സി.പി.എം പൊലീസിനെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നതിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. അര്‍ദ്ധരാത്രിയില്‍ റെയ്ഡിന് എത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ സെര്‍ച്ച് നടത്തുന്നത് സംബന്ധിച്ച് ബി.എന്‍.എസ്.എസില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ഒരു നടപടിക്രമവും പാലിച്ചില്ലെന്നും പരാതിയിലുണ്ട്. പരിശോധനയ്‌ക്കെത്തിയ പൊലീസ് സംഘത്തിനൊപ്പം എ.ഡി.എം, ആര്‍.ഡി.ഒ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ഇല്ലായിരുന്നു എന്നതും നിയമവിരുദ്ധമാണ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും നിയന്ത്രണങ്ങളും നിലനില്‍ക്കെ പൊലീസിനെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന സി.പി.എം ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പരാതിയിൽ ചൂണ്ടിക്കാട്ടി.

 

 

പാലക്കാട്ട് കോൺഗ്രസ് നേതാക്കൾക്കെതിരെ ഉയ‍ര്‍ന്ന കള്ളപ്പണ ആരോപണങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി. പാലക്കാട് ജില്ലയുടെ തെരഞ്ഞെടുപ്പ് ചുമതലയുളള കലക്ടറോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. റിപ്പോർട്ട് ലഭിച്ച ശേഷമാകും തുട‍ര്‍ നടപടി.

 

 

പാലക്കാട് നടന്ന റെയ്ഡിൽ കോണ്‍ഗ്രസുകാരുടെ വാദങ്ങള്‍ പൊളിയുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ബിജെപിയും കോൺഗ്രസും ഇന്ത്യയിലും കേരളത്തിലും കള്ളപ്പണം ഒഴുകിയതിന്റെ ചരിത്രമാണ് ഇപ്പോൾ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നതെന്നും. വിഷയത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്നും എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു. കള്ളപ്പണം കൊണ്ടുവന്നവരെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും പാലക്കാട് ബിജെപി കള്ളപ്പണം കൊണ്ടുവന്നു എന്നതിന് ഞങ്ങളുടെ പക്കൽ നിലവിൽ തെളിവില്ല. തെളിവ് കിട്ടിയാൽ പരാതി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

 

കോണ്‍ഗ്രസ് പാലക്കാട്ടേക്ക് കള്ളപ്പണം കൊണ്ടുവന്നു എന്നത് പകല്‍ പോലെ വ്യക്തമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍. കള്ളപ്പണ ഇടപാടുകളെ പൊലീസും സിപിഎമ്മിലെ ഒരു വിഭാഗവും സംരക്ഷിച്ചുവെന്നും റെയിഡ് വിവരം ചോര്‍ത്തി നല്‍കി അര മണിക്കൂർ സമയം കള്ളപ്പണം മാറ്റാൻ കോൺഗ്രസിന് അവസരം നല്‍കിയെന്നും അതോടൊപ്പം സിപിഎമ്മിലെ ഒരു വിഭാഗവും ഇതിന് സഹായിച്ചുവെന്നും പോലീസിന്‍റെ അനാസ്ഥയാണ് തൊണ്ടിമുതൽ പിടി കൂടാനാകാത്തതിന് കാരണമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

 

 

 

