വയനാട്ടിലെ ദുരന്തത്തില്‍ തകര്‍ന്ന ചൂരല്‍മല- മുണ്ടക്കൈ മേഖലയിലെ പുനരധിവാസം അതിവേഗം പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടുതല്‍ സുരക്ഷിതമായ പ്രദേശം കണ്ടെത്തി ടൗണ്‍ഷിപ്പ് നിര്‍മിക്കും. അതിനുവേണ്ടി ചര്‍ച്ചകള്‍ ആരംഭിച്ചുവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ആവശ്യപ്പെട്ട് പുറത്തിറക്കിയ ക്യൂ.ആര്‍ കോഡിന്റെ ദുരുപയോഗ സാധ്യത ശ്രദ്ധയില്‍പ്പെട്ടുവെന്നും നിലവിലെ ക്യൂ.ആര്‍. കോഡ് പിന്‍വലിക്കും. പകരം യു.പി.ഐ. ഐഡി വഴി ഗൂഗിള്‍പേയില്‍ സംഭാവന നല്‍കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

 

 

 

വയനാട് ഉരുള്‍പ്പൊട്ടലില്‍ മരണം 360 ആയി. ദുരന്തത്തില്‍ 30 കുട്ടികള്‍ മരിച്ചെന്നും സ്ഥിരീകരണം. 146 മൃതദേഹങ്ങൾ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതദേഹം ഇന്ന് പൊതുശ്മശാനങ്ങളില്‍ സംസ്ക്കരിക്കും. മുണ്ടക്കൈയും പുഞ്ചിരിമട്ടവും കേന്ദ്രീകരിച്ചാണ് ഇന്ന് തിരച്ചില്‍ നടക്കുന്നത്.

 

 

 

 

ദുരന്തമേഖലയിൽ രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട് പലയിടത്തായി കുടുങ്ങിപ്പോയവരെ സുരക്ഷിത സ്ഥാനത്തെത്തിക്കാനാണ് ആദ്യം ശ്രമിച്ചത്. പരമാവധി ജീവൻ രക്ഷിക്കാനായിരുന്നു ആദ്യത്തെ ശ്രമം. ജീവന്റെ ഒരു തുടിപ്പെങ്കിലും ഉണ്ടെങ്കിൽ അത് കണ്ടെത്തുകയെന്ന ലക്ഷ്യമായിരുന്നു ആദ്യത്തേതെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

10042 പേർ 93 ദുരിതാശ്വാസ ക്യാംപുകളിലായി കഴിയുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നലെ 11 മൃതദേഹം കണ്ടെത്തി കൂടാതെ ജീവന്റെ തുടിപ്പ് കണ്ടെത്താനുള്ള റഡാർ സംവിധാനം ഇപ്പോൾ ഉണ്ട്. ഇതുപയോഗിച്ച് 16 അടി താഴ്ചയിൽ വരെ ജീവൻ്റെ തുടിപ്പ് കണ്ടെത്താനാവുമെന്നും അദ്ദേഹം പറഞ്ഞു. മൃതദേഹം കണ്ടെത്താനുള്ള റഡാർ സംവിധാനം ഉടനെത്തിക്കും. ചാലിയാറിൽ അടക്കം തെരച്ചിൽ തുടരുമെന്നും ഇനി 206 പേരെ കണ്ടെത്താനുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

 

 

 

വയനാട്ടിൽ നാശം വിതച്ച ഉരുള്‍പൊട്ടലില്‍ അനാഥരായവർ ഒറ്റക്കാവില്ലെന്ന് റവന്യൂമന്ത്രി കെ.രാജന്‍. മന്ത്രിസഭാ ഉപസമിതി എല്ലാ ഘട്ടത്തിലും ഒപ്പമുണ്ടാവുമെന്നും, വയനാട് പുനരധിവാസം സമഗ്രമായി ചെയ്യുമെന്നും, പ്രയോരിറ്റി അനുസരിച്ച് മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. ആദ്യ ദിവസങ്ങളിലെ പ്രയോരിറ്റി രക്ഷാപ്രവർത്തനമായിരുന്നു. മൂന്നാം ദിവസം ബെയ്ലി പാല നിർമ്മാണത്തിനായിരുന്നു മുൻഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

 

 

വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ അനാഥരായവർ ഒറ്റക്കാവില്ലെന്ന് റവന്യൂമന്ത്രി കെ.രാജന്‍. വയനാട് പുനരധിവാസം സമഗ്രമായി ചെയ്യുമെന്നും പ്രയോരിറ്റി അനുസരിച്ച് മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. ആദ്യ ദിവസങ്ങളിലെ പ്രയോരിറ്റി രക്ഷാപ്രവർത്തനമായിരുന്നു. മൂന്നാം ദിവസം ബെയ്ലി പാല നിർമ്മാണത്തിനായിരുന്നു മുൻഗണന. ഇന്നലെ വിവിധ സംഘങ്ങളായി തിരിഞ്ഞ് കൃത്യമായ പരിശോധന നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതോടൊപ്പം അവയവങ്ങൾ സംസ്കരിക്കാൻ 9 ഏക്കര്‍ പ്രത്യേകമായി കണ്ടെത്തി. 318 കെട്ടിടങ്ങളുണ്ട്. GFS മാപ്പ് തയാറാക്കി നൽകി. പോയിന്റുകൾ നോക്കി തെരച്ചിൽ പുരോഗമിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

 

 

 

 

ഡിസാസ്റ്റർ ടൂറിസത്തിന് കർശനമായ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ഇത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ദുരന്തമുണ്ടായ സ്ഥലം കാണാന്‍ പലരും വരുന്നത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് അടക്കം പ്രശ്നമുണ്ടാക്കുന്നുണ്ട്. ദുരന്തം നടന്ന സ്ഥലം കണ്ടിട്ട് പോവുകയാണ് പലരും. ഒഴിഞ്ഞ് പോയ വീടുകളിലടക്കമെത്തി പലരും ദൃശ്യങ്ങൾ പകർത്തുന്നു. ക്യാമ്പുകളിലും പലരുമെത്തുന്നുണ്ട്.

 

 

 

മുഖ്യമന്ത്രിയുടെ ദുരിത്വാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന നൽകണമെന്നും ദുരിതാശ്വാസ നിധിയിലെ കണക്കുകൾ സുതാര്യമായിരിക്കണമെന്നും വിഡി സതീശൻ വ്യക്തമാക്കി. അതോടൊപ്പം വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് ബിജെപി രാഷ്ട്രീയം കലർത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇപ്പോൾ അതിനുള്ള സമയമല്ല. വയനാട് ദുരന്തത്തെ കേന്ദ്രസർക്കാർ എന്തുകൊണ്ടാണ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതെന്ന് അറിയില്ല. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാജ്യസഭയിലും ലോക്‌സഭയിലും എംപിമാർ സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഇപ്പോൾ സംസ്ഥാന സർക്കാരിനെ വിമർശിക്കേണ്ട സമയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

 

 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാനുള്ള തീരുമാനത്തിൽ രമേശ് ചെന്നിത്തലയ്ക്കെതിരെ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. ഇടതുപക്ഷത്തിന്റെ കയ്യിൽ മാസ ശമ്പളം കൊടുക്കേണ്ട കാര്യമില്ല. സർക്കാരിന് സംഭാവന കൊടുക്കണമെന്ന് ആരും പറഞ്ഞിട്ടില്ല. കോൺഗ്രസ്‌ പാർട്ടിക്ക് പണം സ്വരൂപിക്കാൻ അതിന്റെതായ ഫോറം ഉണ്ട്. പാർട്ടിയുടെ എല്ലാ ഘടകങ്ങളും ദുരിതാശ്വാസ നിധി തുടങ്ങിയിട്ടുണ്ട്. രമേശ് ചെന്നിത്തലയും അതുവഴിയാണ് പണം നൽകേണ്ടതെന്നും രമേശ് ചെന്നിത്തല ചെയ്യുന്നത് ശരിയല്ലെന്നും കെ സുധാകരൻ പറഞ്ഞു.

 

 

 

വയനാടിനെ ചേര്‍ത്ത് പിടിച്ച് മോഹൻലാൽ. വയനാട്ടിൽ നടന്നത് വളരെ സങ്കടകരമായ കാര്യമാണെന്നും നേരിട്ട് കണ്ടാൽ മാത്രം മനസിലാകുന്നതാണ് ദുരന്തത്തിൻ്റെ തീവ്രതയെന്നും ലെഫ്റ്റനൻ്റ് കേണൽ നടൻ മോഹൻലാൽ. സാധാരണക്കാർ മുതൽ സൈന്യം വരെ എല്ലാവരും ദൗത്യത്തിൻ്റെ ഭാഗമായി. താൻ കൂടി അടങ്ങുന്നതാണ് മദ്രാസ് 122 ബറ്റാലിയൻ. കഴിഞ്ഞ 16 വർഷമായി താനീ സംഘത്തിലെ അംഗമാണ്. അവരടക്കം രക്ഷാപ്രവ‍ർത്തനം നടത്തുന്നവരെ നേരിട്ട് കാണാനും നന്ദി പറയാനും മനസ് കൊണ്ട് അവരെ നമസ്കരിക്കാനുമാണ് താൻ വന്നതെന്നും മോഹൻലാൽ പറഞ്ഞു. ദുരന്ത മേഖലയുടെ പുനരുദ്ധാരണത്തിനായി വിശ്വശാന്തി ഫൗണ്ടേഷൻ 3 കോടി നൽകും. സാമ്പത്തിക സഹായം ആവശ്യമെങ്കിൽ വീണ്ടും നൽകും. വെള്ളാർമല സ്കൂളിൻ്റെ പുനരുദ്ധാരണം ഏറ്റെടുക്കുമെന്നും മോഹൻലാൽ പറഞ്ഞു.

 

 

 

 

മേപ്പാടി പ്രകൃതി ദുരന്തത്തില്‍ മരിച്ചവരില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത മൃതദേഹങ്ങൾ ജില്ലയിലെ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും. കല്‍പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക, മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തുകളിലാണ് സംസ്‌കാരത്തിനുള്ള സൗകര്യം ഒരുക്കിയത്. തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതശരീരങ്ങളാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ സൂക്ഷിച്ചിട്ടുള്ളത്.

 

 

 

 

ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിലേക്ക് പാകം ചെയ്ത ഭക്ഷണങ്ങളോ ഭക്ഷണ പദാർത്ഥങ്ങളോ കൊണ്ടുവരേണ്ടതില്ലെന്ന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾ നടത്തുന്ന വളണ്ടിയർമാർക്കും സർക്കാർ ഏജൻസികളിൽ നിന്നുള്ള അംഗങ്ങൾക്കും ഭക്ഷണം മേപ്പാടിയിലെ പൊതുവായ അടുക്കളയിലാണ് തയ്യാറാക്കുന്നത്.ഇവിടെ നിന്നും ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസറുടെ നേതൃത്വത്തിൽ ചൂരൽമലയിൽ ഒരുക്കിയിട്ടുള്ള ഫുഡ് സെന്ററിൽ ഭക്ഷണം എത്തിക്കുന്നുവെന്നും കളക്ടർ അറിയിച്ചു.

 

 

 

 

ക്യാമ്പുകളിൽ കഴിയുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ എത്തിച്ചു നൽകാൻ മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ ഓസ്ട്രേലിയ ഘടകം തീരുമാനിച്ചു. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ വഴിയാകും സഹായം എത്തിക്കുക. മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ ദുരന്ത സ്ഥലവും, ദുരിതാശ്വാസ ക്യാമ്പുകളും ഉടൻ തന്നെ സന്ദർശിച്ച് ജില്ലാ അധികാരികൾ മുഖാന്തിരം ആദ്യ ഘട്ടത്തിലുള്ള പഠനോപകരണങ്ങൾ കൈമാറും.

 

 

 

കർണാടകയിലെ ഷിരൂരിലെ രക്ഷാദൗത്യം പ്രതിസന്ധിയിലാണെന്ന് മണ്ണിടിച്ചിലിൽ കാണാതായ അർജുൻ്റെ സഹോദരീ ഭർത്താവ് ജിതിൻ. തിരച്ചിൽ എന്ന് പുനരാരംഭിക്കും എന്നതിൽ അറിയിപ്പ് ഒന്നും ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ജലനിരപ്പ് കുറഞ്ഞതിനാൽ നാളെ സ്വമേധയാ തിരച്ചിലിന് ഇറങ്ങുമെന്ന് ഈശ്വർ മാൽപെ അറിയിച്ചു. അതോടൊപ്പം അർജുൻ്റെ വീട്ടിൽ പ്രതിപക്ഷ നേതാവ് വി ഡീ സതീശൻ സന്ദർശനം നടത്തി. കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിൽ എത്തിയ അദ്ദേഹം തിരച്ചിൽ പുനരാരംഭിക്കാൻ കർണ്ണാടക സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്ന് ഉറപ്പ് നൽകി.

 

 

 

കോഴിക്കോട് വിലങ്ങാട് മലയിറങ്ങിയ ദുരന്തത്തിൽ പതിമൂന്ന് വീടുകൾ പൂർണമായി ഒലിച്ചുപോയി. പലർക്കും കിലോ മീറ്ററുകൾക്ക് അപ്പുറത്തേക്ക് താമസം മാറ്റേണ്ടി വന്നു. ഉരുൾ തകർത്ത സ്ഥലം വാസയോഗ്യം അല്ലാതായതോടെ എങ്ങോട്ട് പോകണമെന്ന് അറിയാതെ ദുരിതത്തിലാണ് ദുരന്ത ബാധിതർ.

 

 

 

രോഗിയുമായി പോയ ആംബുലൻസിന് മുന്നിൽ പനമറിച്ചിട്ട് കാട്ടാന കബാലി. പടക്കം പൊട്ടിച്ച് കബാലിയെ തുരത്തി പന മുറിച്ച് നീക്കിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിക്കാനായത്. അതിരപ്പള്ളി മലക്കപ്പാറ അന്തർ സംസ്ഥാനപാതയിലാണ് വീണ്ടും കാട്ടുകൊമ്പൻ കബാലി വാഹനം തടഞ്ഞത്. രോഗിയുമായി പോയ ആംബുലൻസിന് മുൻപിലാണ് കബാലി ഗതാഗത തടസ്സം ഉണ്ടാക്കിയത്.

 

 

 

 

ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികളുടെ ദേഹത്തേക്ക് ഹൈ ടെൻഷൻ ഇലക്ട്രിക് ലൈൻ പൊട്ടിവീണു ദമ്പതികളും ബൈക്കും കത്തിക്കരിഞ്ഞു. ഉത്തർ പ്രദേശിലെ ബദൌനിലെ മുസാജ്ഹാഗ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

 

 

 

സിനിമാതാരങ്ങള്‍ക്കും രാഷ്ട്രീയനേതാക്കള്‍ക്കും ക്ഷേത്രങ്ങളുള്ള തമിഴ്നാട്ടില്‍ അന്യഗ്രഹജീവിയെ പൂജിക്കാനും ക്ഷേത്രം. സേലം ജില്ലയില്‍ മല്ലമൂപമ്പട്ടിയിലാണ് അന്യഗ്രഹജീവിക്ഷേത്രമുള്ളത്. നാട്ടുകാരനായ ലോകനാഥന്‍ തന്റെ ഒരേക്കര്‍ഭൂമിയുടെ ഒരുവശത്ത് 2021-ലാണ് ക്ഷേത്രംപണി തുടങ്ങിയത്. അന്യഗ്രഹജീവിയെ പൂജിക്കുകവഴി പ്രകൃതിക്ഷോഭങ്ങളില്‍നിന്ന് നാടിനെ രക്ഷിക്കാന്‍ കഴിയുമെന്നാണ് ലോകനാഥന്റെ അവകാശവാദം.

 

 

 

 

ദില്ലിയിൽ ഐഎഎസ് കോച്ചിംഗ് സെന്ററിലുണ്ടായ അപകടത്തിൽ മലയാളിയടക്കം മൂന്ന് വിദ്യാർത്ഥികള്‍ മരിച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. ദില്ലി തീസ് ഹസാരി കോടതിയുടെതാണ് നടപടി. കേസ് സിബിഐക്ക് കൈമാറിയെന്ന് ദില്ലി പൊലീസ് കോടതിയെ അറിയിച്ചു. മലയാളിയടക്കം മൂന്ന് വിദ്യാർത്ഥികളാണ് 27 നുണ്ടായ ദുരന്തത്തില്‍ മരിച്ചത്.

 

 

 

യുകെയിലെ ഫീതാംസ് ലെഷർ സെന്‍ററിൽ അനധികൃതമായി വാഹനം പാർക്ക് ചെയ്ത ഡർഹാമിലെ ഡാർലിംഗ്ടണിലെ ഹന്ന റോബിൻസൺ എന്ന യുവതിക്ക് 11 ലക്ഷം രൂപ പിഴ. അനധികൃതമായി വാഹനം പാർക്ക് ചെയ്യുന്നവരെ നിയന്ത്രിക്കുന്നതിനായി നടപ്പിലാക്കിയ ഫൈവ് മിനിറ്റ് പാർക്കിംഗ് റൂൾ പ്രകാരമാണ് യുവതിയിൽ നിന്നും 11 ലക്ഷം രൂപ പിഴ ഈടാക്കിയത്.

 

 

 

റഷ്യൻ നഗരമായ നിസ്നി ടാഗിൽ കെട്ടിടം തകർന്നു പത്ത് പേർ മരിച്ചു. അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. 15 പേരെ അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് രക്ഷപ്പെടുത്തിയതായും അധികൃതർ അറിയിച്ചു. ആശുപത്രിയിൽ കഴിയുന്ന അഞ്ചുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് മന്ത്രാലയം അറിയിച്ചു. ഗ്യാസ് പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണം.

 

 

 

ഫിലിപ്പിൻസിൽ ശക്തമായ ഭൂചലനം. ശനിയാഴ്ച പുലർച്ചെ തെക്കൻ ഫിലിപ്പിൻസ് തീരത്ത് റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ബാഴ്സലോണ ഗ്രാമത്തിൽ നിന്ന് 20 കിലോമീറ്റർ അകലെ 17 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്ന് യുഎസ്ജിഎസ് അറിയിച്ചു.

 

 

 

ഒളിംപിക്‌സ് പുരുഷ ഫുട്‌ബോളില്‍ അര്‍ജന്റീന പുറത്തായി. ഫ്രാന്‍സിനെതിരായ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് അര്‍ജന്റീന പരാജയപ്പെട്ടത്. ജീന്‍ ഫിലിപെ മറ്റേറ്റയാണ് ഫ്രാന്‍സിന്റെ വിജയഗോള്‍ നേടിയത്. മൈക്കല്‍ ഒലീസെയുടെ കോര്‍ണര്‍ കിക്ക് മറ്റേറ്റ ഗോളാക്കി മാറ്റുകയായിരുന്നു. ആതിഥേയരെ കൂടാതെ ഈജിപ്റ്റ്, മൊറോക്കോ, സ്‌പെയ്ന്‍ എന്നിവരും സെമിയിലെത്തി. ഈജിപ്റ്റാണ് സെമിയില്‍ ഫ്രാന്‍സിന്റെ എതിരാളി. സ്‌പെയ്ന്‍, മൊറോക്കോയെ നേരിടും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *