തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വഖഫ് ഭൂമി തിരിച്ചുപിടിക്കലുമായി ബന്ധപ്പെട്ട് 37 കുടുംബങ്ങൾക്ക് ബോർഡ് നോട്ടീസ് നൽകി. ചാവക്കാട്, ഗുരുവായൂർ, ഒരുമനയൂർ താലൂക്കുകളിലെ പത്തേക്കർ സ്ഥലം തിരിച്ചുപിടിക്കാനാണ് നോട്ടീസ് നൽകിയത്. തങ്ങൾ 50 കൊല്ലത്തിലേറെയായി ജീവിക്കുന്ന മണ്ണ് വിട്ടുകൊടുക്കില്ലെന്ന് നോട്ടീസ് കിട്ടിയ കുടുംബങ്ങൾ വ്യക്തമാക്കി. ഈ കുടുംബങ്ങൾക്ക് സംരക്ഷണം നൽകുമെന്ന് ബിജെപിയും വ്യക്തമാക്കി.
മുനമ്പത്തെ വഖഫ് ഭൂമി പ്രശ്നം പരിഹരിക്കാമെന്ന് പിണറായി വിജയനും കോൺഗ്രസും വ്യാജ വാഗ്ദാനം നൽകുകയാണെന്ന് ബിജെപി നേതാവും മുൻ കേന്ദ്ര മന്ത്രിയും കേരളത്തിന്റെ പ്രഭാരിയുമായ പ്രകാശ് ജാവ്ദേക്കർ. ഇന്ന് നിലവിലുള്ള 1995 ലെ വഖഫ് നിയമം ഏത് വസ്തുവിനെയും വഖഫ് ഭൂമിയായി പ്രഖ്യാപിക്കുന്നതിന് വഖഫ് ബോർഡിന് നിയന്ത്രണമില്ലാത്ത അധികാരങ്ങൾ നൽകിയിട്ടുണ്ട്. ഇവിടെ സംസ്ഥാന സർക്കാരുകൾക്ക് ഒരു അധികാരവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് മതപരമായ ഭിന്നിപ്പുണ്ടാക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമത്തിന് സിപിഎം കുടപിടിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സുരേഷ് ഗോപിക്കും ഗോപാലകൃഷ്ണനെതിരെയും കേസെടുക്കുന്നില്ലെന്നും ചേലക്കരയിൽ മതപരമായ ഭിന്നിപ്പുണ്ടാക്കാൻ ന്യൂനപക്ഷ മോർച്ച ലഘുലേഖ വിതരണം ചെയ്തതിലും കേസില്ലെന്നും അദ്ദേഹം പറഞ്ഞു. മുനമ്പത്തെ ഭൂ പ്രശ്നത്തിൽ ഒരു മുസ്ലിം സംഘടനകളും നാട്ടുകാർക്കെതിരല്ലെന്നും പത്ത് മിനിറ്റ് കൊണ്ട് സർക്കാരിന് തീർക്കാവുന്ന പ്രശ്നം സംഘപരിവാറിന് വേണ്ടി നീട്ടിക്കൊണ്ടുപോവുകയാണ്. വിഷയം കോടതിക്ക് പുറത്ത് സർക്കാരിന് തീർപ്പാക്കാവുന്നതാണെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.
കേന്ദ്രമന്ത്രി സുരേഷ്ഗോപി ബിജെപിയിലെ മിതവാദിയെന്ന് ഇടത് മന്ത്രി മുഹമ്മദ് റിയാസ്. മാധ്യമപ്രവർത്തകരെ അദ്ദേഹം റൂമിൽ കയറ്റി ശാസിച്ചല്ലേയുള്ളൂവെന്നും ഉത്തരേന്ത്യയിൽ തല വെട്ടും കൈവെട്ടുമാണ് നടക്കാറുളളതെന്നുമായിരുന്നു റിയാസിന്റെ പ്രതികരണം. അത്ര പ്രശ്നങ്ങളെന്നും കേരളത്തിലില്ലെന്നും റിയാസ് പറഞ്ഞു.
ഐഎഎസ് ഉദ്യോഗസ്ഥൻ കെ ഗോപാലകൃഷ്ണനെതിരെ സ്വമേധയാ കേസെടുക്കാനാവില്ലെന്ന് പൊലീസ്. ഗോപാലകൃഷ്ണൻ്റെ പരാതിയിലാണ് അന്വേഷണം നടത്തിയതെന്നും ഫോൺ ഹാക്ക് ചെയ്തതിൽ ശാസ്ത്രീയ തെളിവുകളും അപൂർണമാണെന്നും പോലീസ് പറഞ്ഞു. ഗ്രൂപ്പിൽപെട്ട ഏതെങ്കിലും ഉദ്യോഗസ്ഥൻ പരാതിയുമായി സമീപിച്ചാൽ മാത്രമേ നിയമ നടപടിക്ക് സാധ്യതയുള്ളൂവെന്ന് പൊലീസ് വ്യക്തമാക്കി.
വ്യവസായ വകുപ്പ് ഡയറക്ടറായിരുന്ന കെ ഗോപാലകൃഷ്ണൻ ഐഎഎസിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം ഡിസിസി ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം ഡിജിപിക്ക് പരാതി നൽകി. സമൂഹത്തിൽ മതസ്പർധയുണ്ടാക്കാൻ ശ്രമിച്ചതിൽ കേസെടുക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. സർവീസ് ചട്ടം ലംഘിച്ചെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് ഉൾപ്പെടെ പരാമർശിച്ചാണ് പരാതി.
വാറോല കിട്ടിയ ശേഷം പ്രതികരിക്കാമെന്ന് സസ്പെൻഷനിലായ എൻ പ്രശാന്ത് ഐഎഎസ്. ബോധപൂർവം ചട്ടങ്ങൾ ലംഘിച്ചിട്ടില്ലെന്നും ഭരണഘടന അനുവദിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും പ്രശാന്ത് പ്രതികരിച്ചു. ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ലെന്നും ഭാഷാപ്രയോഗം നടത്താൻ അവകാശമുണ്ട്. കൂടുതൽ പ്രതികരണം സസ്പെൻഷൻ ഓർഡർ കയ്യിൽ കിട്ടിയ ശേഷമെന്നും അദ്ദേഹം പറഞ്ഞു.
എൻ.പ്രശാന്ത് ഐഎഎസിനെ നേരത്തേ സസ്പെൻഡ് ചെയ്യേണ്ടതായിരുന്നുവെന്നും നടപടിയിൽ വളരെ സന്തോഷമെന്നും സിപിഎം നേതാവും മുൻ മന്ത്രിയുമായ ജെ മേഴ്സിക്കുട്ടിയമ്മ. സർക്കാർ നടപടി നാടിൻ്റെ രക്ഷയ്ക്ക് വേണ്ടിയുള്ളതാണെന്നും ഏത് ഉദ്യോഗസ്ഥനും തെറ്റായി നീങ്ങിയാൽ നടപടി ഉണ്ടാകും വിശദീകരണം ചോദിച്ചില്ലെന്ന പ്രശാന്തിൻ്റെ വാദം തെറ്റാണെന്നും വിശദീകരണം ചോദിക്കാനാണ് സസ്പെൻഷനെന്നും അവർ പറഞ്ഞു.
ചേലക്കരയിൽ പൊലീസ് വിലക്ക് ലംഘിച്ച് പി.വി അൻവറിന്റെ വാർത്താസമ്മേളനം. താൻ തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്നില്ലെന്നും , മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയാണ് പൊലീസ് തൻ്റെ വാർത്താ സമ്മേളനം തടയുന്നതെന്നും അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനം നിർത്താൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞുവെങ്കിലും ഉദ്യോഗസ്ഥരോട് അൻവർ തർക്കിച്ചതിനെ തുടർന്ന് അൻവറിന് നോട്ടീസ് നൽകിയ ശേഷം ഉദ്യോഗസ്ഥർ മടങ്ങി. ഉപതെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിക്ക് 40 ലക്ഷം രൂപയാണ് ചെലവഴിക്കാവുന്ന പരമാവധി തുക എന്നാൽ മൂന്ന് മുന്നണികളും കൂടി 36 കോടി രൂപയാണ് ചേലക്കരയിൽ ചെലവഴിച്ചതെന്നും അൻവർ പറഞ്ഞു.
പാലക്കാട് മണ്ഡലത്തിൽ കോൺഗ്രസും ബിജെപിയും വ്യാപകമായി വ്യാജവോട്ട് ചേർത്തെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു. ഇത് സംബന്ധിച്ച് അദ്ദേഹം ജില്ലാ കളക്ടർക്ക് പരാതി നൽകി. 177ാം ബൂത്തിലെ 37 വോട്ടർമാർ ആ പ്രദേശത്തുള്ളവരല്ലെന്നും മറ്റ് മണ്ഡലങ്ങളിലെ വോട്ടർമാരെ ഇവിടെ ചേർത്തിട്ടുണ്ടെന്നും സുരേഷ് ബാബു പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയത്തിൽ ഇടപെടണമെന്നും മരിച്ചവരുടെ പേരിൽ പോലും വ്യാജ ഐഡി ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടന്റെ ഫേസ്ബുക്ക് പോസ്റ്റ്. മുഖ്യമന്ത്രിയും കെ രാധാകൃഷ്ണൻ എംപിയുമായുളള ചിത്രവും മുഖ്യമന്ത്രിയും മോദിയുമുളള ചിത്രവുമാണ് കുഴൽനാടൻ പോസ്റ്റിനൊപ്പം പങ്കുവെച്ചത്. നിങ്ങൾ ഡൽഹിയിൽ പോയി ഉന്നത പദവി വഹിക്ക്, ഞാൻ അവനെ മുഖ്യമന്ത്രിയാക്കിയിട്ട് വരാം എന്ന അടിക്കുറിപ്പ് കെ രാധാകൃഷ്ണന് ഒപ്പമുളള ചിത്രത്തിലും, നിങ്ങൾ ഇഡിയെ കൈകാര്യം ചെയ്യ്, ഞാൻ പോയി തൃശ്ശൂർ ശരിയാക്കിയിട്ട് വരാം എന്ന അടിക്കുറിപ്പ് പ്രധാനമന്ത്രിക്ക് ഒപ്പമുളള ചിത്രത്തിനും നൽകിയാണ് കുഴൽനാടന്റെ ട്രോൾ.
മാസപ്പടി കേസില്‍ രേഖകള്‍ കൈമാറാനാകില്ലെന്നും നിയമ പ്രകാരമല്ലാത്ത കാര്യങ്ങള്‍ ചെയ്തിട്ടില്ലെന്നും സിഎംആര്‍എല്‍ ദില്ലി ഐക്കോടതിയില്‍ പറഞ്ഞു. കേസ് അന്തമായി നീട്ടികൊണ്ടുപോകരുതെന്നും സിഎംആര്‍എല്‍ ആവശ്യപ്പെട്ടു. എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ നല്കിയ ഹര്‍ജിയില്‍ ഡിസംബര്‍ 4 നാണ് അന്തിമ വാദം. കേസില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ എസ്എഫ്ഐഒയ്ക്ക് 10 ദിവസം സമയം അനുവദിച്ചു.
