കാത്തിരിപ്പുകള്‍ക്കൊടുവില്‍ സമ്പൂര്‍ണ ദര്‍ശന സൗഭാഗ്യം നല്‍കി പുതു തലമുറ മാരുതി സുസുക്കി ഡിസയര്‍. നവംബര്‍ 11ന് ഔദ്യോഗികമായി പുറത്തിറങ്ങുന്നതിന് മുന്നോടിയായി ഡീലര്‍ഷിപ്പുകളിലേക്കെത്തുന്ന പുത്തന്‍ ഡിസയറിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഡീപ് ഗ്രേ, ഡീപ് റെഡ് നിറങ്ങളിലുള്ള ഡിസയറുകളാണ് വീഡിയോയിലുള്ളത്. ഡിസൈനില്‍ വലിയ മാറ്റമാണ് ഡിസയറില്‍ മാരുതി സുസുക്കി വരുത്തിയിരിക്കുന്നതെന്ന് വ്യക്തം. വലിയ മുന്‍ ഗ്രില്ലും ഹെഡ്ലാംപുകള്‍ വരെ നീളുന്ന ക്രോം സ്ട്രിപ്പും നല്‍കിയിരിക്കുന്നു. ഇന്‍ഡിക്കേറ്ററുകള്‍ ഹെഡ്ലാംപുകള്‍ക്ക് അടിയിലായാണ് നല്‍കിയിട്ടുള്ളത്. ബംപറില്‍ എല്‍ഇഡി ഫോഗ് ലാംപുമുണ്ട്. കൂടുതല്‍ ഷാര്‍പ്പായ ഡിസൈനാണ് വാഹനത്തിന്റെ മുന്‍ഭാഗത്തിനുള്ളത്. പിന്നില്‍ ടെയില്‍ ഗേറ്റിന്റെ ഇടതുഭാഗത്താണ് ഡിസയര്‍ ബ്രാന്‍ഡിങ് നല്‍കിയിട്ടുള്ളത്. സ്വിഫ്റ്റിലെ 1.2 ലീറ്റര്‍ 3 സിലിണ്ടര്‍ നാച്ചുറലി അസ്പയേഡ് പെട്രോള്‍ എന്‍ജിന്‍ തന്നെയാണ് ഡിസയറിലുമുള്ളത്. 80 എച്ച്പി കരുത്തും പരമാവധി 112 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ പുറത്തെടുക്കും. ആദ്യഘട്ടത്തില്‍ പെട്രോളെങ്കില്‍ പിന്നീട് സിഎന്‍ജി എന്‍ജിനും ഡിസയറിന് ലഭിക്കും. 5 സ്പീഡ് മാനുവല്‍/എഎംടി ഗിയര്‍ബോക്സ് ഓപ്ഷനുകള്‍.