mid day hd 1

ആ‍ർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച, ഔദ്യോഗിക കൃത്യനിർവഹണത്തിലെ ക്രമക്കേടുകളടക്കം ഉയർന്നിരിക്കുന്ന ആരോപണങ്ങളിൽ എഡിജിപി എംആർ അജിത്ത് കുമാർ അന്വേഷണ സംഘത്തിന് മൊഴി നൽകുന്നു. പൊലീസ് ആസ്ഥാനത്ത് കേസിൻ്റെ അന്വേഷണ ചുമതലയുള്ള സംസ്ഥാന പൊലീസ് മേധാവി ഡിജിപി ഷെയ്ഖ് ദർവേസ് സാഹിബ് നേരിട്ടാണ് മൊഴി രേഖപ്പെടുത്തുന്നത്. കേസിൻ്റെ അന്വേഷണ ചുമതലയിലുള്ള ഐജി സ്പർജൻ കുമാർ, എസ്‌പിമാരായ മധുസൂദനൻ എന്നിവരും സ്ഥലത്തുള്ളതായാണ് വിവരം.

 

 

 

 

 

എഡിജിപിക്കെതിരെ ഉയർന്നുവന്ന എല്ലാ ആരോപണവും അന്വേഷിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ആരെയും സംരക്ഷിക്കില്ല. അന്വേഷണ റിപ്പോർട്ട് വന്നതിന് ശേഷം തീരുമാനമെടുക്കുമെന്നും എം.വി ഗോവിന്ദൻ പറ‌ഞ്ഞു. ആഭ്യന്തര വകുപ്പ് ഭരണകൂടത്തിൻ്റെ ഭാഗമാണ്, ഇടതുമുന്നണിയുടെയല്ല. മാധ്യമങ്ങൾ കള്ളവാർത്ത പ്രചരിപ്പിക്കുകയാണ്. എഡിജിപിക്കൊപ്പം മുഖ്യമന്ത്രിയുടെ ബന്ധു ആർഎസ്എസ് നേതാക്കളെ കണ്ടുവെന്ന വാർത്ത അസംബന്ധമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

 

 

എഡിജിപി എം.ആർ അജിത്ത് കുമാറിനെ മാറ്റണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് ബിനോയ് വിശ്വം. ക്രമസമാധാന ചുമതലയുള്ള എഡിജിപി ആർഎസ്എസ് നേതാക്കളെ ഊഴമിട്ട് കൂടിക്കാഴ്ച നടത്തിയതിൻ്റെ അടിസ്ഥാനമെന്താണെന്നും എഡിജിപിക്കെതിരായ അന്വേഷണത്തിന് സമയം വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടാൽ അത് മനസിലാക്കാം. അതിനർത്ഥം അന്വേഷണം അനന്തമായി നീണ്ടുപോകാമെന്നല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

 

 

 

സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നം പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ ഗുരുതര ആരോപണങ്ങളുമായി സിനിമ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടന ഫെഫ്ക. വാര്‍ത്ത സമ്മേളനത്തില്‍ ആരോപണങ്ങള്‍ ഉന്നയിച്ചത്. കമ്മിറ്റി കേള്‍ക്കേണ്ടവരെ കേള്‍ക്കാതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണനാണ്ന്നാണ് ബി.ഉണ്ണികൃഷ്ണന്‍ ആരോപിക്കുന്നത്.

 

 

ബെവ്കോ ജീവനക്കാർക്ക് റെക്കോർഡ് ഓണം ബോണസ് തുകയ്ക്ക് ശുപാർശ. ബീവറേജ് കോർപ്പറേഷനാണ് സർക്കാരിന് ശുപാർശ നൽകിയിട്ടുള്ളത്. കഴിഞ്ഞ വർഷം ബോണസായി നൽകിയത് 90000 രൂപയായിരുന്നു. ലേബലിംഗ് തൊഴിലാളികൾ വരെയുള്ള ജീവനക്കാർക്കായിരിക്കും തുക ലഭിക്കുന്നത്. എന്നാൽ ഓണം ബോണസ് സംബന്ധിച്ച ഓർഡർ പുറത്തിറങ്ങിയിട്ടില്ലെന്നാണ് ബെവ്കോ അധികൃതർ പ്രതികരിച്ചത്.

 

 

 

 

പി.വി.അൻവറിനെയും കെ.ടി.ജലീലിനെയും അവഗണിച്ച് ഒറ്റപ്പെടുത്തുകയെന്ന നയം മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നതിനാൽ ഇവർക്ക് അധിക നാൾ സി.പി.എം പാളയത്തിൽ തുടരാനാവില്ലെന്ന് ചെറിയാന്‍ ഫിലിപ്പ്.വർഗ്ഗീയ പ്രീണന രാഷ്ട്രീയത്തിന് തങ്ങളെ സി.പി.എമ്മിന് ഇനി ആവശ്യമില്ലെന്ന് അൻവറിനും ജലീലിനും അറിയാവുന്നതു കൊണ്ടാണ് കലാപമുണ്ടാക്കി രക്തസാക്ഷിത്വം വരിക്കാൻ ശ്രമിക്കുന്നത്. എൽ.ഡി.എഫിൽ രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ട ഇവർ മുങ്ങുന്ന കപ്പലിൽ നിന്നും എടുത്തു ചാടാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു.

 

 

കോഴിക്കോട് പാലേരി വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂളിലെ 50ഓളം കുട്ടികൾക്ക് മഞ്ഞപിത്തം സ്ഥിരീകരിച്ചു. പ്രദേശത്തെ കൂൾബാറുകൾ അടച്ചിടാൻ ചങ്ങരോത്ത് പഞ്ചായത്ത് അധികൃതർ നിർദേശം നൽകി. കുട്ടികളെല്ലാം ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. സ്കൂൾ കിണറിലെ വെള്ളത്തിൽ നിന്നല്ല രോഗം പകർന്നതെന്നു പരിശോധനാ ഫലത്തിൽ വ്യക്തമായി.

 

 

നീതി കിട്ടിയില്ലെങ്കിൽ അത്‌ കിട്ടും വരെ പോരാടുമെന്ന് നിലമ്പൂർ എംഎൽഎ പി വി അൻവർ. അതിനിനി ദിവസക്കണക്കൊക്കെ റെക്കോർഡ്‌ ചെയ്യപ്പെട്ടാലും അതൊന്നും കാര്യമാക്കുന്നില്ല. തനിക്ക്‌ വേണ്ടിയല്ല, എല്ലാ സഖാക്കൾക്കും വേണ്ടിയാണ് ഈ പോരാട്ടമെന്ന് പി വി അൻവർ ഫേസ് ബുക്കിൽ കുറിച്ചു. പി വി അൻവർ എല്ലാ ദിവസവും ആരോണങ്ങൾ ഉന്നയിക്കുന്നത് ശരിയല്ലെന്ന് ഇടതു മുന്നണി കൺവീനർ ടി പി രാമകൃഷണൻ ഇന്നലെ പറഞ്ഞിരുന്നു.

 

 

 

 

ഫോൺ ചോർത്തിയെന്ന ഭരണകകക്ഷി എംഎൽഎ പി.വി അൻവറിന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ. ഫോൺ ചോർത്തൽ നടന്നിട്ടുണ്ടെങ്കിൽ അതീവ ഗൗരവതരമായ വിഷയമാണെന്നും മൗലികാവവകാശങ്ങളുടെയും സുപ്രീം കോടതി മാർഗ നിർദേശങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു.

 

 

അപകടത്തിൽ പരിക്കേറ്റ് ആറ് മാസത്തോളമായി കോമ സ്ഥിതിയിൽ കഴിയുന്ന ഒൻപത് വയസുകാരിയുടെ ദുരിതവും പൊലീസ് അനാസ്ഥയും സംബന്ധിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയ കേസ് എടുത്തു. ജസ്റ്റിസ് പിജി അജിത് കുമാർ, അനിൽ കെ നരേന്ദ്രൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് കേസ് എടുത്തത്. ഇന്ന് കോടതി കേസ് പരിഗണിക്കും. കോഴിക്കോട് മെഡിക്കൽ കോളേജിലാണ് 9 വയസ്സുകാരി ദൃഷാന ചികിത്സയിൽ കഴിയുന്നത്. കുട്ടിയെ ഇടിച്ചിട്ട ശേഷം കടന്നുകളഞ്ഞ കാർ കണ്ടെത്താൻ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല.

 

 

ഡയാലിസിസുകളുടെ എണ്ണം വെട്ടിക്കുറച്ചതിലും വൈകുന്നതിലും പ്രതിഷേധിച്ച് രോഗികളും ബന്ധുക്കളും തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ ഉപരോധ സമരം നടത്തി. ആശുപത്രി ആര്‍എംഒ ഡോ നോബിള്‍ ജെ തൈക്കാട്ടിലിനെയാണ് ഉപരോധിച്ചത്. അതേസമയം അധികൃതരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സമരം അവസാനിപ്പിച്ചു. പുതിയ നാല് മെഷീനുകള്‍ എത്തുമെന്ന ഉറപ്പിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.

 

 

വയനാട്ടിലെ ശ്രുതിക്ക് ആവശ്യമായ എല്ലാ കരുതലും ഒരു മകളുടെ സ്ഥാനത്ത് കണ്ട് നിറവേറ്റുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ശ്രുതിയുടെ ജോലിക്കാര്യം മുഖ്യമന്ത്രിയോട് പറയുമെന്നും സതീശൻ പറഞ്ഞു. വാർത്താസമ്മേളനത്തിലാണ് സതീശൻ ഇക്കാര്യം അറിയിച്ചത്.

 

 

 

ചൂരൽമല ഉരുൾപൊട്ടലിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരനായിരുന്ന ജെന്‍സന്‍റെ പോസ്റ്റുമോർട്ടം നടപടികൾ കഴിഞ്ഞു. സഹോദരൻ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ ബത്തേരി ആശുപത്രിയിൽ വച്ച് ജെൻസനെ കണ്ടു. ശേഷം അമ്പലവയൽ ആണ്ടൂരിലേക്ക് ജെൻസൻ്റെ മൃതദേഹം കൊണ്ടുപോയി. ഇവിടെ മൃതദേഹം പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. നിരവധി പേരാണ് ഹാളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. വൈകിട്ട് 3 മണിക്ക് ആണ്ടൂര്‍ നിത്യസഹായമാതാ പള്ളി സെമിത്തേരിയിലാണ് സംസ്കാരം നടക്കുക.

 

 

 

 

 

അമ്പലപ്പുഴ സ്വദേശി മോഹനനെ കബളിപ്പിച്ച് ഗൂഗിൾ പേയിൽ നിന്നും 10,000 രൂപ തട്ടിയെടുത്ത പ്രതികൾ പിടിയിൽ. 1000 രൂപ വാങ്ങിയ ശേഷം പണമയക്കാനെന്ന പേരിൽ വയോധികന്റെ ഫോണ്‍ കൈക്കലാക്കിയായിരുന്നു തട്ടിപ്പ്. കൊച്ചി ഇടപ്പളളിയിൽ വച്ചായിരുന്നു സംഭവം വീട്ടിൽ പോകാൻ കൈയ്യിൽ പണം ഇല്ല എന്നും ആയിരം രൂപ ക്യാഷ് ആയി നൽകിയാൽ പകരം ഗൂഗിൾ പേ ചെയ്തു തരാമെന്നും പ്രതികൾ പറഞ്ഞു. ഇതേ തുടർന്ന് തട്ടിപ്പ് മനസിലായ മോഹനൻ പ്രതികളിലൊരാളെ തടഞ്ഞുവച്ചു.പിന്നീട് എളമക്കര പൊലീസ് നടത്തിയ തെരച്ചിലിൽ രണ്ടുപേരും പിടിയിലായി.

 

 

പാലക്കാട് എലപ്പുള്ളിയിൽ ലൈംഗീകാതിക്രമം തടഞ്ഞ യുവതിയെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന കൊട്ടിൽപ്പാറ സ്വദേശി സൈമണെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. പൊലീസ് സംഘം ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം ആക്രമണത്തിൽ പരിക്കേറ്റ 23 കാരിയായ യുവതിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി തൃശൂ൪ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

 

 

കോഴിക്കോട് ഫാറൂഖ് കോളേജിൽ ഓണാഘോഷം അതിരുവിട്ടതിനെ തുടർന്ന് അപകടകരമായ രീതിയിൽ വാഹനങ്ങളിൽ വിദ്യാർത്ഥികൾ യാത്ര ചെയ്ത സംഭവത്തിൽ പൊലീസും മോട്ടോർ വാഹനവകുപ്പും കേസെടുത്തു. വിദ്യാർത്ഥിനികൾ അടക്കമുള്ളവരാണ് കാറുകളുടെ ഡോറുകളിൽ കയറിയിരുന്ന് യാത്ര ചെയ്തത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. റോഡിൽ വലിയ രീതിയിൽ ഗതാഗത തടസം സൃഷ്ടിച്ചായിരുന്നു അതിരുവിട്ട ഓണാഘോഷം.

 

 

കൊച്ചി എളമക്കരയിൽ ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ 24കാരി കുഴഞ്ഞുവീണു മരിച്ചു. ആർഎംവി റോഡ് ചിറക്കപ്പറമ്പിൽ ശാരദ നിവാസിൽ വി.എസ്. രാഹുലിന്റെ ഭാര്യ അരുന്ധതിയാണ് മരിച്ചത്. ട്രേഡ് മില്ലിൽ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വയനാട്ടിലെ വീട്ടിലേക്ക് കൊണ്ടുപോകും.

 

 

തമിഴ്നാട്ടിലെ മധുരയിൽ വനിത ഹോസ്റ്റലിൽ തീപിടിത്തം. രണ്ട് യുവതികൾ മരിച്ചു. പൊള്ളലേറ്റ അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ചവരിൽ ഒരാൾ അധ്യാപികയാണ്. ഹോസ്റ്റലിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചുണ്ടായ അപകടം എന്നാണ് പ്രാഥമിക നിഗമനം.

 

 

തമിഴ്നാട് കടലൂരിൽ വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ചു. രണ്ട് സ്ത്രീകളും മൂന്ന് ആൺകുട്ടികളുമാണ് മരിച്ചത്. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. മരിച്ചവർ മയിലാടുതുറ സ്വദേശികളെന്നാണ് ലഭിക്കുന്ന വിവരം. രോഗിയായ ബന്ധുവിനെ സന്ദർശിക്കാനായി പോയതായിരുന്നു. തിരികെ വരും വഴിയാണ് അപകടം നടന്നത്.

 

 

തെക്കൻ മുംബൈയിലെ ലേല ശാലയിൽ നിന്ന് പ്രകൃതി അടിച്ച് മാറ്റി മോഷ്ടാക്കൾ. പ്രശസ്ത ചിത്രകാരൻ എസ് എച്ച് റാസയുടെ പ്രകൃതിയെന്ന പെയിന്റിംഗാണ് മോഷ്ടിക്കപ്പെട്ടത്. തെക്കൻ മുംബൈയിലെ ബല്ലാർദ് പിയറിലെ ലേലശാലയിൽ സൂക്ഷിച്ചിരുന്ന പെയിന്റിംഗാണ് മോഷണം പോയിരിക്കുന്നത്. 2.5 കോടി രൂപ വില വരുന്നതാണ് ഈ ചിത്രം. ലേലശാലയുടെ സംഭരണ ശാലയിൽ സൂക്ഷിച്ചിരുന്ന പ്രകൃതി എന്ന പെയിന്റിംഗാണ് കാണാതായിട്ടുള്ളത്.

 

 

ചൂരൽമല ഉരുൾപൊട്ടലിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരനായിരുന്ന ജെന്‍സന്‍റെ സംസ്കാരം ഇന്ന് നടക്കും. കഴി‌ഞ്ഞ ദിവസം നടന്ന അപകടത്തിൽ അതീവ ഗുരുതരമായി പരിക്കേറ്റ യുവാവ് ഇന്നലെ രാത്രിയാണ് മരിച്ചത്. ഇരുവരുടെയും വിവാഹ ഒരുക്കങ്ങളിലേക്ക് കടക്കാനിരിക്കെയാണ് അപകടം ജെൻസൻ്റെ ജീവനെടുത്തത്.

 

 

മോട്ടർ വാഹനങ്ങളിൽ അംഗീകൃത വ്യവസ്ഥകൾക്ക് അനുസരിച്ച് കൂളിങ് ഫിലിം പതിപ്പിക്കാമെന്ന് ഹൈക്കോടതി. അങ്ങനെ ചട്ടം പാലിച്ച് കൂളിങ് ഫിലിം പതിപ്പിച്ചതിന്റെ പേരിൽ വാഹനങ്ങൾക്ക് പിഴ ഈടാക്കാനാകില്ലെന്നും ജസ്റ്റിസ് എൻ നഗരേഷ് വ്യക്തമാക്കി. മോട്ടോർ വാഹനചട്ടങ്ങളിലെ ഭേദഗതി പ്രകാരം വാഹനങ്ങളുടെ മുന്നിലും പിന്നിലും വശങ്ങളിലും സേഫ്റ്റി ഗ്ലാസുകൾക്ക് പകരം സേഫ്റ്റിഗ്ലേസിങ് കൂടി ഉപയോഗിക്കാൻ അനുവദിക്കുന്നുണ്ട്.

 

 

എഡിജിപി എംആർ അജിത്ത് കുമാറുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാർ നിലപാടിനെതിരെ മുതിർന്ന സിപിഐ നേതാവ് കെഇ ഇസ്മായിൽ. എഡിജിപി എംആർ അജിത്ത് കുമാറിനെ മാറ്റി നിർത്തി അന്വേഷണം നടത്തണമെന്ന് അദ്ദേഹം വ്യക്തമാക്കി. അജിത്ത് കുമാറിനെ മാറ്റാതെ നടത്തുന്ന അന്വേഷണത്തിൽ കാര്യമില്ലെന്നും ആർഎസ്എസ് നേതാക്കളെ കണ്ടത് ഗുരുതര വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.

 

 

 

പെരിന്തൽമണ്ണ ഏലംകുളം പഞ്ചായത്തിൽ നിലവിലെ ഭരണസമിതിയെ പുറത്താക്കി ഭരണം പിടിച്ചെടുത്ത് എൽഡിഎഫ്. പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കി. പ്രസിഡന്റ് സി. സുകുമാരൻ, വൈസ് പ്രസിഡന്റ് കെ. ഹയറുന്നീസ എന്നിവരാണ് വോട്ടെടുപ്പിൽ പരാജയപ്പെട്ടത്. യുഡിഎഫ് സ്വതന്ത്ര അംഗം കൂറുമാറി അവിശ്വാസത്തെ പിന്തുണച്ചതോടെയാണ് യുഡിഎഫിന് ഭരണം നഷ്ടമായത്. പഞ്ചായത്തിൽ മൂന്ന് സ്ഥിരം സമിതി അധ്യക്ഷ സ്ഥാനങ്ങളും എൽഡിഎഫിനാണ്.

 

 

 

കല്ലുമ്മക്കായയുടെ ജനിതക രഹസ്യം കണ്ടെത്തി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). ക്രോമസോം തലത്തിൽ കല്ലുമ്മക്കായയുടെ ജനിതക ശ്രേണീകരണം സിഎംഎഫ്ആർഐ വിജയകരമായി പൂർത്തിയാക്കി. കല്ലുമ്മക്കായയുടെ കൃഷിയിൽ വൻമുന്നേറ്റത്തിന് വഴിയൊരുക്കുന്നതാണ് കണ്ടെത്തൽ. ജലാശയ മലിനീകരണം എളുപ്പത്തിൽ മനസ്സിലാക്കാനും ഭാവിയിൽ കാൻസർ ഗവേഷണങ്ങളെ സഹായിക്കാനും നേട്ടം ഉപകരിക്കുമെന്ന് സിഎംഎഫ്ആർഐ അറിയിച്ചു.

 

 

തിരുവമ്പാടിയിൽ സ്കൂൾ ബസ് മതിലിൽ ഇടിച്ചു അപകടത്തിൽ 18 കുട്ടികൾക്ക് പരിക്കേറ്റു. തിരുവമ്പാടി സേക്രഡ് ഹാർട് യുപി സ്കൂളിലെ ബസാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റ കുട്ടികളെ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം നടന്നയുടൻ നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തി. പരിക്ക് സാരമുള്ളതല്ലെന്നാണ് ലഭിക്കുന്ന വിവരം.

 

 

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന്റെ വീട്ടിൽ നടന്ന ഗണപതി പൂജയിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചീഫ് ജസ്റ്റിസിനും പത്നി കൽപ്പന ദാസിനുമൊപ്പമാണ് അദ്ദേഹം പൂജയിൽ പങ്കെടുത്തത്. എല്ലാവർക്കും സന്തോഷവും സമൃദ്ധിയും ആരോഗ്യവുമുണ്ടാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ഇതിന്റെ ചിത്രങ്ങൾ പ്രധാനമന്ത്രി സമൂഹ മാധ്യമമായ എക്സിലൂടെ പങ്കുവെച്ചിട്ടുണ്ട്.

 

 

 

വിമാനത്താവളത്തിലെ ടാക്സിവേയില്‍ രണ്ട് വിമാനങ്ങള്‍ കൂട്ടിയിടിച്ചു. യുഎസിലെ അറ്റലാന്‍റ എയര്‍പോര്‍ട്ടില്‍ ചൊവ്വാഴ്ചയാണ് സംഭവം ഉണ്ടായത്. രണ്ട് ഡെല്‍റ്റ എയര്‍ലൈന്‍സ് വിമാനങ്ങളാണ് കൂട്ടിയിടിച്ചത്.

 

 

ഉത്തര്‍പ്രദേശിലെ കാന്‍പുരിന് സമീപം ഗുജനിയില്‍ ദേശീയപാതയില്‍ സ്ത്രീയുടെ തലയില്ലാത്ത നഗ്നശരീരം കണ്ടെത്തി. ബലാത്സംഗം ചെയ്ത് കൊന്ന ശേഷം തല വെട്ടി മൃതദേഹം ദേശീയപാതയില്‍ ഉപേക്ഷിച്ചതാണെന്നാണ് പോലീസ് സംശയിക്കുന്നത്. എന്നാല്‍ മൃതദേഹം ലഭിച്ച് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും പോലീസിന് യാതൊരു തുമ്പും ലഭിച്ചിട്ടില്ല. മൂന്ന് സംഘങ്ങളായാണ് പോലീസ് കേസ് അന്വേഷിക്കുന്നത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *