ഒക്ടോബര്‍ 21വരെയുള്ള കണക്കുപ്രകാരം ബാങ്കുകള്‍ വായ്പ നല്‍കിയത് 128.9 ലക്ഷം കോടി രൂപ. വായ്പാ വളര്‍ച്ച 17.9ശതമാനമാണെന്ന് ആര്‍ബിഐ പുറത്തുവിട്ട ദ്വൈവാര കണക്കുകള്‍ വ്യക്തമാക്കുന്നു. ഒമ്പതുവര്‍ഷത്തിനിടയിലെ ഉയര്‍ന്ന വാര്‍ഷിക വളര്‍ച്ചയാണിത്. അതേസമയം, നിക്ഷേപ വളര്‍ച്ചയില്‍ കാര്യമായ കുറവുണ്ടാകുകയും ചെയ്തു. വാര്‍ഷിക വളര്‍ച്ച 9.5ശതമാനത്തിലൊതുങ്ങി. വായ്പാ ആവശ്യകത വര്‍ധിച്ചതോടെ ബാങ്കുകള്‍ നിക്ഷേപ പലിശയും ഉയര്‍ത്തിത്തുടങ്ങി. നിലവിലെ സാഹചര്യം പരിഗണിച്ചാല്‍ നിക്ഷേപ പലിശ ഇനിയും വര്‍ധിപ്പിക്കേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. പലിശ നിരക്ക് കുറച്ചുകൂടി ഉയര്‍ന്നശേഷം സ്ഥിരതയാര്‍ജിക്കുമെന്നാണ് നിരീക്ഷണം. കോവിഡിനെതുടര്‍ന്നുണ്ടായ പ്രതിസന്ധി തരണംചെയ്യുന്നിതിനാണ് റിസര്‍വ് ബാങ്ക് നിരക്ക് കുത്തനെ കുറച്ചത്. അതോടെ നിക്ഷേപ പലിശ എക്കാലത്തേയും താഴ്ന്ന നിലവാരത്തിലെത്തുകയും ചെയ്തു.