞുവെന്നും ഒരു വര്‍ഷത്തിനുള്ളില്‍ ആര്‍എസ്എസ് ഭൂമി ഏറ്റെടുത്തില്ലെങ്കില്‍ പൊതു നന്മക്കായി ഭൂമി വിട്ടു നല്‍കുമെന്ന് സന്ദീപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ടെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഔറങ്ങസേബ് നയമാണ് പിന്തുടരുന്നതെന്ന് ബിജെപി നേതാവ് അഡ്വ.ബി.ഗോപാലകൃഷ്ണന്. ക്ഷേത്ര വിരുദ്ധ നിലപാടാണ് അദ്ദേഹം പിൻതുടരുന്നതെന്നും ഹൈകോടതിയിൽ പൂരവുമായി ബന്ധപ്പെട്ട് കൊച്ചിൻ ദേവസ്വം ബോര്‍ഡ് നൽകിയ സത്യവാങ്മൂലം രാഷ്ട്രീയപ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു . ഇടതുപക്ഷത്തിന്റെ നാവായാണ് കൊച്ചിൻ ദേവസ്വം ബോർഡ് പ്രവർത്തിക്കുന്നതെന്നും പൂരം അലങ്കോലമാക്കിയത് കൊച്ചിൻ ദേവസ്വവും ഇടതു പക്ഷവും ചേർന്നാണെന്നും അദ്ദേഹം കുട്ടിച്ചേർത്തു.
സൂപ്പർ താരം ലയണൽ മെസി അടക്കം അർജന്റീന ടീം കേരളത്തിലേക്ക് വരുമെന്ന് സ്ഥിരീകരിച്ച് മന്ത്രി അബ്ദുറഹ്മാൻ. സ്പെയിനിൽ വെച്ച് അർജന്റീന ടീം മാനേജ്മെന്റുമായി ചർച്ച നടത്തിയെന്നും അടുത്ത വർഷം കേരളത്തിൽവെച്ച് മത്സരം നടക്കുമെന്നും മത്സരത്തിനായി കൊച്ചിക്കാണ് പ്രഥമ പരിഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. എതിർ ടീം ആരെന്ന് പിന്നീട് പ്രഖ്യാപിക്കും ഇതിന് മുന്നോടിയായി ഫിഫ ഉദ്യോഗസ്ഥർ കേരളത്തിൽ വരുമെന്നും മഞ്ചേരി സ്റ്റേഡിയത്തിൽ 20000 കാണികളെ പറ്റൂ അത് കൊണ്ടാണ് കൊച്ചി പരിഗണിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു.
തൃശൂർ കോർപ്പറേഷൻ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ 5 ഹോട്ടലുകളിൽ നിന്നായി പഴകിയ ഭക്ഷണം പിടികൂടി. ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ നാല് സ്ക്വാഡുകൾ ആയി തിരിഞ്ഞ് 34 ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. 21 ഹോട്ടലുകൾക്ക് ന്യൂനതകൾ പരിഹരിക്കാൻ നോട്ടീസ് നൽകി. 5 ഹോട്ടലുകൾക്ക് പിഴ അടപ്പിച്ചു.
കോഴിക്കോട് എളേറ്റില്‍ വട്ടോളി ഇയ്യാട് റോഡില്‍ പ്രവര്‍ത്തിക്കുന്ന ഐസ് മി എന്ന സ്ഥാപനത്തിൽ പാക്കിംഗിനെടുക്കുന്ന ഐസുകള്‍ രുചിച്ചു നോക്കി പാക്ക് ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. കുട്ടികള്‍ക്ക് വേണ്ടി ഐസ് വാങ്ങാന്‍ എത്തിയ മങ്ങാട് സ്വദേശി സജിത്താണ് ഇത് കണ്ടത്. മൊബൈല്‍ ഫോണില്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ സജിത്ത് പിന്നീട് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയായിരുന്നു. ഇതേ തുടർന്ന് പോലീസ് സ്ഥലത്തെത്തി കട സീല്‍ ചെയ്തു.
സജീവ രാഷ്ട്രീയത്തിൽ ഇനിയുണ്ടാകില്ലെന്ന് മുൻ എംഎൽഎ അയിഷ പോറ്റി. ആരോഗ്യ പ്രശ്നങ്ങൾ കാരണമാണ് ഒഴിവാകുന്നതെന്നും ഓടി നടക്കാൻ പറ്റുന്നവർ പാർട്ടിയിലേക്ക് വരട്ടെയെന്നും , ഒന്നും ചെയ്യാൻ കഴിയാതെ കടിച്ചു തൂങ്ങുന്നത് ശരിയല്ലെന്നും അയിഷ പോറ്റി വ്യക്തമാക്കി. മൂന്ന് തവണ കൊട്ടാരക്കര മണ്ഡലത്തെ പ്രതിനിധീകരിച്ച എംഎൽഎയാണ് അയിഷ പോറ്റി.
സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന്റെ കേസ് റിയാദിലെ ക്രിമിനൽ കോടതി ഇനി പരിഗണിക്കുന്നത് ഡിസംബർ എട്ടിന്. അന്ന് രാവിലെ 9.30-ന് സമയം നൽകിയതായി റിയാദ് റഹിം സഹായ സമിതി അറിയിച്ചു.
തിരുവനന്തപുരം മുണ്ടേല രാജീവ് ഗാന്ധി റസിഡന്‍സ് വെല്‍ഫെയര്‍ സഹകരണ സംഘം പ്രസിഡന്റ് മുണ്ടേല മോഹനനെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ കാട്ടാക്കട അമ്പൂരി തേക്കുപാറയിലെ സ്വന്തം റിസോര്‍ട്ടിന് പുറകിലാണ് മോഹനനെ മരിച്ച നിലയിൽ കണ്ടെത്തിയത്. നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകും.
ഭാര്യയുടെ മയ്യിത്ത് നമസ്കാരം ആരംഭിക്കാനിരിക്കെ ഭർത്താവ് പള്ളിയിൽ കുഴഞ്ഞുവീണു മരിച്ചു. ഭാര്യ റംലയുടെ (62) മയ്യിത്ത് നമസ്കാരത്തിന് ഒരുങ്ങവേയാണ് ഭർത്താവ് ചാലിൽ മൊയ്തീൻ (76) കുഴഞ്ഞുവീണ് മരിച്ചത്. മൊയ്തീനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വിവാഹാഭ്യർത്ഥന നിരസിച്ചതിനു അധ്യാപികയെ ക്ലാസ് മുറിയിൽ കയറി കുത്തിക്കൊന്നു. ക്ലാസിൽ കുട്ടികളെ പഠിപ്പിക്കുന്നതിനിടെയാണ് കൊലപാതകം. തഞ്ചാവൂർ മല്ലിപ്പട്ടണം സ്വദേശി എം രമണി (26) ആണ് മരിച്ചത്. സംഭവത്തില്‍ പ്രതിയായ എം മദൻ (30) അറസ്റ്റിലായി. ഇയാളുടെ വിവാഹഭ്യര്‍ത്ഥന നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.
2018ൽ സിനിമയിൽ അഭിനയിക്കുന്നതിനായി 30 ലക്ഷം രൂപ തമിഴ്നാട് ഉപമുഖ്യമന്ത്രിയും സിനിമാ താരവുമായ ഉദയനിധി സ്റ്റാലിന് നൽകിയെന്നും കോവിഡിന് ശേഷംഎംഎൽഎ ആയതോടെ താരം ഒഴിഞ്ഞുമാറിയെന്ന പരാതിയുമായി സിനിമ നിർമാതാവ് ആർ.ശരവണൻ. എന്നാൽ 25 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. മന്ത്രിയായശേഷം ഉദയനിധി അഭിനയം മതിയാക്കിയിരുന്നു.
68 പേർ മരിച്ച കള്ളക്കുറിച്ചി വിഷമദ്യദുരന്തത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. സംഭവത്തിൽ തമിഴ്നാട് സർക്കാരിനെയും പൊലീസിനെയും കോടതി വിമർശിച്ചു. വ്യാജമദ്യത്തിന്റെ ഒഴുക്ക് പൊലീസ് അറിഞ്ഞില്ലെന്ന വാദം ഞെട്ടിക്കുന്നുവെന്നും കോടതി പരാമർശിച്ചു. കള്ളക്കുറിച്ചിയിൽ പൊലീസ് കണ്ണടച്ചെന്ന് വിമർശിച്ച കോടതി ദുരന്തം സമൂഹത്തിനുള്ള മുന്നറിയിപ്പ് കൂടിയാണെന്നും ചൂണ്ടിക്കാട്ടി.
തിയറ്ററുകളിൽ റിവ്യൂ വേണ്ടെന്ന് തമിഴ്നാട്ടിലെ സിനിമ നിര്‍മാതാക്കള്‍. ഇതുസംബന്ധിച്ച കത്ത് തമിഴ്നാട്ടിലെ തിയറ്ററര്‍ ഉടമകള്‍ക്ക് സിനിമ നിര്‍മാതാക്കള്‍ കൈമാറി. സിനിമ റിലീസായ ഉടനെ റിവ്യൂ ബോംബിങ് നടത്തുന്നത് സിനിമയെ ബാധിക്കുന്നുണ്ടെന്നാണ് സിനിമ നിര്‍മാതാക്കള്‍ വ്യക്തമാക്കുന്നത്.
ദില്ലിയിലെ പകുതി സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ഏർപ്പെടുത്തി. മലിനീകരണം കുറയ്ക്കുന്നതിനായാണ് അടിയന്തര നടപടി. ദില്ലി സർക്കാരിന് കീഴിലെ ഓഫീസുകളിലാണ് നിയന്ത്രണം കടുപ്പിച്ചത്. മലിനീകരണ തോത് കുത്തനെ ഉയർന്ന സാഹചര്യത്തിൽ ഇന്ന് വീണ്ടും അടിയന്തര യോഗം ചേരുമെന്നും മന്ത്രി ഗോപാൽ റായ് വ്യക്തമാക്കി.
കശ്മീരിനെ ദില്ലിയുമായി ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് ട്രെയിൻ ഉടൻ യാഥാർത്ഥ്യമാകുമെന്ന് റെയിൽവേ സഹമന്ത്രി രവ്നീത് സിംഗ്. ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്കിൽ കശ്മീരിനെ ദില്ലിയുമായി ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരിയിൽ ഉദ്ഘാടനം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഇത് ടൂറിസം മേഖലയ്ക്കും കൂടുതൽ കരുത്ത് പകരുമെന്നും രവ്നീത് സിംഗ് കൂട്ടിച്ചേർത്തു.
ദക്ഷിണ അമേരിക്കൻ രാജ്യമായ ഗയാനയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള സ്വീകരണം. അഞ്ച് ദിവസത്തെ വിദേശ സന്ദർശനത്തിന്റെ ഭാഗമായാണ് മോദി ഇന്ന് ഗയാനയിൽ എത്തിയത്. 56 വർഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗയാനയിലെത്തുന്നത്. ഗയാനയുടെ പരമോന്നത ദേശീയ പുരസ്കാരമായ ‘ദ ഓർഡർ ഓഫ് എക്സലൻസ്’, ബാർബഡോസിന്റെ ഉന്നത ബഹുമാതിയായ ‘ഓണററി ഓർഡർ ഓഫ് ഫ്രീഡം ഓഫ് ബാർബഡോസ്’ എന്നിവ മോദിക്ക് സമ്മാനിക്കും.
വോട്ടിന് കോഴ ആരോപണം നിഷേധിച്ച് ബിജെപി ദേശീയ സെക്രട്ടറി വിനോദ് ഭാവഡെ. തനിക്കെതിരെയുള്ളത് വെറും ആരോപണം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. തൻറെ കയ്യിൽ നിന്നും പണം ഒന്നും പിടിച്ചെടുത്തിട്ടില്ലെന്നും അഞ്ചു കോടി രൂപ പിടിച്ചെടുത്തു എന്നാണ് രാഹുൽ ഗാന്ധിയും സുപ്രിയ സുലൈയും പറയുന്നത് അങ്ങനെയെങ്കിൽ ആ പണം എവിടെയെന്ന് അവർ കാണിച്ചുതരണമെന്നും അദ്ദേഹം പറഞ്ഞു.
ഗാസയിൽ അപൂർവ സന്ദർശനം നടത്തി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. യുദ്ധം അവസാനിക്കുന്നതോടെ ഹമാസ് ഇനി ഒരിക്കലും പലസ്തീൻ ഭരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രായേൽ സായുധ സേന ഹമാസിൻ്റെ സൈനിക ശേഷി പൂർണ്ണമായും നശിപ്പിച്ചെന്ന് പറഞ്ഞ നെതന്യാഹു ഹമാസിനെ ഉന്മൂലനം ചെയ്യുമെന്ന തൻ്റെ പ്രതിജ്ഞ ആവർത്തിക്കുകയും ചെയ്തു.
ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ ഗാസയിൽ പട്ടിണിയിലായ പാലസ്തീൻകാർക്ക് ഭക്ഷണവുമായി എത്തിയ യുഎൻ വാഹനങ്ങൾ കൊള്ളയടിച്ചതായി റിപ്പോർട്ട്. ഭക്ഷണം അടക്കമുള്ള സഹായവുമായി എത്തിയ 109 യുഎൻ ലോറികളാണ് ശനിയാഴ്ച ഗാസയിൽ തട്ടിയെടുത്തത്. പാലസ്തീനിലെ അഭയാർത്ഥികൾക്കായി പ്രവർത്തിക്കുന്ന യുഎൻ ഏജൻസിയായ യുണൈറ്റഡ് നേഷൻസ് റീലീഫ് ആൻഡ് വർക്സ് ഏജൻസിയുടെ വാഹന വ്യൂഹമാണ് ആയുധങ്ങളുമായി എത്തിയവർ തട്ടിയെടുത്തത്.
സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാല്‍ ടെന്നീസില്‍നിന്ന് വിരമിച്ചു. കരിയറിലെ അവസാന ടൂര്‍ണമെന്റായ ഡേവിസ് കപ്പിലെ അവസാന മത്സരത്തില്‍ തോല്‍വിയോടെയാണ് പടിയിറക്കം. ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്സിന്റെ ബോട്ടിക് വാന്‍ ഡി സാന്‍ഡ്ഷല്‍പ്പിനോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുകയായിരുന്നു. 22 ഗ്രാന്‍ഡ്സ്ലാം ഉള്‍പ്പെടെ 92 കിരീടങ്ങള്‍ നേടിയിട്ടുണ്ട് ഈ മുപ്പത്തെട്ടുകാരന്. 22 വര്‍ഷം നീണ്ട കരിയറിനാണ് അവസാനമാവുന്നത്.