night news 4

വൈസ് ചാന്‍സലര്‍ നിയമന തര്‍ക്കം കോടതി കയറുകയും ജീവനക്കാര്‍ പ്രതിഷേധസമരം തുടരുകയും ചെയ്യുന്ന സാങ്കേതിക സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനം അവതാളത്തിലായി. താല്‍ക്കാലിക വിസിയായി ഡോ. സിസ തോമസിനെ നിയമിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ സര്‍വ്വകലാശാലയിലെ ജീവനക്കാര്‍ പ്രതിഷേധ സമരത്തിലാണ്. ഇതുമൂലം  വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുന്ന സര്‍ട്ടിഫിക്കറ്റ് വിതരണം അടക്കമുള്ള നടപടികള്‍ മുടങ്ങിക്കിടക്കുകയാണ്. കോഴ്‌സ് പൂര്‍ത്തിയാക്കി ഉപരിപഠനത്തിനും ജോലിക്കും കാത്തിരിക്കുന്ന കെടിയു എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥികളാണ് പ്രതിസന്ധിയിലായത്. (യുവതയെ നാടുകടത്തുമോ? –  https://youtu.be/NpjDzR02TR4 )

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനം വിഷയമാക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ദേശീയതലത്തില്‍  വിഷയം ചര്‍ച്ചയാക്കുമെന്ന് അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു. കോടതിയില്‍ എത്തിയാല്‍ ഈ വിഷയത്തിലും നടപടി ഉറപ്പാണ്. പ്രിയ വര്‍ഗീസിന്റെ നിയമനത്തില്‍ മുഖ്യമന്ത്രിക്കു പങ്കുണ്ടെന്നും ഗവര്‍ണര്‍ ആരോപിച്ചു.

കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങള്‍ ഉദ്യോഗസ്ഥര്‍ നശിക്കാതെ നോക്കണമെന്നും യഥാസമയം ഉടമയ്ക്കു വിട്ടുകൊടുക്കണമെന്നും സുപ്രീംകോടതി. ലഹരിക്കേസില്‍ പിടിയിലായ വാഹനങ്ങള്‍ വിട്ടുനല്‍കാനുള്ള അധികാരം മജിസ്‌ട്രേറ്റ് കോടതികള്‍ക്കില്ലെന്ന ഹൈക്കോടതി ഉത്തരവ് ഇതോടെ റദ്ദാകും. മഞ്ചേരിയില്‍ ലഹരി കേസില്‍ പിടികൂടിയ സ്വിഫറ്റ് കാര്‍ ഉടമയ്ക്കു വിട്ടുകൊടുക്കണമെന്ന് ഉത്തരവിട്ടുകൊണ്ടാണ് സുപ്രീം കോടതിയുടെ നീരീക്ഷണം.

കെടിയു താല്‍ക്കാലിക വിസി നിയമനം സുപ്രീം കോടതി വിധിയും യുജിസി മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണെന്ന് ഗവര്‍ണര്‍ ഹൈക്കോടതിയില്‍. വൈസ് ചാന്‍സലറായി നിയമിക്കാന്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തവര്‍ക്ക് യുജിസി ചട്ടപ്രകാരം യോഗ്യതകളില്ലെന്നും ഗവര്‍ണര്‍ വിശദീകരിച്ചു. സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തത് പ്രോ വിസിയേയും ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയേയുമാണ്. സര്‍ക്കാരിന്റെ ഹര്‍ജി നിലനില്‍ക്കില്ലെന്നും തള്ളണമെന്നും ഗവര്‍ണര്‍ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയറുടെ നിയമന’കത്ത്’ വിവാദത്തിലും സര്‍വകലാശാല നിയമന വിവാദങ്ങളിലും സി പിഎം സംസ്ഥാന സെക്രട്ടേറിയറ്റിന് അതൃപ്തി. നിയമന വിവാദങ്ങള്‍ തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. നിയമനങ്ങള്‍ പരിശോധിക്കാനും തീരുമാനം.

മോഡലായ യുവതിയെ കാറില്‍ കൂട്ടബലാത്സംഗം ചെയ്ത മൂന്നു യുവാക്കളെയും കൂട്ടുനിന്ന സ്ത്രീയേയും അറസ്റ്റു ചെയ്തു. കൊച്ചിയില്‍ ഇന്നലെ അര്‍ധരാത്രിയോടെയാണു സംഭവം. ബാറില്‍ മദ്യപിച്ചു ലക്കുകെട്ടു കുഴഞ്ഞുവീണ യുവതിയെ മൂന്നു യുവാക്കള്‍ ചേര്‍ന്ന് കാറില്‍ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. യുവതിയെ സുരക്ഷിതമായി എത്തിക്കുമെന്നു പറഞ്ഞാണ് യുവതിയേയും കുടെയുണ്ടായിരുന്ന സ്ത്രീയേയും ബാറില്‍നിന്നു പുറത്തിറക്കി. സ്ത്രീയെ കാറില്‍ കയറ്റാതെ യുവാക്കള്‍ യുവതിയെ കാറില്‍ കയറ്റിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.

ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെതിരേ കോടതിയലക്ഷ്യ ആക്ഷേപവുമായി ബിജെപി മുന്‍ സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. കെടിയു വൈസ് ചാന്‍സലറെ പുറത്താക്കിയ വിധി സംബന്ധിച്ച പ്രതികരിച്ച മന്ത്രി സുപ്രീം കോടതിയെ അവഹേളിച്ചെന്ന് ആരോപിച്ച് സുപ്രീം കോടതിയെത്തന്നെ സമീപിച്ചു. സുപ്രീംകോടതി പോലും കേന്ദ്ര നയങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും ഉന്നത വിദ്യാഭ്യാസ രംഗത്ത് പിടിമുറുക്കുകയാണെന്നും മന്ത്രി ബിന്ദു പറഞ്ഞെന്ന് ആരോപിച്ചാണ് ഹര്‍ജി.

വയനാട്ടില്‍ പോക്‌സോ കേസ് ഇരയെ പീഡിപ്പിക്കാന്‍ ശ്രമിച്ച എഎസ്‌ഐ ടി.ജി ബാബു മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി  കോടതിയില്‍. കല്‍പ്പറ്റ പോക്‌സോ കോടതി നാളെ വിധി പറയും. പ്രതി ബാബു ഒളിവിലാണ്.

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനു ജോലി നല്‍കിയ സന്നദ്ധ പ്രസ്ഥാനമായ എച്ച്ആര്‍ഡിഎസ് കേരളം വിടുന്നു. ആദിവാസികള്‍ക്കു സൗജന്യമായി വീടു നിര്‍മിച്ചു നല്‍കുന്ന തങ്ങളെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്ന് എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണന്‍ ആരോപിച്ചു. എച്ച്ആര്‍ഡിഎസ് ഓഫീസുകളില്‍ നിരന്തരം റെയ്ഡ് നടത്തിയും കേസുകള്‍ ചുമത്തിയും ഉപദ്രവിക്കുകയാണ്. കേരളം, തമിഴ്‌നാട്, ഗുജറാത്ത്, ത്രിപുര, അസം, ഝാര്‍ഖണ്ഡ് ഉള്‍പ്പടെയുള്ള ആദിവാസി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണ് ഹൈറേഞ്ച് റൂറല്‍ ഡവലപ്‌മെന്റ് സൊസൈറ്റി.

സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള ശശി തരൂര്‍ എംപിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് എം കെ രാഘവന്‍ എംപി്. തരൂരിന്റെ വരവ് അനിവാര്യമാണ്. തരൂരിനെപോലുള്ള നേതാവിനെ കേരളത്തില്‍ ആവശ്യമുണ്ടെന്നും രാഘവന്‍.

കൊച്ചിയില്‍ തുറന്നിട്ടിരിക്കുന്ന ഓടകളും കാനകളും രണ്ടാഴ്ചയ്ക്കകം മൂടണമെന്നു ഹൈക്കോടതി. കാനയില്‍ വീണ് മൂന്നു വയസുകാരനു പരിക്കേറ്റ സംഭവത്തില്‍ കോര്‍പ്പറേഷനെ ഹൈക്കോടതി വിമര്‍ശിച്ചു.  കോടതിയില്‍ ഹാജരായ കോര്‍പ്പറേഷന്‍ സെക്രട്ടറി ക്ഷമ ചോദിച്ചു. പനമ്പള്ളി നഗറില്‍ അമ്മയോടൊപ്പം റോഡില്‍ നടന്ന കുട്ടി കാനയില്‍ വീണ സംഭവത്തിനു പിറകേയാണ് കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിയെ കോടതി വിളിപ്പിച്ചത്.

കണ്ണൂര്‍ സര്‍വകലാശാലയില്‍ കൊവിഡിന്റെ മറവില്‍ ഓണ്‍ലൈന്‍ വഴി നടത്തിയ നിയമനങ്ങള്‍ പുനപരിശോധിക്കണമെന്ന്  സര്‍വകലാശാല സെനറ്റ് അംഗം ഡോ ആര്‍ കെ ബിജു. ഇല്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

തലശേരിയില്‍ ആറു വയസുകാരനെ ചവിട്ടിവീഴ്ത്തിയ കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. ആദ്യഘട്ടത്തില്‍ ലോക്കല്‍ പൊലീസ് വീഴ്ച വരുത്തിയ കേസില്‍ റെക്കോഡ് വേഗത്തിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. റിമാന്റില്‍ കഴിയുന്ന പ്രതി മുഹമ്മദ് ഷിഹാദിനെതിരെ നരഹത്യാശ്രമ കുറ്റമാണ് ചുമത്തിയത്.

എറണാകുളം കീരംമ്പാറ ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയായിരുന്ന ഷീബാ ജോര്‍ജ്ജിനെ അയോഗ്യയാക്കിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സൂപ്രീം കോടതി നോട്ടീസ്. കീരംമ്പാറ ഗ്രാമപഞ്ചായത്തില്‍ സ്വതന്ത്രയായി ജയിച്ച ഷീബ ജോര്‍ജ് എല്‍ഡിഎഫിന്റെ പിന്തുണയോടെ പ്രസിഡന്റായി. കോണ്‍ഗ്രസ് അംഗം മാമച്ചന്‍ ജോസഫ് തെരഞ്ഞെടുപ്പു കമ്മീഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷീബയെ അയോഗ്യയാക്കിയത്. ഇതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളിയതോടെയാണ് ഷീബാ സുപ്രീം കോടതിയെ സമീപിച്ചത്.

എറണാകുളം നഗരത്തിലെ എസ്എസി എസ്ടി ഹോസ്റ്റലില്‍ പട്ടികജാതി വികസന വകുപ്പ് ഓഫീസ് ഉദ്യോഗസ്ഥരുടെ അതിക്രമമെന്നു പരാതി. ഹോസ്റ്റലില്‍ താമസിക്കുന്ന ഹോക്കി താരവും കണ്ണൂര്‍ സ്വദേശിയുമായ അഭിജിത്തിനെ ഹോസ്റ്റലില്‍നിന്നു പുറത്താക്കാനും വാഹനം ഇടിപ്പിച്ചു കൊല്ലാനും ശ്രമിച്ചു. ഓഫീസര്‍ സന്ധ്യയുടെ ഔദ്യോഗിക വാഹനമാണ് ഇടിച്ചത്. പരിശോധനയ്‌ക്കെത്തിയ തങ്ങളെ വിദ്യാര്‍ത്ഥികള്‍ തടഞ്ഞെന്നാണ് ഓഫീസര്‍ സന്ധ്യയുടെ പരാതി.

മലപ്പുറം താനൂര്‍ താനാളൂരില്‍ നാലു വയസുകാരനെ തെരുവുനായ്ക്കള്‍ കടിച്ചുകീറി. വട്ടത്താണി കുന്നത്തുപറമ്പില്‍ റഷീദിന്റെ മകന്‍ മുഹമ്മദ് റിസ്വാനെ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. തലയുടെ ഒരു ഭാഗവും മുതുകും നായ്ക്കള്‍ കടിച്ചുകീറി ബോധരഹിതനായ നിലയിലായിരുന്നു കുട്ടി.

ഗവര്‍ണര്‍ കേന്ദ്രസര്‍ക്കാരിന്റെ ഏജന്റായി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനാണ് ശ്രമം. ഏതോ കേസിന്റെ വിധിയില്‍ എല്ലാ വൈസ് ചാന്‍സലര്‍മാരോടും  ഒഴിയാന്‍ പറയുന്നത് എന്തിനാണെന്നും കാനം ചോദിച്ചു.

ആവശ്യത്തിന് ഗസ്റ്റ് അധ്യാപകരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂര്‍ കേരളവര്‍മ്മ കോളജില്‍ അധ്യാപകരെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഒരു മണിക്കൂറോളം തടഞ്ഞുവച്ചു. സ്റ്റാഫ് കൗണ്‍സില്‍ നടക്കുന്ന ഹാളിലാണ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ അധ്യാപകരെ തടഞ്ഞുവച്ചത്. പൊലിസ് വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് സമരം അവസാനിപ്പിച്ചത്.

നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരില്‍നിന്ന് 38 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. റിങ്ങുകളാക്കിയും പേസ്റ്റ് രൂപത്തില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ചുമാണ് സ്വര്‍ണം കൊണ്ടുവന്നത്.

പബ്ലിസിറ്റിക്കുവേണ്ടി ഹര്‍ജിയുമായി സുപ്രീം കോടതിയിലേക്കു വരരുതെന്ന താക്കീതുമായി സുപ്രീം കോടതി ജഡ്ജിമാര്‍.  ജനന നിയന്ത്രണത്തിന് കര്‍ശന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് അശ്വിനി കുമാര്‍ ഉപാധ്യായ നല്‍കിയ ഹര്‍ജി രൂക്ഷ വിമര്‍ശനത്തോടെ കോടതി തള്ളി. വിഷയം സര്‍ക്കാരിനോട് ഉന്നയിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു.

കെട്ടിക്കിടക്കുന്ന കേസുകളില്‍ അതിവേഗം പരിഹാരിക്കാന്‍ സുപ്രീം കോടതിയിലെ 13 ബെഞ്ചുകളും വിവാഹ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട 10 ട്രാന്‍സ്ഫര്‍ ഹര്‍ജികളും പത്ത് ജാമ്യ ഹര്‍ജികളും ദിവസവും കേള്‍ക്കാന്‍ തീരുമാനിച്ചു.
ചീഫ് ജസ്റ്റിസ്  ഡിവൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സുപ്രീംകോടതി ജഡ്ജിമാരുടെ യോഗത്തിലാണു  തീരുമാനം. ശീതകാല അവധിക്കുമുമ്പ് അത്തരം എല്ലാ കേസുകളും ജാമ്യാപേക്ഷകളും പരിഗണിക്കും. വിവാഹ ട്രാന്‍സ്ഫര്‍ കേസുകളുമായി ബന്ധപ്പെട്ട് 3,000 ഹര്‍ജികള്‍ സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നുണ്ടെന്നു ചീഫ് ജസ്റ്റീസ് പറഞ്ഞു.

ഡാറ്റ ചോര്‍ച്ചയ്ക്ക് 500 കോടി രൂപ പിഴചുമത്തുമെന്ന് ഡിജിറ്റല്‍ വ്യക്തിഗത സംരക്ഷണ ബില്‍. ബില്ലിന്റെ കരടു രേഖയില്‍  ഡിസംബര്‍ 17 വരെ പൊതുജനങ്ങള്‍ക്കു പരിശോധിച്ച് അഭിപ്രായം രേഖപ്പെടുത്താം. 2019 ല്‍ പുറത്തിറക്കിയ കരട് വ്യക്തിഗത ഡാറ്റ സംരക്ഷണ ബില്ലില്‍ 15 കോടി രൂപ അല്ലെങ്കില്‍ ഒരു സ്ഥാപനത്തിന്റെ ആഗോള വിറ്റുവരവിന്റെ നാലു ശതമാനം പിഴയാണു നിര്‍ദേശിച്ചിരുന്നത്.

ഭീമ കൊറേഗാവ് കേസിലെ പ്രതി ഗൗതം നവ്ലാഖയെ വീട്ടുതടങ്കലിലേക്കു മാറ്റണമെന്ന ഉത്തരവ് പിന്‍വലിക്കണമെന്ന എന്‍ഐഎയുടെ ആവശ്യം സുപ്രീംകോടതി തള്ളി. 24 മണിക്കുറിനകം നവ്ലാഖയെ വീട്ടു തടങ്കലിലേക്കു മാറ്റണമെന്നും ജസ്റ്റീസുമാരായ കെ.എം ജോസഫ്, ഋഷികേശ് റോയ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് ഉത്തരവിട്ടു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉടമസ്ഥതിയലുള്ള സ്ഥലത്തു താമസിക്കാന്‍ അനുവദിക്കരുതെന്ന എന്‍ഐഎയുടെ വാദം തള്ളി. കമ്യൂണിസ്റ്റ് പാര്‍ട്ടി രാജ്യത്ത് അംഗീകാരമുള്ള രാഷ്ട്രീയ പാര്‍ട്ടിയാണെന്നു കോടതി ചൂണ്ടിക്കാട്ടി.

മധ്യപ്രദേശിലെ മതസ്വാതന്ത്ര്യ നിയമം 2021 ഭരണഘടനാ വിരുദ്ധമാണെന്ന് ഹൈക്കോടതി. നിയമ പ്രകാരം ആര്‍ക്കെതിരെയും നടപടി പാടില്ലെന്ന് കോടതി ഉത്തരവിട്ടു. മതം മാറാന്‍ ആഗ്രഹിക്കുന്നയാള്‍ ജില്ലാ ഭരണകൂടത്തെ 60 ദിവസം മുമ്പ് അറിയിക്കണമെന്ന വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണ്. നിയമത്തില്‍നിന്നു മിശ്രവിവാഹിതരെ ഒഴിവാക്കണമെന്ന ആവശ്യവുമായി എത്തിയ ഹര്‍ജികളിലാണ് കോടതി ഉത്തരവ്.

റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ യുക്രെയ്ന്‍ നഗരത്തില്‍ നടന്ന ഭയാനകമായ സ്‌ഫോടന ദൃശ്യം വൈറലായി. ഉക്രെയിന്‍ പ്രതിരോധ മന്ത്രാലയമാണ് ഈ വീഡിയോ ട്വിറ്ററില്‍ പങ്കിട്ടത്. ഡിനിപ്രോ നഗരത്തിലാണ് റഷ്യന്‍ മിസൈല്‍ ആക്രമണമുണ്ടായത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *