അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയത്തോട് കൂടുതല്‍ അടുത്ത് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. 247 ഇലക്ടറല്‍ കോളേജ് വോട്ടുകള്‍ ട്രംപ് ഇതിനകം നേടിക്കഴിഞ്ഞുവെന്ന് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ട്രംപ് വിജയത്തിലേക്ക് അടുത്തതോടെ പാര്‍ട്ടിയുടെ ചുവന്ന കൊടിയുമായി അനുയായികള്‍ വിജയാഘോഷം തുടങ്ങിക്കഴിഞ്ഞു.
അമേരിക്കന്‍ സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷം. നാല് വര്‍ഷത്തിന് ശേഷമാണ് റിപ്പബ്ലിക്കന്‍സ് യു.എസ് സെനറ്റിന്റെ നിയന്ത്രണം വീണ്ടും പിടിച്ചെടുത്തത്.യു.എസ് സെനറ്റില്‍ 51 സീറ്റുകളാണ് റിപ്പബ്ലിക്കന്‍സ് നേടിയത്. ഡെമോക്രാറ്റുകള്‍ക്ക് 42 സീറ്റാണ് ലഭിച്ചത്. രണ്ട് സീറ്റുകളില്‍ നേടിയ അപ്രതീക്ഷിത വിജയമാണ് റിപ്പബ്ലിക്കന്‍സിനെ സഹായിച്ചത്.
ആളുകളെ കൂട്ടി പൊലീസ് റെയ്ഡ് കോണ്‍ഗ്രസ് അട്ടിമറിച്ചുവെന്നും അങ്ങേയറ്റം ദുരൂഹവും സംശയാസ്പദവുമാണെന്ന് മന്ത്രി എംബി രാജേഷ് .എല്ലാ രാഷ്ട്രീയ നേതാക്കളുടെയും മുറിയിൽ പരിശോധന നടത്തിയിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് എന്‍റെ വാഹനം പോലും പരിശോധിച്ചിട്ടുണ്ട്.എന്തിനാണ് പരിശോധനയെ ഇത്ര വലിയ പുകിലായി കാണുന്നത്?. എന്നാൽ കാര്യങ്ങള്‍ ഇങ്ങനെയായിട്ടും വസ്തുതകള്‍ വക്രീകരിക്കാനുള്ള ശ്രമമാണ് കാണുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി .
കേട്ടുകേൾവി ഇല്ലാത്ത ഹൃദയഭേദകമായ സംഭവങ്ങൾ ആണ് പാലക്കാട് നടന്നതെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു.ബിജെപിയുടെ തിരക്കഥയിൽ പിണറായി വിജയൻ സംവിധാനം ചെയ്ത സംഭവം ആണത്.എന്ത് അടിസ്ഥാനത്തിൽ ആണ് വനിത പോലീസ് ഇല്ലാതെ റെയ്ഡിന് കടന്ന് ചെല്ലാൻ പോലീസ് തയ്യാറായത്എവിടെ നിന്നാണ് പാതിരാത്രി റെയ്ഡ് നടത്താൻ ഉത്തരവ് വന്നതെന്നും അദ്ദേഹം ചോദിച്ചു.
