ഗുലാം നബി ആസാദിനൊപ്പം കോണ്‍ഗ്രസ് വിട്ട 17 പേര്‍ പാര്‍ട്ടിയിലേക്ക് മടങ്ങിയെത്തി. കശ്മീർ മുൻ ഉപമുഖ്യമന്ത്രി, മുൻ പി സി സി അധ്യക്ഷൻ, എം എൽ മാരടക്കമുള്ളവരാണ് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത്.
ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരമാണ് കോൺഗ്രസ് വിട്ടതെന്ന് കശ്മീര്‍ മുൻ ഉപമുഖ്യമന്ത്രി താരാ ചന്ദ് പറഞ്ഞു. തെറ്റുകൾ ആർക്കും സംഭവിക്കാം. അത് തിരുത്തി തിരികെ വന്നു. പാർട്ടിയോടും ജനങ്ങളോടും മാപ്പെന്ന് മുൻ പിസിസി അധ്യക്ഷൻ പീർ സാദാ മുഹമ്മദ് സയ്യിദ് പറഞ്ഞു. ഭാരത് ജോഡോ യാത്ര പുത്തൻ പ്രതീക്ഷ നൽകുന്നുണ്ട്. ഭാരത് ജോഡോ യാത്രയ്ക്ക് കശ്മീരിൽ വലിയ ജനപങ്കാളിത്തം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ദില്ലി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ നേതാക്കളെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. പാർട്ടി വിട്ടവർ തറവാട്ടിലേക്ക് തിരികെ വരുന്നതിൽ സന്തോഷമെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. ഇത് ഭാരത് ജോഡോ യാത്രയുടെ വിജയമാണ്. ഇനിയും കൂടുതൽ ആളുകൾ കോൺഗ്രസിലേക്ക് വരും. പല കാരണങ്ങളാലും പാർട്ടി വിട്ടു പോയവരും സമാന മനസ്കരായ പാർട്ടികളും ഇനിയും തിരികെ വരും, പ്രതിപക്ഷ ഐക്യത്തിനായി കൂടുതൽ ആളുകൾ കോൺഗ്രസിനൊപ്പം ചേരുമെന്നും അദ്ദേഹം പറഞ്ഞു.