മൊബൈല്‍ നമ്പര്‍ ആരുടേത് എന്ന് പരിശോധിക്കുന്ന ട്രൂകോളറിന്റെ സേവനങ്ങള്‍ ഇനി ഐഫോണിലും സുഗമമായി ലഭ്യമാകും. ആഗോളതലത്തില്‍ ലക്ഷക്കണക്കിനാളുകള്‍ ഉപയോഗിക്കുന്ന സൗജന്യ കോളര്‍ ഐഡി സേവനമാണ് ട്രൂകോളര്‍. എന്നാല്‍ ഇത് ഐഫോണില്‍ ആന്‍ഡ്രോയ്ഡ് ഫോണുകളിലെ പോലെ സുഗമമായി ഉപയോഗിക്കാനാവില്ലായിരുന്നു. നിലവില്‍ ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് ട്രൂകോളര്‍ ആപ്ലിക്കേഷന്‍ തുറന്ന് നമ്പര്‍ ടൈപ്പ് ചെയ്ത് പരിശോധിച്ചെങ്കില്‍ മാത്രമേ ആ നമ്പര്‍ ആരുടേതാണെന്ന് അറിയാനാവൂ. പുതിയ ഐഒഎസ് 18 എത്തുന്നതോടെ ഈ സ്ഥിതിയില്‍ മാറ്റമുണ്ടാവുമെന്നാണ് സൂചനകള്‍. ഐഒഎസ് 18ന്റെ പുതിയ യൂസര്‍ ഇന്റര്‍ഫെയ്സില്‍ കോള്‍ സ്‌ക്രീനിന് മുകളില്‍ ഓവര്‍ലേ പ്രദര്‍ശിപ്പിക്കാനുള്ള അനുവാദം നല്‍കുന്നുണ്ട്. ഇത് ട്രൂകോളര്‍ പോലുള്ള കോളര്‍ ഐഡി സേവനങ്ങള്‍ക്ക് തത്സമയം വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള സൗകര്യം ഒരുക്കും.