കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ യുട്യൂബ് ഇന്ത്യന്‍ ക്രിയേറ്റര്‍മാര്‍ക്കായി നല്കിയത് 21,000 കോടി രൂപ. യുട്യൂബ് സി.ഇ.ഒ നീല്‍ മോഹനനാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുംബൈയില്‍ നടക്കുന്ന വേവ്ബ്സ് സമ്മിറ്റ് 2025ല്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത രണ്ടു വര്‍ഷത്തിനിടെ യുട്യൂബ് ഇന്ത്യയില്‍ 850 കോടി രൂപ നിക്ഷേപിക്കും. വീഡിയോ കണ്ടന്റ് മെച്ചപ്പെടുത്താനും ക്രിയേറ്റേഴ്സിനെ സഹായിക്കാനും വേണ്ടിയാകും ഈ തുക. കഴിഞ്ഞ വര്‍ഷം പത്തുകോടി ഇന്ത്യന്‍ ചാനലുകള്‍ വീഡിയോ അപ്ലോഡ് ചെയ്തതായി നീല്‍ മോഹന്‍ വെളിപ്പെടുത്തി. ഇതില്‍ 15,000 ചാനലുകള്‍ക്ക് സബ്സ്‌ക്രൈബേഴ്സിന്റെ എണ്ണത്തില്‍ ഒരു മില്യണ്‍ കടന്നു. കണ്ടന്റ് ക്രിയേഷന്‍ ഒരു പ്രെഫഷനായി എടുക്കുന്നവരുടെ എണ്ണത്തില്‍ വലിയ കുതിപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യന്‍ കണ്ടന്റുകള്‍ക്ക് വിദേശത്തും പ്രിയമേറെയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യന്‍ ക്രിയേറ്റേഴ്സിന്റെ വീഡിയോയ്ക്ക് വിദേശത്ത് 45 ബില്യണ്‍ വാച്ച് അവര്‍ ലഭിച്ചുവെന്ന് യുട്യൂബ് പറയുന്നു. സിനിമയുടെയും സംഗീതത്തിന്റെയും ഹബ് എന്നതിലുപരി ഇന്ത്യയൊരു ക്രിയേറ്റര്‍ രാജ്യമായി മാറിയെന്നും നീല്‍ പറയുന്നു.