ദിവസം 4000 ചുവട് നടക്കുന്നത് അകാല മരണസാധ്യത കുറയ്ക്കുമെന്ന് പഠനം. അതേസമയം, ദിവസം 2337 ചുവട് നടക്കുന്നത് ഹൃദയസംബന്ധമായ അസുഖം മൂലമുള്ള മരണത്തെ തടുക്കും. പോളണ്ടിലെ മെഡിക്കല്‍ യൂണിവേഴ്സിറ്റി ഓഫ് ലോഡ്സിലെ ഗവേഷകരാണ് കണ്ടെത്തലിന് പിന്നില്‍. ഇതിനുവേണ്ടി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 2.26 ലക്ഷം ആളുകള്‍ ഉള്‍പ്പെട്ട 17 മുന്‍ഗവേഷണങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചു. ദിവസവുമുള്ള നടത്തം ആരോഗ്യത്തെ എപ്രകാരം ബാധിക്കുമെന്നറിയാന്‍ ഏഴ് വര്‍ഷമെടുത്താണ് ഗവേഷണം പൂര്‍ത്തിയാക്കിയത്. ദിവസം കുറഞ്ഞത് 3967 ചുവട് നടക്കുന്നത് ഏതൊരു കാരണം മൂലവുമുള്ള മരണത്തെ ചെറുക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തി. കുറഞ്ഞത് 2337 ചുവട് നടക്കുന്നത് ഹൃദയസംബന്ധമായ രോഗങ്ങള്‍ മൂലമുള്ള മരണസാധ്യത കുറയ്ക്കും. ഒരോ ദിവസവും 1000 ചുവട് കൂടുതല്‍ നടക്കുന്നത് ഏത് കാരണം മൂലവുമുള്ള മരണസാധ്യത 15 ശതമാനം കുറയ്ക്കും. അതേസമയം, ദിവസം 500 ചുവട് അധികമായി നടക്കുന്നത് ഹൃദയസംബന്ധമായ അസുഖം മൂലമുള്ള മരണസാധ്യത ഏഴ് ശതമാനം കുറയ്ക്കും. ദിവസം 5000 ചുവടുകള്‍ക്ക് താഴെയാണ് നടക്കുന്നതെങ്കില്‍ അത് മടി നിറഞ്ഞ ജീവിതശൈലിയായി കണക്കാക്കാമെന്നും പഠനം വ്യക്തമാക്കുന്നു. പ്രതിദിനം 7000-നും 13,000-നും ഇടയില്‍ ചുവട് നടക്കുന്ന ചെറുപ്പക്കാരിലാണ് ആരോഗ്യത്തില്‍ കുത്തനെയുള്ള പുരോഗതി കാണാന്‍ കഴിഞ്ഞത്. കൂടാതെ, അകാലമരണ സാധ്യതയില്‍ 42 ശതമാനം വരെ കുറവ് രേഖപ്പെടുത്തുകയും ചെയ്തു. അതേസമയം, ഇതില്‍ കൂടുതല്‍ നടക്കുന്നത് ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ദിവസം 20000 ചുവട് വരെയോ 14 മുതല്‍ 16 കിലോമീറ്റര്‍ വരെയോ നടക്കുന്നത് ആരോഗ്യഗുണങ്ങള്‍ വര്‍ധിപ്പിക്കുമെന്നും പഠനം കണ്ടെത്തി.