പെട്ടെന്ന് പ്രായമാകുന്നതിന് പിന്നില്‍ ടെലോമിയര്‍ എന്ന പ്രോട്ടീന്‍ പ്രതിഭാസമാണെന്ന് പഠനം. നമ്മുടെ ഡിഎന്‍എ സംരക്ഷിക്കുന്ന ക്രോമസോമുകളുടെ അറ്റത്ത് ക്യാപ് രൂപത്തില്‍ കാണപ്പെടുന്ന ഒരു പ്രോട്ടീന്‍ ആണ് ടെലോമിയര്‍. ഓരോ തവണയും കോശങ്ങള്‍ വിഭജിക്കപ്പെടുമ്പോള്‍ ടെലോമിയറുകളുടെ നീളം കുറയും. ഇത് കോശങ്ങള്‍ക്ക് കുടുതല്‍ വിഭജിക്കാനുള്ള കഴിവ് ഇല്ലാതാക്കുകയും കോശങ്ങള്‍ നശിക്കുന്നതിനും കാരണമാകുന്നു. ഇതാണ് നമ്മുടെ ശരീരം പ്രായമാകുന്നതിലേക്ക് നയിക്കുന്നത്. കൂടാതെ ടെലോമിയറുകളുടെ നീളം കുറയുന്നത് ആര്‍ത്രൈറ്റിസ്, അര്‍ബുദം തുടങ്ങിയ നിരവധി രോഗബോധയ്ക്കുള്ള സാഹചര്യമൊരുക്കുകയും അതിജീവന സാധ്യതകുറയ്ക്കുകയും ചെയ്യുന്നു. എന്നാല്‍ നീളമുള്ള ടെലോമിയറുകള്‍ കോശ നാശം സംഭവിക്കാതെ അവയെ കൂടുതല്‍ തവണ വിഭജിക്കാന്‍ അനുവദിക്കുകയും യുവത്വം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു. ഇത് പല വിട്ടുമാറാത്ത അസുഖങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കുന്നു. ടെലോമിയറുകളുടെ നീളം കുറയുന്നത് നമ്മുടെ ബയോളജിക്കല്‍ ക്ലോക്കുമായി ബന്ധപ്പെട്ടു കിടക്കുന്നു. എന്നാല്‍ ചില ജീവിത ശൈലി മാറ്റങ്ങളും ടെലോമിയറുകളുടെ നീളം കുറയാന്‍ കാരണമാകുന്നു. ഉദാസീനരായ ആളുകളില്‍ ശാരീരികമായി സജീവമായവരെക്കാള് ടെലോമിയറുകളുടെ നീളം കുറവാകുന്നതായും എട്ട് വയസു വരെ പ്രായം കൂടുന്നതായും പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. പുകവലി, ഉറക്കമില്ലായ്മ, വീക്കം, മാനസിക സമ്മര്‍ദം എന്നിവയും ടെലോമിയറുകളുടെ നീളം കുറയുന്നതിന് കാരണമാകാം.