കേരള രാഷ്ട്രീയം ഇതുവരെ കാണാത്ത ഹീനമായ രാഷ്ട്രീയ നാടകമാണ് പാലക്കാട്ടെ ഹോട്ടലിൽ കണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കൊടകരയിൽ കുടുങ്ങിയ ബിജെപിയെ ബാലൻസ് ചെയ്യിക്കാൻ സിപിഎം തയ്യാറാക്കിയ തിരക്കഥയായിരുന്നു റെയ്ഡ്. പൊലീസ് കൈവശം വെക്കേണ്ട സിസിടിവി ദൃശ്യങ്ങൾ സിപിഎം മാധ്യമങ്ങൾക്ക് നൽകിയെന്നും അദ്ദേഹം പറഞ്ഞു. രാഹുലിന്റെ വണ്ടിയിൽ കഞ്ചാവ് കൊണ്ട് വച്ച് പിടിപ്പിച്ചില്ലല്ലോ എന്ന ആശ്വാസത്തിലാണ് ഞങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച ഹോട്ടല്‍ മുറികളില്‍ നടന്ന റെയ്ഡ് മന്ത്രി എം.ബി രാജേഷിന്റെ സൃഷ്ടിയെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍. റെയ്ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടത് എം.ബി രാജേഷ് ആണെന്നും കോൺഗ്രസ് നേതാക്കളുടെ കൈയ്യിൽ കാശുള്ളതായി ആരാണ് കണ്ടതെന്നും സുധാകരന്‍ ചോദിച്ചു.

 

 

പാലക്കാട്ടെ ഹോട്ടലിൽ നടന്ന റെയ്ഡ് ഷാഫി പറമ്പിലിന്റെ നാടകമെന്ന ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ഡോ. പി സരിന്റെ പ്രസ്താവന പാർട്ടി നിലപാടല്ലെന്ന് പാലക്കാട് സി പി എം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു. പാർട്ടി നിലപാട് സരിൻ പറഞ്ഞതല്ല. ഷാഫി പറമ്പിലിന്റെ എല്ലാ കള്ളക്കളിയും അറിയുന്നതുകൊണ്ടാണ് സരിൻ ഷാഫിയെ കുറിച്ച് അങ്ങനെ പറഞ്ഞതെന്നും ജില്ലാ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

 

 

 

പാലക്കാട്ട് റെയ്ഡിന്റെ സമയത്ത് ബിജെപി, സിപിഎം നേതാക്കൾ ഒരുമിച്ച് നിന്നത് തെരഞ്ഞെടുപ്പിൽ ചർച്ചയാക്കാൻ ഒരുങ്ങി കോൺഗ്രസ്സ്. ഹോട്ടൽ മുറിയിലെ റെയ്ഡിന് പിന്നാലെ പാർട്ടി ഒറ്റക്കെട്ടായെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ബിജെപിയെ പ്രതിസന്ധിയിലാക്കിയ കൊടകര കുഴൽപ്പണ കേസിൽ പുതിയ വെളിപ്പെടിത്തലുകളുണ്ടായിട്ടും അനങ്ങാതിരുന്ന പൊലീസ്, കോൺഗ്രസ് വനിതാ നേതാക്കളുടെ മുറിയിലെത്തിയത് തെരഞ്ഞെടുപ്പിൽ പ്രചാരണ ആയുധമാക്കുമെന്നും പാലക്കാട്ട് ബിജെപി, സിപിഎം ഡീൽ എന്നത് രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണത്തിൽ ഉടനീളം ഉയർത്തിക്കാട്ടുമെന്നുമാണ് കോൺഗ്രസ്സിന്റെ തീരുമാനം.

 

 

 

 

പാലക്കാട്ട് ബിജെപിയുടെ പ്രചാരണത്തിനില്ലെന്ന നിലപാട് ആവര്‍ത്തിച്ച് സന്ദീപ് വാര്യര്‍. പ്രചാരണത്തില്‍ നിന്ന് വിട്ടുനിൽക്കുന്നതിൽ ക്രിയാത്മക നിർദ്ദേശം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ പോസിറ്റീവായ ഒരു നടപടിയും ഉണ്ടായതായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരാൾ പുറത്തുപോകുന്നത് അതീവ ദുഃഖകരമാണെന്നും ആളുകളെ ചേർത്തു നിർത്താനാണ് നേതൃത്വം ശ്രമിക്കേണ്ടത് അതാണ് നേതൃഗുണമെന്നും സന്ദീപ് വാര്യർ പറഞ്ഞു.

