കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യത്തില്‍ കോടതി തീരുമാനം നിർണായകമാകും. നിലവിൽ ദൗത്യത്തിന്‍റെ സ്ഥിതി വിവരം കാണിച്ച് ജില്ലാ ഭരണകൂടം ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഡ്രഡ്ജർ കൊണ്ടുവരാനുള്ള പ്രാഥമിക പരിശോധന നടത്തിയതായും ഗംഗാവലിപ്പുഴയിൽ ഹൈഡ്രോഗ്രാഫിക് സർവേ നടത്തിയതായും ജില്ലാ ഭരണകൂടം കോടതിയെ അറിയിച്ചു.ഗോവയിൽ നിന്ന് ഡ്രഡ്ജർ കൊണ്ട് വരേണ്ടത് എങ്ങനെയെന്ന് തീരുമാനിക്കാൻ പുഴയിലെ ഒഴുക്കും ഗതിയും അടക്കം പരിശോധിക്കുന്നതാണ് ഹൈഡ്രോഗ്രാഫിക് പരിശോധന. ടഗ് ബോട്ടിൽ ഡ്രഡ്ജർ എത്തിക്കാൻ കഴിയുമെന്നാണ് ഗോവൻ തുറമുഖ വകുപ്പ് ജില്ലാ ഭരണകൂടത്തെ അറിയിച്ചത്. ഇതിനായി 96 ലക്ഷം രൂപ ചെലവ് വരുമെന്നും ജില്ലാ ഭരണകൂടം കോടതിയെ അറിയിക്കും. ഈ പണം അനുവദിക്കണമെന്ന് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നോ ഡിസാസ്റ്റർ മാനേജ്മെന്‍റ് ഫണ്ടിൽ നിന്നോ ആണ് ഈ തുക ചെലവഴിക്കാനാകുക.