ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു.അദ്ദേഹം ലഫ്റ്റനൻ്റ് ഗവർണറെ നേരിൽ കണ്ട് രാജിക്കത്ത് നൽകി. ഒപ്പമുണ്ട അതിഷി പുതിയ സർക്കാർ രൂപീകരിക്കാൻ അവകാശ വാദം ഉന്നയിച്ചു. രണ്ട് ദിവസത്തിന് ശേഷം ദില്ലിയിൽ എഎപി ബഹുജന റാലി നടത്താനും തീരുമാനിച്ചിട്ടുണ്ട്.
ദില്ലിയിൽ ഇന്ന് രാവിലെ ചേർന്ന എംഎല്‍എമാരുടെ നിര്‍ണായക യോഗത്തിൽ അതിഷി മര്‍ലേനയെ മുഖ്യമന്ത്രിയായി തീരുമാനിച്ചു. ഈ മാസം 26,27 തീയതികളിലായി ദില്ലി നിയമസഭ സമ്മേളനം ചേരും. ഇതിൽ പുതിയ മുഖ്യമന്ത്രിയും സർക്കാരും ഭൂരിപക്ഷം തെളിയിക്കും. അടുത്ത മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കുമെന്ന പ്രമേയം കെജ്രിവാളാണ് യോഗത്തില്‍ അവതരിപ്പിച്ചത്.എംഎല്‍എമാരുടെ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിൽ അതിഷി മര്‍ലേനയെ മുഖ്യമന്ത്രിയായി ആം ആദ്മി നേതാവ് ഗോപാൽ റായ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
.
വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട ചെലവ് കണക്കുകളുമായി ബന്ധപ്പെട്ട വിവാദത്തിൽ സർക്കാരിന് മേൽ സമ്മർദ്ദം ശക്തമാക്കി പ്രതിപക്ഷ പാർട്ടികൾ. കണക്കുകൾ തയ്യാറാക്കിയതിൽ വീഴ്ച പറ്റിയെന്നും യഥാർത്ഥ കണക്കുകൾ പുറത്തുവിടണമെന്നും കോൺഗ്രസും ,ദുരന്തത്തെ അഴിമതിക്കുള്ള അവസരമാക്കി മാറ്റിയതിന്റെ തെളിവാണ് പുറത്തുവന്നതെന്ന് ബി.ജെ.പി യും വിമര്‍ശിച്ചു.
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മരണത്തെ തുടര്‍ന്നുള്ള ദുഃഖാചരണത്തിന് പിന്നാലെ ഓസ്ട്രേലിയയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കാനായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ കുടുംബ സമേതം യാത്രയായി.ഇടത് അനുകൂല പ്രവാസി സംഘടന സംഘടിപ്പിക്കുന്ന പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടറി ഓസ്ട്രേലിയക്ക് പോയത്.
നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഹൈക്കോടതിയിൽ മാത്രം തുടർച്ചയായി പത്ത് തവണ ജാമ്യഹർജി നൽകിയതിലെ സാമ്പത്തിക സ്രോതസ് ആരാണെന്ന് സിംഗിൽ ബെഞ്ച് സംശയം പ്രകടിപ്പിച്ചിരുന്നു. വിചാരണ നീണ്ട് പോകുന്നതിൽ സുപ്രീം കോടതി പ്രകടിപ്പിച്ച അനിഷ്ടത്തിന്റെ പ്രധാന കാരണവും ഈ ഹർജികളാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.
കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപിയുടെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്തു. ഹാക്ക് ചെയ്യപ്പെട്ട പേജിന്റെ പാസ്വേഡ് ഉൾപ്പെടെ അജ്ഞാതർ മാറ്റിയതിനാൽ പേജ് നിയന്ത്രണം തിരിച്ചുപിടിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
ലൈംഗികാതിക്രമ കേസിൽ സംവിധായകൻ വി.കെ പ്രകാശിന്റെ മൊഴിയെടുത്തു. യുവ കഥാകൃത്തിന്റെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ വി.കെ പ്രകാശിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. രണ്ട് ദിവസം കൂടി മൊഴിയെടുപ്പ് തുടരും.
ചെങ്ങന്നൂർ-ഇറപ്പുഴ ചതയം ജലോത്സവത്തിനിടെ പള്ളിയോടങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മുതവഴി, കോടിയാട്ടുകര പള്ളിയോടങ്ങൾ തമ്മിലാണ് കൂട്ടിയിടിച്ചത്.ഇതോടെ ജലോത്സവം ഫൈനൽ മത്സരം ഉപേക്ഷിച്ചു.
തിരുവനന്തപുരം നെയ്യാറ്റിനകരയിൽ മണ്ണിടിഞ്ഞ് വീണ് അപകടം. മണ്ണിനടിയിൽ കുടുങ്ങിയ ആളെ ഒരു മണിക്കൂറിലധകം നീണ്ട രക്ഷാപ്രവര്‍ത്തനത്തൊടുവിൽ രക്ഷപ്പെടുത്തി പുറത്തെത്തിച്ചു. നെയ്യാറ്റിനകര ആലത്തൂര്‍ സ്വദേശി ഷൈലനാണ് മണ്ണിനടിയിൽ കുടുങ്ങിയത്.ഉച്ചയ്ക്ക് രണ്ടോടെയാണ് തൊഴിലാളിയെ മണ്ണിൽ നിന്ന് പുറത്തെടുത്തത്. സ്ട്രച്ചറിൽ പുറത്തെത്തിച്ചശേഷം വാഹനത്തില്‍ ആശുപത്രിയിലേക്ക് മാറ്റി.
മലപ്പുറം ജില്ലയിലെ വണ്ടൂരിൽ നിപ ബാധിച്ച് യുവാവ് മരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ഹൈ റിസ്ക് ഗണത്തിൽ ഉൾപ്പെട്ട 13 പേരുടെയും സ്രവ പരിശോധന ഫലങ്ങൾ നെഗറ്റീവായി.പക്ഷെസമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണത്തിൽ വർധനയുണ്ടായി. ഇന്നത്തെ കണക്ക് പ്രകാരം 255 പേരെ പട്ടികയിലുൾപ്പെടുത്തി. രോഗ ബാധയെ തുടർന്ന് മേഖലയിൽ ശക്തമായ നിരീക്ഷണം നടക്കുന്നത് കൊണ്ടാണ് ഈ വർധനവെന്നും ആശങ്കപ്പെടാനില്ലെന്നും ആരോഗ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കാസർകോട് ജില്ലയിൽ സംസ്ഥാന പാതയിൽ 10 ദിവസം ഗതാഗതം നിരോധിച്ചു . കാസർകോട് – കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ ചന്ദ്രഗിരി പാലം മുതൽ പ്രസ്ക്ലബ്ബ് ജംഗ്ഷൻ വരെയാണ്ഗതാഗതം നിരോധിച്ചത്. റോഡിൽ നിർമ്മാണ പ്രവർത്തികൾക്കായാണ് ഗതാഗതം നിരോധിച്ചതെന്ന് പൊതുമരാമത്ത് വിഭാഗം അസിസ്റ്റൻ്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു.
സിനിമ മേഖലയിൽ നിന്നുള്ള പുതിയ സംഘടനയായ ‘പ്രോഗ്രസീവ് ഫിലിം മേക്കേഴ്സി’നെ പിന്തുണച്ച് സംവിധായകൻ വിനയൻ. നിഷ്പക്ഷവും പുരോഗമനപരവുമായി ചിന്തിക്കുന്ന സിനിമ സംഘടന നല്ലതാണെന്നും വിനയൻ പറഞ്ഞു.
തലച്ചോറിൽ അണുബാധയെ തുടർന്ന് 17 കാരി മരിച്ചു. കാസർകോട് മേൽപ്പറമ്പ് ചന്ദ്രഗിരി ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്ക്കൂൾ പ്ലസ് ടു വിദ്യാർത്ഥി എൻ.എം വൈഷ്ണവിയാണ് മരിച്ചത്.
ജനസംഖ്യാ കണക്കെടുപ്പിനുള്ള സെന്‍സസ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത ഷാ വ്യക്തമാക്കി. കോവിഡ് 19 വ്യാപനം മൂലം അവതാളത്തിലായ സെന്‍സസിനെ സംബന്ധിച്ചുയര്‍ന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ സംസ്ഥാനങ്ങളിലെ ബുള്‍ഡോസര്‍ രാജിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. ഇത്തരം പൊളിക്കലുകള്‍ നിര്‍ത്തിവെച്ചാൽ ആകാശം ഒന്നും ഇടിഞ്ഞുവീഴില്ലെന്ന് തുറന്നടിച്ച സുപ്രീം കോടതി ഒക്ടോബര്‍ ഒന്നുവരെ ഇത്തരം നടപടികള്‍ നിര്‍ത്തിവെക്കാനും ഉത്തരവിട്ടു. പൊതു റോഡുകൾ, നടപ്പാതകൾ, റെയിൽവേ ലൈനുകൾ, ജലാശയങ്ങൾ എന്നിവയിലെ കൈയേറ്റങ്ങൾക്ക് ഈ ഉത്തരവ് ബാധകമല്ലെന്നും സുപ്രീം കോടതി ചൂണ്ടികാട്ടി.
സുപ്രീം കോടതി ചീഫ് ജസ്റ്റിസിൻ്റെ വസതിയിൽ ഗണപതി പൂജയിൽ പങ്കെടുത്തതിനെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ജനങ്ങളുടെ വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങളും ചിലരെ അസ്വസ്ഥരാക്കുകയാണെന്ന് നരേന്ദ്ര മോദി പറഞ്ഞു. സമൂഹത്തെ വിഭജിക്കാൻ ശ്രമിക്കുന്നവരാണ് തൻറെ പൂജയെ എതിർക്കുന്നതെന്നും പ്രധാനമന്ത്രി ഒഡീഷയിൽ നടന്ന യോഗത്തിൽ കുറ്റപ്പെടുത്തി.
ഹോക്കി ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ മുത്തമിട്ട് ഇന്ത്യ. ഫൈനലില്‍ ചൈനയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യയുടെ ജയം.
പുതിയ കൊല്‍ക്കത്ത പോലീസ് കമ്മിഷണറായി മനോജ് കുമാര്‍ വര്‍മയെ നിയമിച്ച് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. വിനീത് ഗോയലിന് പകരക്കാരനായിട്ടാണ് മനോജ് കുമാറിന്റെ നിയമനം. 1998 ഐ.പി.എസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ് മനോജ് കുമാര്‍.
അഫ്ഗാനിസ്താനിലെ പോളിയോ വാക്സിനേഷന് താലിബാന് നിര്‍ത്തിവെച്ചതായി ഐക്യരാഷ്ട്രസഭ അറിയിച്ചു. സെപ്റ്റംബറിലെ കുത്തിവെപ്പ് ആരംഭിക്കുന്നതിനു തൊട്ടുമുന്‍പാണ് വിവരം യു.എന്‍. ഏജന്‍സികള്‍ അറിയുന്നത്. തീരുമാനത്തിനു പിന്നിലെ കാരണം താലിബാന് വ്യക്തമാക്കിയിട്ടില്ല.