ഡിസംബറില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റു പോയ വൈദ്യുതി കാറെന്ന സ്ഥാനം എംജി വിന്‍ഡ്സര്‍ ഇവിക്ക്. തുടര്‍ച്ചായായ മൂന്നാം മാസമാണ് എംജി ഈ നേട്ടം കൈവരിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ മാത്രം 3,785 വിന്‍ഡ്സര്‍ ഇവികളാണ് വിറ്റത്. ഇന്ത്യയില്‍ ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ വിറ്റ ആകെ കാറുകളുടെ പകുതിയിലേറെയും വിന്‍ഡ്സറാണ്. കഴിഞ്ഞ മാസത്തോടെ വിന്‍ഡ്സര്‍ ഇവിയുടെ ഇന്ത്യയിലെ വില്‍പന 10,000 കടന്നു. എംജിയുടെ കാര്‍ വില്‍പന ഇക്കഴിഞ്ഞ ഡിസംബറില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 55 ശതമാനം വില്‍പന വളര്‍ച്ചയാണ് നേടിയത്. സിഎസിനും കോമറ്റിനും ശേഷം ഇന്ത്യന്‍ വിപണിയില്‍ എംജി അവതരിപ്പിച്ച മൂന്നാമത്തെ ഇവി മോഡലാണ് വിന്‍ഡ്സര്‍ ഇവി. ഡിസംബറില്‍ എംജിയുടെ ഇന്ത്യയിലെ ആകെ വില്‍പനയുടെ 70 ശതമാനവും ഈ മൂന്നു മോഡലുകളായിരുന്നു. 13.50 ലക്ഷം രൂപയാണ് വില. അതേസമയം ബാസ് മോഡല്‍ പ്രകാരം 9.99 ലക്ഷം രൂപക്ക് വിന്‍ഡ്സറിനെ സ്വന്തമാക്കാം. ബാസ് പദ്ധതി പ്രകാരം എംജി വിന്‍ഡ്സര്‍ വാങ്ങിയാല്‍ പ്രതിമാസം ഓടുന്ന കിലോമീറ്ററിന് മൂന്നര രൂപ വച്ച് നല്‍കേണ്ടി വരും.