ഫോബ്സിന്റെ അതിസമ്പന്നരുടെ പട്ടികയില്‍ ആദ്യ നൂറില്‍ 7 മലയാളികളും ഉള്‍പ്പെട്ടു. 7.8 ബില്യന്‍ ഡോളറിന്റെ (ഏകദേശം 65,499 കോടി രൂപ) ആസ്തിയുള്ള മുത്തൂറ്റ് കുടുംബമാണ് ഇത്തവണ സമ്പന്ന മലയാളികളില്‍ ഒന്നാമതെത്തിയത്. കഴിഞ്ഞ തവണ മലയാളി സമ്പന്നരില്‍ ഒന്നാമതെത്തിയ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി ഇത്തവണ രണ്ടാമതാണ്. 7.4 ബില്യന്‍ ഡോളര്‍ (ഏകദേശം 62,142 കോടി രൂപ)യാണ് യൂസഫലിയുടെ ആസ്തി. കല്യാണ്‍ ജുവലേഴ്സ് മാനേജിംഗ് ഡയറക്ടറായ ടി.എസ് കല്യാണ രാമനാണ് 5.5 ബില്യന്‍ ഡോളറിന്റെ (ഏകദേശം 46,186 കോടി രൂപ) ആസ്തിയോടെ തൊട്ടുപിന്നിലുള്ളത്. ക്രിസ് ഗോപാലകൃഷ്ണനാണ് മലയാളി സമ്പന്നരില്‍ നാലാമന്‍. 4.3 ബില്യന്‍ ഡോളറിന്റെ (ഏകദേശം 36, 325 കോടി രൂപ) ആസ്തിയാണ് ഇദ്ദേഹത്തിനുള്ളത്. പ്രമുഖ വിദ്യാഭ്യാസ ശൃംഖലയായ ജെം എഡ്യൂക്കേഷന്റെ തലവന്‍ സണ്ണി വര്‍ക്കി 3.5 ബില്യന്‍ ഡോളറിന്റെ (ഏകദേശം 29,200 കോടി രൂപ) ആസ്തിയുമായി അഞ്ചാം സ്ഥാനത്തുണ്ട്. ആര്‍.പി ഗ്രൂപ്പ് മേധാവി രവി പിള്ളയാണ് തൊട്ടുപിന്നില്‍. 3.4 ബില്യന്‍ ഡോളറിന്റെ (ഏകദേശം 28,390 കോടി രൂപ) ആസ്തിയാണ് രവി പിള്ളയ്ക്കുള്ളത്. ആദ്യ നൂറിലുള്ള ഏഴാമത്തെ മലയാളി ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസാണ്. അദ്ദേഹത്തിന്റെ ആസ്തി 3.37 ബില്യന്‍ ഡോളറാണ് (ഏകദേശം 28,140 കോടി രൂപ).