ബിസിനസ് വളര്‍ച്ച ലക്ഷ്യമിട്ട് പഞ്ചാബ് നാഷണല്‍ ബാങ്ക് (പി.എന്‍.ബി) പ്രമോട്ട് ചെയ്യുന്ന പി.എന്‍.ബി ഹൗസിംഗ് ഫിനാന്‍സ് റൈറ്റ്‌സ് അവതരണത്തിലൂടെ 2,494 കോടി രൂപ സമാഹരിച്ചു. 2023 ഏപ്രില്‍ 27-ന് അവസാനിച്ച ഇഷ്യൂവിലൂടെ ലഭിച്ച തുക മൂലധന അടിത്തറ വര്‍ദ്ധിപ്പിക്കുന്നതിനാണ് വിനിയോഗിക്കുക. റൈറ്റ്‌സ് ഇഷ്യൂ കഴിയുമ്പോള്‍, കമ്പനിയുടെ പ്രൊമോട്ടര്‍ എന്ന നിലയില്‍ പി.എന്‍.ബിയുടെ ഓഹരി പങ്കാളിത്തം 32.53 ശതമാനത്തില്‍ നിന്ന് 30 ശതമാനത്തില്‍ താഴെയാകും. എന്നാല്‍ ഇത് 26 ശതമാനത്തേക്കാള്‍ കൂടുതലായതിനാല്‍ പ്രമോട്ടര്‍ പദവി നിലനിര്‍ത്താന്‍ ബാങ്കിനാകും. 2021 മേയില്‍ 4,000 കോടി രൂപയുടെ ഓഹരി മൂലധനം സമാഹരിക്കുന്നതിനായി, പി.എന്‍.ബി ഹൗസിംഗ് മറ്റ് നിക്ഷേപകര്‍ക്കൊപ്പം സംയുക്ത സംരംഭ പങ്കാളിയായ കാര്‍ലൈല്‍ ഗ്രൂപ്പുമായി ഒരു കരാറില്‍ ഏര്‍പ്പെട്ടിരുന്നു. എന്നാല്‍ നിയമ നടപടികളിലെ കാലതാമസം കാരണം ഈ പദ്ധതി പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. 2022 മാര്‍ച്ചിലാണ് പി.എന്‍.ബി ഹൗസിംഗിന്റെ ബോര്‍ഡ് 2,500 കോടി രൂപയുടെ റൈറ്റ്‌സ് വിതരണത്തിന് അംഗീകാരം നല്‍കിയത്.