ഇന്നേവരെ ഉണ്ടാകാത്ത രാഷ്ട്രീയ ഗൂഢാലോചനയാണ് പാലക്കാട്ടെ പാതിരാ റെയ്ഡ് നാടകമെന്ന് വിഡി സതീശന്‍. കൊടകര കുഴല്‍പ്പണ കേസില്‍ മുഖം നഷ്ടപ്പെട്ട സിപിഎം- ബിജെപി പാര്‍ട്ടികള്‍ നടത്തിയ നാടകമാണിത്. കോണ്‍ഗ്രസിലെ വനിതാ നേതാക്കളുടെ ആത്മാഭിമാനത്തെയാണ് ചോദ്യം ചെയ്തത്. കൈരളി ടിവിയെ അറിയിച്ചിട്ടാണോ പൊലിസ് റെയ്ഡിന് എത്തിയതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
കള്ളപ്പണം ഉണ്ടാക്കുന്നതും സൂക്ഷിക്കുന്നതും പിണറായി വിജയന്‍റെ പാർട്ടിയും കെ സുരേന്ദ്രന്‍റെ ബിജെപിയുമാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പൊലീസിന്‍റേത് ആണത്തമില്ലാത്ത തെമ്മാടിത്തമാണ്. മുറിക്കകത്ത് പൊലീസുകാരെ പൂട്ടിയിടണമായിരുന്നു. പാതിരാത്രി വനിതാ നേതാക്കളുടെ മുറിയിൽ പരിശോധന നടത്തിയതിന് എന്ത് ന്യായീകരണമാണുള്ളത്? ഈ പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്ന് കോടതിയിൽ ആവശ്യപ്പെടുമെന്ന് കെ സുധാകരൻ പറഞ്ഞു.
കോണ്‍ഗ്രസിനുള്ളില്‍നിന്നുതന്നെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പാലക്കാട് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലുകളില്‍ പോലീസ് പരിശോധന നടത്തിയതെന്ന് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ഡോ.പി. സരിന്‍. പണം എത്തിത്തുടങ്ങിയെന്നും കൈമാറപ്പെട്ടു തുടങ്ങിയെന്നും താന്‍ രണ്ടുദിവസം മുമ്പേതന്നെ പറഞ്ഞു. ഷാഫി ഇനിയും നാടകം കളിച്ചാല്‍ അതിനപ്പുറത്തെ തിരക്കഥ തന്റെ കൈയിലുണ്ടാവുമെന്ന് ഓര്‍ക്കണമെന്നും സരിന്‍ പറഞ്ഞു.
പാലക്കാട്ട് പോലീസിനെ ഉപയോഗിച്ചു നടത്തിയ പാതിരാ നാടകം കൊടകര കുഴല്‍പ്പണ ഇടപാട് വെളുപ്പിക്കാനുള്ള സിപിഎം – ബിജെപി ഡീലിന്‍റെ തുടര്‍ച്ചയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല . കോണ്‍ഗ്രസിന്റെ സമുന്നതരായ വനിതാ നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍ മുറികളിലേക്ക് വനിതാ പോലീസ് പോലുമില്ലാതെ മഫ്തിയിലടക്കം പോലീസ് സംഘം പാതിരാത്രിയില്‍ ഇരച്ചു കയറി ചെല്ലുന്നത് തികഞ്ഞ തെമ്മാടിത്തമാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി .
ഹേമ കമ്മിറ്റി പറഞ്ഞ രാത്രിയില്‍ കതകുമുട്ടുന്ന ജോലി ഇപ്പോള്‍ പിണറായിപോലീസ് ഏറ്റെടുത്തെന്ന് യു.ഡി.എഫ്. കണ്‍വീനര്‍ എം.എം. ഹസ്സന്‍. പാലക്കാട്ടെ പാതിരാ റെയ്ഡ് കോണ്‍ഗ്രസിന്റെ വനിതാ നേതാക്കളെ അപമാനിക്കാനാണെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.
ഷാഫിയുടെ നേതൃത്വത്തിൽ പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ വ്യാപകമായി കള്ളപ്പണം ഉപയോഗിക്കുന്നുവെന്ന് കെ.സുരേന്ദ്രൻ. പൊലീസിനെ രൂക്ഷമായി വിമർശിച്ച അദ്ദേഹം പാലക്കാട്ടെ ഹോട്ടലിൽ എല്ലാ മുറികളിലും പരിശോധന നടത്താതിരുന്നതിൽ യുഡിഎഫിനെ കുറ്റപ്പെടുത്തി. പണം എത്തിച്ചത് കണ്ട ദൃക്സാക്ഷികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയില്ലെന്നും നടപടി സംശയാസ്‌പദമാണെന്നും ബിജെപി അധ്യക്ഷൻ പറഞ്ഞു. സിപിഎമ്മും ബിജെപിയും എന്തിന് ഗൂഢാലോചന നടത്തണമെന്നും അദ്ദേഹം ചോദിച്ചു.
കോൺഗ്രസ് നേതാക്കൾ തങ്ങിയ ഹോട്ടൽ മുറികളിലടക്കം പാതിരാത്രി നടന്ന പൊലീസ് പരിശോധനയിൽ പ്രതികരിച്ച് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു. കളളപ്പണമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് തിരച്ചിൽ നടത്തിയതെന്നും ഹോട്ടലിലെ സിസിടിവി എത്രയും പെട്ടെന്ന് പരിശോധിക്കണമെന്നും ഇ.എൻ സുരേഷ് ബാബു ആവശ്യപ്പെട്ടു.
പാലക്കാട് യുഡിഎഫ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലിൽ പൊലീസ് നടത്തിയ പരിശോധനയ്ക്ക് പിന്നാലെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി . ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കണമെന്നും കള്ളപ്പണ ഇടപാട് നടന്നുണ്ടെന്നുമാണ് ബിജെപിയുടെ ആരോപണം. തെരഞ്ഞെടുപ്പിനായി യുഡിഎഫ് വ്യാപകമായി കള്ളപ്പണം ഒഴുക്കിയെന്നും ഇതേക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിക്കണമെന്നും ബിജെപി പരാതിയിൽ ആവശ്യപ്പെട്ടു.
പാലക്കാട് കോൺഗ്രസ് നേതാക്കൾ താമസിച്ചിരുന്ന ഹോട്ടലിൽ നടന്ന പൊലീസ് പരിശോധനയ്ക്കിടെ ബോധപൂർവം നാടകം കളിക്കുകയായിരുന്നു എന്ന് ആരോപിച്ച് സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം ടി.വി രാജേഷ്. തന്റെ മുറിയിലാണ് ആദ്യം പരിശോധന നടത്തിയത് അപ്പോൾ ആരെയും കണ്ടില്ല. പിന്നീട് കോൺഗ്രസ് നേതാക്കൾ എല്ലാവരെയും വിളിച്ചുവരുത്തി സീൻ ഉണ്ടാക്കിയെന്നും അതിന്റെ മറവിൽ എന്തെങ്കിലും നടന്നോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് വനിതാ നേതാക്കൾ താമസിച്ച ഹോട്ടലിൽ രാത്രി പൊലീസെത്തിയത് സിപിഎം നിർദ്ദേശപ്രകാരമെന്ന് ഷാഫി പറമ്പിൽ. ബിജെപിക്കാർ അവർക്കൊപ്പം സംഘനൃത്തം കളിക്കാൻ വന്നു. ഒന്നും കിട്ടിയില്ലെന്ന് സർട്ടിഫിക്കറ്റ് തരുന്നതിൽ പോലും ബഹളമായിരുന്നു. ആരാണ് ഇതിന് പിന്നിലെന്ന് അറിയണം. പൊലീസ് കള്ളം പറഞ്ഞു. വ്യാജരേഖയുണ്ടാക്കി. 2.40 ന് ശേഷം വന്ന ആർഡിഒയും എഡിഎമ്മും തങ്ങളും പരിശോധനയിൽ ഭാഗമായെന്ന് ഒപ്പിട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പാലക്കാട് പൊലീസിൻ്റെ പാതിരാ പരിശോധനയിൽ സിപിഎമ്മിനും ബിജെപിക്കുമെതിരെ രാഹുൽ മാങ്കൂട്ടത്തിൽ. തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും സംഭവത്തിൽ ജനങ്ങളെ അണിനിരത്തി പ്രതിരോധം തീർക്കുമെന്നും അദ്ദേഹം പറഞ്ഞു.
മറ്റുള്ളവര്‍ക്കില്ലാത്ത എന്ത് സ്വകാര്യതയാണ് ഷാനിമോള്‍ ഉസ്മാനെന്ന് എ.എ. റഹീം എം.പി. ബിന്ദു കൃഷ്ണ വനിതാ പോലീസ് ഇല്ലാതെതന്നെ മുറി തുറുന്നുകൊടുത്തിരുന്നു.എന്നാല്‍ ഷാനിമോള്‍ ഉസ്മാന്‍ അതിന് സമ്മതിച്ചില്ല. ഷാനിമോള്‍ ഉസ്മാന്‍ പോലീസിന്റെ വിലപ്പെട്ട സമയമാണ് നഷ്ടപ്പെടുത്തിയതെന്നും എ.എ റഹീം പറഞ്ഞു.
പാലക്കാട് വനിതാ കോൺഗ്രസ് നേതാക്കൾ താമസിച്ച ഹോട്ടലിൽ നടന്ന പൊലീസ് പരിശോധനയെ വിമർശിച്ച് ഷാനിമോൾ ഉസ്മാൻ. പൊലീസ് രാത്രി ആദ്യം വന്നപ്പോൾ താൻ തടഞ്ഞുവെന്നും തൻ്റെ സ്ത്രീയെന്ന സ്വത്വ ബോധം ചോദ്യം ചെയ്യപ്പെട്ടുവെന്നും പറഞ്ഞ അവർ എഎ റഹീമിനെതിരെ അതിരൂക്ഷ വിമർശനം ഉന്നയിച്ചു.സ്ത്രീകളുടെ മുറിയിലേക്ക് വനിതാ പൊലീസില്ലാതെ പോയത് ശരിയായില്ലെന്ന് പറയുന്നതിന് പകരം സിപിഎമ്മും ബിജെപിയും ഒരുമിച്ച് നിന്ന് പ്രശ്നമുണ്ടാക്കുകയാണ് ചെയ്തതെന്നും ഷാനിമോൾ ആരോപിച്ചു.
പാതിരാത്രിയിലെ പൊലീസ് പരിശോധന വലിയ നടുക്കമുണ്ടാക്കിയെന്നും പൊലീസ് യാതൊരു മര്യാദയും കാണിക്കാതെ മുറിയിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ പറഞ്ഞു. പൊലീസ് അങ്ങേയറ്റം അപമാനിച്ചു എന്നും അവർ കുറ്റപ്പെടുത്തി.
പാലക്കാട് അര്‍ധരാത്രിയിൽ കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ ഉള്‍പ്പെടെ താമസിക്കുന്ന ഹോട്ടൽ മുറിയിൽ പൊലീസ് നടത്തിയ റെയ്ഡിനെതിരെ വനിത കമ്മീഷന് പരാതി. മഹിളാ കോണ്‍ഗ്രസ് ആണ് വനിത കമ്മീഷന് പരാതി നൽകിയത്. കോണ്‍ഗ്രസ് നേതാക്കളായ ബിന്ദു കൃഷ്ണക്കും ഷാനി മോള്‍ ഉസ്മാനും എതിരെ നടന്ന പൊലീസ് അതിക്രമത്തിൽ അന്വേഷണം വേണമെന്നാണ് പരാതിയിലെ ആവശ്യം.
കോൺഗ്രസ് വനിതാ നേതാക്കൾ തങ്ങിയ ഹോട്ടൽ മുറികളിലടക്കം പാതിരാത്രി നടന്ന പരിശോധനയെ കുറിച്ച് പൊലീസ് നൽകിയ വിശദീകരണങ്ങളിൽ വൈരുധ്യം. ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും സാധാരണ പരിശോധന മാത്രമാണ് നടത്തിയതെന്നുമായിരുന്നു റെയ്ഡ് നടന്ന വേളയിൽ പൊലീസിന്റെ വിശദീകരണം. പരിശോധന വിവാദമായതോടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്ന് പൊലീസ് വിശദീകരിച്ചു.
പാലക്കാട് അര്‍ധരാത്രിയിൽ കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ ഉള്‍പ്പെടെ താമസിച്ചിരുന്ന ഹോട്ടൽ മുറിയിൽ പൊലീസ് നടത്തിയ റെയ്ഡിൽ കടുത്ത പ്രതിഷേധവുമായി തെരുവിലിറങ്ങി യുഡിഎഫ്. നൂറുകണക്കിനുപേരെ അണിനിരത്തി പാലക്കാട് എസ്‍പി ഓഫീസിലേക്കുള്ള മാര്‍ച്ചിൽ സംഘർഷം . പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.
ഇടതുപക്ഷ ഐക്യത്തിന് സി.പി.ഐയ്ക്ക് താല്പര്യമില്ലെന്ന സിപിഎം അവലോകന റിപ്പോർട്ടിലെ പരാമർശം സി.പി.ഐയോട് 1964 ലെ ഭിന്നിപ്പു മുതലുള്ള കുടിപ്പക ഇപ്പോഴുമുണ്ടെന്ന് വിളംബരം ചെയ്തിരിക്കുകയാണെന്ന് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു .കേരളം കഴിഞ്ഞാൽ സി.പി.എം നേക്കാൾ ശക്തിയുള്ള പാർട്ടിയായ സി.പി.ഐ യെയാണ് സി.പി.എം അവലോകന റിപ്പോർട്ടിലൂടെ അധിക്ഷേപിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു .
സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്ററിൽ കൂടുതൽ ദൂരത്തിൽ പെര്‍മിറ്റ് അനുവദിക്കേണ്ടെന്ന വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതിയുടെ നിര്‍ണായ വിധി കെഎസ്ആര്‍ടിസിക്ക് കനത്ത തിരിച്ചടിയാകും. സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്റര്‍ ദൂരത്തിൽ മാത്രം പെര്‍മിറ്റ് നൽകിയാൽ മതിയെന്ന മോട്ടോര്‍ വാഹന സ്കീമിലെ വ്യവസ്ഥയാണ് ഹൈക്കോടതി റദ്ദാക്കിയത്.
നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. നാല് ലക്ഷം രൂപ വീതം നൽകാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. നാല് പേരാണ് അപകടത്തിൽ ഇതുവരെ മരിച്ചത്.30 ഓളം പേര്‍ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്.
ശബരിമല തീര്‍ത്ഥാടകര്‍ ഇരുമുടികെട്ടിൽ ആവശ്യമില്ലാത്ത പൂജാ സാധനങ്ങള്‍ നിറച്ചുകൊണ്ടുവരരുതെന്ന് തന്ത്രി. ഇരുമുടികെട്ടിൽ പ്ലാസ്റ്റിക് പൂര്‍ണമായും ഒഴിവാക്കണo . ഇരുമുടികെട്ടിൽ കൊണ്ടുവരേണ്ട സാധനങ്ങള്‍ ഏതൊക്കെയാണെന്നും ഒഴിവാക്കേണ്ടവ ഏതൊക്കെയാണെന്നും വിശദമാക്കി തന്ത്രി കണ്ഠരര് രാജീവരര് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്‍റിന് കത്തയച്ചു.
വധശ്രമ കേസിൽ വിചാരണ തടവുകാരനായി കഴിയുന്ന ചാവക്കാട് സ്വദേശി ബിൻഷാദ് പൂജപ്പുര സെൻട്രൽ ജയിൽ ഉദ്യോഗസ്ഥരെ ആക്രമിച്ചു.പ്രകോപനമൊന്നുമില്ലാതെ ഇയാൾ ഇഷ്ടിക കൊണ്ട് ആക്രമിക്കുകയായിരുന്നു എന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. രണ്ട് ജയിൽ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്.
ചേലക്കര ഗവ.താലൂക്ക് ആശുപത്രിയില്‍ ഒ.പി.യില്‍ കയറി ഡോക്ടറോട് കയര്‍ത്ത് സംസാരിച്ചതിന് നിലമ്പൂര്‍ എം.എല്‍.എ. പി.വി.അന്‍വറിനെതിരെ ചേലക്കര പോലീസ് കേസെടുത്തു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സുനില്‍കുമാര്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തിട്ടുള്ളത്.
സംസ്ഥാന സ്കൂൾ കായികമേളയിൽ ശ്രദ്ധനേടി ഇൻക്ലൂസീവ് കായിക ഇനങ്ങൾ. 14 ജില്ലകളിൽ നിന്നായി 1600ലേറെ കായികതാരങ്ങളാണ് സവിശേഷ പരിഗണന അർഹിക്കുന്നവരുടെ വിഭാഗത്തിൽ മാറ്റുരച്ചത്. കാഴ്ച പരിമിതർക്കുള്ള 100 മീറ്റർ ഓട്ടം, 4×100 മീറ്റർ മിക്സഡ് റിലേ, മിക്സഡ് സ്റ്റാൻഡിംഗ് ബ്രോഡ് ജംബ്, മിക്സഡ് സ്റ്റാൻഡിംഗ് ത്രോ, ഹാൻഡ്ബോൾ, മിക്സഡ് ബാഡ്മിൻ്റൻ തുടങ്ങിയ വിഭാഗങ്ങളിലായിരുന്നു മത്സരങ്ങൾ.
മതാടിസ്ഥാനത്തില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തില്‍ വഴിത്തിരിവ്. ഐ.എസ്.എസ്. ഉദ്യോഗസ്ഥന്‍ ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ലെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഗോപാലകൃഷ്ണന്‍ ഫോണ്‍ റീസെറ്റ് ചെയ്തതിന് ശേഷമാണ് പോലീസിന് കൈമാറിയത്.വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത് ഗോപാലകൃഷ്ണന്‍ തന്നെയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് റെക്കോർഡ് ഏക്കം. ചാലിശ്ശേരി ശ്രീ മുലയംപറമ്പ് ഭഗവതി ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിന് കൊമ്പനെ എത്തിക്കാൻ 13 ലക്ഷം രൂപയാണ് ഏക്കത്തുക നിശ്ചയിച്ചത്. അടുത്ത വർഷം ഫെബ്രുവരി 28നാണ് പൂരം. കേരളത്തിലെ നാട്ടാനകളിൽ ലക്ഷണമൊത്ത ആനകളിൽ ഒന്നാമനാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ.
പ്ലാസ്റ്ററിട്ട കൈ വളഞ്ഞു പോയതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. വരന്തരപ്പിള്ളി സ്വദേശി ആറ്റുപുറം വീട്ടിൽ ടെന്നിസൺ, പിതാവ് എ ഡി സണ്ണി എന്നിവർ ചേർന്ന് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂരിലെ ഹോളി ഫാമിലി ഹോസ്പിറ്റൽ ഡയറക്ടർ, ചികിത്സ നടത്തിയ ഡോക്ടർ എന്നിവർക്കെതിരെ ഉപഭോക്തൃ കോടതി വിധി പുറപ്പെടുവിച്ചത്.
തെലങ്കാനയിലെ ഡയപ്പർ നിർമാണ ഫാക്ടറിൽ വൻ തീപിടുത്തം. ചൊവ്വാഴ്ച രാത്രിയാണ് രംഗറെഡ്ഡി ജില്ലയിലെ നന്ദിഗാമ പ്രദേശത്തെ ഫാക്ടറിയിൽ തീപിടുത്തമുണ്ടായത്. എന്നാൽ സംഭവത്തിൽ ആർക്കും ആളപായമോ പരിക്കുകളോ ഇല്ലെന്ന് അഗ്നിശമന സേന അറിയിച്ചു.
ബാരാമതിക്ക് ഉപമുഖ്യമന്ത്രി അജിത് പവാർ നൽകിയ സംഭാവനകളെ അംഗീകരിച്ച എൻ.സി.പി. നേതാവ് ശരദ് പവാർ, ഈ മേഖലയുടെ വികസനത്തിന് ഒരു പുതിയ നേതൃത്വം ആവശ്യമാണെന്ന് വ്യക്തമാക്കി.നിയമസഭാ തിരഞ്ഞെടുപ്പിൽ അജിത് പവാറിനെതിരേ മത്സരിക്കുന്ന സഹോദരപുത്രൻ യുഗേന്ദ്ര പവാറിന് വേണ്ടിയുള്ള പ്രചാരണ യോഗത്തിൽ സംസാരിക്കവേയാണ് പവാർ ഇക്കാര്യം വ്യക്തമാക്കിയത്.
പുതിയ ലോഗോയും മുദ്രാവാക്യവും അവതരിപ്പിച്ച് പൊതുമേഖലാ ടെലികോം സ്ഥാപനമായ ബിഎസ്എന്‍എല്‍. 4ജിയ്ക്ക് പിന്നാലെ അധികം വൈകാതെ 5ജിയും ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെയാണ് സിം കാര്‍ഡിന്റെ സഹായമില്ലാതെ ഉപകരണങ്ങള്‍ തമ്മില്‍ ആശയവിനിമയ ബന്ധം സാധ്യമാക്കുന്ന പുതിയ സേവനം കമ്പനി പരീക്ഷിക്കുന്നത്.
മഹാരാഷ്ട്രയിലെ 288 നിയമസഭാ സീറ്റുകളിലേക്ക് മത്സരിക്കുന്നത് 4,140 പേർ. 2,938 പേർ പത്രിക പിൻവലിച്ചു. 2019-ലെ നിയമസഭാതിരഞ്ഞെടുപ്പിൽ മത്സരിച്ചത് 3,239 പേരായിരുന്നു. ഇത്തവണ 28 ശതമാനം വർധനയാണുണ്ടായിട്ടുള്ളത്.
രാജസ്ഥാനിലെ രൺഥംഭോർ ദേശീയോദ്യാനത്തിൽ നിന്ന് കാണാതായത് 20ലേറെ കടുവകൾ. പിന്നാലെ മൂന്നംഗ കമ്മിറ്റിക്ക് അന്വേഷണ ചുമതല നൽകി ചീഫ് വൈൽഡ് ലൈഫ് വാർഡൻ. നവംബർ നാലിനാണ് പ്രിൻസിപ്പൽ ചീഫ് കൺസെർവേറ്ററും ചീഫ് വൈൽഡ് ലൈഫ് വാർഡനും ചേർന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ദീർഘകാലമായി കടുവകളെ നിരീക്ഷിച്ചതിന് പിന്നാലെയാണ് കടുവകൾ കാണാതായെന്ന് വ്യക്തമായതെന്നാണ് അധികൃതർ വിശദമാക്കുന്നത്.
ലൈറ്റ് മോട്ടർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് ബാഡ്ജ് ഇല്ലാതെ ഓട്ടോറിക്ഷ ഉൾപ്പടെയുള്ള ട്രാൻസ്‌പോർട്ട് വാഹനങ്ങൾ ഓടിക്കാമെന്ന് സുപ്രീം കോടതി ഭരണഘടന ബെഞ്ച് ഉത്തരവിട്ടു. 7500 കിലോയിൽ കുറഞ്ഞ ട്രാൻസ്‌പോർട്ട് വാഹനങ്ങളാണ് എൽഎംവി ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് മറ്റ് രേഖകൾ കൂടാതെ ഓടിക്കാൻ സാധിക്കുക.