ലുലു റീട്ടെയിലിന്റെ ഓഹരികള്‍ അബുദാബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തതോടെ, പുതിയ നാഴികക്കല്ല് പിന്നിട്ട് ലുലു ഗ്രൂപ്പ് ഉടമയും വ്യവസായിയുമായ എം.എ യൂസഫലി. ഓഹരി വില്‍പ്പനയിലൂടെ യുഎഇയില്‍ സ്വകാര്യ വ്യക്തികളില്‍ രണ്ടാമത്തെ സമ്പന്നനായി യൂസഫലി മാറിയതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ലുലു റീട്ടെയിലിന്റെ 172 കോടി ഡോളറിന്റെ റെക്കോഡ് ബ്രേക്കിങ് ഐപിഒയിലൂടെ യൂസഫലിയുടെ ആസ്തി 760 കോടി ഡോളറായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2023ല്‍ യൂസഫലിയുടെ ആസ്തി 530 കോടി ഡോളറായിരുന്നു. ഐപിഒയില്‍ 82,000 റീട്ടെയില്‍ നിക്ഷേപകരാണ് ഓഹരികള്‍ക്കായി സബ്‌സ്‌ക്രൈബ് ചെയ്തത്. ലുലു ബ്രാന്‍ഡിലുള്ള പൊതുജനങ്ങളുടെ വിശ്വാസമാണ് ഇത് പ്രകടമാക്കുന്നതെന്ന് ലുലു ഗ്രൂപ്പ് പ്രസ്താവനയില്‍ അറിയിച്ചു. യുഎഇയിലെ ഏറ്റവും വലിയ എക്‌സ്‌ചേഞ്ചായ എഡിഎക്‌സിലെ 100-ാമത്തെ ലിസ്റ്റിങ്ങായിരുന്നു ലുലു റീട്ടെയിലിന്റേത്.