രാജ്യത്ത് അടിസ്ഥാന സൗകര്യ വികസനം മെച്ചപ്പെട്ടതോടെ സിമന്റ് ഉപഭോഗത്തില്‍ വന്‍ കുതിച്ചുചാട്ടം. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യത്തെ 10 മാസത്തെ കണക്കുകള്‍ പ്രകാരം, സിമന്റ് ഉപഭോഗത്തില്‍ 11 ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, അടുത്ത സാമ്പത്തിക വര്‍ഷം രാജ്യത്തെ സിമന്റ് ഉപഭോഗം 7 ശതമാനം മുതല്‍ 9 ശതമാനം വരെ ഉയര്‍ന്ന് 425 മില്യണ്‍ ടണ്‍ ആകുമെന്നാണ് വിലയിരുത്തല്‍. കൂടാതെ, തുടര്‍ച്ചയായ മൂന്ന് വര്‍ഷങ്ങളിലും സിമന്റ് ഉപഭോഗം ഉയരാന്‍ സാധ്യതയുണ്ട്. കേന്ദ്രസര്‍ക്കാര്‍ അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കിയതോടെയാണ് സിമന്റ് ഉപഭോഗം വര്‍ദ്ധിച്ചത്. കൂടാതെ, റിയല്‍ എസ്റ്റേറ്റ് മേഖലയുടെ തിരിച്ചുവരവും, ഗ്രാമീണ ഭവനപദ്ധതികളുടെ വളര്‍ച്ചയും സിമന്റ് ഉപഭോഗം കൂടാന്‍ സഹായിച്ചിട്ടുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷം കേന്ദ്ര റോഡ് വികസന മന്ത്രാലയം, ദേശീയപാത അതോറിറ്റി എന്നിവയുടെ പദ്ധതി ചെലവുകള്‍ 14 ശതമാനത്തില്‍ നിന്ന് 25 ശതമാനമായാണ് ഉയര്‍ന്നത്. പ്രധാനമന്ത്രി ആവാസ് യോജന ഗ്രാമീണ്‍ പദ്ധതി 12 ശതമാനം വളര്‍ച്ചയും നേടിയിട്ടുണ്ട്. ഈ ഘടകങ്ങളാണ് ഇത്തവണ സിമന്റ് വില്‍പ്പനയ്ക്ക് നേട്ടമായത്.