 

 

 

സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നിയമനിർമ്മാണം നടത്തുന്നതിന് സർക്കാരിനെ സഹായിക്കാൻ കരട് നിർദ്ദേശങ്ങൾ സമർപ്പിക്കാമെന്ന് ഹൈക്കോടതി. ഇത് ക്രോഡീകരിക്കാൻ അമിക്കസ് ക്യൂരിയായി അഡ്വ. മിത സുരേന്ദ്രനെ ഡിവിഷൻ ബഞ്ച് നിയമിച്ചു. നിയമ നിർമാണത്തിന്‍റെ കരട് തയാറാക്കിയിട്ടുണ്ടെന്ന് ഡബ്ല്യുസിസി കോടതിയെ അറിയിച്ചു. ഇത് സംസ്ഥാന സർക്കാരിന് കൈമാറാമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഹർജികൾ ഈ മാസം 21 ന് വീണ്ടും പരിഗണിക്കും.

 

 

 

 

വയനാട്ടിലെ ചൂരൽമല ദുരന്ത ബാധിതർക്ക്‌ നൽകിയ ഭക്ഷ്യക്കിറ്റില്‍ ഭക്ഷ്യയോഗ്യമല്ലാത്ത പുഴുവരിച്ച ഭക്ഷ്യ വസ്തുക്കൾ പഞ്ചായത്ത്‌ വിതരണം ചെയ്തതെന്ന് പരാതി. അരി, റവ ഉൾപ്പെടെയുള്ള സാധനങ്ങൾ ഉപയോഗിക്കാനാവില്ലെന്ന് ഗുണഭോക്താക്കൾ പറയുന്നു. മൃഗങ്ങള്‍ക്ക് പോലും നല്‍കാന്‍ കഴിയാത്ത ഭക്ഷ്യവസ്തുക്കളാണ് നല്‍കിയിരിക്കുന്നതെന്നും വസ്ത്രങ്ങള്‍ ഉപയോഗിച്ചവയാണെന്നും ദുരന്ത ബാധിതർ ആരോപിക്കുന്നു. എന്നാൽ സന്നദ്ധ സംഘടനകളും റവന്യൂ വകുപ്പും നൽകിയ ഭക്ഷ്യ കിറ്റുകളാണ് ദുരന്ത ബാധിതർക്ക്‌ നൽകിയത് എന്നാണ് മേപ്പാടി പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.

 

 

 

ശബരിമല തീര്‍ത്ഥാടകര്‍ക്കായി വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനോടൊപ്പം കെ.എസ്.ആര്‍.ടി.സി ഓണ്‍ലൈന്‍ ടിക്കറ്റ് സംവിധാനം ഏര്‍പ്പാടാക്കും. ദര്‍ശനം ബുക്ക് ചെയ്യുമ്പോള്‍ ടിക്കറ്റെടുക്കാനുള്ള ലിങ്കും അതിനൊപ്പമുണ്ടാകും. ശബരിമല ഒരുക്കങ്ങളുടെ അവലോകനത്തിനായി പമ്പ ശ്രീരാമ സാകേതം ഹാളില്‍ ഗതാഗത വകുപ്പു മന്ത്രി ഗണേഷ് കുമാറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

 

 

 

ശബരിമല തീത്ഥാടകർ ആധാർ കാർഡിന്‍റെ പകർപ്പ് നിർബന്ധമായും കൈയ്യിൽ കരുതണമെന്ന് ദേവസ്വം ബോർഡ്. 70,000 പേർക്ക് വെര്‍ച്വല്‍ ബുക്കിങ് മുഖേനയും 10,000 പേർക്ക് സ്പോട്ടിന് പകരമായി കൊണ്ടുവന്ന തത്സമയ ബുക്കിങ്ങിലൂടെയും ദർശനം അനുവദിക്കും. പമ്പ, എരുമേലി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽ ബുക്കിംഗ് കൗണ്ടറുകൾ ഉണ്ടാകും. ഇത്തവണ സീസൺ തുടങ്ങുന്നത് മുതൽ 18 മണിക്കൂർ ദർശനം അനുവദിച്ചിട്ടുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് അറിയിച്ചു.

