https://dailynewslive.in/ വയനാട്ടിലെ കളക്ടറേറ്റിന് മുന്നില്‍ ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ ധര്‍ണ. പുനരധിവാസം വൈകുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉന്നയിച്ചാണ് ഒരു വിഭാഗം പ്രതിഷേധിക്കുന്നത്. ഉരുള്‍പൊട്ടല്‍ ദുരന്തം ഉണ്ടായി മൂന്ന് മാസം പൂര്‍ത്തിയാകുമ്പോഴാണ് ദുരന്തബാധിതര്‍ സമര രംഗത്ത് ഇറങ്ങുന്നത്. മൂന്ന് വാര്‍ഡുകളിലെ മുഴുവന്‍ ആളുകളെയും ദുരന്തബാധിതരായി പ്രഖ്യാപിക്കണമെന്നും, കേന്ദ്രസര്‍ക്കാര്‍ പാക്കേജ് ഉടന്‍ അനുവദിക്കണമെന്നും ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.

https://dailynewslive.in/ എഡിഎം നവീന്‍ ബാബു ആത്മഹത്യാകേസില്‍ ജാമ്യാപേക്ഷയുമായി പിപി ദിവ്യ തലശ്ശേരി കോടതില്‍. കണ്ണൂര്‍ കളക്ടറുടെ മൊഴിയടക്കമുള്ളവയാണ് ജാമ്യത്തിനായി ദിവ്യയുടെ പുതിയ വാദങ്ങള്‍. തെറ്റ് പറ്റിയെന്ന് എഡിഎം പറഞ്ഞതായി കളക്ടറുടെ മൊഴിയുണ്ടെന്നും , പ്രശാന്തിനെ സസ്പെന്‍ഡ് ചെയ്തുള്ള സര്‍ക്കാര്‍ ഉത്തരവ് കൈക്കൂലി ആരോപണം ശരിവെക്കുന്നതാണെന്നും പ്രശാന്തിന്റെ മൊഴി കോടതിയില്‍ പരാമര്‍ശിക്കാത്തത് എന്തുകൊണ്ടാണെന്നും ദിവ്യ ചോദിക്കുന്നു.

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*ഒക്ടോബർ 29 ലെ വിജയി : ഹരികുമാര്‍, മലമേല്‍നട, മുക്കോലക്കല്‍, തിരുവനന്തപുരം*

https://dailynewslive.in/ എഡിഎമ്മിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ റിമാന്റില്‍ കഴിയുന്ന പിപി ദിവ്യക്കെതിരെ പാര്‍ട്ടി നടപടി ഉടനെയില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ന് ചേര്‍ന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റ് വിഷയം ചര്‍ച്ച ചെയ്തില്ല. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് ദിവ്യയെ നീക്കിയത് തന്നെ അവര്‍ക്കെതിരയുള്ള നടപടിയായി ഒരു വിഭാഗം വിലയിരുത്തുന്നുണ്ട്. സമ്മേളന കാലളവില്‍ അച്ചടക്ക നടപടി വേണ്ടെന്നാണ് പൊതുവികാരമെന്നാണ് റിപ്പോര്‍ട്ടുകള്‍.

https://dailynewslive.in/ എഡിഎമ്മിന്റെ മരണത്തില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പിപി ദിവ്യക്കെതിരെ സംഘടനാ നടപടി എടുക്കുന്നത് കണ്ണൂരിലെ പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനു. എഡിഎമ്മിന്റെ ഭാര്യ മഞ്ജുഷയെ ഇന്ന് രാവിലെ വീട്ടിലെത്തി കണ്ട ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

https://dailynewslive.in/ കണ്ണൂരില്‍ പുതിയ എഡിഎം ചുമതലയേറ്റു. കൊല്ലം സ്വദേശി പദ്മചന്ദ്രക്കുറുപ്പാണ് ഇന്ന് രാവിലെ ചേമ്പറിലെത്തി ചുമതലയേറ്റത്. മുന്‍പ് ദേശീയപാത വിഭാഗത്തില്‍ ആയിരുന്നു പദ്മ ചന്ദ്രക്കുറുപ്പ്. പ്രതീക്ഷകളോടെയാണ് കണ്ണൂരിലേക്ക് എത്തിയതെന്ന് പുതിയ എഡിഎം പറഞ്ഞു. സ്ഥാനം ഏറ്റെടുക്കാന്‍ കാലതാമസം ഉണ്ടായിട്ടില്ലെന്നും, വിവാദങ്ങള്‍ ഒന്നും ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ ഇദ്ദേഹം പുതിയ സ്ഥാനം ഏറ്റെടുക്കാന്‍ വിസമ്മതിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

*തൃശൂര്‍ സൂപ്പര്‍ സെയിലുമായി പുളിമൂട്ടില്‍ സില്‍ക്‌സ്*

നൂറ് വര്‍ഷത്തിന്റെ നിറവില്‍ നില്‍ക്കുന്ന പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമില്‍ 70 ശതമാനം വരെ വിലക്കുറവുള്ള സൂപ്പര്‍ സെയില്‍. തൃശൂര്‍ സൂപ്പര്‍ സെയിലില്‍ സാരികള്‍കള്‍ക്കും മെന്‍സ് വെയറിനും 70 ശതമാനം വരെ വിലക്കുറവുണ്ട്. കിഡ്‌സ് വെയറിനും മറ്റ് ലേഡീസ് വെയറിനും 60 ശതമാനം വരെ വിലക്കുറവാണുള്ളത്. തൃശൂര്‍ സൂപ്പര്‍ സെയിലിലുള്ള സൂപ്പര്‍ കളക്ഷനുകള്‍ സൂപ്പര്‍ ഓഫറില്‍ നേടാന്‍ എത്രയും പെട്ടെന്ന് പാലസ് റോഡിലുള്ള പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂം സന്ദര്‍ശിക്കുക.

https://dailynewslive.in/ പാലക്കാട്ടെ തെരഞ്ഞെടുപ്പ് ഫലം എന്തായാലും പി സരിന്‍ ഇടതുപക്ഷത്തിന് മുതല്‍ക്കൂട്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സരിന്‍ ജയിച്ചാലും തോറ്റാലും സിപിഎമ്മില്‍ മികച്ച ഭാവിയുണ്ടാകുമെന്നും സരിനെ കണ്ണിലെ കൃഷ്ണമണി പോലെ കാക്കുമെന്നും അദ്ദേഹം പറഞ്ഞു. സരിന്‍ ഒരിക്കലും പിവി അന്‍വറിനെപ്പോലെ ആകില്ലെന്നും അന്‍വര്‍ ഒരിക്കലും ഒരു കമ്യുണിസ്റ്റാകാന്‍ ശ്രമിച്ചിരുന്നില്ലെന്നും എന്നാല്‍ കമ്യൂണിസ്റ്റാകാന്‍ ശ്രമിക്കുന്ന സരിന് മികച്ച രാഷ്ട്രീയ ഭാവിയുണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു.

https://dailynewslive.in/ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഏകപക്ഷീയമായി തീരുമാനങ്ങള്‍ നടപ്പാക്കുകയാണെന്നാരോപിച്ച് പാലക്കാട് കൊഴിഞ്ഞാമ്പാറ സിപിഎം വിമതര്‍ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബുവിനെതിരെ കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് പ്രസിഡന്റ് സതീഷിന്റെ നേതൃത്വത്തിലാണ് വിമതര്‍ രംഗത്തെത്തിയത്. ജില്ലാ സെക്രട്ടറിക്കെതിരെ സംസ്ഥാന സെക്രട്ടറിക്ക് പരാതി നല്കിയിട്ടും നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് സിപിഎം അംഗങ്ങളുടെയും അനുഭാവികളുടെയും സമാന്തര കണ്‍വെന്‍ഷന്‍ നടത്തിയതെന്നും സതീഷ് പറഞ്ഞു.

https://dailynewslive.in/ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പൊതുപരിപാടികളില്‍ നിന്നും ബോധപൂര്‍വം ഒഴിവാക്കുന്നുവെന്ന് ആരോപിച്ച് നിയമസഭാ സ്പീക്കര്‍ക്ക് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍ അവകാശ ലംഘന പരാതി നല്‍കി. കഴിഞ്ഞ ദിവസം പാമ്പാടി ഉപജില്ലാ കലോത്സവത്തിന് എംഎല്‍എയെ സംഘാടകര്‍ ക്ഷണിച്ചിരുന്നില്ല. ഇതാണ് പരാതിക്ക് ആധാരം. മുഖ്യമന്ത്രിക്കും എംഎല്‍എ പരാതി നല്‍കിയിട്ടുണ്ട്.

*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍

◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികള്‍ (സീരീസ് 2):*

ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 25,000 ല്‍ അധികം ഓണക്കോടികള്‍ ◼️ 3500 രൂപ വില വരുന്ന ഓണക്കോടി ഓരോ ചിട്ടിയിലും 10ല്‍ ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ സര്‍ക്കാര്‍ ഓഫീസുകളില്‍ ഡ്യൂട്ടി സമയത്ത് സാംസ്‌കാരിക പരിപാടികള്‍ക്ക് അടക്കം വിലക്കേര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. ഡ്യൂട്ടി സമയത്ത് വകുപ്പ് അടിസ്ഥാനത്തിലുള്ള കൂട്ടായ്മകള്‍ ഒഴിവാക്കണമെന്നും ഇക്കാര്യങ്ങള്‍ സ്ഥാപന മേലധികാരികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഉത്തരവില്‍ പറയുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്കും അനുസൃതമല്ലാതെ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസമുണ്ടാക്കുന്ന രീതിയില്‍ ഓഫീസുകളില്‍ കള്‍ച്ചറല്‍ ഫോറങ്ങള്‍ നടക്കുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട് .

https://dailynewslive.in/ വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ പ്രിയങ്കഗാന്ധിയെ ഇന്ദിരാഗാന്ധിയോട് ഉപമിച്ച് വാര്‍ത്ത നല്‍കുന്നതിനെതിരെ സിപിഎം നേതാവ് ജി സുധാകരന്‍. പ്രിയങ്ക ഗാന്ധിക്ക് ധൈര്യമുണ്ടെന്നും സംസാരിക്കാനറിയാമെന്നും അവര്‍ പ്രവര്‍ത്തിച്ച് രക്ഷപ്പെടട്ടെയെന്നും അല്ലാതെ ഇന്ദിരാഗാന്ധിയുടെ മൂക്ക് ഉണ്ടെന്നും മുഖമുണ്ടെന്നും പറഞ്ഞ് വാര്‍ത്ത നല്‍കേണ്ട കാര്യമില്ലെന്നും ജി സുധാകരന്‍ പറഞ്ഞു. പാവപ്പെട്ടവരുടെ ഇടയില്‍ പ്രവര്‍ത്തിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരിയെപ്പറ്റി ഒരക്ഷരം കൊടുക്കുന്നില്ലെന്ന് പരിതപിച്ച ജി.സുധാകരന്‍ ഇവിടെ പ്രിയങ്ക ജയിക്കാന്‍ സാധ്യതയുണ്ടെന്ന് തോന്നുന്നുവെന്നും കഴിഞ്ഞ തവണ മൂന്നു ലക്ഷം ഭൂരിപക്ഷം കിട്ടിയതല്ലേയെന്നും പറഞ്ഞു.

https://dailynewslive.in/ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വാക്സിനെടുത്ത രോഗി കിടപ്പിലായ സംഭവത്തില്‍ വിശദീകരണവുമായി മെഡിക്കല്‍ കോളേജ്. വാക്സിന്‍ എടുത്താല്‍ ഉണ്ടാകുന്ന അപൂര്‍വമായ പാര്‍ശ്വഫലം ആകാമെന്നാണ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ മറിയം വര്‍ക്കി പ്രതികരിച്ചത്. ടെസ്റ്റ് ഡോസ്സില്‍ അലര്‍ജി പ്രകടിപ്പിച്ചപ്പോഴേ മറുമരുന്ന് നല്‍കിയിരുന്നുവെന്നും എന്നാല്‍ വാക്സിന്‍ എടുത്തപ്പോള്‍ ഗുരുതരാവസ്ഥയിലായെന്നും അപൂര്‍വ്വം ആളുകളില്‍ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും മെഡിക്കല്‍ കോളേജ് അധികൃതര്‍ വിശദീകരിക്കുന്നു. തകഴി കല്ലേപ്പുറത്ത് സോമന്റെ ഭാര്യ ശാന്തമ്മ (61) ആണ് കുത്തിവെപ്പെടുത്തതിന് പിന്നാലെ ഗുരുതരാവസ്ഥയിലായത്.

https://dailynewslive.in/ കാസര്‍കോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. അപകടത്തില്‍ നൂറിലേറെ പേര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ അടക്കം മൂന്ന് പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. അതോടൊപ്പം വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ നീലേശ്വരത്ത് നടത്താനിരുന്ന ഉത്തര മലബാര്‍ ജലോത്സവം മാറ്റിവെച്ചു. നവംബര്‍ 17ന് ഞായറാഴ്ച ജലോത്സവം നടക്കുമെന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ അറിയിച്ചത്. നേരത്തേ നവംബര്‍ ഒന്നിനാണ് ജലോത്സവം നടത്താനിരുന്നത്.

https://dailynewslive.in/ കൊല്ലം അഷ്ടമുടിക്കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയതിന് കാരണം ആല്‍ഗല്‍ ബ്ലൂം എന്ന പ്രതിഭാസമാണെന്ന് നിഗമനം. ആല്‍ഗകള്‍ അനിയന്ത്രിതമായി പെരുകുന്നതാണ് ആല്‍ഗല്‍ ബ്ലൂം പ്രതിഭാസം. ഇത് കായലിലെ ഓക്സിജന്റെ അളവ് കുറയുന്നതിനും മത്സ്യങ്ങള്‍ ചത്ത് പൊങ്ങുന്നതിനും കാരണമാകും. അഷ്ടമുടി കായലിലെ കുതിരക്കടവ്, മുട്ടത്തുമൂല ഭാഗങ്ങളിലാണ് ഒരേ ഇനത്തില്‍ പെട്ട മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയത്.

https://dailynewslive.in/ ബെവ്കോയ്ക്ക് വാടകയ്ക്ക് നല്‍കാന്‍ കെട്ടിടമുണ്ടെങ്കില്‍ ഉടമകള്‍ക്ക് നേരിട്ട് അറിയിക്കാം. വെബ്സൈറ്റില്‍ കെട്ടിട ഉടമകള്‍ക്ക് കെട്ടിടം സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ സൗകര്യമൊരുക്കി. ബിവറേജസ് കോര്‍പറേഷന്‍ വെബ് സൈറ്റില്‍ ബെവ് സ്പേസ് എന്ന ലിങ്ക് വഴി കെട്ടിടം ഉടമയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. പേരും വിലാസവും ഫോട്ടോയും ബന്ധപ്പെട്ട രേഖകളും എല്ലാം ഈ ലിങ്കില്‍ നല്‍കണം. ബെവ്കോ അധികൃതര്‍ ആവശ്യം അനുസരിച്ച് കെട്ടിടം ഉടമയെ നേരിട്ട് വിളിക്കുമെന്നാണ് വിവരം.

