ആളില്ലാതെ അടച്ചുപൂട്ടിയിരുന്ന വീട് പൊലീസ് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയെന്നു പരാതിയുമായി അന്തരിച്ച സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീന. കൊച്ചി പോലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. ഞാറയ്ക്കല്‍ പൊലീസില്‍നിന്നാണെന്നു പറഞ്ഞ് ഒരു സംഘം പൊലീസാരെത്തിയാണ് വീട് കുത്തിത്തുറന്നത്. കത്തിക്കുത്തുകേസിലെ പ്രതി ഒളിച്ചിരിക്കുന്നുെണ്ടന്നു പറഞ്ഞാണ് വീട്ടില്‍ അതിക്രമിച്ചുകയറി പത്തു പവന്‍ ആഭരണങ്ങളും ബ്രിട്ടോയ്ക്കു ലഭിച്ച പുരസ്‌കാരങ്ങളും അപഹരിച്ചത്.
പീഡനക്കേസിലെ പ്രതി സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ കോഴിക്കോട് സെഷന്‍സ് ജഡ്ജ് എസ്. കൃഷ്ണകുമാറിനെ സ്ഥലം മാറ്റിയ നടപടി ഹൈക്കോടതി റദ്ദാക്കി. സെഷന്‍സ് ജഡ്ജ് നല്‍കിയ ഹര്‍ജി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.
ഇരട്ട നരബലി കേസിലെ മൂന്നാം പ്രതി ലൈലയ്ക്കു ജാമ്യമില്ല. എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ലൈലയുടെ ജാമ്യ ഹര്‍ജി തള്ളിയത്.
കാന്തല്ലൂരില്‍ വണ്ണാന്തുറൈ വനമേഖലയില്‍ ഒറ്റയാന്റെ ആക്രമണത്തില്‍ വാച്ചര്‍ക്കു പരിക്കേറ്റത്. പാളപ്പെട്ടി ഗോത്രവര്‍ഗ കോളനിയിലെ ശേഖര്‍ ചാപ്ളി (47)ക്കാണ് പരിക്കേറ്റത്.
പാലക്കാട് ജില്ലയിലെ മുതലമടയില്‍ വിവാഹ പിറ്റേന്ന് ആദിവാസി യുവതി മരിച്ചത് വിഷപ്പൊടി കഴിച്ചാണെന്ന് പൊലീസ്. ചെമ്മണാംപതി അളകാപുരി കോളനിയില്‍ തോട്ടത്തില്‍ താമസിക്കുന്ന തമിഴ്‌നാട് സ്വദേശി പഴനി സ്വാമിയുടെ മകള്‍ നന്ദിനിയെ (22) ആണ് മരിച്ചത്.
പഞ്ചറായ ടയര്‍ മാറ്റുന്നതിനിടെ ജാക്കി തെന്നിമാറി പൊന്‍കുന്നം ശാന്തിഗ്രാം സ്വദേശി അഫ്‌സല്‍ (24) മരിച്ചു. പൊന്‍കുന്നം ശാന്തിപ്പടിക്കരികിലായിരുന്നു അപകടം.
റിലിഗെയര്‍ എന്റര്‍പ്രൈസസിന്റെ വിഭാഗമായ റിലിഗെയര്‍ ഫിന്‍വെസ്റ്റിന്റെ ഫണ്ടുകള്‍ ദുരുപയോഗം ചെയ്തതിന് 52 സ്ഥാപനങ്ങള്‍ക്ക് 21 കോടി രൂപ പിഴ ചുമത്തി സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ. ഫോര്‍ട്ടിസ് ഹെല്‍ത്ത്കെയര്‍ ഹോള്‍ഡിംഗ്സ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കാണ് പിഴ ചുമത്തിയത്. 45 ദിവസത്തിനകം പിഴ അടക്കാനാണ് ഉത്തരവ്.