 

 

എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് പെട്രോൾ പമ്പ് അപേക്ഷകനായ പ്രശാന്തന്റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ്. എഡിഎമ്മിന്റെ യാത്രയയപ്പ് യോഗം നടന്ന ഒക്ടോബർ 14 ന് കണ്ണൂർ വിജിലൻസ് ഓഫിസിൽ എത്തിയ ദൃശ്യങ്ങളാണ് അന്വേഷണ സംഘം ശേഖരിച്ചത്. യാത്രയയപ്പ് യോഗത്തിൽ ദിവ്യ ആരോപണം ഉന്നയിക്കും മുൻപ് കൈക്കൂലി വിഷയത്തിൽ വിജിലൻസ് അന്വേഷണം തുടങ്ങിയിരുന്നുവെന്ന് തെളിയിക്കാൻ പ്രതിഭാഗവും ഈ ദൃശ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു.

 

 

 

കൊച്ചി തൃക്കാക്കരയിലെ ഹോട്ടലുകളിൽ വ്യാപക പരിശോധന. കാക്കനാട് കുന്നുംപുറത്തെ കടകളിൽ നിന്ന് പഴകിയ ഭക്ഷണങ്ങൾ കണ്ടെത്തി. ഇൻഫോപാർക്ക്, കളക്ട്രേറ്റ് പരിസരത്തിനടുത്തെ ഹോട്ടലുകളിലാണ് നഗരസഭ ആരോഗ്യവിഭാഗം പരിശോധന നടത്തിയത്. കഴിഞ്ഞ ആഴ്ച നടത്തിയ പരിശോധനകൾക്ക് പിന്നാലെ കൂടുതൽ ഹോട്ടലുകളെ പറ്റി നഗരസഭക്ക് പരാതി കിട്ടിയതിനെ തുടർന്നാണ് ഇന്ന് മിന്നൽ പരിശോധന നടത്തിയത്.

 

 

 

കൽപ്പാത്തി വിശാലാക്ഷി സമേത വിശ്വനാഥ ക്ഷേത്രത്തിലെ ഇക്കൊല്ലത്തെ ഉത്സവത്തിന് കൊടിയേറി. നൂറുകണക്കിനാളുകൾ സാക്ഷ്യം വഹിച്ച കൊടിയേറ്റച്ചടങ്ങിൽ പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർഥികളായ പി. സരിൻ, സി. കൃഷ്ണകുമാർ, രാഹുൽ മാങ്കൂട്ടത്തിൽ എന്നിവർ പങ്കെടുത്തു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, ബി.ജെ.പി.സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ എന്നിവരും സന്നിഹിതരായിരുന്നു.

 

 

 

കുറ്റവാളികളെ പിടിക്കുന്നതില്‍ മികവ് തെളിയിച്ച റൂണിക്ക് കാസര്‍കോട് പൊലീസിന്‍റെ വിരമിക്കൽ യാത്രയയപ്പ്. ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ സാനിധ്യത്തിലായിരുന്നു പരിപാടി. എട്ടര വര്‍ഷത്തെ സേവനത്തിന് ശേഷമാണ് കെ -9 സ്ക്വാഡിലെ ട്രാക്കര്‍ പൊലീസ് നായ റൂണി വിരമിക്കുന്നത്. കാസര്‍കോട് പൊലീസ് സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിന് ജില്ലാ പൊലീസ് മേധാവി ഡി. ശില്പയും അഡീഷണല്‍ എസ്പി ബാലകൃഷ്ണന്‍ നായരും അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരെത്തി.