ആദ്യ സീപ്ലെയിൻ പദ്ധതി നടപ്പാകാതെ പോയത് ഉമ്മൻചാണ്ടി സർക്കാർ മതിയായ ചർച്ചകൾ നടത്താതിരുന്നത് കൊണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്. അന്നത്തെയും ഇന്നത്തെയും പദ്ധതി ഒന്നല്ലെന്നും മന്ത്രി പ്രതികരിച്ചു. സീ പ്ലെയിൻ പദ്ധതിക്ക് 2013ൽ വേണ്ടത്ര ചർച്ചകൾ നടത്തിയില്ലെന്നും പക്ഷേ ഞങ്ങൾ ചർച്ച നടത്തി പ്രശ്നങ്ങൾ പരിഹരിച്ചാണ് മുന്നോട്ട് പോകുന്നതെന്നും കായലിൽ ഇറക്കുന്നതിലാണ് മത്സ്യത്തൊളിയാളികളും യൂണിയനുകളും എതിർപ്പുയർത്തിയത് ഇത് ഡാമിലാണ് ഇറക്കുന്നതെന്നും റിയാസ് കൂട്ടിച്ചേർത്തു.
സീ പ്ലെയിനിൽ ഇടത് സർക്കാർ മേനിപറയുന്നതു കേട്ടാൽ ചിരിയാണ് വരുന്നതെന്ന് പി കെ കുഞ്ഞാലിക്കുട്ടി പരിഹസിച്ചു. ഉമ്മൻചാണ്ടി സർക്കാർ 2012 ൽ പദ്ധതി കൊണ്ടുവന്നപ്പോൾ മീൻ കുഞ്ഞുങ്ങൾ ചത്തുപോകുമെന്ന് പറഞ്ഞ് പദ്ധതിയെ എതിർത്തവരാണ് സി.പി.എമ്മുകാരെന്നും എന്തേ ഇപ്പോൾ മീൻ കുഞ്ഞുങ്ങളെ മാറ്റി പാർപ്പിച്ചോ എന്നും കുഞ്ഞാലിക്കുട്ടി പരിഹസിച്ചു.
ആലപ്പുഴയിൽ വയനാട് ദുരിത ബാധിതർക്കായി ബിരിയാണി ചലഞ്ച് നടത്തി പണം തട്ടിയെടുത്ത സംഭവത്തിൽ കായംകുളം പുതുപ്പള്ളി മുൻ ലോക്കൽ കമ്മറ്റി അംഗം സിബി ശിവരാജൻ, തട്ടേക്കാട് ബ്രാഞ്ച് സെക്രട്ടറി അരുൺ, ഡിവൈഎഫ്ഐ മേഖലാ പ്രസിഡന്റ് അമൽ രാജ് എന്നിവർക്കെതിരെ കായംകുളം പൊലീസ് കേസെടുത്തു. 1200 ഓളം ബിരിയാണി നൽകി ദുരിതബാധിതർക്കായി സമാഹരിച്ച 1.2 ലക്ഷം രൂപ തട്ടിയെടുത്തതായാണ് എഫ്ഐആർ.
ഫറോക്ക് നഗരസഭയിലെ ആർജെഡി കൗൺസിലർ ഷനൂബിയ നിയാസിന് നേരെ ആക്രമണം. ആർജെഡിയിൽ നിന്ന് മുസ്ലിം ലീഗിൽ എത്തിയ ഷനൂബിയ നിയാസിനെ ഇടതുപക്ഷ കൗൺസിലർമാർ വളഞ്ഞിട്ട് ചെരുപ്പുമാല അണിയിക്കാൻ ശ്രമിച്ചുവെന്നാണ് റിപ്പോർട്ട്. ആർജെഡി അംഗമായിരുന്ന ഷനൂബിയ അടുത്തിടെയാണ് ലീഗിൽ ചേർന്നത് ഇതിനെ തുടർന്നാണ് ഇടതുപക്ഷ നഗരസഭ അംഗങ്ങൾ ചെരുപ്പ് മാല ഇടാൻ ശ്രമിച്ചത്. ഇന്നലെ നടന്ന കൗൺസിൽ യോഗത്തിനിടെയായിരുന്നു സംഭവം.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല പിടികൂടി പുറത്തു കൊണ്ടു വന്ന വന്‍ അഴിമതികളും അവയുടെ പിന്നാമ്പുറ കഥകളും പുസ്തക രൂപത്തില്‍ പുറത്തു വരുന്നു. സ്പ്രിംഗ്ളര്‍ ഇടപാട്, ബ്രൂവറി ഡിസ്റ്റിലറി അനുമതി, ആഴക്കടല്‍ മത്സ്യബന്ധന തട്ടിപ്പ്, പമ്പാ മണല്‍ കടത്ത്, മസാല ബോണ്ട്, ഇ മൊബിലിറ്റി തുടങ്ങി ഇ.പി.ജയരാജന്റെ മന്ത്രിസ്ഥാനം തെറിച്ച ബന്ധു നിയമനം വരെയുള്ള അഴിമതികള്‍ കണ്ടു പിടിച്ചതെങ്ങനെയെന്നും അവ ഓരോന്നും പുറത്തു കൊണ്ടു വന്നപ്പോഴുണ്ടായ കോലാഹലങ്ങളും വിവരിക്കുന്ന പുസ്തകം തയ്യാറാക്കിയത് രമേശ് ചെന്നിത്തലയുടെ പ്രസ് സെക്രട്ടറിയായിരുന്ന മുതിര്‍ന്ന മാദ്ധ്യമ പ്രവര്ത്തകന് ബി.വി.പവനനാണ്.
മലപ്പുറം ജില്ലയിൽ രണ്ടാഴ്ചക്കിടെ ട്രെയിൻ അപകടത്തിൽ പൊലിഞ്ഞത് ഏഴ് മനുഷ്യജീവനുകളെന്ന് റിപ്പോർട്ട്. പാളത്തിൽ നിന്നും ട്രെയിൻ തട്ടിയാണ് അപകട മരണങ്ങളേറെയും പതിനഞ്ച് ദിവസത്തിനിടെ അഞ്ച് പേരാണ് ജില്ലയിൽ ട്രെയിൻ തട്ടി മാത്രം മരണപ്പെട്ടത്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് താഴേക്ക് വീണ് രണ്ടാഴ്ചക്കിടെ രണ്ട് ജീവനുകൾ ഇത്തരത്തിൽ പൊലിഞ്ഞിട്ടുണ്ടെന്നും ഇവരിൽ മൂന്ന് പേർ വിദ്യാർത്ഥികളാണെന്നുമാണ് റിപ്പോർട്ടുകൾ.
യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് ജന്മദിനാശംസകൾ നേർന്ന് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി പി.സരിൻ. അടുത്ത വർഷവും ഇനിയുള്ള വർഷങ്ങളിൽ അങ്ങോട്ടും ഈ ദിവസം രാഹുലിന് ഒരിക്കലും മറക്കാനാകാത്ത ഓർമ്മകൾ സമ്മാനിക്കുമെന്ന് സരിൻ ആശംസിച്ചു. പിറന്നാൾ ദിനത്തിൽ പാലക്കാട്ട് തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ.
ആദിവാസി സ്ത്രീകള്‍ക്ക് വായ്പ തരപ്പെടുത്തി നല്‍കാമെന്ന് വിശ്വസിപ്പിച്ച് സാമ്പത്തിക തട്ടിപ്പിന് ശ്രമിച്ച നാല് പേരെ പടിഞ്ഞാറത്തറ പൊലീസ് പിടികൂടി. മാനന്തവാടി വരടിമൂല മാങ്കാളി വീട്ടില്‍ ഊര്‍മിള(39), വെള്ളമുണ്ട, മൊതക്കര, കാവുംകുന്ന് ഉന്നതി കെ. ലക്ഷ്മി(44), അഞ്ചുകുന്ന് എടത്തുംകുന്ന് ഉന്നതിയില്‍ സുനിത(24), എരുമതെരുവ് പുളിഞ്ചോട് മൂച്ചിതറക്കല്‍ വീട്ടില്‍ കെ.വി. സെറീന(36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ബലാൽസംഗ കേസിൽ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യപേക്ഷയിലെ വാദം രണ്ടാഴ്ചത്തേക്ക് മാറ്റി സുപ്രീംകോടതി. സിദ്ദിഖിൻറെ അഭിഭാഷകൻ മുകുൾ റോതഗിയുടെ അപേക്ഷ പ്രകാരമാണ് മാറ്റിയത്. തനിക്ക് സുഖമില്ലാത്തതിനാൽ മറ്റൊരു ദിവസം വാദം കേൾക്കണമെന്ന് റോതഗി ആവശ്യപ്പെടുകയായിരുന്നു. പരാതി നല്കാൻ എട്ടു വർഷം എന്തിനെടുത്തു എന്ന ചോദ്യം രണ്ടംഗ ബഞ്ചിന് നേതൃത്വം നല്കുന്ന ജസ്റ്റിസ് ബേല എം ത്രിവേദി ആവർത്തിച്ചു.
മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 84 ദിവസം പ്രായമായ ഇരട്ടക്കുഞ്ഞുങ്ങളിൽ ഒരാൾ മരിച്ചു. പാലക്കാട് മണ്ണാർക്കാട് ചങ്ങലീരി പള്ളിപ്പടി സ്വദേശിനി അംനയുടെ 84 ദിവസം പ്രായമായ ഇരട്ട കുഞ്ഞുങ്ങളിൽ ആൺകുട്ടിയാണ് മരിച്ചത്. മൃതദേഹം നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
തൃശൂർ എടമുട്ടത്ത് ദേശീയ പാതയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കാർ യാത്രികനായ മലപ്പുറം തേഞ്ഞിപ്പലം സ്വദേശി ശരൺ കൃഷ്ണ ( 23 ) ആണ് മരിച്ചത്. ഗുരുവായൂരിലേക്ക് പോയ ബസും എതിരെ വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു.
രാജ്യത്തെ ആദ്യ ഫൈബര്‍ അധിഷ്ഠിത ഇന്‍ട്രാനെറ്റ് ടിവി സര്‍വീസിന് തുടക്കമിട്ട് പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്‍. ഐഎഫ്ടിവി എന്നാണ് ബിഎസ്എന്‍എല്‍ ലൈവ് ടിവി സര്‍വീസിന്റെ പേര്. ബിഎസ്എന്‍എല്ലിന്റെ ഫൈബര്‍-ടു-ദി-ഹോം സബ്സ്ക്രൈബര്‍മാരെ ലക്ഷ്യമിട്ടുള്ള ഇന്റര്‍നെറ്റ് ടിവി സര്‍വീസാണിത്. സൗജന്യമായാണ് ബിഎസ്എന്‍എല്‍ ഐഎഫ്ടിവി അവതരിപ്പിച്ചിരിക്കുന്നത്.
വിമാനങ്ങളിൽ ഇനി മുതൽ ഹലാൽ ഭക്ഷണം മുസ്ലീം യാത്രക്കാർക്ക് മാത്രമേ ലഭ്യമാകൂവെന്ന് എയർ ഇന്ത്യ. വിമാനങ്ങളിൽ ഹലാൽ ഭക്ഷണം ഇനി മുതൽ പ്രത്യേക ഭക്ഷണമായിരിക്കുമെന്നും ഇത് മുൻകൂട്ടി ഓർഡർ ചെയ്യുകയും വേണമെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. വിമാനത്തിലെ ഭക്ഷണത്തെ ചൊല്ലിയുള്ള വിവാദങ്ങൾ ഉടലെടുക്കുന്നതിനിടെയാണ് എയർ ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.
സ്കൂളിൽ പെൺകുട്ടികൾക്കുള്ള ആർത്തവ ശുചിത്വ നയം കേന്ദ്ര ആരോഗ്യ മന്ത്രാലയം അംഗീകരിച്ചതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം സ്കൂൾ കുട്ടികളുടെ ആർത്തവ ശുചിത്വം സംബന്ധിച്ച നയം രൂപീകരിച്ചതായും നവംബർ 2-ന് കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
നിർദ്ദിഷ്ട ഫാർമസിറ്റി പദ്ധതിക്കെതിരെ തെലങ്കാനയിൽ കർഷകരുടെ പ്രതിഷേധം. പദ്ധതി ഫലഭൂയിഷ്ഠമായ കൃഷിഭൂമികളെ വിഷലിപ്തമാക്കുമെന്ന് കർഷകർ ആരോപിച്ചു. സമരക്കാരുമായി ചർച്ച നടത്താൻ ജില്ലാ കലക്ടറും സംഘവും എത്തിയതോടെ ജനക്കൂട്ടം പ്രകോപിതരാവുകയും വികാരാബാദ് ജില്ലയിൽ ഒരു സംഘം കർഷകർ ജില്ലാ കലക്ടർ പ്രതീക് ജെയിൻ, വികസന അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവരെ മർദ്ദിക്കുകയും ചെയ്തു.
മാഞ്ചസ്റ്ററിലേക്കുള്ള റയാന്‍എയര്‍ വിമാനമാണ് അടിയന്തരമായി ലണ്ടനിലെ സ്റ്റാന്‍സ്റ്റെഡ് എയര്‍പോര്‍ട്ടില്‍ ഇറക്കി.വിമാനത്തിനുള്ളില്‍ വെച്ച് യാത്രക്കാരന് മരിച്ചതിനെ തുടര്‍ന്നായിരുന്നു എമര്‍ജന്‍സി ലാന്‍ഡിങ്. യാത്രക്കാരന് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് സ്റ്റാന്‍സ്റ്റെഡ് എയര്‍പോര്‍ട്ടില്‍ രാത്രി എട്ട് മണിയോടെ വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തുകയായിരുന്നു. എന്നാല്‍ യാത്രക്കാരന്റെ ജീവന് രക്ഷിക്കാനായില്ല.
ഒമാനിലെ മസ്കറ്റ് ഗവര്‍ണറേറ്റിലെ സീബ് വിലായത്തില്‍ താമസ കെട്ടിടത്തിന് തീപിടിച്ചു. കെട്ടിടത്തില്‍ നിന്ന് ആറുപേരെ രക്ഷപ്പെടുത്തി. തിങ്കളാഴ്ച വൈകിട്ടാണ് തീപിടിത്തമുണ്ടായത്. സംഭവസ്ഥലത്ത് എത്തിയ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയുടെ അഗ്നിശമന സേന അംഗങ്ങള്‍ തീപിടിത്തം നിയന്ത്രണവിധേയമാക്കി.
ആക്രമണ സാധ്യത മുന്നിൽക്കണ്ട് കാനഡയിലെ ബ്രാംപ്ടൺ ത്രിവേണി ക്ഷേത്രവും കമ്മ്യൂണിറ്റി സെൻ്ററും നടത്താനിരുന്ന ലൈഫ് സർട്ടിഫിക്കറ്റ് പരിപാടി റദ്ദാക്കി. ഇന്ത്യൻ വംശജരായ ഹിന്ദുക്കൾക്കും സിഖുകാർക്കും ലൈഫ് സർട്ടിഫിക്കറ്റുകൾ പുതുക്കാൻ കഴിയുന്ന കോൺസുലർ ക്യാമ്പ് പരിപാടി ഈ മാസം 17-ന് നടക്കാനിരിക്കുകയായിരുന്നു ഇതിനിടെയാണ് ആക്രമണ മുന്നറിയിപ്പ് ലഭിച്ചത്.
യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത റഷ്യൻ പ്രസിഡന്റിന്റെ ഓഫീസ് അപ്പാടെ തള്ളി. ക്രെംലിൻ വക്താവ് ഇതിനെ ശുദ്ധമായ ഭാവന എന്നാണ് വിശേഷിപ്പിച്ചത്.