തുടര്‍ച്ചയായി ആറ് മാസം ഇന്ത്യന്‍ ആഭ്യന്തര ഓഹരി വിപണികളില്‍ വാങ്ങല്‍ നടത്തി വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ സെപ്തംബറില്‍ വില്‍പ്പനയിലേക്ക് നീങ്ങി. 14,767 കോടി രൂപയുടെ അറ്റ വില്പനയാണ് എഫ്.പി.ഐകള്‍ കഴിഞ്ഞ മാസം നടത്തിയത്. ഡോളറിന്റെ മൂല്യം, യു.എസ് ബോണ്ട് വരുമാനത്തിലെ സ്ഥിരമായ വര്‍ദ്ധനവ്, ക്രൂഡ് ഓയില്‍ വില വര്‍ദ്ധനവ് എന്നിവയാണ് പ്രധാനമായും എഫ്.പി.ഐകളുടെ പിന്‍മാറ്റത്തിന് കാരണമായി വിലയിരുത്തുന്നത്. ഇക്വിറ്റികളിലേക്കുള്ള എഫ്.പി.ഐ വരവ് ആഗസ്റ്റില്‍ നാല് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 12,262 കോടി രൂപയിലെത്തിയിരുന്നു. മാര്‍ച്ച് മുതല്‍ ആഗസ്റ്റ് വരെയുള്ള കഴിഞ്ഞ ആറ് മാസങ്ങളില്‍ എഫ്.പിഐകള്‍ തുടര്‍ച്ചയായി ഇന്ത്യന്‍ ഓഹരികള്‍ വാങ്ങിക്കൂട്ടിയിരുന്നു. 1.74 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഈ കാലയളവില്‍ രേഖപ്പെടുത്തുകയും ചെയ്തു. സെപ്തംബറില്‍ രാജ്യത്തിന്റെ ഡെറ്റ് വിപണിയില്‍ പക്ഷേ 938 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് എഫ്.പി.ഐ നടത്തിയത്. ഇതോടെ, ഈ വര്‍ഷം ഇതുവരെ ഇക്വിറ്റിയിലെ എഫ്.പി.ഐകളുടെ മൊത്തം നിക്ഷേപം 1.2 ലക്ഷം കോടി രൂപയിലും ഡെറ്റ് മാര്‍ക്കറ്റിലെ നിക്ഷേപം 29,000 കോടി രൂപയിലും എത്തി. ഡോളര്‍ സൂചിക 107ന് അടുത്ത് എത്തിയതും യു.എസ് ബോണ്ട് യീല്‍ഡില്‍ സ്ഥിരമായ വര്‍ദ്ധനവുണ്ടായതും എഫ്.പി.ഐ വില്പന കൂടാന്‍ കാരണമായി. ആഭ്യന്തര സ്ഥാപന നിക്ഷേപകര്‍ (ഡി.ഐ.ഐ) വാങ്ങലുകാരായി നിന്നതുകാരണം എഫ്.പി.ഐകളുടെ വില്പനയുടെ ആഘാതം വിപണികളെ ബാധിച്ചില്ല.