 

 

ഫോര്‍ട്ട് കൊച്ചിയില്‍ കാനയില്‍ വീണ് വിദേശപൗരന് ഗുരുതരപരിക്ക്. കസ്റ്റംസ് ബോട്ടുജട്ടിയില്‍ നടപ്പാത നിര്‍മാണം നടക്കുന്ന സ്ഥലത്താണ് അപകടം. കാനയില്‍ വീണ യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. ഫ്രാന്‍സില്‍നിന്ന് കേരളത്തില്‍ ചികിത്സയ്ക്കായി എത്തിയതാണ് ഇയാള്‍. ആദ്യം എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളെ പിന്നീട് കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. കാലിന് ശസ്ത്രക്രിയ നിര്‍ദേശിച്ചു.

 

എറണാകുളം കാലടി മരോട്ടിചുവടിൽ ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. മലയാറ്റൂർ ഇല്ലിത്തോട് സ്വദേശി സോണൽ സജി ആണ് മരിച്ചത്. 22 വയസായിരുന്നു. അങ്കമാലി ഭാഗത്ത് നിന്നും വരികയായിരുന്ന ബൈക്ക് കാലടിയിൽ നിന്നുള്ള മിനി ലോറിയിൽ ഇടിക്കുകയായിരുന്നു.

 

 

എടപ്പാളിൽ പ്രിൻസിപ്പൽ സ്‌കൂട്ടറിൽ കയറിയ ഉടൻ കുഴഞ്ഞുവീണു മരിച്ചു. കണ്ടനകം ദാറുൽഹിദായ ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ എൻ.അബ്ദുൾ ഖയ്യും(55) ആണ് സ്‌കൂൾ മൈതാനിയിൽ സ്‌കൂട്ടറിൽ നിന്ന് കുഴഞ്ഞുവീണു മരിച്ചത്. ഉടൻ എടപ്പാൾ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

 

 

 

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന പ്രമേയത്തിനെതിരായ ബിജെപിയുടെ പ്രതിഷേധം സംഘ‍ർഷത്തിൽ കലാശിച്ചു. സ്പീക്കറുടെ നിർദേശ പ്രകാരം മൂന്ന് എംഎൽഎമാരെ മാർഷലുകളുടെ അകമ്പടിയോടെ പുറത്താക്കിയെങ്കിലും മറ്റ് പ്രതിപക്ഷ അംഗങ്ങൾ എതിർത്തതോടെ സംഘർഷം രൂക്ഷമായി. ബഹളത്തിനിടയിൽ സ്പീക്കർ അബ്ദുൾ റഹീം റാത്തർ സഭ ഇന്നത്തേക്ക് നിർത്തിവച്ചു.

 

 

ദില്ലിയിൽ വായുമലിനീകരണം രൂക്ഷമായി തുടരുന്നു. നഗരത്തിൽ പലയിടത്തും വായുഗുണനിലവാര സൂചിക 400 കടന്നു. മലിനീകരണത്തോത് ഉയരുമ്പോഴും എല്ലാ വർഷത്തെയും പോലെ ഇത്തവണയും യമുനാ നദിയിൽ ഛത് പൂജ ആഘോഷങ്ങൾ നടന്നു. വിഷപ്പത തുടരുന്ന സാഹചര്യത്തിൽ യമുനയിൽ മുങ്ങി ഛത് പൂജ ആഘോഷങ്ങൾ നടത്താൻ ദില്ലി ഹൈക്കോടതി അനുമതി നിഷേധിച്ചിരുന്നെങ്കിലും അതിനെ മറികടന്ന് ആയിരങ്ങളാണ് ഇന്ന് യമുനാ നദിയിൽ പൂജ നടത്തിയത്.

