രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് എറണാകുളം ജില്ലയില്‍. ഭാരത് ജോഡോ യാത്ര കടന്നു പോകുന്ന ദേശീയപാതയില്‍ ഗതാഗത നിയന്ത്രണമുണ്ട്. ഇന്നു രാവിലെ ആറരയ്ക്കു കുമ്പളം ടോള്‍ പ്ലാസയില്‍ നിന്നാണ് യാത്ര തുടങ്ങുക. പത്തുമണിയോടെ ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളി പരിസരത്ത് അവസാനിപ്പിക്കും.
രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനം വിട്ട് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കാന്‍ ഉപാധികള്‍വച്ച് അശോക് ഗലോട്ട്. അദ്ദേഹം ഇന്നു സോണിയാഗാന്ധിയേയും കൊച്ചിയിലെത്തി രാഹുല്‍ഗാന്ധിയേയും കാണും. സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രിയാകുന്നതു തടയാനാണു ഗെലോട്ടിന്റെ നീക്കം. എഐസിസി പ്രസിഡന്റ് സ്ഥാനത്തേക്കു മല്‍സരിക്കാന്‍ ശശി തരൂരും തയാറായിട്ടുണ്ട്. രാഹുല്‍ ഗാന്ധി മല്‍സരിക്കുമോയെന്ന് അദ്ദേഹംതന്നെ തീരുമാനിക്കുമെന്ന് സോണിയയുമായി കൂടിക്കാഴ്ച നടത്തിയ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു. രാഹുല്‍ നാളെ രാത്രിയോടെ ഡല്‍ഹിക്കു പോകാനുള്ള തീരുമാനം മാറ്റി.
നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടാന്‍ ബന്ധപ്പെട്ട മന്ത്രിമാര്‍ ഹാജരാകണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മന്ത്രിമാരോ സെക്രട്ടറിയോ എത്തണമെന്ന് ഗവര്‍ണര്‍ ചീഫ് സെക്രട്ടറിക്കു കത്തയക്കുകയും രാജ്ഭവനില്‍ തിങ്കളാഴ്ച എത്തിയ ചീഫ് സെക്രട്ടറിയോട് നേരില്‍ ആവശ്യപ്പെടുകയും ചെയ്തു. ലോകായുക്ത നിയമഭേദഗതി ബില്‍, സര്‍വകലാശാല നിയമഭേഗതി ബില്‍ എന്നിവയില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗവര്‍ണര്‍ ഇന്ന് ഉത്തരേന്ത്യയിലേക്കു പോകും. ഒക്ടോബര്‍ ആദ്യവാരത്തിലേ തിരിച്ചെത്തൂ.
കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സെര്‍ച്ച് കമ്മറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ ഉടന്‍ നിര്‍ദേശിക്കണമെന്ന് ഗവര്‍ണര്‍ സര്‍വകലാശാലക്ക് അടിയന്തര നിര്‍ദേശം നല്‍കി. വിസി നിയമനത്തിന് യുജിസിയുടേയും ഗവര്‍ണറുടേയും പ്രതിനിധികളെ ഉള്‍പെടുത്തി സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സര്‍വകലാശാല ഭേദഗതി നിയമത്തില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതിനാല്‍ പഴയ വ്യവസ്ഥയനുസരിച്ച് സെലക്ഷന്‍ നടത്താനാണു ഗവര്‍ണറുടെ നീക്കം.
ഭാരത് ജോഡോ യാത്ര ഗതാഗത തടസമുണ്ടാക്കുന്നതിനെതിരേ ഹൈക്കോടതിയില്‍ ഹര്‍ജി. റോഡിന്റെ ഒരുഭാഗത്തുകൂടി മാത്രം യാത്ര നടത്തുകയും മറുഭാഗം ഗതാഗതത്തിനായി തുറന്നു കൊടുക്കുകയും വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ യാത്രയ്ക്കായി വഴി തടയുന്നില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. ഡിജിപിയുടെ അനുമതിയുണ്ട്. പോലീസ് ബദല്‍ ഗതാഗത സംവിധാനം ഒരുക്കിയിട്ടുണ്ട്. രാവിലെയും വൈകീട്ടും രണ്ടോ മൂന്നോ മണിക്കൂര്‍ മാത്രമാണ് യാത്ര. കൊടിക്കുന്നില്‍ പറഞ്ഞു.
കൊല്ലത്ത് അഭിഭാഷകനെ പൊലീസ് മര്‍ദ്ദിച്ചെന്ന് ആരോപിച്ച് അഭിഭാഷകര്‍ നടത്തിയിരുന്ന സമരം അവസാനിപ്പിച്ചു. കരുനാഗപ്പള്ളി സിഐ ഗോപകുമാര്‍ അടക്കം നാല് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാമെന്ന് ഉറപ്പു ലഭിച്ചതോടെയാണ് സമരം പിന്‍വലിച്ചത്. നിയമ മന്ത്രി പി. രാജീവുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് ബാര്‍ കൗണ്‍സിലിന്റെ തീരുമാനം. കൊല്ലം ബാറിലെ അഭിഭാഷകനായ ജയകുമാറിനെ പൊലീസ് മര്‍ദ്ദിച്ചെന്ന് ആരോപിച്ച് ബാര്‍ കൗണ്‍സില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധ സമരത്തിലായിരുന്നു.
തിരുവനന്തപുരം കാട്ടാക്കടയില്‍ ബസ് കണ്‍സഷന്‍ കാര്‍ഡ് പുതുക്കാനെത്തിയ അച്ഛനേയും മകളേയും കെഎസ്ആര്‍ടിസി ജീവനക്കാര്‍ വളഞ്ഞിട്ടു മര്‍ദിച്ചു. സംഭവത്തില്‍ നാലു പേരെ സസ്പെന്‍ഡു ചെയ്തു. അഞ്ചു പേര്‍ക്കെതിരേ കേസെടുത്തു. ആര്യനാട് യൂണിറ്റിലെ സ്റ്റേഷന്‍ മാസ്റ്റര്‍ എ. മുഹമ്മദ് ഷെരീഫ്, കാട്ടാക്കടയിലെ ഗാര്‍ഡ് എസ്.ആര്‍. സുരേഷ് കുമാര്‍, കണ്ടക്ടര്‍ എന്‍. അനില്‍കുമാര്‍, അസിസ്റ്റന്റ് സി.പി. മിലന്‍ ഡോറിച്ച് എന്നിവരെയാണു സസ്പെന്‍ഡു ചെയ്തത്. പരീക്ഷയ്ക്കു പോകുകയായിരുന്ന വിദ്യാര്‍ത്ഥിനിക്കു കണ്‍സഷന്‍ സംബന്ധിച്ച തര്‍ക്കത്തിനിടെയാണ് മകളുടെ മുന്നില്‍ അച്ഛനെ മര്‍ദിച്ചത്.