ക്രിക്കറ്റിനൊപ്പം തന്നെ വാഹനങ്ങളെയും ഏറെ ഇഷ്ടപ്പെടുന്ന താരമാണ് ഹാര്‍ദിക് പാണ്ഡ്യ. ഇന്ത്യന്‍ ക്രിക്കറ്റിലെ ഈ ഓള് റൗണ്ടറുടെ ഏറ്റവും പുതിയ വാഹനം റേഞ്ച് റോവര്‍ സ്പോര്‍ട് ആണ്. ഏകദേശം 1.6 കോടി രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില വരുന്നത്. സെന്റോറിനി ബ്ലാക്ക് നിറത്തിലുള്ളതാണ് ഇന്ത്യന്‍ ക്രിക്കറ്ററുടെ റേഞ്ച് റോവര്‍. വാഹനത്തിന്റെ റജിസ്ട്രേഷന് നമ്പറിലുമുണ്ട് പ്രത്യേകത. 1234 എന്ന നമ്പറാണ് തിരഞ്ഞെടുത്തിരിക്കുന്നത്. താരത്തിന്റെ മെഴ്സിഡീസ് ബെന്‍സ് ജി 63 എ എം ജിയ്ക്കും ഇതേ നമ്പര്‍ തന്നെയാണ്. 3.0 ലീറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് വി6 പെട്രോള്‍ എന്‍ജിനാണ് റേഞ്ച് റോവര്‍ സ്പോര്‍ടിന്റെ കരുത്ത്. 394 ബി എച്ച് പി പവറും 550 എന്‍ എം ടോര്‍ക്കും ഉല്പാദിപ്പിക്കുന്നതാണ് ഈ മോട്ടോര്‍. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ്. വി6 ഡീസല്‍ എന്‍ജിനോടെയും പുതിയ റേഞ്ച് റോവര്‍ സ്പോര്‍ട് വിപണിയിലുണ്ട്. 346 ബി എച്ച് പി കരുത്തും 700 എന്‍ എം ടോര്‍ക്കും പുറത്തെടുക്കും ഈ എന്ജിന്.