വനാതിര്‍ത്തിയില്‍നിന്ന് വനത്തിനുള്ളിലേക്കാണു ബഫര്‍സോണ്‍ നിശ്ചയിക്കേണ്ടതെന്നു പ്രമേയം പസാക്കി ബത്തേരി നഗരസഭ. ബഫര്‍സോണ്‍ നിര്‍ണയിക്കാന്‍ നേരിട്ട് വിവരശേഖരണം നടത്തണം. സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് പ്രമേയം പാസാക്കിയത്. സുല്‍ത്താന്‍ബത്തേരി നഗരമാകെ ബഫര്‍ സോണ്‍ പരിധിയിലാണ്.
അബദ്ധങ്ങള്‍ നിറഞ്ഞതും ആര്‍ക്കും മനസിലാകാത്തതുമായ ബഫര്‍സോണ്‍ ഉപഗ്രഹ സര്‍വ്വേ റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്ന് താമരശേരി രൂപത. ബഫര്‍സോണ്‍ റിപ്പോര്‍ട്ടിനെതിരേ നാളെ കോഴിക്കോട്ടെ മലയോര മേഖലകളില്‍ സമരം തുടങ്ങും. ഉപഗ്രഹ സര്‍വ്വേ റിപ്പോര്‍ട്ട് സര്‍ക്കാര്‍ അവസാന നിമിഷംവരെ പൂഴ്ത്തിവച്ചു. ഇതിനു പിന്നില്‍ ഗുഡാലോചനയുണ്ടെന്നു സംശയിക്കുന്നു. കര്‍ഷകരെ ബാധിക്കാത്ത വിധത്തില്‍ ബഫര്‍സോണ്‍ അതിര്‍ത്തി നിശ്ചയിക്കണമെന്നും താമരശേരി രൂപത ബിഷപ്പ് മാര്‍ റമഞ്ചിയോസ് ഇഞ്ചനാനിയല്‍ പറഞ്ഞു.
വികസനത്തിനൊപ്പമാണു സര്‍ക്കാരെന്നും എതിര്‍പ്പുകളുണ്ടെങ്കില്‍ പരിഹരിച്ച് മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയപാത സ്ഥലമേറ്റെടുക്കലിനെതിരെ ഏറ്റവും വലിയ സമരം നടന്നത് മലപ്പുറത്താണ്. എന്നാല്‍ കഴിഞ്ഞ സഭയില്‍ കുഞ്ഞാലിക്കുട്ടി തന്നെ സ്ഥലമേറ്റെടുക്കലിനെ അഭിനന്ദിച്ചു. കൃത്യമായി നഷ്ടപരിഹാരം ലഭിച്ചെന്ന് കുഞ്ഞാലിക്കുട്ടി തന്നെ സമ്മതിച്ചു. പെരളശ്ശേരി പാലം ശിലാസ്ഥാപന ഉദ്ഘാടനം നിര്‍വ്വഹിക്കവേു മുഖ്യമന്ത്രി പറഞ്ഞു.
പത്തനംതിട്ട ആറന്മുള പോലീസ് സ്റ്റേഷനിലെ താത്കാലിക ജീവനക്കാരിയെ കടന്നു പിടിക്കാന്‍ ശ്രമിച്ച പോലീസുകാരനെ സസ്പെന്‍ഡ് ചെയ്തു. പത്തനാപുരം സ്വദേശിയായ സിപിഒ സജീഫ് ഖാനെതീരെയാണ് നടപടി. ജീവനക്കാരിയുടെ പരാതിയില്‍ പത്തനംതിട്ട വനിത പൊലീസ് കേസെടുത്തു. പോലീസുകാരന്‍ ഒളിവിലാണ്.
ടൈറ്റാനിയത്തില്‍ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയ കേസിലെ പ്രധാന ഇടനിലക്കാരി ദിവ്യ നായരെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം ജേക്കബ് ജംഗ്ഷനിലെ വീട്ടില്‍ എത്തിയാണ് വെഞ്ഞാറമൂട് പോലീസ് പിടികൂടിയത്. 29 പേരില്‍ നിന്നായി ഒരു കോടി 85 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പോലീസ് പറയുന്നത്. വീട്ടില്‍ പരിശോധന നടത്തി ഏതാനും രേഖകള്‍ കണ്ടെടുത്തിട്ടുണ്ട്.
ബ്രിട്ടനില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ ആശയക്കുഴപ്പം. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ മുപ്പതു ലക്ഷത്തോളം രൂപ വേണം. പണം കണ്ടെത്താന്‍ അഞ്ജുവിന്റെ കുടുംബം സര്‍ക്കാര്‍ സഹായം അഭ്യര്‍ഥിച്ചിരുന്നു. നോര്‍ക്കയുമായി ബന്ധപ്പെട്ട് ഇതിനു വേണ്ട ക്രമീകരണങ്ങള്‍ സജ്ജീകരിക്കാന്‍ ശ്രമിക്കുമെന്ന് വൈക്കത്തെ സി.കെ. ആശ എംഎല്‍എ കുടുംബത്തെ അറിയിച്ചു.
പങ്കാളിയായ സ്ത്രീയെ പേരൂര്‍ക്കട വഴയിലയില്‍ നടുറോഡില്‍ വെട്ടിക്കൊന്ന കേസിലെ പ്രതി രാജേഷ് ജയിലില്‍ തൂങ്ങി മരിച്ചു. വ്യാഴാഴ്ച രാവിലെയാണ് സിന്ധുവിനെ വെട്ടിക്കൊന്നത്. ഇരുവരും മുന്‍പ് വിവാഹിതരാണ്, കുട്ടികളുമുണ്ട്.
എറണാകുളം പറവൂരില്‍ ചെറുവഞ്ചിയില്‍ മീന്‍ പിടിക്കുന്നതിനിടെ അച്ഛനും മകളും പുഴയില്‍ മുങ്ങി മരിച്ചു. മത്സ്യതൊഴിലാളിയായ ബാബു, മകള്‍ നിമ്മ്യ എന്നിവരാണ് രാത്രി വീരന്‍ പുഴയില്‍ മുങ്ങി മരിച്ചത്. കടമക്കുടി ഗവ വൊക്കേഷണല്‍ എച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് നിമ്മ്യ.
ഇടുക്കി കുമളി അതിര്‍ത്തിയിലുള്ള മോട്ടോര്‍ വാഹന വകുപ്പ് ചെക്ക് പോസ്റ്റില്‍ കണക്കില്‍പെടാത്ത പണം കണ്ടെത്തി. എഎംവിഐ മദ്യപിച്ചാണ് ജോലി ചെയ്തിരുന്നതെന്നും വിജിലന്‍സ് കണ്ടെത്തി. തമിഴ്‌നാട്ടില്‍ നിന്നുള്ള അയ്യപ്പ ഭക്തരുടെ വാഹനത്തില്‍നിന്ന് കൈക്കൂലി ഈടാക്കിയെന്ന വിവരത്തെത്തുടര്‍ന്നായിരുന്നു പരിശോധന.
ശബരിമല യുവതി പ്രവേശന വിധിയെത്തുടര്‍ന്ന് ശബരിമലയില്‍ എത്തിയതിനു രഹന ഫാത്തിമയ്ക്ക് എതിരായ കേസില്‍ ജ്യാമ വ്യവസ്ഥയില്‍ ഇളവു നല്‍കരുതെന്ന് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്നും മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റുകള്‍ വീണ്ടും സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചെന്നും സത്യവാങ്മൂലത്തില്‍ കുറ്റപ്പെടുത്തി.
ഡല്‍ഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യുവതിയില്‍നിന്ന് 15.36 കോടി രൂപയുടെ കൊക്കൈയ്ന്‍ പിടികൂടി. ഗിനിയില്‍നിന്നു വന്ന യാത്രക്കാരി 82 ക്യാംപ്‌സൂളുകളിലാക്കി വിഴുങ്ങിയ നിലയിലായിരുന്നു കൊക്കൈയ്ന്‍ കടത്തിയിരുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മേഘാലയ, ത്രിപുര സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കും. ഷില്ലോങ്ങില്‍ നോര്‍ത്ത് ഈസ്റ്റ് കൗണ്‍സിലിന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കും. 6800 കോടി രൂപയുടെ വിവിധ പദ്ധതികള്‍ക്ക് തറക്കല്ലിടും. ത്രിപുരയിലെ അഗര്‍ത്തലയിലും വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. രണ്ട് സംസ്ഥാനങ്ങളിലും മാസങ്ങള്‍ക്കകം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.
സൈനികരുടെ ആത്മവീര്യം രാഹുലും കോണ്‍ഗ്രസും ഒരിക്കല്‍ കൂടി കെടുത്തിയെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ. ചൈനീസ് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുമായി കോണ്‍ഗ്രസിന് ഉടമ്പടിയുണ്ടെന്ന് എല്ലാവര്‍ക്കും അറിയാമെന്നും നദ്ദ ആരോപിച്ചു.
ഒഡീഷയിലെ ബലംഗീര്‍ ജില്ലയിലെ സ്‌കൂളില്‍ കായികമേളയ്ക്കിടെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കഴുത്തില്‍ ജാവലിന്‍ തുളച്ചുകയറി. ശസ്ത്രക്രിയക്കു ശേഷം കുട്ടി സുഖം പ്രാപിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അഗല്‍പൂരിലെ ബോയ്സ് ഹൈസ്‌കൂളിലാണ് ദാരുണസംഭവം.
ഇറാനില്‍ ഓസ്‌കര്‍ പുരസ്‌കാര ജേതാവും പ്രമുഖ നടിയുമായ തരാനെ അലിദോസ്തി (38) അറസ്റ്റിലായി. ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തെ പിന്തുണച്ചതിനാണ് അറസ്റ്റു ചെയ്തത്.