ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തില്‍ ചിമ്പു നായകനാകുന്ന പുത്തന്‍ ചിത്രമാണ് ‘വെന്ത് തനിന്തതു കാട്’. ഇപ്പോഴിതാ ചിമ്പു ചിത്രത്തിലെ ഒരു ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. ‘മല്ലിപ്പൂ’ എന്ന മനോഹരമായ ഒരു ഗാനത്തിന്റ ലിറിക്കല്‍ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. എ ആര് റഹ്മാന് ആണ് സംഗീത സംവിധായകന്. ഡീഗ്ലാമറൈസ്ഡ് ഗെറ്റപ്പിലാണ് ചിമ്പു ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. മലയാളി താരം നീരജ് മാധവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സെപ്റ്റംബര്‍ 15ന് ആണ് ചിത്രം റിലീസ് ചെയ്യുക. ഉദയനിധി സ്റ്റാലിന്റെ റെഡ് ജിയാന്റ് മൂവീസ് ആണ് ചിത്രം വിതരണം ചെയ്യുക.
മമ്മൂട്ടിയെ ടൈറ്റില്‍ കഥാപാത്രമാക്കി ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. നിയമം എവിടെ നിര്‍ത്തുന്നുവോ, അവിടെ നീതി ആരംഭിക്കുന്നു എന്നാണ് പോസ്റ്ററിലെ വാക്യം. ബയോഗ്രഫി ഓഫ് എ വിജിലാന്റെ കോപ്പ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണിത്. ചിത്രത്തില്‍ ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മൂന്ന് നായികമാരാണ് ചിത്രത്തില്‍. സ്നേഹ, അമല പോള്‍, ഐശ്വര്യ ലക്ഷ്മി എന്നിവര്‍. തെന്നിന്ത്യന്‍ താരം വിനയ് റായ് ഒരു സുപ്രധാന വേഷത്തില്‍ എത്തുന്നു എന്നതും പ്രത്യേകതയാണ്. ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്, സിദ്ദിഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിലെ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പ്രമുഖ പൊതുമേഖല ബാങ്കായ കാനറ ബാങ്ക് വായ്പാനിരക്ക് ഉയര്‍ത്തി. എംസിഎല്‍ആര്‍ നിരക്കില്‍ 0.15 ശതമാനത്തിന്റെ വരെ വര്‍ധനയാണ് വരുത്തിയത്. ബുധനാഴ്ച മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുമെന്ന് കാനറ ബാങ്ക് അറിയിച്ചു. നിലവില്‍ ഒരു വര്‍ഷം വരെ കാലാവധിയുള്ള വായ്പകളുടെ എംസിഎല്‍ആര്‍ നിരക്ക് 7.65 ശതമാനമാണ്. ഇത് 7.75 ശതമാനമായാണ് ഉയര്‍ത്തിയത്. ഇതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകള്‍ ചെലവേറിയതാകും. മൂന്ന് മാസം കാലാവധിയുള്ള വായ്പകളുടെ നിരക്കില്‍ 0.15 ശതമാനത്തിന്റെ വര്‍ധനയാണ് വരുത്തിയത്. 7.25 ശതമാനമാണ് പുതുക്കിയ നിരക്ക്. പണപ്പെരുപ്പനിരക്ക് പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് മുഖ്യ പലിശനിരക്കില്‍ മാറ്റം വരുത്തിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് കാനറ ബാങ്കിന്റെ നടപടി.
മുന്‍നിര സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡ് റെഡ്മിയുടെ പുതിയ ഹാന്‍ഡ്സെറ്റുകള്‍ ഇന്ത്യയിലെത്തി. റെഡ്മി പ്രൈം 11 5ജി, റെഡ്മി പ്രൈം 11 4ജി, റെഡ്മി എ1 എന്നീ മൂന്ന് ഫോണുകളാണ് കമ്പനി അവതരിപ്പിച്ചത്. എന്‍ട്രി ലെവല്‍, കുറഞ്ഞ വിലയ്ക്ക് ഫോണ്‍ വാങ്ങാനാഗ്രഹിക്കുന്നവരെ കണക്കിലെടുത്താണ് ഈ സ്മാര്‍ട് ഫോണുകള്‍ പുറത്തിറക്കിയിരിക്കുന്നത്. 50 മെഗാപിക്സല്‍ പ്രൈമറി സെന്‍സര്‍, മീഡിയടെക് 700 പ്രോസസറുമായാണ് റെഡ്മി പ്രൈം 11 5ജി വരുന്നത്. റെഡ്മി പ്രൈം 11 5ജി 4ജിബി+64ജിബി വേരിയന്റിന് 12,999 രൂപയ്ക്കും 6ജിബി+128ജിബി വേരിയന്റിന് 14,999 രൂപയുമാണ് വില. സെപ്റ്റംബര്‍ 9ന് ഉച്ചയ്ക്ക് 12ന് സ്മാര്‍ട് ഫോണ്‍ വില്പനയ്ക്കെത്തും. അതേസമയം, റെഡ്മി എ1, സിംഗിള്‍ വേരിയന്റിന് 6,499 രൂപയ്ക്ക് ലഭിക്കും.
പ്രമേയധീരതയും ആഖ്യാനപ്പുതുമയും കൊണ്ട് മലയാളകഥയുടെ സമകാലികതയെ അതിശയിപ്പിച്ച കഥാകൃത്ത് പ്രമോദ് രാമന്റെ പ്രഥമ നോവല്‍. കുടുംബം, ഭരണകൂടം, മതം എന്നിങ്ങനെയുള്ള വിവിധ അധികാര സ്ഥാപനങ്ങള്‍ മനുഷ്യജീവിതത്തിലിടെപെട്ടുകൊണ്ട് അവരുടെ വിധിദര്‍ശികളാവുന്ന ദുരവസ്ഥയെ വര്‍ത്തമാനകാല രാഷ്ട്രീയാവസ്ഥകളുടെപശ്ചാത്തലത്തില്‍ ആവിഷ്കരിക്കുന്ന നോവലാണ് ‘രക്തവിലാസം’. ഡിസി ബുക്സ്. വില 189 രൂപ.
വെന്യുവിന്റെ പെര്‍ഫോമന്‍സ് പതിപ്പായ എന്ലൈന് പുറത്തിറക്കി ഹ്യുണ്ടേയ്. എന്‍ 6, എന്‍ 8 എന്നീ രണ്ടു വകഭേദങ്ങളിലായി എത്തിയ വാഹനത്തിന്റെ എക്സ്ഷോറൂം വില 12.16 ലക്ഷം രൂപയും 13.15 ലക്ഷം രൂപയുമാണ്. വെന്യുവിന്റെ സാധാരണ വകഭേദത്തില്‍നിന്ന് വ്യത്യസ്തമായി സ്പോര്‍ട്ടിയര്‍ സസ്പെന്‍ഷനും എക്സ്ഹോസ്റ്റ് നോട്ടുമാണ് പുതിയ വാഹനത്തിന്. ഒരു ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് എന്‍ലൈനില്‍. 120 എച്ച്പി കരുത്തും 1720 എന്‍എം ടോര്‍ക്കും. 7 സ്പീഡ് ഡിസിടി ഗിയര്‍ബോക്സ്. മൂന്നു ഡ്യുവല്‍ടോണ്‍ നിറങ്ങള്‍ അടക്കം 5 നിറങ്ങളില്‍ പുതിയ വാഹനം ലഭിക്കും.
ജീവിതശൈലിയും ഭക്ഷണക്രമവും ശ്വാസകോശത്തിന്റെ ആരോഗ്യത്തില്‍ മുഖ്യ പങ്ക് വഹിക്കുന്നു. ശ്വാസകോശം അപകടത്തിലാണോ എന്ന് തിരിച്ചറിയാന്‍ സഹായിക്കുന്ന ചില രോഗലക്ഷണങ്ങളുണ്ട്. അതില്‍ ഒന്നാണ് ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്. ഹൃദ്രോഗം ഉള്‍പ്പെടെ മറ്റ് ആരോഗ്യ പ്രശ്നങ്ങളുടെ ഭാഗമായും ശ്വാസംമുട്ടല്‍ വരാമെങ്കിലും ശ്വാസകോശത്തിന്റെ ആരോഗ്യത്തെ സംബന്ധിച്ച നിര്‍ണായക സൂചനയാണ് ഇത്. പുറത്തിറങ്ങി നിന്നാല്‍ പോലും ആവശ്യത്തിന് വായു ശ്വസിക്കാന്‍ ലഭിക്കുന്നില്ലെന്ന തോന്നലും ഇതിന്റെ ഭാഗമാണ്. ശ്വാസം പുറത്തേക്ക് വിടാന്‍ ബുദ്ധിമുട്ട് തോന്നുക, വേദന അനുഭവപ്പെടുക എന്നതെല്ലാം മോശം ശ്വാസകോശ ആരോഗ്യത്തിന്റെ കൃത്യമായ സൂചനകളാണ്. വിട്ടുമാറാത്ത ചുമ ശ്വാസകോശം പതിയെ അപകടാവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു എന്നതിന്റെ ലക്ഷണമാണ്. ചുമയ്ക്കുമ്പോള്‍ രക്തം പുറത്ത് വരുന്നത് വളരെ അപകടകരമായ അവസ്ഥയിലാണ് ശ്വാസകോശം എന്നതിന്റെ ലക്ഷണമാണ്. ഇത്തരം ലക്ഷണങ്ങളെ നിസ്സാരമായി അവഗണിക്കരുത്. ശ്വാസകോശം അപകടത്തിലാകുന്നതോടെ പല സുപ്രധാന അവയവങ്ങള്‍ക്കും ആവശ്യത്തിന് ഓക്സിജന്‍ ലഭിക്കാത്ത സാഹചര്യം ഉണ്ടാകും. ഇത് നിരന്തരമായ നെഞ്ചു വേദന ഉള്‍പ്പെടെ പലതരം സങ്കീര്‍ണതകളിലേക്ക് നയിക്കാം. ചുമയ്ക്കുമ്പോള്‍ നെഞ്ചിന് അസ്വസ്ഥത, നെഞ്ചില്‍ കഫം കെട്ടിക്കിടക്കല്‍ എന്നിവയെല്ലാം ശ്വാസകോശ പ്രശ്നത്തിന്റെ സൂചനയാണ്. ഇത് ഒരാഴ്ചയില്‍ കൂടുതല്‍ തുടര്‍ന്നാല്‍ ഉടനടി ഡോക്ടറുടെ സഹായം തേടേണ്ടതാണ്. ചികിത്സ തേടാന്‍ വൈകിയാല്‍ ശ്വാസകോശം കൂടുതല്‍ ദുര്‍ബലമായി ആരോഗ്യനില വഷളാകാന്‍ സാധ്യതയുണ്ട്. നടക്കാനും വ്യായാമം ചെയ്യാനുമുള്ള ശേഷിക്കുറവ്, നെഞ്ചിന് ഭാരം എന്നിവയും ശ്വാസകോശത്തിന്റെ ആരോഗ്യത്തെ സംബന്ധിച്ച് മുന്നറിയിപ്പ് നല്കുന്നു. പുകവലി നിര്‍ത്തിയും ആരോഗ്യകരമായ ഭക്ഷണം കഴിച്ചും നിത്യവും വ്യായാമം ചെയ്തും ഇടയ്ക്കിടെ ആരോഗ്യ പരിശോധനകള്‍ നടത്തിയും ശ്വാസകോശത്തിന്റെ ആരോഗ്യം ഉറപ്പാക്കാവുന്നതാണ്.