കൽപ്പാത്തി രഥോത്സവം നടക്കുന്നത് പ്രമാണിച്ച് പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി സ്വാഗതാർഹമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. വോട്ടെടുപ്പ് തീയതിയും കൽപ്പാത്തി രഥോത്സവവും ഒരേ ദിവസം വന്നത് വോട്ടർമാരിലും വിശ്വാസികളും വലിയ ആശങ്കയാണ് ഉണ്ടാക്കിയിരുന്നത്. ഇത്രയും വൈകിപ്പിക്കാതെ നേരത്തെ തന്നെ പ്രതിപക്ഷത്തിന്റെ ആവശ്യം കണക്കിലെടുത്ത് വോട്ടെടുപ്പ് തീയതി മാറ്റുവാനുള്ള തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിക്കേണ്ടതായിരുന്നുവെന്നും കെ സുധാകരൻ പറഞ്ഞു. അതോടൊപ്പം പാലക്കാട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റിയ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലും പ്രതികരിച്ചു. നേരത്തെ തന്നെ ഇക്കാര്യം സംസ്ഥാന, കേന്ദ്ര സർക്കാരുകൾ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടേണ്ടതായിരുന്നു. ജനങ്ങൾക്ക് നിർഭയമായി വോട്ട് ചെയ്യാൻ അവസരമുണ്ടാകട്ടെ എന്നും രാഹുൽ പറഞ്ഞു.