 

 

 

ബോളീവുഡ് നടൻ സൽമാൻ ഖാനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചയാൾ കർണാടകയിൽ പിടിയിൽ. രാജസ്ഥാൻ സ്വദേശി ബിക്കാറാം ബിഷ്ണോയി ആണ് അറസ്റ്റിലായത്. സൽമാന്റെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി 2 കോടി രൂപ ആവശ്യപ്പെട്ടുവെന്ന കേസിലാണ് അറസ്റ്റ്. ഇന്നലെയാണ് കർണാടക പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

 

 

 

കരിമ്പ് ലോറിയിലേക്ക് കയറ്റുന്നതിനിടെ ട്രോളി ഹൈടെൻഷൻ വൈദ്യുത ലൈനിൽ തട്ടി രണ്ട് പേർക്ക് ദാരുണാന്ത്യം. ഉത്തർ പ്രദേശിലെ ആഗ്രയിലാണ് സംഭവം. മുസാഫർനഗറിലെ ബുധാന പൊലീസ് സ്റ്റേഷൻ പരിധിയിൽ ധാനായാൻ മുബാരിക്പൂർ റോഡിൽ വച്ചാണ് അപകടമുണ്ടായത്. 35കാരനായ രാജു സിംഗ്, 25കാരനായ അജയ് കുമാർ എന്നിവരാണ് ഷോക്കേറ്റ് മരിച്ചത്.

 

 

 

കുവൈത്തില്‍ മനുഷ്യക്കടത്ത്, വിസ കച്ചവടം, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിങ്ങനെ ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട ഏഴ് പേരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. വ്യത്യസ്ത കേസുകളിലാണ് ഏഴ് പേര്‍ അറസ്റ്റിലായത്. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര-പ്രതിരോധ വകുപ്പ് മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസഫ് അൽ സബാഹിന്‍റെ നിർദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

 

 

 

ആകാശത്ത് വെച്ച് വിമാനത്തിന്‍റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ച യാത്രക്കാരന് സഹയാത്രികരുടെ മര്‍ദ്ദനം. കോപ എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം ഉണ്ടായത്.

ബ്രസീലില്‍ നിന്നും പനാമയിലേക്കുള്ള യാത്രക്കിടെ വിമാനം ലാന്‍ഡ് ചെയ്യുന്നതിന് 30 മിനിറ്റ് മുമ്പ് ഒരു യാത്രക്കാരന്‍ തന്‍റെ ഫുഡ് ട്രേയിലുണ്ടായിരുന്ന ഒരു കത്തിയുമെടുത്ത് വിമാനത്തിന്‍റെ പിന്നിലേക്ക് ഓടുകയും ക്യാബിന്‍ ക്രൂവിനെ ബന്ദിയാക്കി വിമാനത്തിന്‍റെ വാതില്‍ തുറക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇയാളെ നിയന്ത്രിക്കാനായി സഹയാത്രികര്‍ ഇയാളെ മര്‍ദ്ദിക്കുകയുമായിരുന്നു.

 

 

16 വയസോ അതിൽ താഴെയോ പ്രായമുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് നിയന്ത്രണവുമായി ഓസ്ട്രേലിയ. സോഷ്യൽ മീഡിയ കുട്ടികൾക്ക് ദോഷം ചെയ്യുന്നുണ്ടെന്നും ഒരു വർഷത്തിന് ശേഷം നിയമം പ്രാബല്യത്തിൽ വരാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി ആന്റണി ആൽബനീസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

 

 

 

ഇസ്രായേൽ സൈന്യത്തിന് നേരെ വിവിധയിടങ്ങളിൽ ഹിസ്ബുല്ല മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തി. മാരകമായ ജിഹാദ് മിസൈലുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം. ഈ മിസൈലുകൾ ആദ്യമായാണ് ഹിസ്ബുല്ല പുറത്തെടുക്കുന്നത്. 2023 സെപ്റ്റംബറിൽ നടന്ന ഇറാന്റെ സൈനിക പരേഡിൽ ജിഹാദ് മിസൈലുകൾ പ്രദ‍ർശിപ്പിച്ചിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 14 തവണയാണ് ഇസ്രായേലിന് നേരെ ഹിസ്ബുല്ലയുടെ ആക്രമണങ്ങൾ ഉണ്ടായതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *