താജ്മഹലിനെ കുറിച്ചും അതിന്റെ വാസ്തുവിദ്യയെ കുറിച്ചും അറിയാക്കഥകളുടെ കഴിഞ്ഞ ഭാഗത്തിലൂടെ മനസ്സിലായി കാണുമല്ലോ. ഇന്ന് നമുക്ക് താജ്മഹലിന്റെ നിർമ്മാണ രീതികളെക്കുറിച്ച് നോക്കാം….!!!

താജ് മഹൽ പണിതീർത്തിരിക്കുന്നത് ചുവരുകളുടെ നഗരം എന്നറിയപ്പെടുന്ന ആഗ്ര നഗരത്തിന്റെ തെക്ക് ഭാഗത്ത് യമുന നദിയുടെ തീരത്താണ്. മഹാരാജ ജയ് സിംഗിൽ നിന്നും വാങ്ങിയ ഭൂമിയായിരുന്നു ഇത്. പകരമായി ഷാജഹാൻ മഹാരാജ ജയ് സിങിന് ഒരു കൊട്ടാരം നൽകി എന്നാണ് പറയപ്പെടുന്നത്. മൂന്ന് ഏക്കറോളം വരുന്ന ഭൂമി ആദ്യം നിരപ്പാക്കി എടുക്കുകയും പിന്നീട് യമുന നദിയുടെ നിരപ്പിൽ നിന്നും 50 മീറ്ററോളം ഉയരത്തിൽ നിരത്തി എടുക്കുകയുമായിരുന്നു.

കുടീരം പണിത ഭാഗങ്ങളിൽ ആഴത്തിൽ കിണറുകൾ പോലെ പണിത് അതിൽ കല്ലും മറ്റു ഖരപദാർഥങ്ങളും നിറച്ച് അടിത്തറയാക്കി. മുളകൾ കൊണ്ട് ചട്ടക്കൂട് തീർക്കുന്നതിനു പകരം കുടീരം പണിയുന്നതിനായി തൊഴിലാളികൾ ഇഷ്ടികകൾ കൊണ്ടുള്ള ഭീമാകാരമായ ചട്ടക്കൂട് കുടീരത്തിന്റെ അതേ വലിപ്പത്തിൽ തീർത്തു. അതിനുശേഷമാണ് കുടീരത്തിന്റെ പണി തുടങ്ങിയത്. ഇത്ര വലിയ ഒരു ചട്ടക്കൂട് പൊളിക്കാൻ കാലങ്ങൾ എടുക്കുമെന്ന് ഇതിന്റെ മേൽനോട്ടക്കാർ കണക്കാക്കിയിരുന്നു. പക്ഷേ ചക്രവർത്തി ഷാജഹാൻ, ചട്ടക്കൂടിന് ഉപയോഗിച്ച ഇഷ്ടികകൾ ആർക്കും കൊണ്ടുപോകാമെന്ന് ഉത്തരവിറക്കി.അതോടെ ഒറ്റ രാത്രി കൊണ്ട് ഈ ഭീമാകാരമായ ചട്ടക്കൂട് ഗ്രാമീണരും കർഷകരും പൊളിച്ചു കൊണ്ട്പോയി .

15 കി. മീ. നീളമുള്ള ഒരു ഭൂഗർഭ പാത മാർബിളുകൾ കൊണ്ട് വരാനായി നിർമ്മിച്ചു. 20 മുതൽ മുപ്പത് വരെ പണിക്കാർ ചേർന്നാണ് ഓരോ മാർബിൾ ഫലകങ്ങളും പണി സ്ഥലത്തേക്ക് എത്തിച്ചിരുന്നത്. ഇത് പ്രത്യേകം പണി തീർത്ത വണ്ടികളിലാണ് എത്തിച്ചിരുന്നത്. വിപുലീകരിച്ച കപ്പികൾ ഉപയോഗിച്ചുള്ള സംവിധാനം ഉപയോഗിച്ചാണ് വലിയ മാർബിൾ ഫലകങ്ങൾ മുകളിലേക്ക് എത്തിച്ചിരുന്നത്. ആവശ്യത്തിനുള്ള വെള്ളം എത്തിച്ചിരുന്നത് യമുന നദിയിൽ നിന്നും മൃഗങ്ങളെ ഉപയോഗിച്ച് വലിച്ചിരുന്ന ടാങ്കുകളിലായിരുന്നു. ഒരു പ്രധാന സംഭരണിയും അതിന്റെ അനുബന്ധമായി ചെറിയ സംഭരണികളും വെള്ളത്തിന്റെ വിതരണത്തിനായി ഉപയോഗിച്ചിരുന്നു. അതിനു ശേഷം പൈപ്പുകൾ ഉപയോഗിച്ച് അത് പണി സ്ഥലത്തേക്ക് എത്തിക്കുകയായിരുന്നു.

ഇതിന്റെ അടിസ്ഥാന സ്തംഭപാദവും കുടീരവും പണിതീരുന്നതിനായി 12 വർഷങ്ങൾ എടുത്തു. സമുച്ചയത്തിന്റെ ബാക്കി ഭാഗങ്ങൾ പണി തീരുന്നതിനായി 10 വർഷങ്ങൾ കൂടി വീണ്ടും എടുത്തു. ഇതിൽ മീനാറുകൾ, മോസ്ക്, ജവാബ്, പ്രധാന തെക്കെ കവാടം എന്നിവ ഉൾപ്പെടുന്നു. മൊത്തം സമുച്ചയം പല തവണയായി പണിതതിനാൽ ഇപ്പോഴും നിർമ്മാണ സമയത്തെക്കുറിച്ച്‌ വ്യത്യസ്ത അഭിപ്രായങ്ങൾ നിലനിൽക്കുന്നു. ശവകുടീരം പണിതീർന്നത് 1643 ലാണെന്ന് പറയപ്പെടുന്നു. ബാക്കി പണികൾ അതിനു ശേഷവും തുടർന്നു എന്നും പറയപ്പെടുന്നു.

 

പണി തീരാൻ എടുത്ത ചെലവുകളുടെ കാര്യത്തിലും പല അഭിപ്രായങ്ങൾ ഉണ്ട്. ഒരു കണക്കനുസരിച്ച് ചെലവ് അക്കാലത്തെ 32 ദശലക്ഷം രൂപ ആണെന്ന് കണക്കാക്കപ്പെടുന്നു. താജ് മഹൽ പണിയുന്നതിനായി ഏഷ്യയുടെ വിവിധഭാഗങ്ങളിൽ നിന്നും സാധന സാമഗ്രികൾ എത്തിച്ചു. ആയിരത്തിലധികം ആനകളെ സാധനങ്ങൾ പണി സ്ഥലത്തേക്കെത്തിക്കുന്നതിനായി ഉപയോഗിച്ചു. മാർബിൾ രാജസ്ഥാനിൽ നിന്നും ജാസ്‌പർ കല്ലുകൾ പഞ്ചാബിൽ നിന്നും , ജേഡ്, ക്രിസ്റ്റൽ എന്നിവ ചൈനയിൽ നിന്നുമാണ് കൊണ്ട് വന്നത്. ഇതു കൂടാ‍തെ തിബെത്ത്, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നും പലതരം കല്ലുകൾ കൊണ്ടു വന്നിരുന്നു. കൂടാതെ അറേബ്യയിൽ നിന്നും വിലപിടിപ്പുള്ള കല്ലുകൾ കൊണ്ടു വന്നിരുന്നു.

വെള്ള മാർബിളുകളിൽ ഏഷ്യയുടെ വിവിധ മേഖലകളിൽ നിന്നും കൊണ്ടു വന്ന 28 തരത്തിലുള്ള വില പിടിപ്പുള്ള കല്ലുകൾ പിടിപ്പിച്ചിട്ടുണ്ട്. വെള്ള മാർബിൾ ജയ്പൂരിലെ ഒരു ഹിന്ദു രാജാവാണ്‌ നൽകിയത്.താജ് മഹലിന്റെ പണിക്കു വേണ്ടി ഇരുപതിനായിരത്തിലധികം തൊഴിലാളികളെ വടക്കേ ഇന്ത്യയിൽ നിന്നും കൊണ്ടു വന്നു. ബുക്കാറയിൽ നിന്നും കാരുകന്മാരേയും, സിറിയ, പേർഷ്യ എന്നിവിടങ്ങളിൽ നിന്ന് കൈയെഴുത്ത്/കൊത്തു പണിക്കാരെയും, തെക്കെ ഇന്ത്യയിൽ നിന്ന് കല്ലിൽ തുരന്ന് കൊത്തുപണി നടത്തുന്നവരേയും, ബലൂചിസ്ഥാനിൽ നിന്ന് മാർബിൾ മുറിയ്ക്കുന്നവരേയും കൊണ്ടു വന്നു. ഈ വിദഗ്ദ്ധ പണിക്കാർ അടങ്ങുന്ന 37 അംഗ സംഘമാണ് താജ് മഹലിന്റെ മൊത്തം കൊത്തു പണി, അലങ്കാര പണികൾ തീർത്തത്.
താജ് മഹലിന്റെ പണികളിൽ ഉൾപ്പെട്ടിരുന്ന ചില പണിക്കാർ ആരൊക്കെയാണെന്ന് കൂടി നോക്കാം.പ്രധാന ഗോപുരം പണിതത് ഇസ്മായിൽ അഫാൻ‌ഡി ആണ് – ഓട്ടൊമൻ രാജവംശത്തിൽപ്പെട്ട ഈ വസ്തുവിദഗ്ദ്ധനും താജ് മഹലിന്റെ പ്രധാന രൂപകാല്പനികനുമാണ്. ഗോപുരം അടക്കം പ്രധാന ഭാഗങ്ങളെല്ലാം രൂപകല്പന ചെയ്തത് ഇദ്ദേഹമാണ്.ഉസ്താദ് ഈസ, ഇസ മുഹമ്മദ് എഫ്ഫാൻ‌ഡി എന്നിവർ ഇറാനിൽ നിന്നു വന്നു, ഇവരാണ് രൂപ കല്പനയിൽ പ്രധാനികൾ. പക്ഷേ , ഇവരുടെയെല്ലാം പങ്കിനെ സ്ഥിരീകരിക്കുന്ന കുറച്ച് തെളിവുകൾ മാത്രമേ നില നിൽക്കുന്നുള്ളൂ.

‘പുരു’ ബെനാറസ് , പേർഷ്യയിൽ നിന്നും വന്ന പ്രധാന വാസ്തു വിദ്യ കാർമ്മികനായി കണക്കാക്കപ്പെടുന്നു. .ഖാസിം ഖാൻ – ലാഹോറിൽ നിന്നും ആണ് എത്തിയത്. സ്വർണ്ണ ഫിനിയൽ രൂപകല്പന ചെയ്തത് ഇദ്ദേഹമാണ്.ചിരഞ്ചിലാൽ – ഡെൽഹിയിൽ നിന്നുള്ള മിനുക്കുപണിക്കാരൻ ആണ് . ഇദ്ദേഹം പ്രധാന കാരുകനും, മൊസൈക് മിനുക്കുകാരനുമായിരുന്നു.അമാനത് ഖാൻ – ഷിരാസ് എന്നിവർ ഇറാനിൽ നിന്ന് വന്നു, ഇവർ പ്രധാന കൈയെഴുത്ത് കൊത്തു പണിക്കാരനായിരുന്നു. അദ്ദേഹത്തിന്റെ പേര് പ്രധാന കവാടത്തിന്റെ കൈയെഴുത്ത് കൊത്തു പണികളുടെ അവസാനം എഴുതി ചേർത്തിട്ടുണ്ട്. മുഹമ്മദ് ഹനീഫ് – ആ‍ശാരിമാരുടെ പ്രധാന കാര്യാധിപനായിരുന്നു.മിർ അബ്ദുൾ കരിം, മുക്കരിമത് ഖാൻ (ഇറാൻ)- എന്നിവർ പ്രധാന ധനകാര്യങ്ങൾ, ദിവസ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്തിരുന്നവരായിരുന്നു.

പണിക്കാരുടെ പേരു വിവരങ്ങളും നിർമ്മാണ രീതിയും എല്ലാം തന്നെ മനസ്സിലായി കാണുമല്ലോ. താജ്മഹലിനെ കുറിച്ച് അറിയാൻ ഇനിയും ഏറെയുണ്ട്. അവയെല്ലാം അറിയാ കഥകളുടെ അടുത്ത ഭാഗങ്ങളിലൂടെ നിങ്ങളിലേക്ക് എത്തും.

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *