Screenshot 20241026 141546 1

പാലക്കാട് ഇരട്ടവോട്ടുള്ളവർ വോട്ട് ചെയ്യാനെത്തുമ്പോൾ ഫോട്ടോ പകർത്തുമെന്ന് ജില്ലാ കളക്ടർ ഡോ.എസ്.ചിത്ര പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ മൊബൈൽ ആപ്പിൽ ഈ ചിത്രം അപ്‌ലോഡ് ചെയ്യുമെന്നും സത്യവാങ്മൂലം എഴുതിവാങ്ങുമെന്നും കളക്ടർ പറഞ്ഞു. മറ്റേതെങ്കിലും ബൂത്തിൽ വീണ്ടും വോട്ട് ചെയ്യാൻ ശ്രമിച്ചാൽ നിയമ നടപടി സ്വീകരിക്കുമെന്നും. പാലക്കാടിനു പുറമേ മറ്റേതെങ്കിലും നിയോജക മണ്ഡലത്തിൽ വോട്ടുള്ളവരുടെ പേര് പാലക്കാട്ടെ പട്ടികയിൽ നിലനിർത്തുമെന്നും ഇവരുടെ മറ്റു മണ്ഡലത്തിലെ വോട്ട് ഒഴിവാക്കുമെന്നും കളക്ടർ വ്യക്തമാക്കി.

 

 

 

 

തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ഇരട്ട വോട്ടിൽ നിയമ പോരാട്ടം നടത്തുമെന്ന് പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു. ബിഎൽഒമാരുടെ ഭാഗത്താണ് പിഴവുണ്ടായതെന്ന് കുറ്റപ്പെടുത്തിയ കെ സുരേന്ദ്രൻ സിപിഎം ഇപ്പോൾ വിലപിച്ചിട്ട് എന്താണ് കാര്യമെന്നും ചോദിച്ചു. ഇരട്ട വോട്ടിൽ ആദ്യം പരാതി ഉന്നയിച്ചത് തങ്ങളാണെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലും പ്രതികരിച്ചു.

 

 

 

 

പാലക്കാട് കൊട്ടിക്കലാശം ആയപ്പോഴേക്കും യുഡിഎഫ് ആവേശക്കൊടുമുടിയിലാണെന്നും ഇതുവരെ കണ്ടതിലും മികച്ച ടീം വര്‍ക്ക് നടത്തിയ യുഡിഎഫ് പ്രവര്‍ത്തകരോട് നന്ദി പറയുകയാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പാലക്കാട് രാഹുലിന്‍റെ ഭൂരിപക്ഷം 15,000 കടക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

 

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് ചരിത്ര വിജയം നേടുമെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ചേലക്കരയിൽ എൽഡിഎഫ് മികച്ച വിജയം നേടും. വയനാട് നില മെച്ചപ്പെടുത്തുമെന്നും പാലക്കാട്‌ ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയവാദികൾ എൽഡിഎഫിനെതിരെ പ്രവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം മുഖ്യമന്ത്രിയുടെ പാണക്കാട് തങ്ങള്‍ക്കെതിരായ പരാമർശം പാർട്ടിയുടെ മുൻ നിലപാടാണെന്നും ലീഗ് വർഗീയ ശക്തികളുടെ തടങ്കലിലാണ് പാണക്കാട് തങ്ങൾ രാഷ്ട്രീയ പാർട്ടിയുടെ നേതാവാണ് തങ്ങളെ വിമർശിക്കാൻ പാടില്ല എന്ന് പറയുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

 

 

കോൺഗ്രസിൽ ചേരുന്ന പ്രാദേശിക നേതാവ് പോലും പാണക്കാട് തങ്ങളെ കാണണം എന്ന നിലയിലേക്ക് നാട് മാറിയെന്നും എന്ത് കൊണ്ട് മറ്റ് സമുദായ നേതാക്കളെ കാണുന്നില്ലെന്നും ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. എന്ത് കൊണ്ട് കോൺഗ്രസിൽ ചേരുന്നവർ ക്രൈസ്തവ സഭാ മേലധ്യക്ഷൻമാരെ കാണുന്നില്ലെന്നും വെള്ളാപ്പള്ളി, സുകുമാരൻ നായർ എന്നിവരെ കണ്ട് അനുഗ്രഹം വാങ്ങുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. പാലക്കാട്ടെ കോൺഗ്രസ് മുൻപ് എല്ലാവരെയും ഉൾക്കൊണ്ട കോൺഗ്രസായിരുന്നു ഇന്ന് ഷാഫിയും ,സതീശനും കോൺഗ്രസിനെ ഒരു കൂട്ടരുടെ ആലയില്‍ കെട്ടിയെന്നും സുരേന്ദ്രൻ വിമർശിച്ചു.

 

 

 

 

കള്ളപ്പണത്തിന്‍റെ മുകളിലിരിക്കുന്ന താപസനാണ് കെ സുരേന്ദ്രനെന്നും അങ്ങനെയുള്ള ആളാണ് തന്നെ ശപിച്ചതെന്നും പ്രതിപക്ഷനേതാവ് വിഡി സതീശൻ. വിഡി സതീശൻ കണ്ടകശനിയാണെന്നും അതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നതെന്നുമായിരുന്നു കെ സുരേന്ദ്രന്‍റെ പരിഹാസം.

 

 

 

മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരേയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനക്കെതിരെ മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. പാണക്കാട് തങ്ങളുടെ മെക്കിട്ട് കയറാൻ വന്നാൽ കൈയും കെട്ടി നോക്കി നിൽക്കില്ലെന്നും പിണറായി വിജയൻ സംഘി ആണെന്നും കെഎം ഷാജി വിമർശിച്ചു. പാണക്കാട് തങ്ങളെ അളക്കാൻ മുഖ്യമന്ത്രി വരേണ്ടെന്നും ചന്ദ്രികയിലെ മുഖപ്രസംഗത്തിൽ ഷാജി പറയുന്നു.

 

 

 

ബാബറി മസ്ജിദ് തകർത്തതിനെക്കുറിച്ച് ചോദിക്കുമ്പോൾ ജാംബവാന്റെ കാലത്തെ രാഷ്ട്രീയം പറയേണ്ടതില്ല എന്നാണ് കെപിസിസി പ്രസിഡന്‍റ്റ് കെ സുധാകരൻ പറയുന്നതെന്നും ഇതാണോ കോൺഗ്രസിന്റെ നിലപാടെന്നും ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു. ബാബറി മസ്ജിദിന്‍റെ മിനാരങ്ങൾ ആർഎസ്എസുകാർ തകർത്തത് കോൺഗ്രസിന് സംബന്ധിച്ചിടത്തോളം പ്രസക്തമല്ലാത്ത വിഷയമാണോയെന്നും അദ്ദേഹം ചോദിച്ചു.

 

 

 

ഉജ്വലമായ മതേതരത്വത്തിന്‍റെ മാതൃക പുലർത്തുന്നയാളാണ് പാണക്കാട് തങ്ങളെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുഖ്യമന്ത്രിയുടെയും സുരേന്ദ്രന്‍റെയും ഒരേ ശബ്ദമാണെന്നും ഭൂരിപക്ഷ വർഗീയത ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭരണത്തിന്‍റെ വിലയിരുത്തലാകും ഈ ഉപതെരഞ്ഞെടുപ്പ് എന്ന് പറയാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്നും പ്രതിപക്ഷത്തിന്‍റെ വിലയിരുത്തൽ ആകുമെന്ന് പറയാൻ ഞങ്ങൾക്ക് ആത്മവിശ്വാസക്കുറവില്ലെന്നും സന്ദീപ് കോൺഗ്രസിൽ വന്നതിന് മുഖ്യമന്ത്രിക്ക് എന്തിനാണ് അസ്വസ്ഥതയെന്നും വിഡി സതീശൻ ചോദിച്ചു.

 

 

മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരേയുള്ള മുഖ്യമന്ത്രിപിണറായി വിജയന്‍റെ പരാമർശം പൊളിറ്റിക്കൽ അറ്റാക്ക് അല്ലെന്നും ഇടയ്ക്കിടെ ഉള്ളിലെ സംഘി പുറത്തേക്ക് വരുന്നതാണെന്നും പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. പിആർ ഏജൻസികൾ ഒളിപ്പിച്ച് വെച്ചിരിക്കുന്ന പിണറായി വിജയനിലെ സംഘി ഇടക്ക് പുറത്തേക്ക് വരുകയാണെന്നും ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ പറയേണ്ട രീതിയിലുള്ള പ്രതികരണമാണ് പിണറായി പറഞ്ഞതെന്നും രാഹുൽ പറഞ്ഞു.

 

 

 

മുനമ്പത്ത് റീസർവെ നടത്തുമെന്നത് ചിലരുടെ ഭാവനാസൃ‌ഷ്‌ടിയാണെന്ന് മന്ത്രി പി രാജീവ്. അഞ്ച് മിനിറ്റ് കൊണ്ട് പരിഹരിക്കാവുന്ന പ്രശ്നമാണ് മുനമ്പത്തേതെന്ന് പറയുന്നവർക്ക് വിഷയം വ്യക്തമായി അറിയില്ലെന്നും ഇവിടെ ശാശ്വത പരിഹാരത്തിനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചർച്ചക്ക് ശേഷം മാത്രമേ ഇക്കാര്യത്തിൽ പരിഹാരത്തിലേക്ക് പോകാനാവൂവെന്നും മുനമ്പത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

 

ആനയെയും മോഹൻലാലിനെയും കെ.മുരളീധരനെയും എത്ര കണ്ടാലും മലയാളിക്ക് മടുക്കില്ലെന്ന് സന്ദീപ് വാര്യര്‍. ഏറ്റവും ഇഷ്ടമുള്ള നേതാവാണ് അദ്ദേഹമെന്നും പഴയ പ്രത്യാശാസ്ത്രത്തിന്‍റെ പേരിൽ മുരളീധരനെ വിമർശിച്ചിട്ടുണ്ട് എന്നാൽ താൻ ഇപ്പോൾ കോൺഗ്രസുകാരനാണെന്നും മുരളിയേട്ടനും കോൺഗ്രസിനും ഒപ്പം ഇനി ഉണ്ടാകുമെന്നും സന്ദീപ് പറഞ്ഞു. ശ്രീകൃഷ്ണപുരത്തെ പരിപാടിയില്‍ കെ മുരളീധരൊപ്പം വേദി പങ്കിട്ട് സംസാരിക്കുകയായിരുന്നു സന്ദീപ് വാര്യർ.

 

 

 

സി പി എം പിന്തുണയിൽ കോൺഗ്രസ് വിമതർ വിജയിച്ച ചേവായൂര്‍ സര്‍വീസ് സഹകരണബാങ്ക് തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിക്കും. മെഡിക്കല്‍ കോളേജ് എ സി പിയുടെ നേതൃത്തിലുള്ള പൊലീസ് സി പി എം അതിക്രമങ്ങള്‍ കയ്യും കെട്ടി നോക്കി നിന്നെന്നും വ്യാപകമായി കള്ളവോട്ടുകളും അട്ടിമറിയും നടന്നിട്ടും റിട്ടേണിംഗ് ഓഫീസര്‍ പക്ഷപാതം കാണിച്ചെന്നുമാണ് കോണ്‍ഗ്രസിൻ്റെ പരാതി.

 

 

 

ഇന്ത്യയുടെ സ്വന്തം ബഹിരാകാശനിലയം 2035-ഓടെ പൂര്‍ണമായും കമ്മിഷന്‍ ചെയ്യാനാകുമെന്ന് ഗഗന്‍യാന്‍ പ്രോജക്ട് ഡയറക്ടര്‍ ഡോ.എം. മോഹന്‍. ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന ശാസ്ത്രമേളയില്‍ പങ്കെടുക്കവേ വിദ്യാര്‍ഥികളുടെ സംശയങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

 

 

 

സീരിയൽ മേഖലയിൽ സെൻസറിംഗ് ആവശ്യമാണെന്നും തെറ്റായ സന്ദേശങ്ങൾ സമൂഹത്തിലേക്ക് എത്തുന്നുണ്ടെന്നും സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷ പി സതീദേവി അഭിപ്രായപ്പെട്ടു. സീരിയൽ മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന നിരവധി പേരുണ്ടെന്നും സീരിയൽ രംഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങൾ കമ്മീഷന്റെ പരിഗണനയിലുണ്ടെന്നും പി സതീദേവി അറിയിച്ചു. അതോടൊപ്പം മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷയുടെ പരാതിയിൽ പാലക്കാട് കോൺഗ്രസ് വനിത നേതാക്കളുടെ മുറികളിൽ പരിശോധന നടത്തിയ സംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടുവെന്നും വനിത കമ്മീഷൻ അധ്യക്ഷ അറിയിച്ചു.

 

 

 

കുന്നംകുളം അഞ്ഞൂരിൽ വീടിന് തീയിട്ടു. വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന അജിത്തിന്റെ വീടിനാണ് ഇന്നലെ രാത്രി തീയിട്ടത്. അഞ്ഞൂർ പള്ളിപ്പെരുന്നാളുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം നടന്നിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് അക്രമമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

 

 

 

നാടുകാണി ചുരത്തിൽ പോത്തിന്റെ ജഡം തള്ളാനുള്ള ശ്രമം നാട്ടുകാരും പൊലീസും ഇടപെട്ട് തടഞ്ഞു. ആനമറി വനം ചെക്കുപോസ്റ്റ് ജീവനക്കാർ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ചത്ത പോത്തുമായെത്തിയ കർണാടക രജിസ്ട്രേഷൻ ലോറി പിടികൂടിയത്. തുടർന്ന് വഴിക്കടവ് എസ്.ഐ ഒ.കെ വേണുവിന്റെ നേതൃത്വത്തിൽ പോലിസ് സ്ഥലത്തെത്തി ലോറിയിലുണ്ടായിരുന്നവരുമായി സംസാരിച്ചതിനെ തുടർന്ന് മുണ്ടയിലെ ഒരു സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ പോലീസിന്റെ സാന്നിധ്യത്തിൽ പോത്തിന്റെ ജഡം ജെ.സി.ബി ഉപയോഗിച്ച് കുഴിച്ചിടുകയായിരുന്നു.

 

 

 

 

പൊന്നാനിയിലെ മത്സ്യത്തൊഴിലാളികളുടെ വലകൾ മോഷ്ടിച്ച് വിൽപ്പന നടത്തിയ പ്രതിയെ പോലീസ് പിടികൂടി. പൊന്നാനി കോടതിപടി കുട്ടൂസാക്കാനകത്ത് സഫീൽ (24) ആണ് അറസ്റ്റിലായത്. പൊന്നാനി ഹാർബർ, കോടതിപടി ഭാഗങ്ങളിൽനിന്ന് മത്സ്യബന്ധന ഉപകരണങ്ങൾ രാത്രികാലങ്ങളിൽ മോഷ്ടിച്ച് വിൽപന നടത്തുകയായിരുന്നു സഫീൽ.

 

 

പാലക്കാട് ചെർപ്പുളശ്ശേരിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. മാങ്ങോട് പിഷാരിക്കൽ ക്ഷേത്രത്തിനു സമീപത്തെ സുനിതയാണ് കുത്തേറ്റ് മരിച്ചത്. നെഞ്ചിലും വാരിയെല്ലിലുമാണ് കുത്തേറ്റത്. കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് സത്യനുമായി ഉണ്ടായ തർക്കം ആണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു.

 

 

 

എറണാകുളത്ത് വാഹനാപകടത്തിൽ യുവതിയും യുവാവും മരിച്ചു. തൃപ്പൂണിത്തുറ മാത്തൂർ പാലത്തിനു മുകളിൽ വച്ചുണ്ടായ അപകടത്തിൽ വയനാട് മേപ്പാടി കടൂർ സ്വദേശിയായ നിവേദിത (21), കൊല്ലം വെളിച്ചിക്കാല സ്വദേശി സുബിൻ (19) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച ബൈക്ക് പാലത്തിൻ്റെ കൈവരിയിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.

 

 

ഗുജറാത്തിലെ മെഡിക്കൽ കോളേജിലെ സീനിയർ വിദ്യാർത്ഥികളുടെ റാഗിങിനിടെ എംബിബിഎസ് ഒന്നാം വർഷ വിദ്യാർത്ഥി മരിച്ചു. ധർപൂർ പതാനിലെ ജിഎംഇആർഎസ് മെഡിക്കൽ കോളേജിലാണ് സംഭവം. 18 വയസുകാരനായ അനിൽ മെതാനിയ ആണ് മരിച്ചത്.

 

 

 

മംഗളൂരു സോമേശ്വരയിലുള്ള റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ബീച്ച് റിസോർട്ട് ഉടമ മനോഹർ, മാനേജർ ഭരത് എന്നിവരെയാണ് ഉള്ളാൽ പൊലീസ് അറസ്റ്റ് ചെയ്തത്. റിസോർട്ടിന്‍റെ ട്രേഡ് ലൈസൻസും ടൂറിസം പെർമിറ്റും റദ്ദാക്കി. സുരക്ഷാക്രമീകരണങ്ങൾ ഇല്ലാതെയാണ് നീന്തൽകുളം പ്രവർത്തിപ്പിച്ചതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

 

 

 

മണിപ്പൂരിൽ രണ്ട് എംഎൽഎമാരുടെ വീടുകൾക്ക് കൂടി ഇന്നലെ വൈകിട്ട് തീയിട്ടുവെന്ന് റിപ്പോർട്. അസമിൽ നദിയിൽ നിന്ന് 2 മൃതദേഹങ്ങൾ കൂടി കണ്ടെത്തി, ഇത് മണിപ്പൂരിൽ നിന്നുള്ളവരുടേതാണെന്ന് കരുതുന്നു. മണിപ്പൂരിലെ സ്ഥിതി വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തിൽ ദില്ലിയിൽ ഇന്നുച്ചയ്ക്ക് യോഗം ചേരും. രണ്ട് ദിവസത്തിനിടെ മണിപ്പൂരിൽ 13 എംഎൽഎമാരുടെ വീടുകളാണ് ആക്രമിക്കപ്പെട്ടത്.

 

 

 

ദില്ലിയിലെ വായു മലിനീകരണത്തിൽ ദില്ലി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. മലിനീകരണം നിയന്ത്രിക്കുന്നതിന് സർക്കാർ എന്ത് നടപടികളാണ് എടുത്തതെന്ന് കോടതി ചോദിച്ചു. ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ സ്റ്റേജ് 3 നടപ്പിലാക്കാൻ വൈകിയതിനെ വിമർശിച്ച കോടതി ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിലവിലെ നിയന്ത്രണങ്ങൾ പിൻവലിക്കരുതെന്ന് താക്കീത് നൽകി.

 

 

വായു മലിനീകരണത്തിൽ ശ്വാസം മുട്ടി ദില്ലി. കാഴ്ചാപരിധി 200 മീറ്ററിൽ താഴെയായി കുറഞ്ഞു. ഇന്ന് പലയിടങ്ങളിലും രേഖപ്പെടുത്തിയ വായുഗുണ നിലവാര സൂചിക 700നും മുകളിലാണ്. മലിനീകരണ തോത് അപകടാവസ്ഥയിലെത്തിയതോടെ ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ സ്റ്റേജ് 4 ആണ് ഇന്ന് മുതൽ ദില്ലിയിൽ നടപ്പിലാക്കുന്നത്.

 

 

 

അണ്ണാ ഡിഎംകെയുമായി സഖ്യചർച്ച നടത്തിയെന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമെന്ന് നടൻ വിജയ് അധ്യക്ഷനായ തമിഴകവെട്രി കഴകം. മാധ്യമങ്ങളിലെ വ്യാജപ്രചാരണം അവഗണിക്കണമെന്ന് വിജയ് നിർദ്ദേശിച്ചതായി ടിവികെ വാർത്താക്കുറിപ്പിറക്കി.

 

 

 

 

ഇന്ന് ഒമാന്‍റെ 54-ാം ദേശീയ ദിനം. അല്‍ സമൗദ് ക്യാമ്പ് ഗ്രൗണ്ടില്‍ നടക്കുന്ന സൈനിക പരേഡില്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് സല്യൂട്ട് സ്വീകരിക്കും. വിവിധ സൈനിക വിഭാഗങ്ങളുടെ പരേഡുകളും നടക്കും. ആധുനിക ഒമാന്റെ ശില്‍പിയും ഒമാന്‍ മുന്‍ ഭരണാധികാരിയുമായിരുന്ന സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ ജന്മദിനമാണ് ഒമാനില്‍ ദേശീയ ദിനമായി ആഘോഷിക്കുന്നത്.

 

 

ജാർഖണ്ഡിലും മഹാരാഷ്ട്രയിലും നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ജാർഖണ്ഡിൽ 38 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടം വിധിയെഴുതുന്നത്. മുഖ്യമന്ത്രി ഹേമന്ത് സോറൻ ആറിലധികം റാലികളില്‍ പങ്കെടുക്കും. എൻഡിഎ മുന്നണിയും ഭരണപക്ഷവുമായ മഹായുതിയും ഇന്ത്യ മുന്നണിയായ മഹാവികാസ് അഗാഡിയും തികഞ്ഞ വിജയ പ്രതീക്ഷയിലാണ്.

 

 

 

ജാർഖണ്ഡിന്റെ വികസനം തടയുന്നത് ഹേമന്ത് സോറൻ എന്ന് ബിജെപി. ഹേമന്ത് സോറനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചാരണം നടത്തിയതിനെ തുടർന്ന് ജാർഖണ്ഡ് പോലീസ് രണ്ടുപേർക്കെതിരെ കേസെടുത്തു ജെ എം എം നൽകിയ പരാതിയിലാണ് നടപടി. ബിജെപി പുറത്തിറക്കിയവിവാദ വീഡിയോ പരസ്യപ്രചരണത്തിന്റെ അവസാനദിവസം പ്രചാരണമാക്കാൻ ഉള്ള നീക്കത്തിലാണ് ഇന്ത്യ മുന്നണി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *