തൃശൂര്‍ ആസ്ഥാനമായ പ്രമുഖ സ്വകാര്യബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്ക് നടപ്പ് സാമ്പത്തിക വര്‍ഷത്തെ (2023-24) ആദ്യപാദമായ ഏപ്രില്‍-ജൂണില്‍ 202.35 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 115.35 കോടി രൂപയേക്കാള്‍ 75.42 ശതമാനം അധികവും ഇക്കഴിഞ്ഞ ജനുവരി-മാര്‍ച്ച് പാദത്തിലെ 333.89 കോടി രൂപയേക്കാള്‍ 39.40 ശതമാനം കുറവുമാണിത്. മൊത്ത വരുമാനം മാര്‍ച്ച് പാദത്തിലെ 2,318.33 കോടി രൂപയില്‍ നിന്ന് 2,386.35 കോടി രൂപയായി മെച്ചപ്പെട്ടു. 2022-23ലെ ജൂണ്‍പാദത്തിലെ 1,868.15 കോടി രൂപയേക്കാള്‍ 27.74 ശതമാനവും അധികമാണിത്. നിഷ്‌ക്രിയ ആസ്തി തരണം ചെയ്യാനുള്ള നീക്കിയിരുപ്പ് ബാദ്ധ്യത 2022-23ലെ 201 കോടി രൂപയില്‍ നിന്നും ഇക്കഴിഞ്ഞ ജനുവരി-മാര്‍ച്ച് പാദത്തിലെ 229 കോടി രൂപയില്‍ നിന്നും 288 കോടി രൂപയായി ഉയര്‍ന്നത് ബാങ്കിന്റെ ലാഭത്തെ ബാധിച്ചിട്ടുണ്ട്. എങ്കിലും, മൊത്തം നിഷ്‌ക്രിയ ആസ്തി മുന്‍ വര്‍ഷത്തെ സമാനപാദത്തിലെ 5.87 ശതമാനത്തില്‍ നിന്ന് 5.13 ശതമാനത്തിലേക്കും അറ്റ നിഷ്‌ക്രിയ ആസ്തി 2.87 ശതമാനത്തില്‍ നിന്ന് 1.85 ശതമാനത്തിലേക്കും കുറയ്ക്കാന്‍ ബാങ്കിന് സാധിച്ചു. ബാങ്കിന്റെ മൊത്തം വായ്പകള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 14.52 ശതമാനം ഉയര്‍ന്ന് 74,102 കോടി രൂപയായി. കോര്‍പ്പറേറ്റ് വായ്പകള്‍ 48 ശതമാനം, വ്യക്തിഗത വായ്പകള്‍ 93 ശതമാനം, സ്വര്‍ണ വായ്പകള്‍ 21 ശതമാനം എന്നിങ്ങനെ ഉയര്‍ന്നു. 2.50 ലക്ഷം ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കളും ബാങ്കിനുണ്ട്. റീട്ടെയ്ല്‍ നിക്ഷേപങ്ങള്‍ 6.46 ശതമാനം വര്‍ദ്ധിച്ച് 92,043 കോടി രൂപയായി. എന്‍.ആര്‍.ഐ നിക്ഷേപത്തില്‍ 2.84 ശതമാനവും കാസ നിക്ഷേപത്തില്‍ 2.74 ശതമാനവുമാണ് വര്‍ദ്ധന. അറ്റ പലിശ വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 33.87 ശതമാനം ഉയര്‍ന്ന് 808 കോടി രൂപയായി.