Screenshot 2024 02 27 20 21 14 990 com.android.chrome edit 2

 

ഒളിമ്പ്യന്‍ പി ആര്‍ ശ്രീജേഷിന് സര്‍ക്കാരിന്റെ പാരിതോഷികമായ 2 കോടി രൂപ മുഖ്യമന്ത്രി കൈമാറി.ടോക്കിയോയ്ക്ക് പിന്നാലെ പാരിസ് ഒളിംപിക്‌സിലും വെങ്കല മെഡല്‍ നേടിയ ഹോക്കി ഗോള്‍കീപ്പര്‍ പിആര്‍ ശ്രീജേഷിന്‍റെ അനുമോദന യോഗത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം പ്രമുഖരുടെ വലിയൊരു നിരതന്നെ ഉണ്ടായിരുന്നു. കായിക മേഖലക്കും കേരളത്തിനും ഒരുപോലെ ആവേശം പകര്‍ന്ന കായിക താരമാണ് പിആര്‍ ശ്രീജേഷെന്നും മാതൃകയാകാന്‍ കഴിയുന്ന കായിക ജീവിതമാണ് ശ്രീജേഷിന്റേതെന്നും മുഖ്യമന്ത്രി അനുമോദിച്ചു.

 

വയനാട് ഉരുൾപ്പൊട്ടൽ ദുരന്തം അതിതീവ്രദുരന്തമായി പ്രഖ്യാപിക്കണോ എന്നതിൽ രണ്ടാഴ്ചയ്ക്കം തീരുമാനമുണ്ടാകുമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കേന്ദ്ര സർക്കാർ നിയോഗിച്ച ഉന്നത അധികാരസമിതി രണ്ടാഴ്ചയ്ക്കകം ഇക്കാര്യം പരിശോധിച്ച് അറിയിക്കും.ദുരിത ബാധിതർക്ക് നഷ്ടപരിഹാരം കിട്ടുന്നില്ലെന്ന വാർത്തകൾ വരുന്നതിൽ സംസ്ഥാന സർക്കാരിനോട് കോടതി കാരണം ആരാഞ്ഞു. ദുരിതബാധിതർക്ക് പ്രതിദിനം 300രൂപ നൽകുന്ന സ്കീം 30 ദിവസത്തേക്ക് കൂടി തുടരുമെന്ന് സംസ്ഥാന സർക്കാർ മറുപടി നൽകി.

കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സുരേഷ് ഗോപിക്ക് ധിക്കാരമാണെന്നും സിനിമ സ്റ്റൈലിലാണ് ശരീരഭാഷയും സംസാരവുമെന്നും വിഡി സതീശൻ വിമര്‍ശിച്ചു. കേന്ദ്ര മന്ത്രി ഉപയോഗിക്കേണ്ട ഭാഷയല്ല സുരേഷ് ഗോപി ഉപയോഗിച്ചത്. പൂരം കലക്കലിൽ സിബിഐ അന്വേഷണം വേണമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. എന്നാൽ, ഇക്കാര്യത്തിൽ ഇതുവരെ ഒരു സിപിഎം നേതാവ് പോലും പ്രതികരിച്ചില്ല. എന്തെങ്കിലും ഒരു സിപിഎം നേതാവിന് അതിനെ ചോദ്യം ചെയ്യാൻ ധൈര്യമുണ്ടോയെന്നും വിഡി സതീശൻ വെല്ലുവിളിച്ചു.

 

ലൈംഗികാതിക്രമ കേസിൽ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് ഹൈക്കോടതി ഇടക്കാല മുൻകൂര്‍ ജാമ്യം അനുവദിച്ചു. നടിയുടെ പരാതിയിൽ പൊലീസെടുത്ത കേസിൽ മുൻകൂര്‍ ജാമ്യം തേടി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ ഹൈക്കോടതിയിൽ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഉത്തരവ്.