https://dailynewslive.in/ ആലപ്പുഴയില്‍ റോഡില്‍ നിന്നും കളഞ്ഞുകിട്ടിയ പണം പൊലീസിനെയേല്‍പ്പിച്ച് ഓട്ടോ ഡ്രൈവര്‍ മാതൃകയായി. തുറവൂര്‍ പഞ്ചായത്ത് ഒന്‍പതാംവാര്‍ഡ് വളമംഗലം പീടികത്തറയില്‍ ബിനീഷാണ് റോഡരികില്‍നിന്നു കിട്ടിയ ഒരു ലക്ഷം രൂപ കുത്തിയതോട് പൊലീസിനെ ഏല്‍പ്പിച്ചത്.

https://dailynewslive.in/ തൃശൂര്‍ ശക്തന്‍ സ്റ്റാന്‍ഡില്‍ ഏകപക്ഷീയമായി നടപ്പാക്കിയ ഗതാഗത പരിഷ്‌കരണം പിന്‍വലിക്കണമെന്നും സ്റ്റാന്‍ഡിന്റെ ശോചനീയാവസ്ഥ ഉടന്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് സ്വകാര്യ ബസുകള്‍ ഇന്ന് പണിമുടക്കി. സിഐടിയു, ബിഎംഎസ്, ഐഎന്‍ടിയുസി, എഐടിയുസി സംഘടനകള്‍ ഉള്‍പ്പെടുന്ന സംയുക്ത സമര സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.

https://dailynewslive.in/ കൊല്ലം ചിതറയില്‍ സുഹൃത്തായ പൊലീസുകാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി സഹദിനെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. ആഭിചാര ക്രിയകള്‍ പിന്തുടര്‍ന്നിരുന്ന പ്രതി മയക്കുമരുന്നിന്റെ ലഹരിയില്‍ ഇര്‍ഷാദിനെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. സഹദിന്റെ വീട്ടില്‍ നിന്ന് എയര്‍ ഗണ്ണും കൊലപാതക സമയത്ത് ധരിച്ചിരുന്ന വസ്ത്രവും കണ്ടെത്തി.

https://dailynewslive.in/ എറണാകുളം കാക്കനാട് ബസ്സും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബസ് യാത്രക്കാരി മരിച്ചു. കുട്ടമശ്ശേരി സ്വദേശി നസീറയാണ് മരിച്ചത്. രാവിലെ 7.30നായിരുന്നു കാക്കനാട് ജഡ്ജിമുക്കിലെ അപകടം. 22 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു.

https://dailynewslive.in/ മലയാള സിനിമാ എഡിറ്റര്‍ നിഷാദ് യൂസഫിനെ (43) ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നിരവധി മലയാളം ഹിറ്റ് സിനിമകളുടെ എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹരിപ്പാട് സ്വദേശിയാണ് നിഷാദ്. ചാവേര്‍, ഉണ്ട, സൗദി വെള്ളക്ക, ഓപ്പറേഷന്‍ ജാവ, തല്ലുമാല തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. മമ്മൂട്ടി നായകനാകുന്ന ബസൂക്ക, സൂര്യ നായകനാകുന്ന കങ്കുവ എന്നിവയാണ് നിഷാദിന്റെ റിലീസ് ആകാനുള്ള ചിത്രങ്ങള്‍.

https://dailynewslive.in/ മലപ്പുറം വാഴക്കാട് ഫ്രിഡ്ജ് റിപ്പയറിംഗ് കടയിലുണ്ടായ പൊട്ടിത്തെറിയില്‍ ഒരാള്‍ മരിച്ചു. ഊര്‍ക്കടവ് സ്വദേശി അബ്ദുള്‍ റഷീദ് ആണ് മരിച്ചത്. ഫ്രിഡ്ജ് റിപ്പയറിംഗിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. എന്നാല്‍ ഫ്രിഡ്ജല്ല, കടയിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറാണ് പൊട്ടിതെറിച്ചതെന്നാണ് പ്രാഥമിക വിവരം.

https://dailynewslive.in/ രേണുക സ്വാമി കൊലപാതക കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രശസ്ത കന്നഡ നടന്‍ ദര്‍ശന്‍ തൂഗുദീപയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. കര്‍ണാടക ഹൈക്കോടതിയാണ് ആറ് ആഴ്ചത്തേക്ക് ജാമ്യം അനുവദിച്ചത്. ശസ്ത്രക്രിയക്ക് വേണ്ടി ജാമ്യം നല്‍കണമെന്ന് കാട്ടിയാണ് ദര്‍ശന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇതിനുള്ള മെഡിക്കല്‍ രേഖകളും ഹാജരാക്കിയിരുന്നു. ഇത് പരിശോധിച്ചാണ് ദര്‍ശന് കോടതി ജാമ്യം അനുവദിച്ചത്.

https://dailynewslive.in/ യുഎഇയില്‍ നടന്ന ഫുട്ബോള്‍ മത്സരത്തിനിടെ സുരക്ഷാ ജീവനക്കാരനെ ആക്രമിച്ചതിന് ജയിലിലായ മൂന്ന് ഈജിപ്ഷ്യന്‍ കളിക്കാര്‍ക്ക് മാപ്പ് നല്‍കി. യുഎഇ പ്രസിഡന്റാണ് ഇത് സംബന്ധിച്ച ഉത്തരവിട്ടത്. യുഎഇയും ഈജിപ്തും തമ്മിലുള്ള സാഹോദര്യ ബന്ധം കണക്കിലെടുത്താണ് തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു.

https://dailynewslive.in/ ബോളിവുഡ് താരം സല്‍മാന്‍ ഖാനുനേരെ വീണ്ടും വധഭീഷണി. രണ്ടു കോടി പണം രൂപ തരൂ, അല്ലെങ്കില്‍ കൊല്ലപ്പെടും എന്നാണ് അജ്ഞാത കേന്ദ്രത്തില്‍ നിന്നുള്ള ഭീഷണി സന്ദേശം. മുംബൈ ട്രാഫിക് പോലീസ് കേന്ദ്രത്തിലേക്കാണ് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു.

https://dailynewslive.in/ നാല് ദിവസത്തെ സ്വകാര്യ സന്ദര്‍ശനത്തിനായി ബെംഗളുരുവില്‍ എത്തിയ ബ്രിട്ടീഷ് രാജാവ് ചാള്‍സും പത്നി കാമിലയും ഇന്ന് മടങ്ങും. വൈറ്റ് ഫീല്‍ഡിലുള്ള സൗഖ്യ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററില്‍ സുഖചികിത്സയ്ക്കായാണ് ചാള്‍സും പത്നിയും എത്തിയത്. തീര്‍ത്തും സ്വകാര്യ സന്ദര്‍ശനമായിരുന്നതിനാല്‍ മാധ്യമങ്ങളെ വിവരമറിയിച്ചിരുന്നില്ല. ഇന്ന് ചികിത്സ പൂര്‍ത്തിയാക്കി ചാള്‍സും കമിലയും മടങ്ങും.

https://dailynewslive.in/ സ്പെയിനിന്റെ തെക്കു കിഴക്കന്‍ ഭാഗങ്ങളില്‍ ഇന്നലെ അതിശക്തമായ മഴ പെയ്തതിനെ തുടര്‍ന്ന് റോഡുകളെല്ലാം വെള്ളത്തിലായി. ചെളി നിറഞ്ഞ വെള്ളം കാരണം റോഡ്, റെയില്‍, വ്യോമ ഗതാഗതം തടസ്സപ്പെട്ടു. മിന്നല്‍ പ്രളയത്തിന് പിന്നാലെ വാഹനങ്ങള്‍ ഒലിച്ചു പോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. സ്‌പെയിനിന്റെ കിഴക്കന്‍ മേഖലയായ വലന്‍സിയയില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. എന്നാല്‍ എത്ര പേരാണ് മരിച്ചതെന്ന് വ്യക്തമല്ല.

https://dailynewslive.in/ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ വൈറ്റ്ഹൗസിന് മുന്നില്‍ 50,000 പേരെ സാക്ഷിയാക്കി കമല ഹാരിസിന്റെ പ്രസംഗം. ഡോണള്‍ഡ് ട്രംപ് ഭീതിയും വിദ്വേഷവും പരത്തുന്ന നേതാവെന്ന് കമല ഹാരിസ് കുറ്റപ്പെടുത്തി. അതേസമയം അവസാന അഭിപ്രായ സര്‍വേകളിലും ഇരുനേതാക്കളും ഏകദേശം ഒപ്പത്തിനൊപ്പമാണ്.

https://dailynewslive.in/ നഈം ഖാസിം ഹിസ്ബുല്ലയുടെ പുതിയ മേധാവിയായതിന് പിന്നാലെ പ്രതികരണവുമായി ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ്. ഇത് താത്ക്കാലിക നിയമനമാണെന്നും അധികകാലം നിലനില്‍ക്കില്ലെന്നുമാണ് ഇസ്രയേല്‍ പ്രതിരോധ മന്ത്രി സമൂഹ മാധ്യമത്തില്‍ കുറിച്ചത്. കൗണ്ട്ഡൗണ്‍ തുടങ്ങി എന്ന് മറ്റൊരു പോസ്റ്റിലും കുറിച്ചു. ലെബനനിലെ ബെയ്‌റൂട്ടിലെ ഇസ്രയേല്‍ ആക്രമണത്തില്‍ ഹസന്‍ നസ്‌റല്ല കൊല്ലപ്പെട്ടതോടെയാണ് ഖാസിമിനെ പുതിയ മേധാവിയായി ഹിസ്ബുല്ല പ്രഖ്യാപിച്ചത്.

https://dailynewslive.in/ ആണവായുധ നിയന്ത്രണ നിയമങ്ങളുമായി ബന്ധപ്പെട്ടവയില്‍ മാറ്റം വരുത്തേണ്ടതുണ്ട് എന്ന് റഷ്യന്‍ പ്രസിഡണ്ട് വ്ളാദിമിര്‍ പുതിന്‍ പ്രഖ്യാപിച്ചതിന് പിന്നാലെ റഷ്യ ആണവമിസൈലുകള്‍ പരീക്ഷണം നടത്തിയെന്ന് റിപ്പോര്‍ട്ടുകള്‍. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിന്റെ തന്നെ നേരിട്ടുള്ള നിരീക്ഷണത്തിലായിരുന്നു ആണവമിസൈലുകളുടെ പരീക്ഷണം. നിരവധി തവണ പരീക്ഷണം നടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

https://dailynewslive.in/ സ്വര്‍ണവില 60,000ലേക്ക്. ഇന്ന് പവന് 520 വര്‍ധിച്ച് 59,520 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചു. ഗ്രാമിന് 65 രൂപയാണ് വര്‍ധിച്ചത്. 7440 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെയാണ് സ്വര്‍ണവില ആദ്യമായി 59,000 തൊട്ടത്. അന്താരാഷ്ട്ര സ്വര്‍ണവില 25 ഡോളറില്‍ അധികം വര്‍ധിച്ചതോടെ ആഭ്യന്തര വിലയിലും കുതിപ്പ് തുടരുകയാണ്. 18 കാരറ്റ് സ്വര്‍ണ്ണം 55 രൂപ വര്‍ധിച്ച് ഗ്രാമിന് 6,130 രൂപയായി. 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 83.5ലക്ഷം രൂപയായി. വെള്ളി വിലയും മുന്നേറ്റം തുടരുന്നുണ്ട്. ഇന്ന് ഗ്രാമിന് ഒരു രൂപ വര്‍ധിച്ച് 106 രൂപയിലാണ് വ്യാപാരം. അന്താരാഷ്ട്ര സ്വര്‍ണ്ണവില 2,778 ഡോളറിലാണ് നിലവില്‍ വ്യാപാരം നടത്തുന്നത്. തുടക്കത്തില്‍ 2,782 ഡോളര്‍ വരെ ഉയര്‍ന്ന് പുതിയ റെക്കോഡ് ഇട്ടിരുന്നു. ദീപാവലി ആഘോഷങ്ങള്‍ക്ക് ഇന്ത്യയിലാകമാനം സ്വര്‍ണം ഉയര്‍ന്ന വിലയില്‍ വാങ്ങിക്കൂട്ടുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് വരുന്നത്. ഇതും ആഭ്യന്തര വില വര്‍ധിക്കാന്‍ കാരണമാകുന്നുണ്ട്. ഇന്നത്തെ സ്വര്‍ണ വില അനുസരിച്ച് ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും നികുതികളുമൊക്കെ കൂട്ടുമ്പോള്‍ 64,424 രൂപയെങ്കിലും നല്‍കിയാലെ ഒരു പവന്‍ ആഭരണം സ്വന്തമാക്കാനാകു.

https://dailynewslive.in/ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അവതരിപ്പിച്ച് ആപ്പിള്‍. ഐഫോണ്‍ 15 പ്രോ മുതലുള്ള മോഡലുകളിലാവും ആപ്പിള്‍ ഇന്റലിജന്‍സ് ലഭ്യമാവുക. മാക്, ഐപാഡ് എന്നിവയുടെ പുതിയ വേര്‍ഷനുകളിലും ആപ്പിള്‍ ഇന്റലിജന്‍സ് ലഭ്യമാവും ഇതിനൊപ്പം ഐ.ഒ.എസ് 18 ഓപ്പറേറ്റിങ് സിസ്റ്റം ലഭ്യമാകുന്ന ഫോണുകളില്‍ കോള്‍ റെക്കോഡിങ് ഫീച്ചറും ആപ്പിള്‍ അവതരിപ്പിച്ചിട്ടുണ്ട്. പുതിയ റൈറ്റിങ് ടൂളുകളാണ് ആപ്പിള്‍ ഇന്റലിജന്‍സിന്റെ പ്രധാന പ്രത്യേകതകളിലൊന്ന്. മെയില്‍, മെസേജ്, പേജ് എന്നിവയിലെല്ലാം ഉപയോഗിക്കാവുന്ന റൈറ്റിങ് ടൂളുകളുടെ പാക്കേജാണ് ഇത്. നമ്മള്‍ എഴുതുന്ന ഉള്ളടക്കത്തെ തെറ്റുകള്‍ പരിഷ്‌കരിച്ച് എഴുതാനും പ്രൂഫ് റീഡിങ് നടത്താനും ആപ്പിള്‍ ഇന്റലിജന്‍സിന് സാധിക്കും. ഇതിനൊപ്പം ഏറ്റവും ചുരുക്കി മികച്ച ഭാഷയില്‍ എഴുത്ത് നടത്താനും ആപ്പിള്‍ ഇന്റലിജന്‍സിന് സഹായിക്കും. പൂര്‍ണമായും പരിഷ്‌കരിച്ച മെയില്‍ ആപ്പാണ് മറ്റൊരു പ്രത്യേകത. സിരിയേയും ആപ്പിള്‍ പൂര്‍ണമായും പുതുക്കി പണിയും. ഇതിനൊപ്പം പുതിയ ഫോട്ടോ ആപ്പിള്‍ ഇന്റലിജന്‍സിന്റെ പ്രത്യേകതയാണ്.

https://dailynewslive.in/ ജിതിന്‍ രാജ് കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘പല്ലൊട്ടി നയന്റീസ് കിഡ്സ്’. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു. ഇറു എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മണികണ്ഠന്‍ അയ്യപ്പയാണ്. സുഹൈല്‍ കോയ എഴുതിയ വരികള്‍ക്ക് ശബ്ദം നല്‍കിയിരിക്കുന്നത് എലിസബത്ത് ആണ്. അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് പല്ലൊട്ടി നയന്റീസ് കിഡ്സ്. മാസ്റ്റര്‍ ഡാവിഞ്ചി, മാസ്റ്റര്‍ നീരജ് കൃഷ്ണ, മാസ്റ്റര്‍ അദിഷ് പ്രവീണ്‍, നിരുപമ രാജീവ്, അനുലക്ഷ്മി, സൈജു കുറുപ്പ്, സുധി കോപ്പ, ദിനേഷ് പണിക്കര്‍, നിരഞ്ജന അനൂപ്, അജിഷ, അനു പ്രഭ, തങ്ക സുബ്രഹ്‌മണ്യം, തങ്കം, ഉമ, ജിയോ എം 4 ടെക്ക്, ഫൈസല്‍ അലി, അബു വളയംകുളം എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകന്‍ സാജിദ് യഹിയയാണ്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. ദീപക് വാസന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും.

https://dailynewslive.in/ ദുല്‍ഖര്‍ സല്‍മാന്‍ നായകനായ പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം ‘ലക്കി ഭാസ്‌കര്‍’ നാളെ(ഒക്ടോബര്‍ 31) തിയറ്ററുകളില്‍ എത്തും. വെങ്കി അറ്റ്ലൂരി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം 80കളുടെയും 90കളുടെയും ബോംബെ നഗരത്തിന്റെ പശ്ചാത്തലത്തിലാണ് അവതരിപ്പിക്കുന്നത്. പതിനാല് മാസത്തിന് ശേഷമാണ് ദുല്‍ഖര്‍ സല്‍മാന്റെ ഒരു ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. ഒരു ‘സാധാരണക്കാരന്റെ അസാധാരണ യാത്ര’എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രം സസ്‌പെന്‍സും ആകാംഷയും ഡ്രാമയും നിറഞ്ഞ ഒരു പീരീഡ് ചിത്രമാണ്. പണത്തിനായി എന്ത് അപകടവും ഏറ്റെടുക്കാന്‍ തയ്യാറുള്ള ഭാസ്‌കര്‍ കുമാര്‍ ആയാണ് ദുല്‍ഖര്‍ ചിത്രത്തില്‍ എത്തുന്നത്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളില്‍ ഈ ചിത്രം ഗള്‍ഫ് രാജ്യങ്ങളില്‍ റിലീസ് ചെയ്യും. നായികാ വേഷം ചെയ്തിരിക്കുന്നത് മീനാക്ഷി ചൗധരി.

https://dailynewslive.in/ വന്‍ ഓഫറുകളുമായി ഓല ഇലക്ട്രിക് ’72 അവര്‍ റഷ്’. എസ് വണ്‍ നിരയിലെ സ്‌കൂട്ടറുകള്‍ക്ക് വന്‍ ഇളവുകളുമായിട്ടാണ് ഓല എത്തിയിരിക്കുന്നത്. ബോസ് (ബിഗസ്റ്റ് ഒല സീസണ്‍ സെയില്‍) ക്യാംപയിന് കീഴിലാണ് ’72 അവര്‍ റഷ്’ എന്ന ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇളവുകള്‍ പ്രകാരം എസ്1 പോര്‍ട്ട്‌ഫോളിയോയില്‍ സ്‌കൂട്ടറുകള്‍ക്ക് 25,000 രൂപ വരെ ഇളവുകളും 30,000 രൂപ വരെ അധിക ആനുകൂല്യങ്ങളും ലഭിക്കും. 2024 ഒക്ടോബര്‍ 31 വരെ ഈ വാഗ്ദാനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുക. ഓല എസ്1 നിരയുടെ ഷോറൂം വില ആരംഭിക്കുന്നത് 74,999 രൂപ മുതല്‍. എസ്1 നിരയിലെ എല്ലാ സ്‌കൂട്ടറുകള്‍ക്ക് 25,000 രൂപ വരെ കിഴിവ്. 30,000 രൂപ വരെയുള്ള അധിക ആനുകൂല്യങ്ങള്‍. 7,000 രൂപ വിലയുള്ള 8- വര്‍ഷം/80,000 കി.മീ ബാറ്ററി വാറന്റി സൗജന്യമായി ലഭിക്കും. തിരഞ്ഞെടുത്ത ക്രെഡിറ്റ് കാര്‍ഡ് ഇഎംഐകളില്‍ 5,000 രൂപ വരെ ധനസഹായ വാഗ്ദാനങ്ങള്‍. 6,000 രൂപ വിലയുള്ള സൗജന്യ മൂവ് ഒഎസ്+ അപ്‌ഗ്രേഡ്. 7,000 രൂപ വരെ വിലയുള്ള സൗജന്യ ചാര്‍ജിങ് ക്രെഡിറ്റുകളും. എസ് 1 പോര്‍ട്ട്ഫോളിയോയില്‍ 5000 രൂപ വരെ എക്സ്ചേഞ്ച് ഓഫറുകള്‍ നല്‍കുന്നുണ്ട്. ആറ് വ്യത്യസ്ത മോഡലുകളാണ് എസ് വണ്‍ ശ്രേണിയില്‍ ഒല വാഗ്ദാനം ചെയ്യുന്നത്.

https://dailynewslive.in/ തന്റേടിയായ സരസുവിന്റെ ലൈംഗികതൃഷ്ണയും പ്രണയവും എപ്പോഴോ പ്രതികാരാത്മകതയിലേക്ക് വഴിമാറുന്നു. വഞ്ചിക്കപ്പെട്ട ഒരു സ്ത്രീയുടെ കൊടിയ പകയ്ക്കു മുമ്പില്‍ ഒരു ദേശം പകച്ചുനില്‍ക്കുന്നു. കൈലമഠത്തിന്റെയും വെലിപ്രത്തിന്റെയും ദേശഭംഗി ആലേഖനം ചെയ്യുന്ന നോവല്‍. ‘കാഞ്ഞിപ്പൊത്ത്’. സന്തോഷ് ആവത്താന്‍. മാതൃഭൂമി ബുക്സ്. വില 229 രൂപ.

https://dailynewslive.in/ സ്ത്രീകളിലും പുരുഷന്മാരിലും രോഗങ്ങള്‍ പിടിപ്പെടാനുള്ള സാധ്യത ഏറെക്കുറെ സമാനമാണെങ്കിലും സ്ട്രോക്കിന്റെ കാര്യത്തില്‍ പുരുഷന്മാരെക്കാള്‍ രോഗ സാധ്യത സ്ത്രീകളിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്. 2023ലെ സ്ട്രോക്ക് മരണങ്ങള്‍ പരിശോധിച്ചാല്‍ അതില്‍ 60 ശതമാനവും സ്ത്രീകളാണ്. കൂടാതെ ഓരോ വര്‍ഷവും പുരുഷന്മാരെക്കള്‍ 55,000 സ്ത്രീകള്‍ക്ക് സ്ട്രോക്ക് സംഭവിക്കുന്നുണ്ടെന്നാണ് നാഷണല്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സ്റ്റാറ്റിസ്റ്റിക്സ് വിലയിരുത്തുന്നത്. സ്ത്രീകള്‍ക്കിടയിലെ മരണത്തിന്റെ മൂന്നാമത്തെ പ്രധാന കാരണവും പുരുഷന്മാര്‍ക്കിടയിലെ മരണത്തിന്റെ അഞ്ചാമത്തെ കാരണവുമായാണ് സ്ട്രോക്ക്. പുരുഷന്മാരെ അപേക്ഷിച്ച് ആയുര്‍ദൈര്‍ഘ്യം കൂടുതല്‍ സ്ത്രീകള്‍ക്കാണ്. പ്രായമാകുന്തോറും രക്തക്കുഴലുകള്‍ ശോഷിക്കുന്ന അവസ്ഥ സ്ത്രീകളില്‍ സ്ട്രോക്കിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. 85 വയസ്സിന് ശേഷമുള്ള സ്ത്രീകളില്‍ സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത പുരുഷന്മാരെക്കാള്‍ ഇരട്ടിയാണ്. സ്ത്രീകളില്‍ സംഭവിക്കുന്ന ക്രമരഹിതമായ ഹൃദയമിടിപ്പ് സ്ട്രോക്ക് വരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ഇത് 75 വയസ്സു കഴിഞ്ഞ സ്ത്രീകളില്‍ സ്ട്രോക്ക് വരാനുള്ള സാധ്യത 20 ശതമാനം വര്‍ധിപ്പിക്കുന്നു. സ്ട്രോക്ക് ഉണ്ടാകാനുള്ള ഒരു പ്രധാന കാരണമാണ് ഉയര്‍ന്ന രക്തസമ്മര്‍ദം. സ്ത്രീകളില്‍ സ്ട്രോക്ക് സാധ്യത കുറയ്ക്കാന്‍ ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, പതിവായി വ്യായാമം ചെയ്യുക, രക്തസമ്മര്‍ദവും കൊളസ്ട്രോളും എപ്പോഴും ക്രമീകരിച്ചു നിര്‍ത്തുക, പുകവലി ഉപേക്ഷിക്കുക, ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുക.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 84.08, പൗണ്ട് – 109.47. യൂറോ – 91.14, സ്വിസ് ഫ്രാങ്ക് – 97.05, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.31, ബഹറിന്‍ ദിനാര്‍ – 223.03, കുവൈത്ത് ദിനാര്‍ -274.32, ഒമാനി റിയാല്‍ – 218.38, സൗദി റിയാല്‍ – 22.39, യു.എ.ഇ ദിര്‍ഹം – 22.89, ഖത്തര്‍ റിയാല്‍ – 23.11, കനേഡിയന്‍ ഡോളര്‍ – 60.46.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *