പാരീസ് ഒളിംപിക്‌സില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മനു ഭാകര്‍ വെങ്കലം നേടി. നേരിയ പോയിന്റിന്റെ വ്യത്യാസത്തിലാണ് താരത്തിന് വെള്ളി നഷ്ടമായത്. ആദ്യമായിട്ടാണ് ഷൂട്ടിംഗില്‍ ഒരു ഇന്ത്യന്‍ വനിത ഒളിംപിക്സ് മെഡല്‍ നേടുന്നത്. കൊറിയക്കാണ് ഒന്നും രണ്ടും സ്ഥാനം.
മനു ഭാക്കറിന് പ്രശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യക്ക് വേണ്ടി ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ വനിതയെന്നത് കൂടുതൽ സവിശേഷമാക്കുന്നുവെന്നും ചരിത്ര നേട്ടമെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.
മിഷൻ 2025 മായി ബന്ധപ്പെട്ട് പാർട്ടി നടപടിയിലെ കാര്യങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തിയതിൽ നടപടി. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കെപിസിസിക്ക് എ ഐ സി സി നിർദേശം നൽകി. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി കെപിസിസിക്ക് കത്തയച്ചിട്ടുണ്ട്. വ്യക്തികളെ കുറിച്ചുള്ള വിവരങ്ങൾ നൽകാനാണ് നിർദ്ദേശം. അനാവശ്യമായ വാർത്തകൾ തുടർച്ചയായി മാധ്യമങ്ങളിൽ വരുന്നതിലാണ് നടപടി.
കർണാടകയിലെ ദേശീയപാതയിലെ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അർജുനായുള്ള തെരച്ചിൽ ഇനി എങ്ങനെ തുടരണമെന്നതിൽ അന്തിമ തീരുമാനം വൈകീട്ട് അറിയിക്കുമെന്ന് കാർവാർ എംഎൽഎ സതീഷ സെയിൽ വ്യക്തമാക്കി. വെള്ളത്തിനടിയിൽ ചെളിയും മണ്ണും പാറയുമാണ് കൂടാതെ കൂറ്റൻ ആൽ മരവുമുണ്ട്. വരുന്ന 21 ദിവസം മഴ പ്രവചിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ദൗത്യം എങ്ങനെ മുന്നോട്ട് പോകണമെന്ന് അറിയിക്കുമെന്നും എംഎൽഎ പറഞ്ഞു.
ഷിരൂരിൽ അർജുന് വേണ്ടിയുള്ള തെരച്ചിൽ തുടരണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്ത് അയച്ചു. രക്ഷാപ്രവർത്തനങ്ങൾ തുടരാൻ നിർദ്ദേശങ്ങൾ നൽകാൻ അഭ്യര്‍ത്ഥിക്കുന്നുവെന്ന് മുഖ്യമന്ത്രി അയച്ച കത്തില്‍ പറയുന്നു. ആവശ്യമായ എല്ലാ ഉപകരണങ്ങളും ഉപയോഗിച്ച് തെരച്ചില്‍ തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഷിരൂരിൽ അർജുന് വേണ്ടിയുള്ള തെരച്ചിൽ താത്ക്കാലികമായി അവസാനിപ്പിച്ച വിവരം ഔദ്യോഗികമായി അറിയിച്ചില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. തീരുമാനം കൂടിയാലോചനകൾ ഇല്ലാതെയെന്നും സാധ്യതകൾ പ്രയോജനപ്പെടുത്തുന്നില്ലെന്നും, രക്ഷാപ്രവർത്തനം നിർത്തി വെക്കരുതെന്നും മന്ത്രി മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.
അർജുനെ കണ്ടെത്തുന്നതിനുള്ള തെരച്ചിൽ തുടരുമെന്ന് അറിയിപ്പ്. കേരള- കർണാടക മുഖ്യമന്ത്രിമാർ ഫോണിൽ സംസാരിച്ചതിനെ തുടർന്നാണ് തെരച്ചിൽ തുടരാനുള്ള തീരുമാനം. തെരച്ചിൽ നടത്തുന്നതിനുള്ള ഡ്രഡ്ജിങ് യന്ത്രം തൃശൂരിൽ നിന്ന് കൊണ്ടുവരും. ചെളിയും മണ്ണും ഇളക്കി കളഞ്ഞു ട്രക്ക് കണ്ടെത്താനുള്ള ശ്രമമാണ് നടത്താൻ ഉദ്ദേശിക്കുന്നത്. നദി അനുകൂലമായാൽ മാത്രം നാളെ പരിശോധന നടത്തുമെന്നും അറിയിപ്പിലുണ്ട്.
അർജുനെ കണ്ടെത്തുന്ന ദൗത്യത്തിൽ പങ്കെടുക്കാനായി തൃശൂരിലെ അഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ് മെഷീൻ ഓപ്പറേറ്റർമാർ ഷിരൂരിലേക്ക്. കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള ബാർജ് നദിയിൽ ഉറപ്പിച്ച് നിർത്താനാവുമോ എന്ന് പരിശോധിക്കാനാണ് ഓപ്പറേറ്റർമാർ പോകുന്നത്. 18 മുതൽ 24 അടി വരെ താഴ്ചയുള്ളിടത്ത് ആങ്കർ ചെയ്യാൻ പറ്റുമെന്നതാണ് യന്ത്രത്തിന്റെ പ്രത്യേകത. അഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ് മെഷീനെ കുറിച്ച് കർണ്ണാടക കളക്ടർ തൃശൂർ കളക്ടറോട് വിവരം തേടിയിരുന്നു.
അർജനായുള്ള ഒരു കാരണവശാലും തെരച്ചിൽ നിർത്തരുതെന്ന് അർജുന്റെ സഹോദരി അഞ്ജു . ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് തെരച്ചിൽ തുടരണം. പെട്ടെന്ന് തെരച്ചിൽ നിർത്തുക എന്നത് ഉൾക്കൊള്ളാൻ പറ്റുന്നില്ല. സംസ്ഥാന സർക്കാരും കർണാടക സർക്കാരും ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും സഹോദരി പറഞ്ഞു.
അർജുന്റെ കുട്ടിയുടെ പ്രതികരണം എടുത്ത യു ട്യൂബ് ചാനലിനെതിരെ ബാലാവകാശ കമ്മീഷൻ കേസെടുത്തു. മഴവിൽ കേരളം എക്സ് ക്ലൂസീവ് എന്ന യൂട്യൂബ് ചാനലിനെതിരെ പാലക്കാട് സ്വദേശിയായ സിനിൽ ദാസാണ് പരാതി നൽകിയത്. അവതാരക കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതിയിൽ പറയുന്നത്. അതേസമയം, പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷിച്ചു റിപ്പോർട്ട് നൽകാൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകി. ചാനൽ ഉടമക്ക് നാളെ നോട്ടീസ് നൽകും.
മൂവാറ്റുപുഴ നിർമ്മല കോളേജിൽ ഒരു പ്രത്യേക മതവിഭാഗത്തിന് ആരാധന നടത്താൻ വേണ്ടി എസ്എഫ്ഐ സമരം നടത്തിയെന്നത് വ്യാജപ്രചരണമാണെന്ന് എസ്എഫ്ഐ പ്രസ്താവനയിറക്കി. ക്യാമ്പസുകളിൽ ഏതെങ്കിലും പ്രത്യേക മതസ്ഥരുടെ ആചാരാനുഷ്ഠാനങ്ങൾ ചെയ്യാൻ അനുവദിച്ചാൽ പിന്നീടത് മുഴുവൻ മതങ്ങളുടെയും ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന ഇടമായി മാറുമെന്നും അത് ക്യാമ്പസുകളുടെ മതേതര ബോധത്തെ ബാധിക്കുമെന്ന നല്ല ബോധ്യമുള്ള സംഘടനയാണ് എസ്എഫ്ഐയെന്നും കുറിപ്പിൽ വ്യക്തമാക്കി.
ലോക്സഭ തെരഞ്ഞെടുപ്പില്‍ പിണറായിയുടെ ശൈലി കൊണ്ട് എല്‍ഡിഫിന് വോട്ട് കുറഞ്ഞിട്ടില്ലെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സംസ്ഥാനത്ത് മൂന്നാമതും എല്‍ഡിഎഫ് സര്‍ക്കാര്‍ തുടരാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. കാര്യങ്ങള്‍ തുറന്നുപറയുമ്പോള്‍ തന്നെ വര്‍ഗീയ വാദിയാക്കുകയാണ്. എസ്എന്‍ഡിപി ഇപ്പോഴും ഇടതിന്‍റെ കയ്യില്‍ തന്നെയാണെന്നും ചെയ്യേണ്ടത് ചെയ്യാത്തത് കൊണ്ടാണ് ഇടതു തോറ്റു പോയതെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ 49 തദ്ദേശ വാര്‍ഡുകളിൽ ജൂലൈ 30 ന് ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. വോട്ടെടുപ്പ് ചൊവ്വാഴ്ച രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ്.ഇപ്രാവശ്യം വോട്ടു ചെയ്യുന്നവരുടെ ഇടതു കൈയ്യിലെ ചൂണ്ടുവിരലിന് പകരം നടുവിരലിലാണ് മായാത്ത മഷി പുരട്ടുക എന്നും അധികൃതർ അറിയിച്ചു.
മലബാറില്‍ കഴിഞ്ഞ ഒരാഴ്ചയിടെ വീശിയടിച്ച കാറ്റിലും മഴയിലും കെഎസ്ഇബി നേരിട്ട നാശനഷ്ടങ്ങള്‍ പരിഹരിക്കാനും വീടുകളില്‍ കണക്ഷനുകള്‍ പുനസ്ഥാപിക്കാനും വൈദ്യുതി വകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ചു. ഇന്ന് പുലര്‍ച്ചെ കോഴിക്കോട്ട് വീശിയടിച്ച കാറ്റില്‍ വ്യാപക നാശനഷ്ടങ്ങളുണ്ടായി. കണ്ണൂർ, ശ്രീകണ്ഠപുരം, കാസർഗോഡ്, പാലക്കാട്, ഷൊർണൂർ, കൊട്ടാരക്കര, കോഴിക്കോട്, വടകര ഇലക്ട്രിക്കൽ സർക്കിളുകളെയാണ് കാറ്റു മൂലമുണ്ടായ നാശനഷ്‌ടം തീവ്രമായി ബാധിച്ചത്.
തിരുവനന്തപുരം വഞ്ചിയൂരിൽ എയർഗൺ ഉപയോഗിച്ചുള്ള ആക്രമണത്തിൽ യുവതിക്ക് പരിക്ക്. തിരുവനന്തപുരം വഞ്ചിയൂർ ചെമ്പകശേരി സ്വദേശി ഷിനിയെയാണ് മുഖംമൂടി ധരിച്ചെത്തിയ സ്ത്രീ ആക്രമിച്ചത്. അക്രമി മുഖംമൂടി ധരിച്ചിരുന്നതിനാൽ ആളെ തിരിച്ചറിഞ്ഞില്ലെന്നും സ്ത്രീയാണെന്ന് വ്യക്തമായെന്നും ഷിനി പൊലീസിനോട് പറഞ്ഞു. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. സ്ത്രീയാണ് അക്രമിച്ചതെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.
ബാലുശ്ശേരി ഉണ്ണികുളം പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ഐസ് ഫാക്ടറിയില്‍ നിന്ന് അമോണിയ ചോര്‍ന്നു. ഫാക്ടറിയിൽ പൊട്ടിത്തെറി ഉണ്ടാവുകയും പിന്നാലെ അമോണിയം ചോരുകയുമായിരുന്നു. ഐസ് ഫാക്ടറിക്ക് ഏകദേശം 200 മീറ്ററോളം ചുറ്റളവില്‍ താമസിച്ചിരുന്നവര്‍ക്ക് ശ്വാസതടസവും ചൊറിച്ചിലും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതായാണ് നാട്ടുകാര്‍ പറയുന്നത്.
തൃശൂർ ചാമക്കാലയിൽ കണ്ണിൽ മുളകുപൊടി വിതറി വയോധികയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച കേസിൽ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചാമക്കാല രാജീവ് റോഡ് സ്വദേശി തലാശേരി വീട്ടിൽ സുബിതയെയാണ് കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
കൊല്ലം പള്ളിമുക്കിൽ ഗര്‍ഭിണിയായ കുതിരയെ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ ഇരവിപുരം പൊലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. കുതിരയുടെ ഉടമ ഷാനവാസിന്‍റെ പരാതിയിലാണ് കേസെടുത്തത്. സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്നു പേരെ തിരിച്ചറിഞ്ഞതായും ഇരവിപുരം പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് അക്രമികളില്‍ മൂന്നുപേരെ പൊലീസ് തിരിച്ചറിഞ്ഞെന്നും, പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.
കൊച്ചി മരടില്‍ തോട്ടിലേക്ക് മാലിന്യം ഒഴുക്കിയ സ്വകാര്യ ഫ്ളാറ്റിന് പിഴ ചുമത്തി നഗരസഭ. കുണ്ടന്നൂര്‍ ജംഗ്ഷനടുത്തുളള ഗ്രാന്‍ഡ് മെഡോസ് എന്ന ഫ്ളാറ്റിനാണ് നഗരസഭ ഒരു ലക്ഷം രൂപ പിഴ ചുമത്തിയത്. തോട്ടിലേക്ക് മാലിന്യം ഒഴുക്കുന്നതായി നഗരസഭ ആരോഗ്യ വിഭാഗം കണ്ടെത്തിയിരുന്നു. രഹസ്യ വിവരം അനുസരിച്ച് കഴിഞ്ഞ ദിവസം ഇവിടെ പരിശോധന നടത്തിയ നഗരസഭാ ആരോഗ്യ വിഭാഗം വലിയ മോട്ടർ ഉപയോഗിച്ച് തോട്ടിലേക്ക് മാലിന്യം തള്ളുന്നത് കണ്ടെത്തിയിരുന്നു.
പത്തനംതിട്ട റാന്നിയിൽ അമ്മൂമ്മയോട് പിണങ്ങി വീടുവിട്ട പത്തു വയസ്സുകാരിയെ കണ്ടെത്തി. റാന്നി വലിയകാവിലാണ് അമ്മൂമ്മ വഴക്ക് പറഞ്ഞതിന് പിണങ്ങി വസ്ത്രങ്ങളും പണവും എടുത്ത് വീട്ടിൽ നിന്നു പോയത്. ആറ് കിലോമീറ്റർ അപ്പുറം തൂളിമണ്ണെന്ന സ്ഥലത്ത് കരഞ്ഞുകൊണ്ട് നിൽക്കുന്ന പെൺകുട്ടിയെ കണ്ട നാട്ടുകാരിയാണ് കാര്യങ്ങൾ ചോദിച്ചറിഞ്ഞത്. ടിവി വാർത്തയിൽ കുട്ടിയുടെ ഫോട്ടോ കണ്ടതോടെ പൊലീസിനെ അറിയിക്കുകയും തുടർന്ന് വീട്ടിലെത്തിക്കുകയും ചെയ്തു.
തൃശൂർ പുതുക്കാട് യുവതിയുടെ ആത്മഹത്യയിൽ ഭർത്താവിനെതിരെ കേസ്. ഒന്നര മാസം മുൻപ് ബന്ധുവിന്റെ വീട്ടിൽ വെച്ച് ആത്മഹത്യക്ക് ശ്രമിച്ച അനഘ അശോകൻ ഇന്നലെയാണ് മരിച്ചത്. ഭർത്താവ് ആനന്ദ് അനഘയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ആത്മഹത്യശ്രമത്തിന് പിന്നാലെ ബന്ധുക്കളുടെ പരാതിയിൽ ഭർത്താവിനെതിരെ നേരത്തെ തന്നെ പുതുക്കാട് പൊലീസ് കേസെടുത്തിരുന്നു.
വയനാട് ദ്വാരക എയുപി സ്കൂളിലെ ഭക്ഷ്യ വിഷബാധയെ തുടർന്ന് ഇതുവരെ 193 കുട്ടികള്‍ ചികിത്സ തേടി. ഇതില്‍ ആറ് കുട്ടികളെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തു. 73 കുട്ടികൾ നിരീക്ഷണത്തില്‍ തുടരുകയാണ്. ആർക്കും ഇതുവരെ ഗൗരവകരമായ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്ന് വയനാട് ഡിഎംഒ അറിയിച്ചു. സ്കൂളിലെ കുടിവെള്ളത്തില്‍ നിന്നോ തൈരില്‍ നിന്നോ ആകാം ഭക്ഷ്യവിഷബാധയുണ്ടായതെന്നാണ് സംശയിക്കുന്നത്.
കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. അതോടൊപ്പം കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ കേരളാ തീരത്ത് മത്സ്യബന്ധത്തിന് വിലക്ക് തുടരും.
ദേശീയപാതയിൽ കഴക്കൂട്ടത്ത് എലിവേറ്റഡ് ഹൈവേയ്ക്ക് താഴെയുള്ള റോഡിൽ എതിർദിശയിൽ വന്ന സ്കൂട്ടറും ബുള്ളറ്റും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. സ്കൂട്ടറിൽ സഞ്ചരിച്ച കുളത്തൂർ അരശുംമൂട് സ്വദേശി പ്രസാദ് ചന്ദ്രൻ നായരാണ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ രാവിലെ മരിച്ചത്.
മാലിന്യത്തില്‍ സാനിറ്റൈസര്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഗുരുതരമായി പൊള്ളലേറ്റ വീട്ടമ്മ മരിച്ചു. പയ്യോളി ഐ പി സി റോഡിലെ ഷാസ് മന്‍സിലില്‍ നഫീസയാണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അടിച്ചുവാരി കൂട്ടിയിട്ട മാലിന്യങ്ങള്‍ കത്തിക്കാനായി വീട്ടിലുണ്ടായിരുന്ന സാനിറ്റൈസര്‍ ഒഴിക്കുന്നതിനിടയില്‍ തീ പടർന്ന് പിടിച്ചാണ് ഇവർക്ക് പൊള്ളലേറ്റത്.
കൊല്ലം ഓച്ചിറ വവ്വാക്കാവ് മണപ്പള്ളി വടിമുക്ക് ജങ്ഷന് സമീപത്ത് നിയന്ത്രണംവിട്ട ആംബുലന്‍സ് വൈദ്യുത പോസ്റ്റ് ഇടിച്ചുതകര്‍ത്ത ശേഷം തലകീഴായി മറിഞ്ഞു. അപകടത്തില്‍ ആംബുലന്‍സിലുണ്ടായിരുന്ന അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമല്ല. നിയന്ത്രണം വിട്ട ആംബുലന്‍സ് വൈദ്യുത പോസ്റ്റുകളിലിടിച്ച ശേഷം റോഡില്‍ തലകീഴായി മറിയുകയായിരുന്നു.
റോഡ് അപകടത്തിൽ ഇരുകാലുകളും മുറിച്ച് നീക്കേണ്ടി വന്ന യുവാവിനെ റോഡ് സൈഡിൽ ഉപേക്ഷിച്ച പൂനെയിലെ സാസൂൺ ജനറൽ ആശുപത്രിയിലെ ഡോക്ടറെ സസ്പെൻഡ് ചെയ്തു. തന്നേക്കുറിച്ചുള്ള വിവരങ്ങൾ ഓർത്തെടുക്കാൻ പോലും സാധിക്കാതിരുന്നയാളെയാണ് ഡോക്ടറും സഹായിയും ചേർന്ന് നടപടി ക്രമങ്ങൾ പാലിക്കാതെ ഡിസ്ചാർജ്ജ് ചെയ്തത്. മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാനിരിക്കെയായിരുന്നു വിവാദ നടപടി. മനുഷ്യ ജീവനെ ബഹുമാനിക്കാതിരുന്നതടക്കമുള്ള വകുപ്പുകളാണ് യുവ ഡോക്ടർക്കെതിരെ ചുമത്തിയിട്ടുള്ളത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം യുക്രെയിൻ സന്ദർശിച്ചേക്കും. മോദിയുടെ റഷ്യൻ സന്ദർശനം പാശ്ചാത്യ രാജ്യങ്ങളിൽ വിമർശനത്തിനിടയാക്കിയ സാഹചര്യത്തിലാണ് തീരുമാനം. യുക്രെയിൻ സന്ദർശിക്കാൻ പ്രധാനമന്ത്രിയെ നേരത്തെ പ്രസിഡന്‍റ് വ്ളോദിമിർ സെലൻസ്കി ക്ഷണിച്ചിരുന്നു. യുക്രെയിൻ ദേശീയ ദിനമായ ഓഗസ്റ്റ് 24നോ അതിനു ശേഷമോ മോദി യുക്രെയിനിലെത്താനാണ് സാധ്യത.
യോഗി ആദിത്യനാഥ് തന്നെ അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലും യുപിയില്‍ ബിജെപിയെ നയിക്കുമെന്ന് സൂചന. യോഗിക്കെതിരെ പടനയിച്ച ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയോട് പരസ്യ പ്രസ്താവന പാടില്ലെന്നും കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിച്ചു. ദില്ലിയില്‍ ചേര്‍ന്ന മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും യോഗത്തിലാണ് യോഗിക്ക് അനുകൂലമായ നിലപാട് ബിജെപി കേന്ദ്ര നേതൃത്വം വ്യക്തമാക്കിയത്.
ദില്ലിയിലെ റാവൂസ് കോച്ചിംഗ് സെന്‍റര്‍ ഉടമ അറസ്റ്റിലായി. സിവില്‍ സര്‍വീസ് കോച്ചിംഗ് സെന്‍ററിലെ ബേസ്മെന്‍റിലെ വെള്ളക്കെട്ടില്‍ കുടുങ്ങി മലയാളി ഉൾപ്പെടെ മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ലൈസന്‍സ് പ്രകാരം ബേസ്മെന്‍റില്‍ പാര്‍ക്കിങിനാണ് അനുമതിയുള്ളത്. എന്നാല്‍, പാര്‍ക്കിങിനുള്ള ബേസ്മെന്‍റില്‍ അനധികൃതമായാണ് ലൈബ്രറി നിര്‍മിച്ചതെന്നും കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് ദില്ലിയിലെ എല്ലാ കോച്ചിംഗ് സെന്‍ററുകളിലും പരിശോധനയ്ക്ക് ദില്ലി മേയര്‍ നിര്‍ദേശം നല്‍കി.
ജമ്മു കശ്മീരിലേക്ക് അതിർത്തി രക്ഷാ സേനയുടെ കൂടുതൽ ബറ്റാലിയനുകളെ നിയമിക്കാൻ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. പാക് സൈന്യത്തിൻ്റെ പിന്തുണയോടെ നടക്കുന്ന നുഴഞ്ഞുകയറ്റം തടയാനുള്ള ശ്രമത്തിൻ്റെ ഭാഗമായി മാവോയിസ്റ്റ് വിരുദ്ധ നീക്കങ്ങൾക്ക് നിയോഗിച്ചവരെയാകും ജമ്മു കശ്മീരിലേക്ക് മാറ്റി നിയമിക്കുക. അതിനിടെ ഇന്നലെ പരിക്കേറ്റ ഒരു സൈനികൻറെ നില ഗുരുതരമായി തുടരുന്നുവെന്നാണ് വിവരം.
പാരീസ് ഒളിംപിക്സ് വനിതാ വിഭാഗം ബാഡ്മിന്‍റണ്‍ സിംഗിള്‍സ് ആദ്യ റൗണ്ട് പോരാട്ടത്തില്‍ പാക് താരം ഫാത്തിമാത് അബ്ദുൾ റസാഖിനെതിരെ ജയവുമായി ഇന്ത്യയുടെ പി വി സിന്ധു. ആദ്യ റൗണ്ട് പോരാട്ടത്തില്‍ നേരിട്ടുള്ള ഗെയിമുകളിലായിരുന്നു പത്താം സീഡായ സിന്ധുവിന്‍റെ ജയം. സ്കോര്‍ 21-9, 21-6. നാളെ നടക്കുന്ന രണ്ടാം റൗണ്ട് പോരാട്ടത്തില്‍ എസ്റ്റോണിയയുടെ ക്രിസ്റ്റിൻ കൂബയാണ് സിന്ധുവിന്‍റെ എതിരാളി.
നീന്തൽകുളത്തിൽ ഒളിംപിക്സ് സ്വര്‍ണം നിലനിർത്തി ഓസ്ട്രേലിയൻ താരം അരിയാൻ ടിറ്റ്മസ്. വനിതകളുടെ 400 മീറ്റർ ഫ്രീസ്റ്റൈൽ നീന്തലിലാണ് ടിറ്റ്മസ് സ്വർണമണിഞ്ഞത്. കാനഡയുടെ സമ്മർ മകിൻടോഷ് രണ്ടാമതും, അമേരിക്കൻ നീന്തൽ ഇതിഹാസം കേറ്റ് ലഡക്കി മൂന്നാമതുമെത്തി.
ഒളിംപിക്സിലെ ഒളിഞ്ഞു നോട്ട വിവാദത്തിൽ കാനഡക്കെതിരെ കടുത്ത നടപടിയുമായി ഫിഫ. കനേഡിയൻ പരിശീലക ബെവ് പ്രീസ്റ്റ്മാനെയും സഹ പരിശീലകരായ ജോസഫ് ലൊംബാര്‍ഡി, ജാസ്മിന്‍ മാന്‍ഡെര്‍ എന്നിവരെയും ഒരു വർഷത്തേക്ക് ഫുട്ബോളിൽ നിന്നും വിലക്കിയതിന് പുറമെ ഒളിംപിക്സില്‍ കാനഡയുടെ ആറു പോയന്‍റ് കുറയ്ക്കാനും ഫിഫ തീരുമാനിച്ചു. ഒളിംപിക്സിലെ ആദ്യ മത്സരത്തിനു മുന്നോടിയായി കനേഡിയൻ ടീമിന്റെ സ്റ്റാഫ് ഡ്രോൺ പറത്തിയതാണ് പ്രശ്നമായത്.
മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെ ജെഡിഎസ് നേതാവ് കുമാരസ്വാമിയുടെ മൂക്കിൽ നിന്ന് രക്തസ്രാവം. ബെംഗളൂരു ഗോൾഡ് ഫിഞ്ച് ഹോട്ടലിൽ ബിജെപി-ജെഡിഎസ് പദയാത്രയെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ് സംഭവം. ഉടൻ തന്നെ അദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അറിയിച്ചു.