 

എൽഡിഎഫ് സ്ഥാനാർത്ഥി ഡോ.പി.സരിന് സ്റ്റെതസ്കോപ്പ് ചിഹ്നം അനുവദിച്ചു. ഡോക്ടറും മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥനുമായ സരിൻ ഓട്ടോറിക്ഷ ചിഹ്നത്തിനാണ് പ്രഥമ പരിഗണന നൽകിയത്. എന്നാൽ രണ്ട് സ്വതന്ത്ര സ്ഥാനാർത്ഥികൾ ഓട്ടോറിക്ഷ ചിഹ്നം ആവശ്യപ്പെട്ടതോടെ മൂന്ന് പേ‍ർക്കുമായി നറുക്കെടുപ്പ് നടത്തി. ഇതിൽ സരിന് സ്റ്റെതസ്കോപ്പാണ് ചിഹ്നമായി കിട്ടിയത്.

 

പാലക്കാട്ടെ തെരഞ്ഞെടുപ്പ് അവലോകന യോഗത്തിനിടെ സ്ഥാനാർത്ഥിയായി കെ മുരളീധരനെ വേണമെന്ന് ആവശ്യപ്പെട്ടുള്ള ഡിസിസിയുടെ കത്ത് പുറത്തായതിന് പിന്നിൽ പാലക്കാട്ടെ ഡിസിസി നേതാക്കൾ തന്നെയാണ് കെസി വേണുഗോപാൽ വിമർശിച്ചു. സ്ഥാനാ൪ത്ഥിയുടെ മനോവീര്യം തക൪ക്കുന്ന നടപടിയുണ്ടാവരുതെന്നും മുതി൪ന്ന നേതാക്കൾ കൂടുതൽ പക്വതയോടെ പെരുമാറണമെന്നും , വ്യക്തി വിദ്വേഷത്തിൻറെ പേരിൽ പാ൪ട്ടിയെ തക൪ക്കരുതെന്നും കെസി വേണുഗോപാൽ നേതാക്കളോട് പറഞ്ഞു.

 

കണ്ണൂർ കളക്ടർ മര്യാദകളെല്ലാം കാറ്റിൽ പറത്തിയെന്നും സ്വന്തം സഹപ്രവർത്തകനെ കുറ്റക്കാരനാക്കിയ കളക്ടർക്ക് ആസ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും കോൺ​ഗ്രസ് നേതാവ്ക കെ സി വേണുഗോപാൽ. എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ ജില്ലാ കളക്ടറെക്കൊണ്ട് മലക്കം മറിയിപ്പിച്ചുവെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കളക്ടറുടെ മൊഴിക്ക് പിന്നിൽ സിപിഎമ്മാണെന്നും കെസി വേണു​ഗോപാൽ കൂട്ടിച്ചേർത്തു.

 

കണ്ണൂര്‍ കളക്ടര്‍ക്കെതിരെ ആരോപണവുമായി സിപിഎം നേതാവ് മലയാലപ്പുഴ മോഹനൻ. കണ്ണൂര്‍ കളക്ടര്‍ക്ക് പിന്നിൽ മറ്റാരോ ഉണ്ടെന്നും അതാണ് പൊലീസിന് നൽകിയ മൊഴിയിൽ നിന്ന് മനസിലാകുന്നതെന്നും മലയാലപ്പുഴ മോഹനൻ ആരോപിച്ചു. കളക്ടറെ കൊണ്ട് ആരോ പറയിച്ചതാണ്. സംഭവത്തിന് പിന്നിലെ രഹസ്യ അജണ്ട പുറത്തുവരണം. കുറ്റക്കാര്‍ ആരായാലും ശിക്ഷിക്കപ്പെടണം. മരണത്തിലെ ദുരൂഹതയും നീങ്ങണമെന്നും മലയാലപ്പുഴ മോഹനൻ പറഞ്ഞു.

 

പി.പി. ദിവ്യ എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് എത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. പ്രതി കുറ്റവാസനയോടെയും ആസൂത്രണമനോഭാവത്തോടെയും കുറ്റകൃത്യം നേരിട്ട് നടപ്പില്‍വരുത്തിയ ആളാണെന്നാണ് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കുറ്റകൃത്യം ചെയ്തതിലൂടെ പി.പി. ദിവ്യയുടെ ക്രിമിനല്‍ മനോഭാവം വെളിവായിട്ടുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

 

പി.പി. ദിവ്യക്കെതിരേ സി.പി.എം. ഉടന്‍ അച്ചടക്ക നടപടി സ്വീകരിച്ചേക്കില്ല. ബുധനാഴ്ച ചേര്‍ന്ന സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തില്‍ ദിവ്യക്കെതിരായ നടപടി ചര്‍ച്ച ചെയ്തില്ല. നവംബർ മുതല്‍ തുടങ്ങുന്ന പാര്‍ട്ടി ഏരിയ സമ്മേളനങ്ങളാണ് യോ​ഗത്തിൽ ചര്‍ച്ചയായത്.

എൽഡിഎഫിന്‍റെ ഭരണമികവ് കൊണ്ടായിരിക്കില്ല അവര്‍ വീണ്ടും അധികാരത്തിലെത്തുകയെന്ന് എസ്എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പ്രതിപക്ഷ നേതാവ് വിഡി സതീശൻ തറ വര്‍ത്തമാനം പറയുകയാണെന്നും ഇത്രയും തറയായ പ്രതിപക്ഷ നേതാവിനെ കേരളം കണ്ടിട്ടില്ലെന്നും വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു.സതീശൻ ശൈലി കോൺഗ്രസ് മാറ്റണമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

 

തിരുവനതപുരം മേയർ ആര്യാ രാജേന്ദ്രനെതിരായ കേസിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന കെഎസ്ആ‌ർടിസി ഡ്രൈവർ യദുവിൻ്റെ ഹർജി തള്ളി. കേസിൽ പ്രതികളായ മേയർ ആര്യ , സച്ചിൻദേവ് എം.എൽ.എ എന്നിവരിൽ നിന്നും സ്വാധീനം ഉണ്ടാകാൻ പാടില്ലെന്നും ശാസ്തീയമായ തെളിവുകൾ ഉൾപ്പെടെ ശേഖരിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

നീലേശ്വരം ക്ഷേത്രത്തില്‍ കളിയാട്ട മഹോത്സവത്തിനിടെ ഉണ്ടായ വെടിക്കെട്ട് അപകടത്തില്‍ സ്വമേധയാ കേസെടൂത്ത് മനുഷ്യാവകാശ കമ്മീഷന്‍ . 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കളക്ടര്‍ക്കും എസ്പിക്കും കമ്മീഷന്‍ നിര്‍ദേശം നല്‍കി. കാസര്‍കോട് നടക്കുന്ന അടുത്ത സിറ്റിംഗില്‍ കേസ് പരിഗണിക്കും. അതോടൊപ്പം സംഭവത്തില്‍ ഒരാൾ കൂടി അറസ്റ്റിലായി.

 

കാസർഗോഡ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തിനിടെ ഉണ്ടായ അപകടത്തില്‍ വധശ്രമത്തിനും കേസെടുത്തു. 154 പേര്‍ക്കാണ് നീലേശ്വരം അപകടത്തില്‍ പൊള്ളലേറ്റത്. 98 പേര്‍ ഇപ്പോഴും വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ ഏറ്റെടുത്തു. ഇന്ന് ചേർന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.

 

മുനമ്പം ഭൂസംരക്ഷണ സമിതിയുടെ നിരാഹാര സത്യാഗ്രഹം നടക്കുന്ന സമരപ്പന്തല്‍ സന്ദര്‍ശിച്ച് സംസാരിക്കവെ മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ ജനപ്രതിനിധികളെ പിടിച്ചുനിര്‍ത്തി ചോദ്യംചെയ്യണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ സമരക്കാര്‍ക്ക് ഒപ്പമുണ്ടാകുമെന്നും, നിങ്ങള്‍ക്ക് ഭാവിയില്‍ പ്രശ്‌നമുണ്ടാകാതിരിക്കാന്‍ നിങ്ങള്‍ തിരഞ്ഞെടുത്തയച്ചവരെ വരച്ചവരയില്‍ നിര്‍ത്തണമെന്നും , അവരോട് രാജിവെച്ച് പോകാന്‍ പറയണം ആ സമരമാണ് നടക്കേണ്ടത് ദ്രോഹികളെ വെച്ചുപൊറുപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

 

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നിലപാട് അപലപനീയമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാതിരിക്കാൻ ആർക്കും അവകാശം ഉണ്ടെന്ന് സമ്മതിക്കുമ്പോൾ തന്നെ അതിലും പുലർത്തേണ്ട മാന്യതയ്ക്ക് നിരക്കാത്ത വിധത്തിലാണ് സുരേഷ് ഗോപി ആവർത്തിച്ചു പെരുമാറിക്കൊണ്ടിരിക്കുന്നതെന്ന് സംഘടന ആരോപിച്ചു.ജനാധിപത്യ വ്യവസ്ഥയിൽ മാധ്യമങ്ങളോടുള്ള സമീപനം എന്തായിരിക്കണമെന്ന് കുറഞ്ഞ പക്ഷം കേരളത്തിലെ സ്വന്തം പാർട്ടിയിലെ മുതിർന്ന നേതാക്കളിൽ നിന്നെങ്കിലും അദ്ദേഹം ചോദിച്ചു മനസ്സിലാക്കേണ്ടതാണെന്നും യൂണിയൻ പറഞ്ഞു.

 

തൃശൂരിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജിയിൽ ബിജെപി നേതാവ് സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ്. മൂന്നാഴ്ചയ്ക്കം മറുപടി നൽകണമെന്നാണ് നോട്ടീസിലുള്ളത്. തൃശൂരിലെ എഐവൈഎഫ് നേതാവിന്റെ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിക്കുകയായിരുന്നു.

പ്രമുഖ ഏലം കർഷക സംഘടനകൾ തമ്മിൽ പോര് ശക്തമായി. ഇടുക്കിയിലെ ഏലമല കാടുകളുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നിലനിൽക്കുന്ന കേസിൽ വണ്ടൻമേട് കാർഡമം ഗ്രോവേഴ്സ് അസ്സോസിയേഷനും കാർഡമം പ്ലാന്റേഴ്സ് ഫെഡറേഷനുമാണ് തമ്മിൽ പോര് ശക്തമാകുന്നത്.ഏലമലക്കാടുകളിലെ ഭൂമി കൈവശപ്പെടുത്താൻ ഭൂമാഫിയ ശ്രമിക്കുന്നെന്ന് അമിക്കസ്‌ക്യൂറി കോടതിയിൽ ബോധിപ്പിച്ചതിനെ തുടർന്ന് ഇനി പട്ടയങ്ങൾ നൽകില്ലെന്ന് സർക്കാർ അറിയിച്ചതോടെയാണ് ഇത്തരത്തിലൊരു വിധിയുണ്ടായതെന്നാണ് കോർഡമം ഗ്രോവേഴ്സ് അസോസിയേഷൻറെ വാദം.

എസ്.എഫ്.ഐ.ക്കാരുടെ പ്രതിഷേധം ആസ്വദിക്കുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ സനാതന ധര്‍മപീഠം ചെയറിന്റെ ശിലാസ്ഥാപനത്തിനെത്തിയതായിരുന്നു അദ്ദേഹം. എസ്.എഫ്.ഐ.ക്കാരുടെ പ്രതിഷേധം ആസ്വദിക്കുന്നു. പക്ഷേ, അക്രമം നടത്തരുത്. അത് അംഗീകരിക്കില്ല. യൂണിവേഴ്‌സിറ്റി പഠനത്തിനുള്ള കേന്ദ്രമാണ്, രാഷ്ട്രീയ നഴ്‌സറി അല്ലെന്നും അദ്ദേഹം പ്രതികരിച്ചു.

 

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒക്ടോബർ 31 മുതൽ നവംബർ 03 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

16 വയസ്സുകാരിയായ അതിജീവിതയ്ക്ക് ഗർഭഛിദ്രത്തിന് അനുമതി നൽകാനാകില്ലെന്ന് ഹൈക്കോടതി. ഗർഭസ്ഥ ശിശുവിന് 28 ആഴ്ച പ്രായമായ സാഹചര്യത്തിലാണ് കോടതി തീരുമാനം. ശിശുവിനെ ജീവനോടെ മാത്രമെ പുറത്തെടുക്കാൻ സാധിക്കൂവെന്ന് മെഡിക്കൽ ബോർഡ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇതു പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. പ്രസവശേഷം കുഞ്ഞിനെ സർക്കാർ ഏറ്റെടുക്കണമെന്നും ഹൈക്കോടതി നിർദ്ദേശം നൽകി.

 

നിലമ്പൂരിൽ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ കയറി സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ചു. വണ്ടൂർ നടുവത്ത് ശാന്തി ഗ്രാമം സ്വദേശി ഹാസിർ കല്ലായി എന്ന 50 കാരനാണ് മർദ്ദനമേറ്റത്മദ്യലഹരിയിൽ എത്തിയ ഒരാളാണ് ഹാസിറിനെ ആക്രമിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

ട്രെയിൻ യാത്രയ്ക്കിടെ മജീഷ്യൻ മനു പൂജപ്പുരയെ കാണാനില്ലെന്ന് പരാതി. തിരുവനന്തപുരത്തു നിന്ന് ഐലൻഡ് എക്സ്പ്രസിൽ ആന്ധ്രയിലേക്ക് പോവുകയായിരുന്നു മനുവും കുടുംബവും. അച്ഛനും അമ്മയും ഒപ്പമുണ്ടായിരുന്നു. എന്നാൽ മാവേലിക്കര റെയിൽവേ സ്റ്റേഷൻ കഴിഞ്ഞപ്പോൾ മുതൽ മനുവിനെ കാണാനില്ലെന്ന് മാതാപിതാക്കൾ പറയുന്നു.മനുവിന്റെ ഫോണും മറ്റ് സാധനങ്ങളും ട്രെയിനിൽ തന്നെയുണ്ടെന്നാണ് വിവരം.

 

സാബർമതി 2023-24 ചലച്ചിത്ര കലാ മിത്ര പുരസ്കാരത്തിന് മോളി കണ്ണമാലിയേയും മാധ്യമ മിത്ര പുരസ്കാരത്തിന് പി. ആർ. സുമേരനേയും കാരുണ്യ മിത്ര പുരസ്കാരത്തിന് ബ്രദർ ആൽബിനേയും തിരഞ്ഞെടുത്തു.പുരസ്കാര വിതരണം നവംബർ 1 ന് ഉച്ചയ്ക്ക് 1.30-ന് ആലപ്പുഴ പ്രസ്സ് ക്ലബ് ഹാളിൽ നടക്കും.

 

മഹാരാഷ്ട്രയിലെ ഇന്ത്യമുന്നണി സഖ്യമായ മഹാവികാസ് അഗാഡിയുടെ വിഭജന ചര്‍ച്ചകള്‍ പൂർത്തിയാകാന്‍ ഇനിയും സമയമെടുക്കുമെന്ന് രമേശ് ചെന്നിത്തല. മഹാവികാസ് അഗാഡിയില്‍ സിപിഎമ്മിന്‍റെയും സമാജ് വാദി പാര്‍ട്ടിയുടെയും പെസന്‍റ്സ് ആന്‍റ് വര്‍ക്കേഴ്സ് പാര്‍ട്ടിയും സീറ്റുകളിലാണ് ധാരണയാകാത്തത്. അഞ്ച് സീറ്റുകള്‍ വീതം മൂവരും ചോദിക്കുന്നുണ്ടെങ്കിലും മൂന്നിലധികം പറ്റില്ലെന്ന നിലപാടിലാണ് അഗാഡി നേതാക്കള്‍. പരിഹരിക്കാന്‍ മുംബൈയില്‍ മാര‍ത്തോണ്‍ ചർച്ചകള്‍ നടത്തുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

 

ഡിജിറ്റല്‍ അറസ്റ്റിനെതിരെ കൂടുതല്‍ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. ആഭ്യന്തര മന്ത്രാലയം ഉന്നത തല സമിതി രൂപീകരിച്ചു. ബോധവത്ക്കരണത്തിനായി രാജ്യവ്യാപകമായി പ്രചാരണ പരിപാടികള്‍ നടത്താനും കേന്ദ്രം തീരുമാനിച്ചു,. മന്‍ കി ബാത്തിലൂടെ ഡിജിറ്റല്‍ അറസ്റ്റിനെതിരെ പ്രധാനമന്ത്രി ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് കേന്ദ്രം കൂടുതല്‍ നടപടികളിലേക്ക് കടക്കുന്നത്.

അതീവ രഹസ്യമായി കോടിക്കണക്കിന് രൂപ വില മതിക്കുന്ന 102 ടൺ സ്വർണം ബ്രിട്ടനിൽ നിന്നെത്തിച്ച് റിസർവ് ബാങ്ക്. ആർബിഐ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സെപ്തംബർ അവസാനം ഇന്ത്യൻ സെൻട്രൽ ബാങ്കിൻ്റെ കൈവശമുള്ള 855 ടൺ സ്വർണത്തിൽ 510.5 ടണ്ണും ആഭ്യന്തരമായി സൂക്ഷിച്ചിരിക്കുന്നുവെന്ന് ആർബിഐ വെളിപ്പെടുത്തി. വിദേശത്ത് സൂക്ഷിക്കുന്ന ആസ്തി സുരക്ഷിതമല്ലെന്ന തോന്നലിനെ തുടര്‍ന്നാണ് ഇന്ത്യ സ്വര്‍ണ ശേഖരം തിരികെയെത്തിക്കുന്നതിന് തീരുമാനിച്ചത്.

കിഴക്കന്‍ ലഡാക്കിലെ ഡെംചോക്ക്, ദേപ്‌സാങ് മേഖലകളില്‍നിന്നുള്ള ഇന്ത്യ-ചൈന സേനാപിന്മാറ്റം പൂര്‍ത്തിയായതായി റിപ്പോര്‍ട്ട്. ഇരു രാജ്യങ്ങളുടെയും സൈനികര്‍ മേഖലയില്‍നിന്ന് പിന്മാറുന്നതുമായി ബന്ധപ്പെട്ട നിര്‍ണായക ഉടമ്പടി നേരത്തെ നിലവില്‍വന്നിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരേ ആരോപണവുമായി കനേഡിയന്‍ സര്‍ക്കാര്‍. കാനഡയിലുള്ള സിഖ് വിഘടനവാദികളെ ലക്ഷ്യംവെച്ചുള്ള നീക്കങ്ങള്‍ക്ക് പിന്നില്‍ അമിത് ഷാ ആണെന്നാണ് ആരോപണം. ‘വാഷിങ്ടണ്‍ പോസ്റ്റ്’ പത്രമാണ് ഷായ്‌ക്കെതിരേ കനേഡിയന്‍ അധികൃതര്‍ ആരോപണം ഉന്നയിച്ച കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.

കരിപ്പൂരിൽ വിമാനത്തിന് വ്യാജ ബോബ് ഭീഷണി സന്ദേശമയച്ച പ്രതി പോലീസ് പിടിയിലായി. പാലക്കാട്  അനങ്ങനാടി  സ്വദേശി മുഹമ്മദ് ഇജാസിനെയാണ് കരിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് അബൂദാബിയിലേക്ക് പോകേണ്ട എയർ അറേബ്യ വിമാനത്തിന് ബോംബു ഭീഷണി ഉണ്ടെന്ന് പറഞ്ഞാണ് മുഹമ്മദ് ഇജാസ് വിമാനത്താവളത്തിലേക്ക് ഇമെയിൽ സന്ദേശമയച്ചത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *